≡ നവംബർ 2016
കവിത

രൂപാന്തരം

വിവാഹം
കഴിഞ്ഞ
രണ്ടുപേരുടെ
പ്രണയത്തിന്
വന്ധ്യതയെന്നും
പേരുണ്ട് .

അവർക്കിടയിലെ
പ്രണയമരം
നിറയെ
പൂക്കില്ല,
ശാഖികളിൽ
പുതുമുള പൊട്ടില്ല,

അരുതെന്നോർമിപ്പിക്കുന്ന
ഭംഗിയില്ലാത്ത
പക്ഷി
കൂട് കൂട്ടാൻ
തരം നോക്കി
അടുത്തുകൂടും!

ഉള്ളിന്റെ ഉള്ളിൽ
പടരുന്ന ആഗ്രഹങ്ങൾ
അറുത്തെടുത്തു
ഇരുളിൽ
അർപ്പിക്കേണ്ടി വരും .

സ്നേഹമെന്ന
ഉണക്കി
സൂക്ഷിച്ച
വിത്തുകൾ
മഴ കാണാതെ
ഒരു ജന്മം
മുഴുവൻ അലയും!

↑ top