≡ ഒക്ടോബർ 2016

എഡിറ്റോറിയല്‍

സുഹൃത്തുക്കളെ,

ബ്ലോഗ് രംഗത്തെ പ്രതിഭകളെ, അവരുടെ കൃതികളെ വായനയുടെ മറ്റൊരു വിശാലതലത്തിൽ എത്തിക്കാനുള്ള ഒരു ശ്രമമാണ് ബ്ലോഗറന്മാരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്, ഇ-മഷി എന്ന ഇ-മാഗസിനിലൂടെ നടത്തിയത്.

തുടക്കത്തിൽ ബ്ലോഗേഴ്സ് ഗ്രൂപ്പിലെ അംഗങ്ങൾ മാത്രമാണ് ഇ-മഷിയിൽ എഴുതിയിരുന്നെങ്കിലും പിന്നീട് ഇ-മഷി അതിന്റെ വാതായനം എഴുത്തിന്റെ വിശാലലോകത്തിലേയ്ക്ക് തുറക്കുകയുണ്ടായി.

ഒട്ടൊരു ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഉള്ളടക്കം കൊണ്ടും അവതരണം കൊണ്ടും ഇ-മഷി വായനാലോകത്ത് ശ്രദ്ധേയമായി. റീഡർഷിപ്പിൽ അഭൂതപൂർണമായ വളർച്ചയാണ് അടുത്ത സമയത്തായി ഇ-മഷി കൈവരിച്ചത്.

ഇ-മഷിയുടെ വളർച്ചയ്ക്ക് പിന്നിൽ വായനക്കാരുടെ പ്രോത്സാഹനവും വിമർശനങ്ങളും ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. തുടർന്നും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക, അതിലേയ്ക്ക് നിങ്ങളുടെ സർഗ്ഗഭാവനകളെ സംഭാവന ചെയ്യുക, ഇ-മഷിയെ പുതിയതലങ്ങളിൽ എത്തിക്കുക.

ഒക്ടോബർ - ദീപങ്ങളുടെയും ആകാശവർണ്ണക്കാഴ്ചകളുടെയും ഉത്സവകാലം.

ഇരുട്ടിനു മുകളിൽ പ്രകാശത്തിന്റെ, തിന്മയുടെ മേൽ നന്മയുടെ,അജ്ഞതയുടെ മേൽ അറിവിന്റെ, നിരാശയുടെ മേൽ പ്രതീക്ഷയുടെ വിജയമാണ് ദീപാവലിയായി ആഘോഷിക്കപ്പെടുന്നത്.

ഈ ദീപാവലിയിൽ വായനയുടെ പ്രകാശപൂരിതമായ വർണ്ണക്കാഴ്ചയാകാൻ ഒക്ടോബർ ലക്കം ഇ-മഷി നിങ്ങൾക്ക് കൂട്ടായിരിക്കട്ടെ.

സസ്നേഹം,
ഇ-മഷി എഡിറ്റോറിയൽ ബോർഡ്

ഇ-മഷിയിലേക്ക് നിങ്ങളുടെ രചനകൾ അയക്കേണ്ട വിലാസം: editor@@@@###emashi.###in

↑ top