≡ നവംബർ 2016
ഓര്‍മ്മക്കുറിപ്പ്

ഒരു മണിവൃത്താന്തം

നൂറ്റാണ്ടുകൾ പഴക്കമുള്ള വലിയൊരു മണി, വെള്ളോട്ടിൽ നിർമ്മിച്ചത്- വശത്തെവിടെയോ ഒരു വിള്ളൽ വീണത് , 'മാരാമൺ പള്ളിവക' എന്ന് ഒരു കുരിശടയാളത്തോടൊപ്പം ആലേഖനം ചെയ്തത് ഞാൻ ആദ്യമായും പിന്നെ അവസാനമായും കാണുന്നത് ഒരു മഹാക്ഷേത്രത്തിനുള്ളിലാണ്. മദ്ധ്യതിരുവിതാംകൂറിലെ തിരുവാറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിന്റെ, അമൂല്യതകളുടെ ആ അക്ഷയഖനിയുടെ അകത്തളത്തിനുള്ളിൽ നിശ്ശബ്ദം നിശ്ചലം തൂങ്ങിക്കിടക്കുന്നവിധത്തിൽ.

അതിന്റെ പിന്നിലെ കഥ, ആ കാഴ്ച്ചയിലെ വൈരുദ്ധ്യം ബോധ്യമാകുന്ന വിധത്തിലും എല്ലാം കൺമുമ്പിൽ നടന്നതുപോലെയും എന്റെ ബോധമണ്ഡലത്തിലേക്ക്, പല പല ആവർത്തനങ്ങളിലൂടെയാവാം ആരൊക്കെയോ കടത്തിവിട്ടിരിക്കുക. എന്റെ അമ്മുമ്മ, പിന്നെ അമ്മ അങ്ങിനെ എന്റെ വന്ദ്യഗുരുജനങ്ങൾ. ഒരു നാലു തലമുറ പിന്നിലേക്കെങ്കിലും തുഴയണം ഈ കഥയുടെ തുമ്പൊന്ന് എത്തിപ്പിടിക്കാൻ. എന്നിട്ട് അതോടൊപ്പം തിരിച്ചും തുഴയണം.

ഇതൊരു ആനക്കഥയാണ്. ഗുരുവായൂർകേശവനും മുമ്പ് ജീവിച്ച ലക്ഷണങ്ങളെല്ലാം തികഞ്ഞ ഒരു കൊമ്പൻ - ബാലകൃഷ്ണൻ - അവന് ആയിരം മനുഷ്യന്റെ തലയായിരുന്നുവത്രെ! ഒരു ഉൽകൃഷ്ടജന്മത്തിനു വേണ്ടുന്ന ചേരുവകളെല്ലാം ചേർത്ത് തിരുവാറന്മുളയപ്പനു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടവൻ.

കഥ ഇതാകുന്നു. ഒരു പ്രഭാതത്തിൽ ബാലകൃഷ്ണന്റെ പാപ്പാൻ ഉണർന്നുനോക്കുമ്പോൾ തളച്ചിരുന്നിടത്ത് അവൻ ഉണ്ടായിരുന്നില്ല. എവിടെ? ചങ്ങലക്കിലുക്കം പോലും കേൾപ്പിക്കാതെ അവൻ എപ്പോൾ എങ്ങോട്ടു പോയി എന്ന് ആനപാപ്പാൻ അങ്കലാപ്പിലാകുന്നു. പരമശാന്തൻ, അനുസരണശീലൻ. അയാൾ പരിഭ്രാന്തനായി ആറ്റിറമ്പത്തുള്ള ആനപ്പറമ്പിലൂടെ നെട്ടോട്ടം പായവേ --- കേൾക്കുന്നുണ്ട് ദൂരെയൊരു മണിമുഴക്കം!

