≡ നവംബർ 2016
കഥ

പുറത്താക്കപ്പെട്ടവൻ

"നിങ്ങൾ എന്റെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ?"

പിശാച് ഒട്ടൊരു അസ്വസ്ഥതയോടെ ചോദിച്ചു.

"ഒരിക്കലും എന്നെ പരിചയപ്പെടാത്ത നിങ്ങൾ എന്തിന് എനിക്ക് മൂർച്ചയുളള കൊമ്പും ഉരുണ്ട കണ്ണുകളും തന്നു കൊണ്ട് ഭീകരതയുടെ പ്രതീകമായി കാണിക്കുന്നു? എന്റെ പേരു പറഞ്ഞ് കുട്ടികളെ പേടിപ്പിക്കുന്നു?. സത്യം പറയട്ടെ എനിക്ക് കുട്ടികളോട് ഇഷ്ടം മാത്രമെ തോന്നാറുളളൂ. പക്ഷേ, എനിക്ക് തന്ന ഭീകരരൂപം കൊണ്ട് എന്തു ചെയ്യാനാ?"

പാവം പിശാച് എന്നോട് കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു.

"ഞാൻ ഇന്ന് ഗൂഗിളിൽ പോയി എന്റെ പേര് അടിച്ച് നോക്കി. ഈ ലോകത്തിന് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നറിയാനാ. എവിടെ! എന്നെപ്പറ്റി എന്ത് തോന്നിവാസം വേണേലും, ആർക്കും എഴുതാം....."

പിശാച് മൂക്ക് ചീറ്റി കണ്ണു തുടച്ചു കൊണ്ട് തുടർന്നു..,

"പിന്നെ ദൈവത്തിന് ഞാനിപ്പോൾ വലിയ ശത്രുവാണ്. ഞാൻ അദ്ദേഹത്തിന്റെ സഹായിയായി എത്ര കാലം കഴിച്ചു കൂട്ടി, ആ ഒറ്റ കാര്യത്തിൽ എന്റെ എതിർപ്പു പ്രകടിപ്പിച്ചതു കൊണ്ട്, ആ ഒറ്റ കാരണത്താൽ (ഞാനെന്തിനാ വീണ്ടും വീണ്ടും ഒറ്റ എന്ന് പറയുന്നത് ) എന്നെ പുറത്താക്കി. അന്ന് മുതൽ എന്റെ ജീവിതം നരകമായി. അദ്ദേഹത്തിന് എന്നോട് എതിർപ്പ് തോന്നാൻ കാരണമെന്തെന്ന് ഞാൻ പറയാം. ഞാൻ അദ്ദേഹത്തിനോട് ചോദ്യങ്ങൾ ചോദിച്ചു. എന്ത് ചോദ്യങ്ങളാന്ന് നിങ്ങൾക്ക് അറിയോ?"

എന്തെന്നറിയാനുളള ആകാംക്ഷയിൽ ഞാൻ പിശാചിനൊരു ചായ ഉണ്ടാക്കി കൊടുത്തു. ചായ കുടിച്ചുകൊണ്ട് പിശാച് വീണ്ടും കഥ തുടർന്നു.

"ഞാൻ ദൈവത്തിനോട് ചോദിച്ചു എന്തു കൊണ്ട് നിങ്ങൾ ഇത്രയും ക്രൂരനും സ്വാർത്ഥനും ആവുന്നു? ലോകം മുഴുവൻ അനീതിയും അക്രമവും കളളത്തരവും നിറയുമ്പോഴും നിങ്ങൾ മിണ്ടാതിരിക്കുന്നു?"

ഇതു കേട്ടപ്പോൾ എന്റെ കണ്ണു തളളിപ്പോയി. ദൈവത്തിനോട് ഇങ്ങനെ ചോദിക്കാൻ വേറെ ആര് ധൈര്യം കാണിക്കും. ചിന്തയിൽ നിന്നുണർന്ന് ഞാൻ വീണ്ടും കാതോർത്തു.

"എന്തിനാണ് ഒരു തെറ്റും ചെയ്യാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ ലോകത്ത് ദുരന്തങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത്. യുദ്ധം, മതവിദ്വേഷം, അധികാര വഴക്കുകൾ എന്നിങ്ങനെ......"

സത്യം പറയട്ടെ ബാക്കിയൊന്നും ഞാൻ കേട്ടില്ല. കോട്ടു വാ ഇട്ടിട്ട് മടുത്തു. പിശാചിന്റെ സങ്കടാവസ്ഥയിൽ എനിക്ക് ദുഃഖമുണ്ട്.. അല്ലെങ്കിലും ഞാനെന്തു ചെയ്യാനാ. ഈ ലോകത്തിന്റെ നിസ്സംഗത എന്റെ മുഖത്ത് കണ്ടിട്ടാകണം പിശാച് തല കുലുക്കി ആരോടെന്നില്ലാതെ എന്തൊക്കെയോ പറഞ്ഞ് അപ്രത്യക്ഷനായി....!

↑ top