≡ ഒക്ടോബർ 2016
കഥ

പുതിയ പുലരി

അയാള്‍ ഉറഞ്ഞു കൂടിയ വിമ്മിട്ടത്തോടെ പുഴയ്ക്കക്കരെ ദൃഷ്ടിയൂന്നി നിന്നു. അക്കരെ ഉയര്‍ന്നു നില് ക്കുന്ന വന്മരങ്ങളുടെ മറവില്‍ നിന്നു സൂര്യന്‍ ഇടയ്ക്കിടെ പ്രകാശവരകള്‍ അയാളുടെ കണ്ണിലേയ്ക്കു ചൊരിഞ്ഞുകൊണ്ടിരുന്നു. പുലര്‍കാലരശ്മികള്‍ ഇലകളാല്‍ മറയ്ക്കപ്പെടുന്ന സമയത്ത് നീരസത്തിന്റെ ചുരുളുകള്‍ അയാളുടെ കാഴ്ചയിലേയ്ക്ക് അസ്വസ്ഥത പടര്‍ത്തി തുടരെ തെളിഞ്ഞു വന്നു.

ബംഗ്ലാവിന്റെ മട്ടുപ്പാവില്‍ നില് ക്കുന്ന അയാളെ കണ്ടിട്ടെന്നോണം കറുമ്പന്‍ ഉച്ചത്തില്‍ കൂക്കിവിളിച്ച് പുഴയിലേക്ക് എടുത്തു ചാടി.

“പണ്ടാറടങ്ങാന്‍!” അയാള്‍ പ്രാകിക്കൊണ്ട് തലയ്ക്കു കൈകള്‍ ഊന്നി. അയാള്‍ക്ക്‌ തന്നോടുതന്നെ വല്ലാത്ത പുച്ഛം തോന്നി. താന്‍ മാത്രമാണ് അങ്ങേയറ്റം ഭാഗ്യം ചെയ്തവനെന്നും, ലോകത്തിലെ എല്ലാ നന്മയും ഒന്നാകെ ലഭിച്ചവനെന്നും കരുതിയിരുന്ന അയാള്‍ക്കുള്ള തിരിച്ചടിയായിരുന്നു കറുമ്പന്‍.

സ്വര്‍ണ്ണവെളിച്ചം പറ്റിച്ചേര്‍ന്നു താളത്തില്‍ അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടുന്ന പുഴയില്‍ ആവേശത്തോടെ തുള്ളിക്കളിക്കുന്ന ആ കറുത്ത നിഴലിനെ അയാള്‍ അവജ്ഞയോടെ നോക്കിക്കൊണ്ടിരുന്നു. ഇത്ര രസിക്കാന്‍ ആ പുഴയില്‍ എന്തിരിക്കുന്നു...?

കറുമ്പന്‍ കരയ്ക്കുകയറി കറുത്ത ശരീരത്തില്‍ വെളുത്ത സോപ്പ് നീളത്തില്‍ ഉരയ്ക്കുവാന്‍ തുടങ്ങി. ഒപ്പം അപരിചിതമായ ഏതോ പാട്ട് ഉച്ചത്തില്‍ മൂളുന്നുണ്ടായിരുന്നു. കറുത്ത നിഴല്‍പോലെ തോന്നിച്ച അവന്‍റെ ശരീരത്തിനു ചുറ്റും സ്വര്‍ണ്ണപ്രഭ വിതറാന്‍ പ്രഭാതരശ്മികള്‍ പക്ഷേ തെല്ലും മടിച്ചില്ല.

അയാള്‍ കറുമ്പന്റെമേല്‍ കൂടുതല്‍ അക്ഷമനായി കൊണ്ടിരുന്നു.

