≡ ഒക്ടോബർ 2016
ലേഖനം

കാലം മാറ്റി(അട്ടി)മറിക്കുന്ന ചില ഇഷ്ടങ്ങൾ /ചിലരുടെ ഇഷ്ടക്കേടുകൾ?

ദിവസം: ഒരു നല്ല ഞായറാഴ്ച.

ഏതൊരു അവധി ദിവസത്തേയും പോലെ പതിവുതെറ്റാതെ ഉത്തമ കുടുംബിനിയായ, (രണ്ടു കൗമാരപ്രായക്കാരുടെ അമ്മയായ) ഞാൻ അതിരാവിലെ എഴുന്നേറ്റു നനച്ചു കുളിച്ചു, ഒരു സുപ്രഭാതവും മൂളി അടുക്കളയിൽ നിന്ന് പതിവ് കലാപരിപാടികൾ ചെയ്യുകയാവും എന്ന് ഏവരും കരുതിയെങ്കിൽ തെറ്റി, സോറി! ആഗ്രഹമില്ലാഞ്ഞിട്ടല്ല, ഇന്ന് ഞാൻ അല്‍പ്പം തിരക്കിലാണ്. ഭൂമിയുടെ ഇങ്ങേത്തലയ്ക്കൽ(അമേരിക്കാ അമേരിക്കാ) ജീവിക്കുന്നത് കൊണ്ടോ, തലയിലെ വര നല്ലതായതു കൊണ്ടോ, ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ ബോധപൂർവ്വം ചില അക്ഷരപിശാചുക്കൾ കടന്നു കൂടുന്നുണ്ടെന്നുണ്ടെന്നു കൂട്ടിക്കോളൂ. ഇനി ആയുസ്സിന്റെ ബലം കൊണ്ടാണോ കുടുംബത്തുള്ളവരുടെ കാരുണ്യം കൊണ്ടാണോ എന്നറിയില്ല, ഇത് വരെ തടി കേടാവാതെ തട്ടി മുട്ടിയൊക്കെ അങ്ങനെ പോകുന്നുണ്ടെന്നു പറയാം, ഹോ, എന്തൊരു ഭാഗ്യം! ഇവിടെ ചെയ്യുന്ന കാര്യങ്ങൾ ആരെയും ബോധിപ്പിക്കണ്ട !

ഞാൻ പറഞ്ഞു വരുന്നത് എന്റെ ഇപ്പോഴത്തെ സാഹസിക കർമ്മത്തെ പറ്റിയാണ്. അതെ, കൈയ്യിലിരിക്കുന്ന ഫോണിലൂടെ ആപ്പ് സ്റ്റോറിൽ നിന്ന് ഞാൻ വളരെ സീരിയസ്സായി ഒരു റിംഗ്ടോൺ കാശുകൊടുത്തു വാങ്ങാനുള്ള അശ്രാന്തപരിശ്രമത്തിലാണ്. (ചുളുവിൽ വാങ്ങാൻ നോക്കി, നടന്നില്ല.) അപ്പോൾ നിങ്ങൾക്കു തോന്നും ഒരു റിംഗ് ടോണിലെന്തിരിക്കുന്നു എന്ന്? കാര്യമുണ്ട്, സൂര്‍ത്തുക്കളെ കാര്യമുണ്ട്! ചില ട്യൂണുകൾ, പാട്ടുകൾ നാം ഹൃദയത്തോട് ചേർത്ത് പിടിക്കും. അങ്ങനെ തന്നെയാണെന്ന് കൂട്ടിക്കോളൂ. ഈയിടെയായി എന്റെ സംഗീതതാൽപര്യങ്ങളിൽ കാര്യമായ എന്തോ ഒരു മാറ്റം സംഭവിച്ചിരിക്കുന്നു എന്നൊരു തോന്നൽ!

