≡ നവംബർ 2016
കവിത

അവൾ

'മഴതോർന്ന ആകാശത്തിന്
തുളയിടണമെന്റെ
കണ്ണുനീർത്തുള്ളികളെ
ഒളിപ്പിക്കാനാണ്‌.'

അവളുടെ ഡയറി പേജുകൾ
ചിതല് തിന്നുന്നു.

അവരവൾക്ക് തൂക്കിയല്ല,
അളന്നാണ് വിലയിടുന്നത് പോലും..!!
കീറത്തുണിയിലെ അവളെ
അവരളന്നെടുക്കും പോലും!!

ഇരുട്ടുമുറിയിലെ
ആക്രോശങ്ങളിൽ നിന്നവൾ
അവളെ തിരഞ്ഞു നടന്നു!!
അവരതിനെ ഭ്രാന്തെന്ന്
വിളിച്ചു.

വഴിവളവുകളിലൊന്നിൽ

അവളെന്നോ
ബാക്കിയിട്ട ചോദ്യത്തിന്
എന്റെയും നിന്റെയും ഒത്താശയുണ്ട്.

മരിക്കാതിരിക്കാൻ,
ജീവിക്കാനുള്ള സാധ്യതകളെ
അവളെന്നും തിരഞ്ഞിരുന്നു.

അടച്ചിട്ട മുറികളിലൊന്നിൽ
അവളുടെ സ്വപ്നങ്ങളൊക്കെയും

ഭ്രാന്തായി
കാലത്തലപ്പുകളിൽ
മുറികൂടി.


അവളുടെ ഭ്രാന്തുകൾ
അവിടെയുള്ള മരമൊന്നിൽ
നിറമുള്ള പൂക്കളായി
പൂത്തു.
മഞ്ഞച്ച ഇലകൾ കൊണ്ടവൾ
മാല കൊരുത്ത്
ആഴമുള്ള വേരുകളിൽ
ശ്വാസമിറുക്കി.

അപ്പോഴുമവളുടെ
ഭ്രാന്തുകൾ കാലത്തളപ്പുകളിൽ
പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു!

↑ top