≡ നവംബർ 2016
കഥ

കുമാരസംഭവം @ കൊക്കൻസ് ടവർ

അന്ന് ഗ്രാമങ്ങൾ ജീൻസ് ധരിച്ചുതുടങ്ങിയിരുന്നില്ല. വഴിയോരങ്ങളിലെ പ്രധാന വ്യവസായം എസ്. ടി. ഡി. / ഐ. എസ്. ഡി ബൂത്തുകളായിരുന്നു. റേഡിയോ ശ്രോതാക്കൾ അവരറിയാതെ പ്രേക്ഷകരായി രൂപാന്തരം പ്രാപിച്ചു തുടങ്ങിയിരുന്നു. മുടി രണ്ടായി പിന്നിയിട്ട, പാവാടയും ബ്ലൗസുമണിഞ്ഞ, ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ തരുണീമണികൾ, പുതുപണക്കാരന്റെ പത്രാസ്സോടെ കൂളിംഗ് ഗ്ലാസ്സ് വെച്ചു നില്ക്കുന്ന ചുള്ളൻ കമ്പ്യൂട്ടർ സെന്ററുകളെ ഒളികണ്ണിട്ടുനോക്കും കാലം. എന്നും ഒരു മുഴം മുമ്പേ ചിന്തിക്കാറുള്ള കുമാരേട്ടനും ബോധ്യപ്പെട്ടു. ആളുകൾ പറയുന്നതിലും കാര്യമുണ്ട്. പഴയകാലത്തെ പഠിപ്പൊന്നുമല്ല. കാലം മാറി, പഠിപ്പും മാറി. നാൽക്കവലയിലെ ഏക കോൺക്രീറ്റ് കെട്ടിടമായ കൊക്കൻസ് ബിൽഡിംഗിലെ ഇടുങ്ങിയ ഗോവണിപ്പടികൾ; രണ്ടാംനിലയിലേക്ക് മാത്രമുള്ളതായിരുന്നില്ല, ഭാവിയിലേക്ക് കൂടിയുള്ളതായിരുന്നു.

മകൾ റിസപ്ഷനിലെ സുന്ദരിയും ഗൗരവക്കാരിയുമായ മാഡത്തിനോട് സംസാരിച്ചുകൊണ്ടിരുന്നു. മാഡത്തിന്റെ മംഗ്ലീഷിലും ജാഡകളിലും അസ്വസ്ഥനായപ്പോൾ കുമാരേട്ടൻ മെല്ലെ പുറത്തേ ക്കിറങ്ങി. ചില്ലു ജാലകത്തിനപ്പുറം അവരെ കാണാം. സെന്ററിനോടുചേർന്നുള്ള ലാബ് എന്നെഴുതിവെച്ചിട്ടുള്ള ഭാഗത്ത് നിലയുറപ്പിച്ച് മകൾക്കായ് കാത്തുനിന്നു. ക്ലാസ്സ് കഴിഞ്ഞ കുറച്ച് കുട്ടികൾ ലാബിൽനിന്നും ഇറങ്ങിപോകുന്നുണ്ട്. ലാബിനുള്ളിലെ ക്യാബിനകത്തുനിന്നും അടക്കി പിടിച്ച സംഭാഷണം. കൗമാരം പ്രതിഫലിപ്പിക്കുന്ന ശബ്ദസൗകുമാര്യങ്ങൾ

"താൻ പേടിക്കാണ്ടിരിക്ക്.. ഞാനില്ല്യേ..?"

"ഇനീപ്പോ എവിട്യാ സമയം! എനിക്ക് പേടിയാവ്ണ്ണ്ട്ട്ടാ."

"ഈ വക സില്ലി കേസ്സിനൊക്കെ ഇങ്ങനെ പേടിച്ചാലോ."

"നിങ്ങള് ബോയ്‌സിനൊക്കെ എല്ലാം സില്ല്യാ... "

"ഓ..പിന്നേ"

"അപ്പഴേ പറഞ്ഞതല്ലേ... അതൊന്നും വേണ്ടാന്ന്."