"ഇളയരാജ"യിൽനിന്നും "ധിഡീ"ന്നു അനിരുദ്ധിലേക്കു മൂക്കുംകുത്തി (അപകട സൂചന പോലെ) വീണതിന്റെ മനഃശാസ്ത്രം എന്നോട് ചോദിച്ചാൽ അതിനു കൃത്യമായ ഒരു മറുപടി എന്റെ കൈയ്യിലില്ല. ഒന്ന് പറയാം,തീപ്പെട്ടിക്കൊള്ളി പോലെയിരിക്കുന്ന ഈ ചെക്കൻ സംഗീത സംവിധാനം ചെയ്ത ഒരു പാട്ട് കുറേനാളുകളായി എന്റെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, കുളിക്കുമ്പോഴും, കുക്കുമ്പോഴും എന്റെ സെൽഫോൺ തൊണ്ട കീറി വീണ്ടും വീണ്ടും അതേറ്റു പാടുമ്പോൾ എന്റെ മക്കൾ ചോദിക്കുന്നു,

" അമ്മാ ആർ യൂ ഓക്കേ?”

എനിക്ക് വട്ടാണോ എന്ന്, ങും, ഇനി എനിക്ക് വല്ല കുഴപ്പവും ഉണ്ടോ? ഹേയ്, അതുണ്ടാവില്ല, റ്റീൻ ഏജ് പിള്ളാരല്ലേ, അങ്ങനെ പലതും ചോദിക്കും..! (പശ്ചാത്തലത്തിൽ - ഒരു നീണ്ട നെടുവീർപ്പ് ).ഈ ജനറേഷൻ ഗ്യാപ്പ് എന്നൊക്കെ വിവരമില്ലാത്ത പിള്ളാര് പറയും, അതിലൊന്നും യാതൊരു കാര്യവുമില്ലെന്നേ. ഇവറ്റോൾക്കു ബുദ്ധിയുറക്കാൻ പിന്നേം സമയമെടുക്കും.

ഒരു മണിക്കൂർ നേരം ആപ്പ് സ്റ്റോറിൽ കുത്തിപ്പിടിച്ചിരുന്നു. ’നീയും നാനും സേർന്തേ സൊല്ലും’ എന്ന പാട്ടു കൈടുത്തോയ്യിലിരുന്ന ഫോണിലേക്കു റിംഗ് ടോണായി ആവാഹിച്ചെടുത്തു കഴിഞ്ഞപ്പോൾ ഞാൻ കൃതാർത്ഥയായി. ലാൻഡഫോണിൽനിന്നും രണ്ടു വട്ടം സെൽ ഫോണിലേക്കു വിളിച്ചു നോക്കി, കൈയ്യിലെ കാശ് പോയില്ലെന്നുറപ്പ് വരുത്തി. അപ്പോഴേക്കും അടുത്ത റൂമിൽ നിന്നും ചിന്നം വിളി കേട്ടു.

"അമ്മ പ്ലീസ് , ആ പാണ്ടിപ്പാട്ടിന്റെ വോള്യം ഒന്ന് കുറക്കൂ".

അപ്പോൾ അതാണ് കാര്യം, എന്നെ പാണ്ടി എന്ന് വിളിച്ചുള്ള ആക്ഷേപിക്കൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിൽ എനിക്ക് ലേശംപോലും പരാതിയുമില്ല. കാരണം അത്രക്കുണ്ട് ആ ഭാഷയോട് എനിക്കുള്ള ആരാധന. ചുമ്മാതാണോ പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഭാരതിയാർ കവിതയുടെ ഒരു മുടിഞ്ഞ ആരാധികയായി മാറിയത്. അതുകൊണ്ടെന്താ? തട്ടിയും മുട്ടിയും ഒരുഭാഷ പഠിച്ചെടുത്തു.

