≡ നവംബർ 2016
കഥ

കാത്തി

നാളെ എന്റെ വിവാഹമാണ്. ഞാൻ കാത്തി. കാർത്ത്യായനി എന്ന കാത്തി…

അങ്ങനെ ആറു വർഷത്തെ പ്രണയത്തിനു ശേഷം ആദി നാളെ എന്റെ കഴുത്തിൽ താലി ചാർത്തും. ആഴത്തിലുള്ള ഞങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഒരുപക്ഷേ ഇങ്ങനെയൊരു പ്രണയം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെങ്കിലും എന്റെ അച്ഛൻ വേണുഗോപാലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് രവീന്ദ്രനാഥിന്റെ മകൻ ആദിത്യൻ എന്നെ വിവാഹം കഴിക്കുമായിരുന്നിരിക്കാം.

ഒൻപതു വർഷങ്ങൾക്കു മുമ്പാണ് നാട്ടിൻപുറത്തെ തറവാട്ടിൽ നിന്നും ഇത്ര വലിയൊരു നഗരത്തിലേക്കു എന്നെ പറിച്ചു നട്ടത്. ലണ്ടൻ ഈസ് ബ്യൂട്ടിഫുൾ ലൈക് എ ലേഡി. സത്യമാണ്. അന്നിവിടെ വരുന്ന സമയത്തെ കാത്തിയിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ ഇല്ലെങ്കിലും കാഴ്ച്ചപ്പാടുകളിലും രീതികളിലും ചെറിയ മാറ്റങ്ങൾ കാത്തിയിൽ ഇല്ലെന്നു പറയാനാവില്ല. മാറ്റങ്ങൾ മനുഷ്യസഹജമാണല്ലോ! പ്രത്യേകിച്ച് നമ്മുടെ ചുറ്റുപാടുകൾ അത് ആവശ്യപ്പെടുമ്പോൾ.

വടക്കേപ്പാട്ടെ കാർത്ത്യായനി ഓപ്പോളെ നാട്ടാർക്കൊക്കെ അറിയാം. പദം ചൊല്ലലിലും അക്ഷരശ്ലോക കളരികളിലും മിടുക്കിയായിരുന്നു. എൺപതുകളിൽ എത്തിയ എന്റെ അച്ഛമ്മ ഒരു കില്ലാഡിയായിരുന്നു എന്നതിൽ എനിക്ക് സംശയമില്ലായിരുന്നു. പ്രായത്തെ വെല്ലുന്ന ചുറുചുറുക്കും ഗംഭീര്യവും അച്ഛമ്മക്കുണ്ടായിരുന്നു.

നീണ്ട് ഇടതൂർന്ന്‌, കരുത്തുറ്റ വെള്ളി കെട്ടിയ മുടിയും ചോന്ന കല്ലിന്റെ മൂക്കുത്തിയും കഴുത്തിൽ ആഡിലും പതക്കവും അണിഞ്ഞ എന്റെ അച്ഛമ്മ ഒരു സുന്ദരിയായിരുന്നു. അച്ഛമ്മയെ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ കാച്ചിയ എണ്ണയുടെ മണമാണ്. പയ്യെ ചുളിവു വീണു തുടങ്ങിയ അച്ഛമ്മേടെ വയറിലൊക്കെ ഇക്കിളിയാക്കുമായിരുന്നു ഞാൻ . എന്റേം അച്ഛമ്മേടേം മാത്രം ഒരു ലോകം.

അച്ഛമ്മക്ക് മക്കളായിട്ട്‌ എന്റെ അച്ഛൻ മാത്രേ ഉണ്ടായിരുന്നുള്ളൂ. അച്ഛനു ഞാൻ ഒറ്റ മോളും. അതോണ്ടന്നെ മത്സരിക്കാൻ വേറെ പേരക്കുട്ടികളാരും അവിടുണ്ടായിരുന്നില്ല. അച്ഛനും അമ്മേം എനിക്ക് മൂന്നു വയസുള്ളപ്പോൾ എന്നെ അച്ഛമ്മേടെ കൈയിൽ ഏൽപ്പിച്ചു ജോലിക്കു പോയതാണ്. എന്നെ സംബന്ധിച്ചു അച്ഛനും അമ്മേം കൈ നിറയെ സമ്മാനങ്ങളുമായി രണ്ടു വർഷത്തിലൊരിക്കെ തറവാട്ടിലെത്തുന്ന അതിഥികൾ മാത്രമായിരുന്നു.