കാല്‍ക്കാശിനു വിവരമില്ലാത്തവനും, വീടിനോടു ഉത്തരവാദിത്വമില്ലാത്ത അച്ഛനമ്മമാര്‍ക്കുണ്ടായവനും, വഴിപിഴച്ച സഹോദരങ്ങളോടൊപ്പം വളര്‍ന്നവനും. അഴുക്കുചാലിനരുകില്‍ താമസ്സിക്കുന്നവനും, സ്കൂളില്‍ പഠിക്കാത്തവനും, ചീത്ത കൂട്ടുകെട്ടുള്ളവനും, അന്ധവിശ്വാസജഡിലമായ മതത്തില്‍ വിശ്വസിക്കുന്നവനും, ആരാധനാലയത്തില്‍ പോകാത്തവനും, സര്‍വോപരി അയാള്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് വോട്ടു ചെയ്യാത്തവനുമായ അയല്‍ക്കാരനെ നോക്കി അയാള്‍ പുച്ഛത്തോടെ ആക്രോശിച്ചു.

“കാലം കുറെ ആയല്ലോടാ ഊളേ... എന്താ നീ നന്നാവാത്തത് ?’’

ആ ചോദ്യം കേട്ട് കറുമ്പന്‍ പൃഷ്ഠം ചൊറിഞ്ഞു കൊണ്ട് ഉറക്കെയുറക്കെ ചിരിച്ചു.

“നന്നാവണം സാറേ...നന്നാവണം. എനിക്കും വീട്ടുകാരത്തിക്കും പിന്നെ മൂന്നു കുട്ട്യോള്‍ക്കും രണ്ടുനേരമെങ്കിലും തിന്നാനുള്ളത് കണ്ടെത്തണം. കുട്ടികള്‍ക്ക് ബട്ടണുകള്‍ ഉള്ള ഉടുപ്പുകള്‍ വാങ്ങണം. ഈ സിമിന്‍റ് ചുരുളിനുള്ളിലെ താമസം മടുത്തു. വാടക വീടായാലും മതി, ഒരു മാറ്റം വേണം. രാവിലെ അഞ്ചു കിലോമീറ്റര്‍ നടന്നു ജോലിക്ക് പോകുന്നത് അവസാനിപ്പിക്കണം. ഒരു സൈക്കിള്‍ വാങ്ങണം. സ്കൂളില്‍ വിട്ടില്ലെങ്കിലും കുട്ടികളെ എഴുത്ത് പഠിപ്പിക്കണം. ഇങ്ങനെ ആഗ്രഹങ്ങള്‍ ഒരു കുന്നുണ്ട് സാറേ..!"

"പിന്നെ, ഞാനാണെങ്കില്‍ അച്ഛനേം അമ്മയേം കണ്ടിട്ടുകൂടി ഇല്ല. സഹോദരങ്ങളുടെ സ്നേഹവും സംരക്ഷണയും കിട്ടിയിട്ടില്ല. വേറെ കൂട്ടുകാരില്ല. സ്വന്തമായി വീടില്ല. പണവും സ്വാധീനവും ഇല്ല. സ്കൂളില്‍ പോയിട്ടില്ല. ഒരു ആരാധനാലയത്തിന്‍റെയും പടി ചവിട്ടിയിട്ടില്ല. ഒരു രാഷ്ട്രീയക്കാരനും ഇന്നുവരെ തേടി വന്നിട്ടില്ല. എന്തിനു, മനോഹരമായതൊന്നും അനുഭവിച്ചിട്ടുകൂടിയില്ല. എന്നാലും എങ്ങനെങ്കിലും നന്നാവണംന്നാ സാറേ ആഗ്രഹം...!’’

‘‘കണ്ടോ സാറേ.. മുണ്ട് വലിച്ചുമുറുക്കിയുടുത്ത് വയറില്‍ കുത്തനെ ഉണ്ടായ ഈ ചുളിവുകള്‍ കണ്ടോ? അത് മാറട്ടെ ആദ്യം. സാറെന്റെ വയറിന്‍മേലേക്ക് നോക്കി ഇരുന്നോ. ഒരിക്കലും ഷര്‍ട്ടിടാത്തത് കൊണ്ട് എന്‍റെ വയറു കാണുവാന്‍ സാറിനെളുപ്പമല്ലേ. കുത്തനെ ഉള്ള ചുളിവുകള്‍ മാറി വിലങ്ങളെനെ ചുളിവുകള്‍ കണ്ടു തുടങ്ങിയാല്‍ സാറ് കൂട്ടിക്കോ, ഞാനും നന്നാകാന്‍ തുടങ്ങി എന്ന്.’’