"എന്നും തിയറി മാത്രം മത്യോ.. കൊറച്ച് പ്രാക്ടിക്കലും കൂടി വേണ്ടെ."

ആൺകൗമാരത്തിന്റെ വക ഒരു ഇളിഞ്ഞ ചിരി.

"പ്രാക്ടിക്കല് കൊറച്ച് ഓവറായതാ പ്രശ്‌നായത്."

"ഞാൻ നോക്കീട്ട് ഇനി ഒരു വഴ്യേ ഉള്ളൂ."

"എന്താ.. പറയ്."

"കൊറച്ച് കടന്ന കയ്യാണ്."

"ന്നാലും പറയ്.."

"അത് പിന്നെ."

"ഓ... എന്തായാലും വേഗം പറയെഡാ.. "

"അബോർട്ട് ചെയ്യാം."

"അയ്യോ...."

"വേറെ വഴിയൊന്നും ഞാൻ നോക്കീട്ട് കാണണില്ല്യ"

"എന്നാലും അത്..."

കുമാരേട്ടൻ വേഗം തിരിഞ്ഞു നടന്നു. റിസപ്ഷൻ റൂമിലെത്തി. കോഴ്‌സിന് ചേരാൻ വന്ന മകളെയും പിടിച്ചുവലിച്ചു പുറത്തുകടന്നു. പരിഭ്രാന്തയായ മകളാകട്ടെ അച്ഛന്‍റെ ഭാവമാറ്റം അറിയാതെ വലഞ്ഞു.

"വാ മോളെ.. ഇവിടെ പഠിപ്പിക്കണത് വേറെ ചെലതാ... അതൊന്നും കുടുമ്മത്ത് പെറന്നോര്ക്ക് പറ്റീതല്ല."

സ്വപ്നലോകത്തുനിന്നും ഭൂമിയിലേക്കെത്താൻ ഗോവണിപ്പടികൾ ലക്ഷ്യമാക്കി അയാൾ ധൃതിയിൽ നടന്നകന്നു. കപ്പിനും ചുണ്ടിനുമിടയിൽ തുളുമ്പിപോകുന്ന ഫീസ്. റിസപ്ഷനിലെ സുന്ദരി മാഡം കറങ്ങുന്ന കസേരയിൽനിന്നും ചാടിയെഴുന്നേൽക്കുന്നു.

"എന്താണ്... എന്താണ് പ്രോബ്‌ളം."

മകളുടെ കൈയ്യുംപിടിച്ച് പുറത്തുകടക്കുന്നതിനിടയിൽ ആ ചോദ്യത്തിന് കുമാരേട്ടൻ മറുപടി പറഞ്ഞു.

"പ്രോബ്‌ളം എനിക്കല്ല... നിങ്ങടെ ലാബിലുള്ള പെങ്കുട്ടിക്കാ... ചെന്ന് നോക്ക്... പഠിച്ച് പഠിച്ച് ഇപ്പോ അബോർഷന്റെ വക്ക് വരെ എത്തീട്ട്ണ്ട്. വേഗം ചെന്നോ.. അല്ലെങ്കി കൂടെള്ള ആ ചെക്കൻ തടിതപ്പും."

സംഭവിച്ചതെന്തെന്നറിയാതെ പതറിപ്പോയ സുന്ദരി മാഡം സംശയത്തിന്റെ അകമ്പടിയോടെ ലാബിന്റെ ഭാഗത്തേക്കു നടന്നു. ക്യാബിന്റെ ഹാഫ്‌ഡോർ തള്ളിതുറക്കുന്നതിനുമുമ്പ് കാതുകൾ കൂർപ്പിച്ചു. പതിഞ്ഞ സ്വരത്തിൽ തുടരുന്ന സംഭാഷണം.

