≡ സെപ്റ്റംബര്‍ 2016
കവിത

ഞാനും നീയും

ഞാനും നീയും

എന്റെ സന്ധ്യകൾ നീയെറിഞ്ഞുടച്ചു,
പകരം എന്റെ രാത്രികൾ നീ കുടിച്ചു വറ്റിച്ചു.
എന്റെ പൂന്തോട്ടത്തിലേക്കു നീ വണ്ടുകളെ പറത്തി വിട്ടു,
നീയെന്റെ വേദപുസ്തകങ്ങളെ അടുപ്പിൽ ഹോമിച്ചു.

നിന്റെ മാലാഖമാർ ബാൽക്കണിയിലുറക്കെ സംസാരിച്ച്
എനിക്ക് നിദ്രാഭംഗം വരുത്തി.
നിന്റെ പുകച്ചുരുളുകൾ എന്നിലെ ആശാബീജങ്ങളെ
അഭംഗുരം കൊന്നുതള്ളി.
മഞ്ഞു പുതപ്പുപോലെയായിരുന്നു
പലപ്പോഴും നിന്റെ വാക്കുകൾ.

തീൻമേശയിലെ റാന്തൽ വിളക്കുകളെ ഉടച്ചു നീ ,
ഉത്തേജിപ്പിക്കുന്ന മുന്തിരിത്തോട്ടങ്ങൾ തേടിപ്പോയി.
എന്നെ നോക്കുമ്പോൾ നിന്റെ കണ്ണിൽ
കെട്ടുപോയ വിളക്കുകൾ കാണാമായിരുന്നു.

ഞാനൊറ്റക്കു തുഴഞ്ഞ രാത്രികൾക്കു മേലെ
നീ കാർമേഘമായ് നിലകൊണ്ടു.
പഴയ മരുഭൂമിയുടെ രുചിയായിരുന്നു
നിന്റെ ചുണ്ടുകൾക്ക്.

നിന്റെ കണ്ണുകളിൽ നിന്നെപ്പോഴും
വറ്റി വരണ്ട കിണറുകൾ ഉറ്റുനോക്കുമായിരുന്നു.
ഒതുക്കി വയ്ക്കാത്ത നിന്റെ ചിറകുകൾ
എന്റെ അതിഥികളെ അലോസരപ്പെടുത്തി.

നീയാകട്ടെ ,നിറചഷകങ്ങൾക്കു കൂട്ടായ്
എന്റെ പക്ഷികളെ ചുട്ടെടുക്കുമായിരുന്നു.
എനിക്കു പുറം തിരിഞ്ഞു നിന്നു
നീ ദൈവത്തിനു മുലയൂട്ടി.

നീയാകട്ടെ, താഴ്വരകളുടെ മാറിലേക്ക്
നിർത്താതെ വണ്ടി ഓടിച്ചു കയറ്റി.
നിന്റെ ശിരോവസ്ത്രങ്ങൾ നീ കാറ്റിനു
തുന്നുവാൻ കൊടുത്തു.

നീയോ, പുകച്ചുരുളുകളാൽ
കുമ്പസാരക്കൂടിനെ അദൃശ്യമാക്കി.
അപ്പങ്ങളെ നിവേദിക്കാനെടുക്കുമ്പോൾ
നിന്റെ കൈകളെപ്പോഴും വിറച്ചിരുന്നു.
നീയാകട്ടെ, വീഞ്ഞു പാത്രങ്ങളെ കടലിലൊഴുക്കിവിട്ട്
നൃത്തം ചെയ്യാൻ പോയി.

↑ top