എന്നാൽ പ്രീഡിഗ്രിക്കാരിയായിരുന്ന അമ്മിണിയുടെ പാട്ടിന്റെ ഇഷ്ടങ്ങൾ വേറെയായിരുന്നു. പാവാടയും ബ്ലൗസും ധരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന നാട്ടിൻപുറത്തുകാരി (അന്ന് സൽവാർ കമ്മീസ് അപൂർവം). ക്ലാസ്സിലെ ഒഴിവുസമയങ്ങളിൽ പാടിയിരുന്നതു "പുലർകാലസുന്ദര സ്വപ്നത്തിൽ ", “ചന്ദനം മണക്കുന്ന പൂന്തോട്ടം" ഈ പാട്ടുകളൊക്കെയാണ്. കന്യാത്രീകൾ നടത്തിയിരുന്ന ജൂനിയർ കോളേജ് ക്യാംപസിലെ ഏക ശ്രീകൃഷ്ണനായ ബാലചന്ദ്രൻ സാറിനു കേൾക്കാനിഷ്ടം " രാക്കുയിലിൻ രാഗസദസ്സിൽ ", “എന്റെ സ്വപ്നത്തിൽ താമരപ്പൊയ്കയിൽ " ഒക്കെയായിരുന്നു. അങ്ങേർക്കന്നു ഒരു നാൽപ്പത്തഞ്ചു വയസ്സ് കാണും. അതും വേറിട്ട പാട്ടുകളുടെ, ഇഷ്ടങ്ങളുടെ ഒരു കാലം. ഇന്നും ആ പഴയപാട്ടുകൾ ഇപ്പോഴും ഹൃദയത്തോട് ചേർന്ന് തന്നെ കിടപ്പുണ്ട് . അതിനർത്ഥം പുതിയത് നമ്മെ കുറെ നാളെങ്കിലും വിടാതെ പിന്തുടരുമ്പോൾ, പഴയതു വിട്ടിട്ടു പോകണമെന്നല്ല.

ഇത് പറഞ്ഞു തീർന്നില്ല അപ്പോഴേക്കും, തൃശൂർ പൂരത്തിന് കതിനപൊട്ടുന്ന കണക്ക് ഒരാർത്തനാദം. അടുത്ത റൂമിൽ നിന്നാണ്. കേട്ടതും എൻ്റെ നെഞ്ചിൻകൂടു തകർന്നു പോണപോലെ ഒരു ഫീലിംഗ്. ഈ നെല്ല് കുത്തു താളത്തിനൊപ്പം, ആർക്കും തിരിയാത്ത ഭാഷയിൽ " ശറപറാന്നു" ഒരൂട്ടം പറയുന്നുമുണ്ട്. ഇത് "റാപ്പ് " മ്യൂസിക്കാണത്രെ! വന്നിത്രേം കാലമായിട്ടും ഇത് വരെ ആസ്വദിക്കാൻ കഴിയാത്ത ഒരേ ഒരു സംഗീതം ഇതാണെന്നു പറയാം. വായിൽ ചൂട് കടലയിട്ടു പൊള്ളി സംസാരിക്കുന്ന കൂട്ട്, " ക ച ട ത പ " ഹോ! സമ്മതിച്ചു കൊടുക്കണം ഇത് പാടുന്നവരെ. എന്നാൽ ചില പ്രത്യേക കലാവാസനയുള്ളവർക്കു മാത്രം പാടാൻ കഴിയുന്ന ഒന്നാണത്രേ ഈ സൂത്രം! പിന്നെ ഇത് ആസ്വദിക്കുന്നവരുടെ കാര്യം പറയാനുണ്ടോ? ഒരു മാതിരി ഇംഗ്ലീഷ് പാട്ടുകളൊക്കെ കേട്ടിരിക്കാനുള്ള തൊലിക്കട്ടിയും ആരോഗ്യവും തൽക്കാലം ഈയുള്ളവൾക്കുണ്ട്. പക്ഷേ തിരിയാൻ (മനസ്സിലാക്കാൻ) പാടില്ലാത്തതിനെ സ്വീകരിച്ചു പണ്ടേ ശീലമില്ല .ഇനി റാപ്പിനെ പ്രണയിച്ചു അമ്മാതിരി വസ്ത്രധാരണം ചെയ്‌തു, ചുട്ടി കുത്തി കമ്മലിട്ട് നടക്കാമെന്ന അത്യാഗ്രഹം വീട്ടിലെ കുട്ടികൾക്ക് ഉണ്ടോ എന്നറിഞ്ഞുകൂടാ. മാന്യമായി വസ്ത്രധാരണം ചെയ്തില്ലെങ്കിൽ കഞ്ഞിമുട്ടുമെന്നു ഭയന്നിട്ടോ എന്തോ ഇതു വരെ പറയത്തക്ക അത്യാഹിതങ്ങളൊന്നും തന്നെ ഉണ്ടായിട്ടില്ല. ആകെ എനിക്ക് കിട്ടിയിട്ടുള്ള ഒരു താക്കീതെന്തെന്നാൽ "അമ്മ ഇംഗ്ലീഷ് പാട്ടു മൂളുക" പോലും ചെയ്യരുതെന്നാണ് (എന്തൊരു അന്യായം! എൻ്റെ ചെലവിലാ ജീവിതം പറഞ്ഞിട്ടെന്തു കാര്യം?). ഒരു ഇന്ത്യൻ തരുണീമണിയായ എനിക്കെന്റെ ഇന്ത്യൻ പാട്ടുകൾ തന്നെ ധാരാളം .