"താൻ എന്തെങ്കിലും ഒന്ന് സമ്മതിക്ക് ... ഇനിയും ഇഗ്നോർ ചെയ്തിട്ട് കാര്യല്ല്യ..?? അബോർട്ട് ചെയ്യാതെ വേറെ ഒരു ഓപ്ഷൻ ഇല്ല. "

"ഡാ.... ഒന്നുകൂടി ആലോചിച്ചിട്ട്.."

വെറുതെയല്ല അയാള് ആ കുട്ടിയേയുംകൊണ്ട് തിരിച്ചുപോയത്. ക്യാബിന്റെ വാതിൽ തള്ളിത്തുറന്ന് സുന്ദരി മാഡം ഗർജ്ജിച്ചു.

"വാട്ട്‌സ് ഗോയിംഗ് ഓൺ ഹിയർ."

കൗമാരങ്ങൾ ഞെട്ടി. ഭയഭക്തി ബഹുമാനങ്ങളോടെ ചാടിയെഴുന്നേറ്റു. പെൺകൗമാരം ശരീരം കൊണ്ട് അതിവിദഗ്ധമായി മോണിട്ടർ മറച്ചുപിടിക്കുവാൻ ശ്രമിച്ചു. മാഡം വീണ്ടും ഗർജ്ജിച്ചു.

"മനു... തനിക്ക്.. ഈ സമയത്ത് ലാബിലെന്താ കാര്യം"

"ഈ കുട്ടിക്ക് ഒരു സംശയം. അതൊന്ന്..."

"എന്ത് സംശയം... കുട്ടി മോണിട്ടറിന്റെ മുന്നിൽനിന്നും മാറിനിൽക്കൂ."

പെൺകൗമാരം മെല്ലെ മോണിട്ടറിന്റെ മുന്നിൽ നിന്നും മാറിനിന്നു. പെൺകൗമാരത്തിന്റെ കുറ്റബോധത്തേക്കാളും സുന്ദരി മാഡത്തെ ഞെട്ടിച്ചത് മോണിട്ടറിൽ കണ്ട കാഴ്ചയായിരുന്നു. ഒരു പരാജിതന്റെ ഭാവവുമായി ആൺകൗമാരം. ക്യാബിന്റെ പുറത്തുകടക്കുമ്പോൾ മാഡം വിളിച്ചു.

"മനു... കം വിത്ത് മി."

ദേഷ്യം കൊണ്ട് ചവിട്ടിമെതിച്ചു തിരിച്ചുപോകുന്ന മേഡത്തെ ആൺകൗമാരം അനുസരണയോടെ പിൻതുടർന്നു. റിസപ്ഷനിൽ മാഡത്തെ കൂടാതെ മറ്റാരും ഇല്ല. ഒരു ഇരയെ നഷ്ടപ്പെട്ട പുലിയുടെ ഭാവമാണെങ്കിലും മാഡത്തിന്റെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ട്.

"താൻ ഒരു കുട്ടിയെ പറഞ്ഞുവിട്ടിരുന്നില്ലേ. ഒരു ന്യൂ അഡ്മിഷൻ."

"ഉവ്വ് മാഡം. ഒരു ശ്രീജ കുമാരൻ.... അവര് വന്നിരുന്നോ..?"

സുന്ദരി മാഡം നിസ്സംഗതയോടെ പറഞ്ഞു.

"വന്നിരുന്നു.. വന്നിരുന്നു "

'"എൻറോൾ ചെയ്‌തോ...? "

"ആ കുട്ടി സമ്മതിച്ചതായിരുന്നു. അപ്പോഴാണ് നിങ്ങളുടെ ഒരു അബോർഷൻ കേസ് "

"അല്ല മാഡം.... അത്... "

"മനസ്സിലായി... എല്ലാം എനിക്ക് മനസ്സിലായി. പക്ഷെ... നിങ്ങളുടെ സംസാരം ആ കുട്ടീടെ ഫാദർ പുറത്തുനിന്നും കേട്ടു. ഇവിടെ പഠിപ്പിക്കണത് കുടുമ്മത്ത് പെറന്നോര്ക്ക് പറ്റിയ കാര്യങ്ങളല്ലാന്ന് പറഞ്ഞിട്ടാണ് കുട്ടിയെ വിളിച്ചോണ്ട് പോയത്."