നദി മുറിച്ചുകടന്ന് കറുകറുത്ത ഒരു ഉജ്ജ്വലസൂര്യനായി അവൻ ഇങ്ങോട്ടേക്കു വരികയാണ്. പുഴയോ, ആരും മണ്ണുവാരികോരിയെടുത്തുകൊണ്ടുപോയി ക്രയവിക്രയം ചെയ്തുതുടങ്ങിയിട്ടില്ലാത്ത കാലമായതിനാൽ ആ വേനലിൽ സ്വർണ്ണമണൽപ്പുതപ്പും വാരിച്ചുറ്റി ഉണ്ടായിരുന്നിടത്തോളം വെള്ളത്തെ പലപല പളുങ്കുനീർചാലുകളാക്കി ഒഴുക്കിവിട്ട് സ്വച്ഛന്ദമങ്ങിനെ കിടക്കുന്നുണ്ടായിരുന്നു. അവന് തടസ്സമില്ലാതെ ഒഴുക്കിൽ പൊരുതാതെ ഇക്കരെയെത്താം. ഉയർത്തിപ്പിടിച്ച തുമ്പിക്കയ്യിൽ ഒരുകൂറ്റൻ മണി. ഇടതടവില്ലാതെ കേട്ടുകൊണ്ടിരിക്കുന്നത് ആ മണിനാദമാണ്. അവനു പിറകെ നിരനിരയായി വലിയ ഒരാൾക്കൂട്ടം. അവൻ നദികടന്നു നേരെ ക്ഷേത്രത്തിനു മുന്നിലെ കൽപ്പടവുകൾ കുതിച്ചുകയറി അവിടെ തിരുനടക്കുമുമ്പിൽ എത്തിനില്ക്കുന്നു. തുമ്പിക്കയ്യിൽ നിന്നും മണി -- 'മാരാമൺപള്ളിവക' – കുരിശടയാളം -- താഴെ സമർപ്പിക്കുന്നു, പിന്നീട് അധൃഷ്യമായ ഒരു ചിന്നംവിളിയാണ്. മുട്ടുകുത്തി തലകുമ്പിട്ട്.

അവൻ അകത്തു പള്ളിയുറക്കത്തിൽനിന്നും ഉണർന്നെഴുന്നേറ്റ അദ്ദേഹത്തെ പുറത്തെത്തിച്ചിരിക്കണം. കള്ളക്കണ്ണനാണ്, കുറുമ്പും കുസൃതിയും ആവോളം ഉള്ളയാളാണ്. പക്കത്തുവീടുകളിലെ വെണ്ണക്കുടങ്ങൾ ഇരുകൈകൾപോലുമറിയാതെ മോഷ്ടിച്ചിട്ടുള്ളവനാണ്. പക്ഷേ ഇവിടെ അദ്ദേഹം ആ ഒരു രൂപത്തിലോ ഭാവത്തിലോ അല്ല. പാർത്ഥസാരഥിയാണ്, സ്വതസിദ്ധമായ കുസൃതിയൊക്കെ അനിച്ഛാപൂർവ്വം ഒളിച്ചുവച്ചിരിക്കുകയാവാം. അർജ്ജുനന്റെ തേരാളി. അടർക്കളത്തിൽ ആത്മവീര്യം നഷ്ടപ്പെട്ട് ആർത്തനായി നില്ക്കുകയാണ് അർജ്ജുനൻ എന്ന ധീരൻ! ഗീതാരഹസ്യം അർജ്ജുനന്റെ ചിത്തത്തിലേക്ക് അന്തർലയിപ്പിക്കുകയാണ് ഇപ്പോഴത്തെ ദൗത്യം. എല്ലാത്തരം ചമത്ക്കാരങ്ങൾക്കും അപ്പുറം അർത്ഥയുക്തനായി അതാര്യനായി അക്ഷോഭ്യനായിനില്ക്കുന്ന വിശ്വരൂപി !

പക്ഷേ -- ബാലകൃഷ്ണൻ കരഞ്ഞുകൊണ്ടേയിരുന്നു.

"അനവസരങ്ങളിൽ ആർത്തനാദം മുഴക്കുന്ന ഈ പള്ളിമണി അങ്ങയെ അലോസരപ്പെടുത്തുകയായിരുന്നില്ലേ. അങ്ങേക്കു ധ്യാനനിരതനായിരിക്കാൻ, പള്ളിയുറങ്ങാൻ, ഒന്ന് സ്വസ്ഥമായി അരികത്തണയുന്നവരുടെ പ്രാർത്ഥനകൾ ഉൾക്കൊള്ളാൻ. ഒക്കെ ഈ മണി ശബ്ദവും അതിന്റെ പ്രതിധ്വനിയും തടസ്സമാവുകയായിരുന്നില്ലേ. ആ മണി തിരുമുമ്പിൽ സമർപ്പിക്കുന്നു. ഗൂഢമായ മറ്റൊരർത്ഥവും ഈ പ്രവൃത്തിയിൽ ഇല്ല. ഈ കടന്ന കൈ പൊറുക്കുമോ അങ്ങ്….?”

