≡ സെപ്റ്റംബര്‍ 2016
കഥ

സ്വാതന്ത്ര്യം

ഉയരത്തില്‍ പന്തലിച്ചു നില്ക്കുന്ന പ്രണയ മരത്തിനു ചുവട്ടില്‍ അവര്‍ ഇരുന്നു. പ്രണയാതുരയായ ലേഖയുടെ മിഴികള്‍ പ്രിയനെ തേടുന്നതും ചേര്‍ന്നുലയുന്നതും നോക്കി മരം ക്ഷമയോടെ ഏറെനേരം നില്‍പ്പു തുടരുകയും അവരെ സദാ കരുതുകയും ചെയ്തു. വെയില്‍ പൊള്ളി നീണ്ടു നിവര്‍ന്നു കിടക്കുന്ന ടാറിംഗ് റോഡായിരുന്നു മുമ്പില്‍. പ്രണയത്തിന്റെയും വെയിലിന്റെയും ഉരുകുന്ന തീയായിരുന്നു ചുറ്റിലും. റോഡില്‍ നിന്നുയരുന്ന കൊഴുത്ത നീരാവി അവര്‍ ശ്രദ്ധിച്ചതേയില്ല. മുതിര്‍ന്ന ഇല അക്ഷമയായി.

“നീ എന്താണ് നോക്കുന്നത് ?”തളിരിലയെ നോക്കി മുതിര്‍ന്ന ഇല ദേഷ്യപ്പെട്ടു.

“താഴെ രണ്ടു പേര്‍. അത് കാണുന്നില്ലേ ?” തളിരില ആശ്ചര്യം മറച്ചു വച്ചില്ല.

“ഉം........” വാക്കുകള്‍ തിരഞ്ഞു മടുത്തു മുതിര്‍ന്ന ഇല തളര്‍ന്നു, കനത്ത ഒരു മൂളലില്‍ ഒതുങ്ങുവാന്‍ വിഫലശ്രമം നടത്തി.

“അല്‍പ്പം മാറി നില്ക്കാമോ ? ഞാന്‍ അവരെ കാണട്ടെ. നിങ്ങള്‍ ഇപ്പോഴും ഇങ്ങനെ മറഞ്ഞു നില്ക്കുന്നത് എന്തിനാണ് ?” തളിരില സ്വതസിദ്ധമായ അച്ചടക്കത്തോടെ ദേഷ്യപ്പെട്ടു.

“ഇത്തരം കാഴ്ചകള്‍ താഴെ പതിവുള്ളതല്ലേ ? മാത്രമല്ല ഞാന്‍ നിന്നെ സംരക്ഷിക്കുകയാണ്..... കാറ്റില്‍ നിന്ന് .... ഇത്തരം കാഴ്ചകളില്‍ നിന്ന്..”

“അഹഹ്ഹാ... മഞ്ഞ കലര്‍ന്ന് അടരാറായ നിങ്ങളാണോ എന്നെ സംരക്ഷിക്കുന്നത് ? ഇനി എത്രനാള്‍ ? ഇന്നലെയും ഇന്നും വന്ന ചെറുകാറ്റില്‍ നിന്ന് എന്നെ നിങ്ങള്‍ മറച്ചുപിടിച്ചത് എനിക്ക് ഒട്ടും ഇഷ്ടമായില്ല. സംരക്ഷിക്കുന്നു എന്നതാണ് നിങ്ങളുടെ ന്യായം. നിങ്ങളോടൊപ്പം എന്‍റെ കാഴ്ചകള്‍ക്ക് വിഘാതമായി നിന്ന മറ്റൊരില പഴുത്ത് ഞെട്ടറ്റു എങ്ങോ പറന്നു പോയത് നിങ്ങള്‍ കണ്ടതല്ലേ. അതാവും നിങ്ങളുടെയും ഗതി” തളിരില ഉച്ചത്തില്‍ ചിരിച്ചു.

“കാറ്റ് പലപ്പോഴും അപകടകാരിയാണ്. ഇത്തരം കാഴ്ചകളും. അതാണ്‌ ഞാന്‍........” മുതിര്‍ന്ന ഇല ബദ്ധപ്പെട്ടു.

“എന്നെ സംരക്ഷിക്കാന്‍ ആരാണ് നിങ്ങളെ ഏല്‍പ്പിച്ചിരിക്കുന്നത് ? കാറ്റിന്‍റെ തലോടല്‍, സ്പര്‍ശനം ഹാ... എത്ര സുഖമുള്ളതാണത് ” തളിരില അച്ചടക്കം മറന്ന് പോകപ്പോകെ ക്ഷുഭിതയായി.

ഇതിനിടയില്‍ അതിരറ്റ ആവേശത്തോടെ കാറ്റ് വീണ്ടും കുതിച്ചെത്തി. തളിരില കാറ്റിനെ മാറോട് ചേര്‍ത്ത് പുണരുവാന്‍ വെമ്പല്‍കൊണ്ടു. പ്രിയന്‍ ലേഖയുടെ മിഴികളില്‍ ശ്രദ്ധയൂന്നി അക്ഷമ കലര്‍ന്ന കൌതുകത്തോടെ തെല്ലു നേരം ഇരുന്നു.

“അമ്മയുടെ കൂടെയല്ലാതെ നിന്നെ കണ്ടിട്ടേയില്ല... ? ” അവന്‍ മറയില്ലാതെ നീരസം പ്രകടിപ്പിച്ചു.

“ഒറ്റയ്ക്ക് പോകാന്‍ ഒരിക്കലും സമ്മതിക്കാറില്ല... ഇന്നാണ് ഒരവസരം കിട്ടിയത്..”