തലയ്ക്ക് കയ്യും വെച്ച് മനുവെന്ന ആൺകൗമാരം തളർന്നിരുന്നു.

"ഇത്ര ചർച്ച ചെയ്യേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ മനു...? ആദ്യമേയങ്ങ് അബോർട്ട് ചെയ്താ പോരായിരുന്നോ..?"

"ഞാൻ പറഞ്ഞതായിരുന്നു മേഡം. പക്ഷെ ആ കുട്ടി സമ്മതിക്കണ്ടെ... അപ്പോ ഇതുവരെ ചെയ്തതൊക്കെ വെറുതെ ആവില്ല്യേന്നാ ആ കുട്ടി ചോദിക്കണെ... എന്താ പറയാ. "

ചുണ്ടിലൂറിയ ചിരിയമർത്തി മാഡം ഗ്ലാസ്സ് ഡോറിലൂടെ വരാന്തയിലേക്ക് നോക്കി.

"താൻ ചെല്ല്.. ദാ.. ആ കുട്ടി അവിടെ നിന്ന് എന്തൊക്കെയോകൈയ്യും കലാശവും കാണിക്കുന്നുണ്ട്. മുഖഭാവം കണ്ടിട്ട് അബോർഷന്റെ സമയം കഴിഞ്ഞുവെന്നാണ് തോന്നുന്നത്. വേഗം ചെല്ല്. എന്തെങ്കിലും ചെയ്ത് സോൾവ് ചെയ്ത് കൊടുക്ക്."

മനുവെന്ന ആൺകൗമാരം ഗ്ലാസ്സ് ഡോറിലൂടെ, ടെൻഷൻ കാരണം കൈവിരലുകൾ കുടഞ്ഞുകൊണ്ടിരിക്കുന്ന, ധന്യയെന്ന പെൺകൗമാരത്തെ അതീവ സഹതാപത്തോടെ നോക്കി. പിന്നെ മെല്ലെ എഴുന്നേറ്റ് ലാബിലേക്ക് നടന്നു. ശ്രീജ കുമാരൻ എന്ന ഒരു ഇര അലസ്സിപോയെങ്കിലും മോണിട്ടറിൽ കണ്ട കാഴ്ച ഓർത്തപ്പോൾ മാഡത്തിന്റെ ചുണ്ടിൽ അറിയാതെ വീണ്ടും ഒരു ചിരി വിടർന്നു. ലാബിൽ പെൺകൗമാരം വീണ്ടും ചിണുങ്ങാൻ തുടങ്ങി.

"ഡാ.. ഇനീപ്പോ അബോർട്ട് ചെയ്യാനും പറ്റുംന്ന് തോന്ന്ണില്ല്യ."

മനുവെന്ന ആൺകൗമാരം ഒരു നീണ്ട നെടുവീർപ്പിട്ടു. നിസ്സഹായതയോടെ മോണിട്ടറിലേക്ക് നോക്കിയിരുന്നു. ഹാങ്ങായി പോയ കമ്പ്യൂട്ടറിന്റെ മോണിട്ടറിൽ അപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു, ഏറെ നേരമായി അവരെ കുഴപ്പിക്കുന്ന ഒരു എറർ മെസ്സേജ്. സോഫ്റ്റ്‌വെയർ ദേവത തളികയിൽവെച്ചു നീട്ടിയതുപോലെ മൂന്ന് ഓപ്ഷനുകൾ.

“Unexpected error
Do you want to continue?

Abort....... Retry..........Ignore"

↑ top