അതെ - അവൻ കണ്ണീരൊഴുക്കി പറഞ്ഞത് തീർച്ചയായും ഇങ്ങനെത്തന്നെയാവും. ഇതുകേട്ട് ആ മഹാസംയമി ഒന്ന് പുഞ്ചിരിച്ചുകാണണം. ആ മസ്തകത്തിൽ തലോടിയിരിക്കണം. ഇതൊക്കെ കണ്ടുനിന്ന നാട്ടുകാർ (അരൂപിയായതിനാല്‍ പാര്‍ഥസാരഥിയെ അവര്‍ക്ക് കാണാനായില്ല) - അങ്ങേക്കരക്കാർ, ഇങ്ങേക്കരക്കാർ, അമ്പലക്കാർ, പള്ളിക്കാർ - ഒന്നടങ്കം രോമാഞ്ചപ്പെട്ടു. (അന്ന് അങ്ങനെയൊക്കെ ആയിരുന്നു. ഹിന്ദുഭാഗം ക്രിസ്ത്യൻ ഭാഗത്തോട് മാപ്പു ചോദിക്കുന്നു. അവർ തിരിച്ചും. കൃഷ്ണനും ക്രിസ്തുവും മുകളിൽ വെൺമേഘത്തിനുള്ളിലൂടെ സാകൂതം ഇതു കാണുന്നു. (ഇരുവരും 'ധർമ്മസംസ്ഥാപനാർത്ഥം' മനുഷ്യജന്മമെടുക്കാൻ നിയോഗിക്കപ്പെട്ടവരും ഒടുവിൽ മുറിവുകൾ ഏറ്റുവാങ്ങി അലംഘ്യമായ വിധിക്കു കീഴടങ്ങിയവരും ആകുന്നു.) മാരാമൺ പള്ളിവക വെള്ളോട്ടുമണി തിരിച്ചെത്തിക്കാമെന്ന്, അല്ലെങ്കിൽ അതേപോലെ അതിനേക്കാൾ വലിപ്പത്തിൽ ഒരെണ്ണം അവിടെ പള്ളിമേടയിൽ തൂക്കിയിട്ടുതരാമെന്ന വാഗ്ദാനം മറ്റേക്കൂട്ടർ ഒന്നടങ്കം സസന്തോഷം നിരസിക്കുന്നു. സ്നേഹത്തിൽ കുളിർന്ന ഒരു മൈത്രി. ഇരുകൂട്ടരും ശ്രേഷ്ഠരാകുന്നു. ഉദാത്തമായ ആ ദാനമാണ് അവിടെ അമ്പലത്തിന്റെയുള്ളിൽ ഒരു അക്ഷയദീപം പോലെ തൂങ്ങിക്കിടന്നിരുന്നത്!

പള്ളിമേടയിൽനിന്നും വലിച്ചുപൊട്ടിച്ചെടുക്കവേ ഊക്കിൽ നിലത്തൊന്നു പതിച്ചപ്പോൾ ഉണ്ടായതാവണം ആ ചെറിയൊരു മുറിവ്. ശബ്ദം ചിലമ്പിച്ചു. തന്മൂലം എന്നെന്നേക്കുമായി നിശബ്ദമാക്കപ്പെട്ടു - തന്റേതല്ലാത്ത പിഴവ്.

എന്റെ മക്കളും ഈ മണിയിലൂടെ ബാലകൃഷ്ണനെ കണ്ടു. പിന്നീടെപ്പോഴോ അതിനെ ഞാൻ ശ്രദ്ധിക്കാതെയായി. എന്നുവച്ചാൽ സൂര്യനും ചന്ദ്രനുമൊക്കെ യഥാസ്ഥാനങ്ങളിൽ തന്നെയുണ്ടോ എന്ന് നമ്മൾ എന്നും നോക്കാറില്ലല്ലോ? അതുപോലെ! പക്ഷേ വീണ്ടുമൊരിക്കൽ അത് ഞാൻ കാണാനാഗ്രഹിച്ചപ്പോൾ അതവിടെ ഇല്ല. സ്ഥാനം മാറ്റിയതാവും അല്ലെങ്കിൽ ഏതെങ്കിലും മ്യൂസിയത്തിൽ ഇടം പിടിച്ചിട്ടുണ്ടാവുമോ?

“അത് ഉടച്ചുവാർത്തു. യാതൊരു പ്രയോജനവുമില്ലാതെ എന്തിനാ ഇങ്ങനെ സ്ഥലം മിനക്കെടുത്തുന്നെ. പഴയ ഓട്ടു സാധനങ്ങൾക്കൊപ്പം അതും ഉരുക്കി”. ആദ്യം ഇങ്ങനെ പറഞ്ഞ ഒരു ദേവസ്വം ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞു പമ്പ കടത്തുവാൻ ഞാൻ ആഗ്രഹിച്ചു. വളരെ നിസ്സാരമായ ഒരു പ്രസ്താവന! കൽപ്പിതമെന്നു തോന്നിപ്പിക്കുന്ന ഒരു യാഥാർഥ്യത്തിന്റെ ചിരസ്ഥായിയായ ഒരേയൊരു തെളിവ് -- ഭൗതികതലത്തിൽനിന്നും വേറിട്ട ഒന്ന് --ഇനിയൊരിക്കലും കണികാണാൻപോലുമാവാത്ത മഹത്വമാർന്ന തിരിച്ചറിവുകളുടെ മകുടോദാഹരണം -- അത് അവർ എല്ലാവരുംകൂടി ഉടച്ചുവാർത്തു!

↑ top