ഇനി നാൽപ്പതുകളുടെ പകുതിയിലൂടെ പോയിക്കൊണ്ടിരിക്കുന്ന ഞാൻ എനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഒന്ന് വിശകലനം ചെയ്യട്ടെ. ഒന്ന് പറയാം, പ്രശസ്ത തമിഴ് സംവിധായകൻ ശ്രീ ശങ്കർ പറഞ്ഞപോലെ "അംബാസമുദ്രത്തിൽ പിറന്ത് അമേരിക്കാവിൽ വന്തിട്ടാ” അത് വരെ കറക്ട്, വളരെ കറക്ട്! ഒരു നാട്ടിൻപുറത്തു ജനിച്ചു, ജോലി തേടി അന്യ നാട്ടിൽ വന്നു പെട്ടു. ഇപ്പോഴും ഭാഷയെ സ്നേഹിക്കുന്നു, പഴയ ഇഷ്ടങ്ങളെ നെഞ്ചോടു ചേർത്തുപിടിക്കുന്നു, പക്ഷേ ഇതിനിടയിൽ മാന്ത്രികനായ കാലം, പുതിയ കലാകാരന്മാരെ, കലാരൂപങ്ങളെ, പുതിയ രൂപത്തിൽ, ഭാവത്തിൽ സൃഷ്ടിച്ച്‌ ഈ ഞാനടക്കമുള്ള ആസ്വാദകരുടെ മുമ്പിലേക്കയക്കുന്നു. നല്ലതെന്നു തോന്നുന്നത് നാം കൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇതു വരെ ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത്, ഹൃദയത്തിന്റെ നാലറകളും നന്മ കൊണ്ട്, ആത്മവിശാസം കൊണ്ട് ഊതി വികസിപ്പിക്കുക എന്നതാണ്, പഴയ ഇഷ്ടങ്ങൾക്കൊപ്പം പുതിയവയെ ഉൾക്കൊള്ളാൻ. ഞാനിതു പറയുമ്പോൾ യൂട്യൂബിൽ "ഒരു മുത്തശ്ശിഗദ" യുടെ കിടുക്കാച്ചി ട്രെയ്‌ലർ, മക്കളേ ഓടി വാടാ എന്ന് വിളിച്ചതും, രണ്ടവന്മാരും ഹാജർ! രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്‍ എന്ന് പറഞ്ഞാൽ മതിയല്ലോ. നമ്മുടെ ന്യൂ ജനറേഷൻ അമ്മൂമ്മ JCB ഓടിക്കുന്ന ഒരു കലക്കൻ സീൻ.

അത് കണ്ടതും അവന്മാർ രണ്ടും കൂടെ,

"ദേ ആ പ്രായത്തിലെങ്ങാനും ഇനി വല്ല ഹെലികോപ്റ്റർ പറപ്പിക്കണോന്നു പറഞ്ഞാലുണ്ടല്ലോ"

എന്റെ ദൈവമേ ഞാൻ മനസ്സിൽ കണ്ടത് ഇവറ്റോൾ മാനത്തു കണ്ടല്ലോ ( ഈ ന്യൂ ജെൻ പിള്ളേരുടെ കാര്യം, സില്ലി ബോയ്സ്, ) ഞാൻ പോയി എന്റെയാ പാട്ടു കേൾക്കട്ടെ! അതാ നല്ലത് !

വാൽക്കഷ്ണം : നാമറിയാതെ ഉള്ളിലേക്കാവാഹിക്കപ്പെടുന്ന മാറ്റങ്ങൾ, നന്മ, സന്തോഷം ഇവക്കു കാരണമെങ്കിൽ എന്തിനു പുറം തിരിഞ്ഞു നിൽക്കണം?

↑ top