ഞങ്ങളെക്കൂടാതെ തറവാട്ടു വീട്ടിൽ ശങ്കുണ്ണി മാമനും രാധേച്ചിയും ഉണ്ടായിരുന്നു. ശങ്കുണ്ണിമാമനെ വടക്കേപ്പാട്ടെ കാര്യസ്ഥൻ എന്നും പറയാം. അച്ഛച്ഛന്റെ കാലം തൊട്ടേ അവിടുണ്ട്. ശങ്കുണ്ണിമാമന്റെ ഭാര്യയാണ് രാധേച്ചി. രണ്ടുപേരും കാലത്തു വീട്ടിലെത്തും വീട്ടുകാര്യങ്ങൾ ഒക്കെ നോക്കും. ശങ്കുണ്ണിമാമന്‌ പുറത്തും രാധേച്ചിക്ക് അകത്തും ആണ് പണി. കളത്തിലെ തേങ്ങ ഇടീക്കാനും അതിന്റെ കാര്യങ്ങളും ഒക്കെ ശങ്കുണ്ണിമാമനാണ് ചെയ്യിക്കാറ്. രാധേച്ചി അച്ഛമ്മേടെ കൂടെ അടുക്കളയിലും പുറം പണിക്കും ഒക്കെ കൂടും. സന്ധ്യകഴിഞ്ഞു രണ്ടാളും വീട്ടിൽ പോകും. നമ്മുടെ പുരയിടത്തിന്റെ അതിരിലാണ് അവരുടെ വീട്. അച്ഛച്ഛൻ പണ്ടേ പതിച്ചു കൊടുത്തിട്ടുള്ള സ്ഥലമാണത്. വലിയൊരു വീടും പുരയിടവും ആണ് വടക്കേപ്പാട്ട്. പുരയിടത്തോട് ചേർന്ന് കുളമുണ്ട്‌. തെക്കേൽ ആണ് അച്ഛച്ഛന്റെ അസ്ഥിത്തറ. സന്ധ്യക്ക്‌ ഞാനും അച്ഛമ്മേം കൂടിയാണ് അവിടെ തിരി തെളിക്കാറ്‌. ദേവി സ്തുതി ഒക്കെ അച്ഛമ്മക്ക് കാണാപ്പാഠമായിരുന്നു. വീടിന്റെ കിഴക്കേ ഭാഗത്തു ഒരു മുത്തശ്ശൻ മാവുണ്ടായിരുന്നു. അതിലാണ് ശങ്കുണ്ണിമാമൻ ഊഞ്ഞാല് കെട്ടിത്തന്നിരുന്നത്. ആയത്തിൽ ആടാൻ എന്ത് രസായിരുന്നെന്നോ.

വീടിന്റെ ഇറയത്തു കുറെയേറെ ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്. അച്ഛമ്മേടേം അച്ഛച്ഛന്റേം കല്യാണ ഫോട്ടോ അതിലുണ്ട്. സിനിമാനടി പോലെയായിരുന്നു അച്ഛമ്മ എന്ന് പറയുന്നതിൽ അതിശയോക്തി വിചാരിക്കാനില്ലാട്ടോ. അത്ര ഭംഗിയായിരുന്നു. അച്ഛന്റെ ചെറുപ്പത്തിലേ ഫോട്ടോ കണ്ടാൽ ഞാൻ തന്നെ. അത്രക്കുണ്ട് സാമ്യം.

അച്ഛമ്മേടെ പരീക്ഷണങ്ങൾ അത്രേം നടക്കുന്നത് അടുക്കളയിലാണ്. സാമാന്യം വലിപ്പമുള്ള അടുക്കളയിൽ ഓരോ ഭാഗത്തും അച്ഛമ്മേടെ പലതരം അച്ചാറ് പരീക്ഷണങ്ങളും വറപൊരികളും ആണ്. എപ്പോഴും ഉണ്ടാവും വാതിലിനു മറവിൽ മൂലയിൽ ഒരു കുല ചെറുപഴം. അത് വന്നും പോയീം കഴിച്ചു തീർക്കുന്നത് ഞാൻ തന്നെയായിരുന്നൂട്ടോ. എന്റെ നോട്ടം അത്രേം എപ്പോഴും മുകളിൽ വെച്ചിരുന്ന കടുമാങ്ങഭരണിയിൽ ആയിരുന്നു .എടുത്തു താഴെ വെക്കേണ്ട താമസം ഞാൻ ഭരണീൽ കയ്യിടും.