കറുമ്പന്‍ തോര്‍ത്ത് ഒന്നുകൂടി ചെരച്ചുകയറ്റിയുടുത്ത് വള്ളിപോലുള്ള കറുത്ത കാലുകള്‍ അയാള്‍ക്ക്‌ മുമ്പില്‍ വെല്ലുവിളിയായി ഉയര്‍ത്തിവച്ചു ഉരച്ചുതേക്കാന്‍ തുടങ്ങി.

ക്ഷമകെട്ട്‌ അയാളും കറുമ്പന്റെ നേരെ ചീറി.

‘‘ഒന്ന് പോടാ കൊണാപ്പാ..... ഒരു കൂറയും കൈയ്യില്‍ ഇല്ലെങ്കിലും നിന്‍റെ വര്‍ഗത്തിന് നന്നായി ചിലയ്ക്കാനറിയാം. നീ നോക്ക്. വിദേശത്ത് നിന്നു വന്ന ശേഷം ഞാന്‍ പണിതതാണ് എന്‍റെ ഈ കാണുന്ന മനോഹരമായ വീട്. നാലുകോടി മുടക്കായി. പക്ഷേ എന്ത് കാര്യം ? പുലര്‍ച്ചെ ഉണര്‍ന്നെണീറ്റു പുറത്തേക്കുനോക്കുമ്പോള്‍ നീയും, നീ താമസിക്കുന്ന വൃത്തിയില്ലാത്ത ചുരുളുകളുമാണ് എന്നും കണി! നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞു ഇവിടം വിട്ടു എങ്ങോട്ടെങ്കിലും പോകാന്‍. നീ ഈ ചുരുളിനുള്ളില്‍നിന്ന് ഇറങ്ങേണ്ട താമസം ഇതു ഞാന്‍ ആളെവച്ചു തല്ലിപ്പൊട്ടിച്ചു പുഴയിലൊഴുക്കും"

‘’എന്‍റെ സാറേ... സാറീ സ്ഥലം വാങ്ങിയിട്ട് അഞ്ചു വര്‍ഷമല്ലേ ആയുള്ളൂ.. ഞാന്‍ ഈ ചുരുളിനുള്ളില്‍ ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തഞ്ചായി. മാത്രമല്ല സാറ് ആറിനക്കരെയും ഞാന്‍ ഇക്കരെയുമാണല്ലോ. പിന്നെന്താ ഇത്ര പ്രശ്നം ?’’

കറുമ്പന്‍ പ്രതിരോധത്തില്‍ നില്‍ക്കാന്‍ ശ്രമിച്ചു.

‘’നിന്‍റെയും നിന്റെ ഐശ്വര്യംകെട്ട ജീവിതത്തിലേക്കുമാണ് എന്റെ വീടിന്‍റെ ദര്‍ശനം എന്നതാണ് എന്റെ ഇപ്പോഴത്തെ പ്രശ്നം”

അയാള്‍ കലിപ്പോടെ പല്ലുകള്‍ ഞെരിച്ചു.