അക്ഷമ തുടരവേ, വാക്കുകള്‍ മൂളലില്‍ ഒതുക്കി അവന്‍റെ വിരലുകള്‍ അവളെ തേടുവാന്‍ തുടങ്ങി. അവളുടെ കണ്ണുകളാകട്ടെ നിര്‍വൃതിയില്‍ നിയന്ത്രണമറ്റ് പാതിയടഞ്ഞു. പെട്ടെന്ന് വന്ന കാറ്റില്‍ പൊടിയും നിലംപറ്റിയ ഇലകളും പറന്നുയരുമ്പോള്‍ ലേഖ കണ്ണുകള്‍ ഇറുക്കിയടച്ച് പ്രിയനോട് ചേര്‍ന്നു. അവനാകട്ടെ, അവള്‍ക്കു നേരെ തിരിഞ്ഞു അവളെ തന്നിലേക്ക് ചേര്‍ത്ത് അമര്‍ത്തുവാന്‍ തിടുക്കപ്പെട്ടു. അവന്‍റെ ചുണ്ടുകള്‍ അവളുടെ പാതിയടഞ്ഞ കണ്ണുകളെ തേടിയെത്തുമ്പോള്‍ അവള്‍ കുതറി അയാളുടെ മാറിലേക്ക്‌ രഹസ്യമായി ചേര്‍ന്നൊളിച്ച് കാറ്റവസാനിക്കുന്നതിനായി കാത്തു. എന്നാല്‍ കാറ്റ് പിന്നെയും ശക്തമായികൊണ്ടിരുന്നു. ഇതിനിടയില്‍ തളിരിലയെ സ്വതന്ത്രമാക്കി കൊണ്ട് പഴുത്തില അവര്‍ക്കിടയിലേക്ക് ഞെട്ടറ്റു വീണത് പെട്ടെന്നാണ്. അപ്രതീക്ഷിതമായി കിട്ടിയ സ്വാതന്ത്ര്യത്തില്‍ തളിരില ഇളകിയാടി ചിരിച്ചുല്ലസിച്ചു, മതിമറന്നു നിന്നു. മറയില്ലാതെ വന്നെത്തിയ കാറ്റിന്‍റെ സമ്മോഹനമായ തലോടലിനുള്ളില്‍ കുളിരണിഞ്ഞു തളിരില വികാരപാരവശ്യത്താല്‍ വിറപൂണ്ടു. എന്നാല്‍ കാറ്റ് അടങ്ങാതെ ശക്തമായികൊണ്ടിരുന്നു. തളിരിലയില്‍ നേരിയ കീറലുകള്‍ വീഴ്ത്തി അത് പിന്നെയും പിന്നെയും വിടാതെ വട്ടം കറങ്ങികൊണ്ടിരുന്നു.

“ഒന്ന് നിര്‍ത്താമോ...? പതുക്കെ വീശാന്‍ നിനക്കറിയില്ലേ...? ഇന്നെന്താ ഒരു ഭാവമാറ്റം.....?”

തളിരിലയുടെ ആക്രോശം ഭീതി കലര്‍ന്നിരുന്നു. പൊടിപടലങ്ങള്‍ക്കും ഉയര്‍ന്നു പറന്നുകൊണ്ടിരുന്ന കനംകുറഞ്ഞ കരിയിലകള്‍ക്കും ഇടയിലൂടെ ഒരു കാര്‍ മരച്ചുവട്ടിലേക്ക് പാഞ്ഞെത്തി മൂളി നിന്നു. ലേഖ വല്ലാതെ ഭയപ്പെട്ടു. മൂളലുകള്‍ അവസാനിക്കാതെ പിന്നെയും ഏറെനേരം നീണ്ടു നിന്നു. അത് കൂടികൂടി അടുത്തേക്ക് വന്നുകൊണ്ടിരുന്നു. അതിവേഗതയില്‍, ക്രമമില്ലാതെ തലങ്ങും വിലങ്ങും മൂളിക്കൊണ്ട് ചുറ്റിക്കറങ്ങിയെത്തിയ ചെറുജീവികളെ കണ്ട് തളിരില വിറച്ചു പോയി. അവ ശീഘ്രം തളിരിലയില്‍ അനുവാദമില്ലാതെ പറ്റിപ്പിടിച്ചിരുന്നു വര്‍ദ്ധിച്ച ആവേശത്തോടെ ഭക്ഷിക്കുവാന്‍ ആരംഭിച്ചു. തളിരിലയാകട്ടെ വേദനയില്‍ പുളഞ്ഞുകൊണ്ടിരുന്നു. നിസഹായയായ തളിരിലയുടെ ഉച്ചത്തിലുള്ള നിലവിളി ആരും കേട്ടതായി തോന്നിയില്ല. ഇലകളും ചെറുചില്ലകളും മരക്കൊമ്പുകളും എന്തിനു മരം തന്നെയും സഹായിക്കാന്‍ എത്താന്‍ കഴിയാതെ തളിരിലയ്ക്ക്‌ ചുറ്റും നിന്ന് കണ്ണീര്‍ പൊഴിച്ചു. മുരള്‍ച്ചയോടെ ചെറുജീവികള്‍ പറന്നകലുമ്പോള്‍ തളിരില അങ്ങേയറ്റം ജീവശ്ചവമായിരുന്നു. അകലെ, ഞെട്ടറ്റുവീണ മഞ്ഞ കലര്‍ന്ന പഴുത്ത ഇലയുടെ കൂമ്പിയ കണ്ണുകള്‍ അപ്പോഴും തളിരിലയെ നോക്കി കണ്ണീര്‍ പൊഴിക്കുന്നുണ്ടായിരുന്നു.

↑ top