സുഖമുള്ള ജീവിതമായിരുന്നു വടക്കേപ്പാട്ട്. കഥ പറയാനും ശ്ലോകങ്ങൾ ചൊല്ലിപ്പഠിപ്പിക്കാനും അച്ഛമ്മ. അവിടുത്തെ സ്കൂളിൽ തന്നെയായിരുന്നു ആദ്യകാല പഠനം. സ്കൂൾ വിട്ടു വരുമ്പോ എടനയിലയിൽ ചൂട് ഇലയട ഉണ്ടാക്കി വെക്കുമായിരുന്നു. അന്നും ഇന്നും ഇലയട എനിക്കിഷ്ടമാണ്. പിന്നെ വീടിനടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിന് പോകുമായിരുന്നു ഞാനും അച്ഛമ്മേം ശങ്കുണ്ണിമാമനും രാധേച്ചിയും കൂടെ. അന്ന് കുറെ വളേം മാലേം ഒക്കെ വാങ്ങും. ചിലപ്പോ ഒക്കെ നാടകം കാണാൻ ഇരിക്കും . ഒരുപാട് താമസിക്കും എന്നുണ്ടേൽ തിരിച്ചു പോരും. പോരുന്ന വഴിക്ക് ഒരു ബലൂണും. അതും തട്ടിക്കളിച്ചാണ് വീടെത്തുക. അച്ഛമ്മേടെ നിർബന്ധത്തിനാണ് സിന്ധു ടീച്ചറിന്റെ അടുത്ത് നൃത്തം പഠിക്കാൻ ചേർന്നത്. അരങ്ങേറ്റം അവിടെ അമ്പലത്തിൽ തന്നെയായിരുന്നു, അച്ഛനും അമ്മേം വന്ന ഒരു അവധിക്കാലത്ത്.

അച്ഛമ്മക്ക് അച്ഛമ്മേടേതായ ശീലങ്ങൾ ഉണ്ടായിരുന്നു. കുറെയൊക്കെ എനിക്കും പകർന്നു തന്ന ശീലങ്ങൾ. കയ്യുണ്യം കാച്ചിയ വെളിച്ചെണ്ണ നിർബന്ധമായിരുന്നു. എനിക്കും തലയിൽ തേച്ചു പിടിപ്പിച്ചു തരും. ചെറിയൊരു പാത്രത്തിൽ കാച്ചിയ എണ്ണ എടുത്തു കുറച്ചു നേരം വെയില് കൊള്ളാൻ വെക്കും . എണ്ണ ഇളം ചൂടേറ്റു പാകമാകുമ്പോൾ തലയോട്ടിയോടു ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കും. പിന്നെ കുളത്തിലാണ് കുളി. ചൂടുവെള്ളം ഉണ്ടാക്കി കുളിക്കണം എന്നൊക്കെ അച്ഛൻ ഫോൺ ചെയ്യുമ്പോ പറയും. എവിടുന്ന്, ആര് കേൾക്കാൻ അച്ഛമ്മ എന്നും ആ കുളത്തില് തന്നെയാ കുളിക്കാറ്‌. പയറു പൊടീം, കുറുംതോട്ടി താളീം ഇഞ്ച ഒക്കെ കൂട്ടി ഒരു ഒന്നൊന്നര കുളി. കൂടെ ഞാനും. ചിലപ്പോ ഒക്കെ രാധേച്ചിയും. കുളത്തിൽ എന്നെ നീന്താൻ പഠിപ്പിച്ചത് രാധേച്ചിയാണ്. കൈയിൽ കിടത്തി നീന്തിച്ചു. നല്ല ഓർമ്മേണ്ട് അതൊക്കെ. രാത്രിയായ പഴേ മുണ്ടിന്റെ തേര് കീറി മുടി പകുത്തു മെടഞ്ഞു മടക്കി കെട്ടിത്തരും അച്ഛമ്മ. സ്കൂളിൽ പോകുമ്പോ റിബ്ബൺ വെച്ച് കെട്ടും. അച്ഛമ്മേടെ അമ്മ അങ്ങനൊക്കെ ചെയ്തോണ്ടാണ് പോലും അച്ഛമ്മക്ക് അത്ര നല്ല മുടീണ്ടായത്.