‘‘ഓ അങ്ങനെ! അതിനി പറഞ്ഞിട്ട് കാര്യമില്ല സാറെ. സ്ഥലം വാങ്ങുന്നതിന് മുമ്പേ ഓര്‍ക്കണ്ടേ ? ഇതൊക്കെ പറഞ്ഞാലും എന്‍റെ കാര്യം തിരിച്ചാണ് കേട്ടോ. ചുരുളുകള്‍ക്കുള്ളിലെ സുഖകരമായ ഉറക്കം. പുഴയിലെ തണുത്ത കാറ്റ്. ഇളം തണുപ്പ് വെള്ളത്തിലുള്ള കുളി. പിന്നെ, ആറിനക്കരെ മനോഹരമായി കാണപ്പെടുന്ന സാറിന്റെ കൊട്ടാരം. ഇതൊക്കെയാണ് എന്‍റെ എന്നുമുള്ള സന്തോഷങ്ങള്‍. സാറീ ചുരുളിനുള്ളില്‍ വന്നു ഒരു ദിവസം കിടന്നു നോക്കിക്കേ... അപ്പോഴേ സാറിനത് മനസിലാകൂ…”

കറുമ്പന്‍ അരയില്‍ നിന്ന് തോര്‍ത്ത് പറിച്ചു വായുവില്‍ കറക്കി, അലറിചിരിച്ച് വീണ്ടും പുഴയിലേക്ക് എടുത്തുചാടി മുങ്ങി നിവര്‍ന്ന്, അതേപടി കരയിലേക്ക് കയറി. പിന്നില്‍ നിന്നെത്തിയ സൂര്യവെളിച്ചത്തില്‍ തെളിഞ്ഞുനിന്ന കറുമ്പന്റെ നഗ്നത അയാളെ വെല്ലുവിളിച്ചു.

‘‘ഒന്നുപോടാ കോപ്പേ.....’’

അയാള്‍ കൈയ്യിലിരുന്ന പത്രം വലിച്ചെറിഞ്ഞു ചവിട്ടിത്തുള്ളി കയറിപ്പോയി. അയാള്‍ ദേഷ്യത്താല്‍ വിറയ്ക്കുകയും വിയര്‍ക്കുകയും ചെയ്തു. ക്ഷോഭം അടക്കാനാവാതെ വീണ്ടും സിറ്റ്ഔട്ടിലേക്ക് പാഞ്ഞെത്തി കറുമ്പനുനേരെ അലറി.

‘‘നീയൊന്നും ഒരുകാലത്തും നന്നാവില്ലടാ നായെ... എന്നെങ്കിലും ഒരിക്കല്‍ ഈ പുഴ നിറഞ്ഞുകവിയാതിരിക്കില്ല, ഓര്‍ത്തോ! അന്ന് നിന്‍റെ അഹങ്കാരത്തെയും, നീ ഇപ്പോള്‍ എന്നെ തുറന്നുകാണിച്ച നിന്‍റെ ഉണങ്ങിച്ചുരുണ്ട ശരീരത്തെയും ഈ പുഴ നക്കിയെടുക്കാതിരിക്കില്ല. നിന്റെ ഭാര്യയും മക്കളും ചത്തുമലച്ച് ഈ പുഴയിലെ ചുഴികളില്‍ വട്ടം കറങ്ങി നടക്കും. ഉള്ളവനെ കാണുമ്പോഴുള്ള നിന്‍റെയീ സൂക്കേട്‌ അന്നവസാനിക്കും. നോക്കിക്കോ!”

കറുമ്പന്‍ നടുങ്ങി നിന്നു. കറുമ്പന്റെ കണ്‍കോണുകളില്‍ പുഴയേക്കാള്‍ ശക്തിയായി കുതിച്ചത്തിയ നീര്‍ത്തുള്ളിക്കു ചുറ്റിനും വെളിച്ചം സ്വര്‍ണ്ണഅരികുകള്‍ തീര്‍ക്കുന്നത് അയാള്‍ കണ്ടില്ല. കറുമ്പന്‍ മുഖമമര്‍ത്തികരഞ്ഞുകൊണ്ട്‌ പുഴയിലേക്കിറങ്ങിപ്പോയി. പുഴയ്ക്ക് അവനൊരു ഭാരമേ അല്ലായിരുന്നു.

