≡ നവംബർ 2016
കവിത

പ്രണയ പത്രങ്ങൾ

നരച്ചു പോയ കടലാസ് കഷ്ണങ്ങളെപ്പോല്‍
ചില പ്രണയത്തുരുത്തുകള്‍ ഞാന്‍ കാണാറുണ്ട്!
സഞ്ചരിക്കുന്ന പാതയോരത്ത്, ചില ഓടകള്‍ക്കരികില്‍
കറുകനാമ്പുകള്‍ക്കിടയില്‍ മഞ്ഞുപുതച്ചവ കിടപ്പുണ്ട്.

കടുത്ത വെയിലേറ്റ് മഞ്ഞളിച്ച്,
തീക്ഷ്ണപുഷ്‌കല കാലത്ത്
ഏതോ പോക്കറ്റില്‍ നിന്നും
എന്നോ വലിച്ചെറിയപ്പെട്ട തുണ്ടുകള്‍..,
ഓരോ വാഹനത്തിന്റെ കടന്നു പോക്കിലും
ചീറി മാറുന്ന കാറ്റേറ്റ്
അവ കറുകയുടെ തണ്ടുകള്‍ക്കിടയില്‍
കുടുങ്ങിക്കൊണ്ടേയിരിക്കുന്നു.

കറുകവേരുകള്‍ തടവിലിട്ട മഞ്ഞത്തുണ്ടുപേപ്പര്‍
കാലത്തിന്റെ കാവലാളേപ്പോല്‍,
എഴുതാനാരെത്തുമെന്ന മോഹത്താല്‍
മണ്ണില്‍ വീണുകിടക്കും…!

ഒടുവില്‍ പൊടിമണ്ണ്പറ്റി, പകലിന്റെ കൊടുംതാപമേറ്റ്,
രാത്രിയുടെ ശീതളിമയില്‍ ഉതിരുന്ന ഹിമകണേമേറ്റ്,
ആരാലും മോചിതയാക്കപ്പെടാതെ,
തുളവീണ് മൃതപ്രായമെത്തി,
എന്നോ പെയ്യുന്ന ഒരു രാത്രി മഴയില്‍
കറുകയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് കുതറി മാറി,
ഓടയുടെ ദുഷിച്ച ജലപ്പരപ്പില്‍
ആരുമറിയാതെ
വിലയം പ്രാപിക്കും, തുണ്ടുപേപ്പറുകള്‍!!

വിലാപഗീതങ്ങളില്ലാതെ
അഴിമുഖത്തെത്താതെ
മാന്‍ഹോളിന്റെ ചുഴിക്കറക്കത്തില്‍
ശുദ്ധവായു ലഭിക്കാതെ
ദുസ്സഹമായ അന്ത്യമേറ്റുവാങ്ങുന്ന
കടലാസുകഷ്ണമാവാതിരിക്കട്ടെ
എന്റെ പ്രണയമേ നീയും....!

മഹാഗാഥകള്‍ കുറിക്കപ്പെട്ട,
മഹാസിദ്ധാന്തങ്ങള്‍ വിരചിതമായ
തുറക്കുമ്പോള്‍ മഷിഗന്ധമിയലുന്ന
മഹാസംഹിതയുടെ ഒത്തനടുവിലെ
മനോഹരപ്പേപ്പറാകണം നീ....

എന്റെ നെഞ്ചില്‍ കമഴ്ന്നുറങ്ങുന്ന
ആ പുസ്തകത്തില്‍ മധ്യഭാഗത്തിരുന്ന്
എന്റെ നെഞ്ചിന്റെ തുടിപ്പറിയണം നീ...
അവസ്സാന തുടിപ്പുമപ്പോള്‍
നിനക്കുസ്വന്തം…,
നിനക്കുമാത്രം.....!

↑ top