വർഷങ്ങൾ കടന്നു പോയി ഏഴാം തരത്തിൽ നിന്നും എട്ടാം തരത്തിലേക്കുള്ള അവധിക്കാലത്താണ്, മഞ്ചാടി പെറുക്കാൻ പോയപ്പോ അടിവയറ്റിൽ വേദന കലശലാവുന്നത്. ഇത് വരെ ഉണ്ടായിട്ടില്ലാത്ത തരം ഒരു വേദന. ക്ലാസ്സിലെ ചില പെങ്കുട്ട്യോള് ഇങ്ങനെയൊരു വേദനയെക്കുറിച്ചു പിറുപിറുത്തു കേട്ടിരുന്നു. അതിതാകുമോ .? ഓടിപ്പോയി അച്ഛമ്മയോടു പറഞ്ഞു. അച്ഛമ്മേടെ കണ്ണൊക്കെ നിറഞ്ഞു എന്നെ കെട്ടിപിടിച്ചു. അന്ന് മഞ്ഞൾ ഒക്കെ തേച്ചു ആർഭാടായിട്ടു കുളിച്ചു. അടിമുണ്ടുടുത്തു. ഉച്ചക്ക് അച്ഛമ്മ ചോറ് വാരിത്തന്നു. വെറും ചോറല്ലാ. നെയ്യിൽ ചെറു ഉള്ളി അരിഞ്ഞിട്ടു വാട്ടി, അത് ചോറിലൊഴിച്ചു കുഴച്ചു വാരിത്തന്നു. പിന്നെ കടുമാങ്ങ അച്ചാറും. കലശലായ വയറുവേദന കാരണം അശോകാരിഷ്ടം കുടിപ്പിച്ചു. ഏഴു ദിവസം പുറത്തിറങ്ങീലാ. മുറിയിൽ തന്നെ. ഇതിനി എല്ലാ മാസോം ഉണ്ടാവും എന്നറിഞ്ഞപ്പോ പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല എന്ന് തന്നെ തോന്നിപ്പോയി. അതുപോലെ സൂചികുത്തണ വേദന. പിന്നെപ്പിന്നെ അത് ശീലമായി. ശ്രദ്ധിക്കാതെയായി.

ഒരു മഴക്കാലത്താണ്, വിറകു കേറ്റി വെക്കാൻ പോയതാ അച്ഛമ്മ. വാഴത്തടയിൽ തെന്നി വീണു. കാര്യായിട്ടൊന്നും പറ്റിയില്ല. എങ്കിലും ശരീരം ആകെയൊന്നു ഇളകി. നടക്കാൻ ബുദ്ധിമുട്ടായി. പ്രായം സാരമായി ബാധിച്ചതാകാം. വീണതിന്റെ മൂന്നാം നാൾ പനി തുടങ്ങി. പിച്ചും പേയും പറയുന്നു. ശങ്കുണ്ണിമാമൻ അച്ഛനെ വിളിച്ചു. അച്ഛൻ വന്നപ്പോഴേക്കും…. എല്ലാം ദിവസങ്ങൾക്കുള്ളിൽ. ഒന്നും ഉൾക്കൊള്ളാൻ ആവും മുമ്പേ അച്ഛനൊപ്പം ലണ്ടനിൽ എത്തി.

* * * * * * * *

പുറത്തിറങ്ങാതെ വടക്കേപ്പാട്ടെ ഓർമ്മകളിൽ കുറച്ചു നാൾ. അച്ഛനോടും അമ്മയോടും പോലും അപരിചിതത്വം തോന്നിയിരുന്നു. അടുപ്പം തീരെ തോന്നാത്ത കുറെയേറെ ആളുകൾ. അവരിൽ നിന്നും രൂപത്തിലും ഭാവത്തിലും രീതിയിലും ആകെ വ്യത്യസ്തയാണ് ഞാൻ എന്ന തോന്നൽ എന്നെ കൂടെക്കൂടെ അസ്വസ്ഥയാക്കിയിരുന്നു. പരിഷ്കൃതരായ ആളുകൾ. അവരുടെ സംസാരം പോലും മനസിലാകുന്നില്ല. ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴും ഇതേ അവസ്ഥ. എരിശ്ശേരീം പുളിശ്ശേരീം ഒക്കെ കൂട്ടി നിലത്തു ചമ്രം പടിയിട്ടു ഊണുകഴിച്ചിരുന്ന ഞാൻ എങ്ങനെ ഇവരുടെ രീതിയിൽ കഴിക്കും.? അച്ഛനും അമ്മയും സംസാരത്തിനിടയിൽ എന്നെ ശ്രദ്ധിക്കുന്നില്ല. എന്ത് ചെയ്യണം എന്നറിയാതെ ഭക്ഷണം വേണ്ടെന്നു പറഞ്ഞു കോറിഡോറിൽ വിശന്നു വന്നിരുന്നപ്പോഴാണ് ആദ്യമായിട്ട് അവനെ കാണുന്നത്. ആദിത്യൻ!