പിറ്റേന്ന് പുലര്‍ക്കാലം ചുരുളുകള്‍ വിജനമായിരുന്നു. കറുമ്പനെ എങ്ങും കണ്ടില്ല. അയാള്‍ ആകാഷയോടെ പുരികത്തിനു മുകളില്‍ കൈത്തലം പിടിച്ചു, വെളിച്ചത്തെ വെട്ടിച്ച് ചുരുളിനുള്ളിലേക്ക് സൂക്ഷിച്ചുനോക്കി. പുലര്‍കാലങ്ങളില്‍ കലപിലപറഞ്ഞുകൊണ്ട് പുഴയോരത്തേക്ക് കുടവുമായെത്തുന്ന കറുമ്പന്റെ മെലിഞ്ഞുണങ്ങിയ ഭാര്യ എവിടെ ? ഉന്തിയവയറുമായി ഒരുകഷ്ണം ഭക്ഷണാവശിഷ്ടത്തിനുവേണ്ടി സദാ കരച്ചിലും പിഴിച്ചിലും നടത്തുന്ന അവന്‍റെ മക്കള്‍ എവിടെ ?

അയാള്‍ സ്വയമറിയാതെ പുഴയിലേക്ക് ഏറെനേരം തുറിച്ചുനോക്കി നിന്നു. പിന്നെ മെല്ലെ നടന്നു തുടങ്ങി. ചെറിയ പാലം കയറി അയാള്‍ ചുരുളിനരുകിലെത്തിയത് യാന്ത്രികമായാണ്. ചുരുളിന്റെ ഇരുവശവും മൂടിയിരുന്ന പഴമറ കാണാനില്ലായിരുന്നു. കറുമ്പന്‍റെതായ ഒന്നും അവിടെ അവശേഷിച്ചിരുന്നില്ല.

ചുറ്റും നിരീക്ഷിക്കുന്നതിനിടയില്‍ ഇളം വെയിലില്‍ വെട്ടിത്തിളങ്ങുന്ന തന്റെ മാളികയിലേയ്ക്ക് അയാളുടെ ശ്രദ്ധ പോയത് പൊടുന്നനെയാണ്. എത്ര മനോഹരമായിരിക്കുന്നു ആ കാഴ്ച! ശാന്തമായി ഒഴുകുന്ന പുഴയോരത്ത് പലവിധ വര്‍ണങ്ങളാല്‍ സുന്ദരമാക്കപ്പെട്ട മാളികയും ഭംഗിയായി ഒരുക്കിയെടുത്ത പുല്‍ത്തകിടിയും പൂക്കള്‍ വിരിഞ്ഞുല്ലസിച്ചു നില്ക്കുന്ന ഗാര്‍ഡനും ഒക്കെ സൂര്യവെളിച്ചത്തില്‍ തെളിമയാര്‍ന്നു നില്ക്കുന്നത് കണ്ട് അയാള്‍ ശരിക്കും അമ്പരന്നുപോയി.

അയാള്‍ പുഴയ്ക്കരുകില്‍ ഇരുന്ന്, പുഴയെ മൃദുവായി തൊട്ടു നോക്കി. പിന്നെ, കൌതുകത്തോടെ ചുരുളിനു ചുറ്റും ചുറ്റിനടന്നശേഷം മെല്ലെ ആ വലിയ ചുരിളിനുള്ളിലേക്ക് നുഴഞ്ഞുകയറി, മലര്‍ന്നുകിടന്നുകൊണ്ട് മുമ്പു കണ്ട മനോഹരകാഴ്ച്ചകളിലേയ്ക്ക് ഒരിക്കല്‍കൂടി മിഴികള്‍ പായിച്ചു. ...!

അപ്പോഴും ശാന്തമായി ഒഴുകുന്ന പുഴയെ പുണര്‍ന്നെത്തിയ തണുത്ത കാറ്റ് ചുരുളിനുള്ളിലൂടെ അയാളെയും കടന്ന്‍ പുറത്തേക്ക് തെന്നിനീങ്ങാന്‍ തുടങ്ങി. അയാള്‍ മെല്ലെ കണ്ണുകളടച്ചു.

അതൊരു പുതിയ പുലരിയായിരുന്നു.

↑ top