“കാത്തി, യു ഡോണ്ട് വാണ്ട്‌ ഫൂഡ്?”

ആ ഒരു ചോദ്യത്തിന് മുന്നിൽ കൃത്യമായി മറുപടി പറയാൻ പോലും എനിക്ക് ബുദ്ധിമുട്ടായിരുന്നു. കരയാൻ മാത്രേ പറ്റിയുള്ളൂ.

"ഹേയ് കൂൾ കാത്തി, കമോൺ. ഹാവ് ദിസ് " എന്നും പറഞ്ഞു ഒരു ആപ്പിൾ കൈയിൽ വെച്ച് തന്നു.

ആദി വളർന്നതും പഠിച്ചതും അവിടെ തന്നെയാണ്. അവനു ഈ രീതികൾ എല്ലാം പരിചിതമാണ്.

"കാത്തിയെ എല്ലാം ഒന്ന് പരിചയപ്പെടുത്തു ആദി" എന്ന് പറഞ്ഞു അമ്മ എന്നെ ആദിയെ ഏൽപ്പിച്ചു. അവിടുന്ന് പിന്നെ എല്ലാം പഠിപ്പിച്ചു തന്നത് ആദിയാണ്. സ്പൂണും ഫോർക്കും ഉപയോഗിച്ച് ഭക്ഷണം കഴിക്കാനും, അവിടെ യാത്ര ചെയ്യാനും അവിടുത്തെ രീതികളും ഭാഷയും എല്ലാം. അച്ഛമ്മ പോലെ എന്നെ സംരക്ഷിക്കുന്ന ഒരാളാണ് ആദി എന്നൊരു തിരിച്ചറിവുണ്ടാകുകയായിരുന്നു.

എന്റെ നീണ്ട മുടിയും നൃത്തവും സംസാരവും എല്ലാം ആദിക്ക് ഒരുപാട് ഇഷ്ടമാണ്. ഇവിടെ ഓണാഘോഷത്തിന് എന്റെ ഭരതനാട്യം വേണം എന്ന് വാശി പിടിച്ചത് ആദിയാണ്. എന്റെ ഓരോ നേട്ടങ്ങളിലും ഒപ്പം നിന്നവൻ. എന്റെ കൂടെ നല്ല നാടൻ മലയാളം പറയാനും കളിയാക്കാനും തല്ലു പിടിക്കാനും അവനും പഠിച്ചു കഴിഞ്ഞു. പഠിത്തം കഴിഞ്ഞു ആദി തന്നെയാണ് വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിച്ചത്. മാതാപിതാക്കൾ ആഗ്രഹിച്ചത് അവർക്കു മുന്നിൽ ആദി പറഞ്ഞപ്പോൾ അവിടേയും സന്തോഷം. ആഘോഷവും ആർഭാടവുമായി നാളെ അച്ഛൻ കാത്തിയെ ആദിയുടെ കൈയിൽ ഏല്പ്പിക്കും.

എന്നിട്ടു ഞങ്ങൾക്കൊരുമിച്ചു പോകണം. വടക്കേപ്പാട്ട്. എന്റെ അച്ഛമ്മയെപ്പോലെ എന്നെ സ്നേഹിക്കാൻ, കൂടെ നടക്കാൻ വന്ന കൂട്ടുകാരനെ കാണിക്കാൻ. പരിചിതമല്ലാത്തിടത്തേക്ക് പുതിയ പുതിയ മാറ്റങ്ങൾ ഉൾക്കൊണ്ടു ജീവിക്കാനുള്ള കഴിവ് എല്ലാ സ്ത്രീകളേയും പോലെ എനിക്കും കൈവന്നിരിക്കുന്നു. ഒരുപാട് ദൂരം ഇനിയും പോകാനുണ്ട്. ജീവിച്ചു തീർക്കാൻ ഒരായിരം രാപ്പകലുകളും.

↑ top