≡ നവംബർ 2016
നോവെല്ല

മുമോ ലൂപ

അദ്ധ്യായം 1: ഫിലിപ്പീൻസിലെ പെൺകുട്ടി

മുറിക്കുള്ളിൽ ഫാനിന്റെ അലോസരപ്പെടുത്തുന്ന മൂളൽ മാത്രമേ കേൾക്കാനുള്ളു. കിടന്നുകൊണ്ടു തന്നെ പുതപ്പു മാറ്റി മേശയിൽ വെച്ചിരുന്ന വാച്ച് എടുത്ത് സമയം നോക്കി. പന്ത്രണ്ടു മണി കഴിഞ്ഞിട്ടേയുള്ളു; ഇനിയുമുണ്ട് ഒരുപാട് നേരം. പക്ഷെ ഉറങ്ങാൻ കഴിയുന്നില്ല. കട്ടിലിൽ നിന്നെഴുന്നേറ്റ് മേശയിലെ പിച്ചറിൽ വെള്ളരിക്ക ഇട്ടു വെച്ചിരുന്ന വെള്ളം ഒരു കവിൾ കുടിച്ചു. തണുപ്പ് വയറ്റിലേക്ക് ഇറങ്ങിപോവുന്നതു അറിയുന്നുണ്ട്. ഇത് അവൾ പറഞ്ഞു തന്ന കൂട്ടാണ്. വെള്ളരിക്ക ഇട്ടു തണുപ്പിച്ച വെള്ളം. ഞാനിതിന്ന് ഉണ്ടാക്കിയതും അവൾക്കു വേണ്ടിയാണ് . അവൾ വരാനാവുന്നതേയുള്ളൂ. മൂന്നു മണിക്ക് അവൾ ഈ നഗരത്തിലെത്തും. ഷർട്ടിട്ടു പുറത്തേക്കിറങ്ങി. മൂന്നാം നിലയിലാണ് മുറി. മുറി എന്ന് പറഞ്ഞുകൂട, സാമാന്യം വലുപ്പമുള്ള ഒരു വീട് തന്നെ! വളരെ കുറഞ്ഞ വാടകക്ക് കഴിഞ്ഞ മാസം കിട്ടിയതാണ്. മുമ്പ് താമസിച്ചിരുന്ന, പത്രക്കെട്ടുകൾ നിറഞ്ഞ ഒറ്റമുറിയെക്കാൾ ഭേദമായതിനാൽ പരസ്യം കണ്ട അന്നുതന്നെ താക്കോൽ വാങ്ങി. അത്ര നല്ല കഥയല്ല ബ്രോക്കർ വീടിനെക്കുറിച്ച് പറഞ്ഞത്.

പടികൾ ഇറങ്ങി, ഗേറ്റ് കടന്നു നടന്നു. നേരിയ മഴപ്പാച്ചിലുണ്ട്. എങ്കിലും ബുദ്ധിമുട്ടില്ലാതെ നടക്കാം. ഇടവഴിയും കഴിഞ്ഞു റോഡിലേക്കിറങ്ങി. വീട് പോലെതന്നെ പുതിയതാണ് സ്ഥലവും. ജോലി കിട്ടി ഇവിടെ വന്നിട്ടു കഷ്ടിച്ച് മൂന്നു മാസമാവുന്നു. മോശമായ വാർത്തകളെ ഈ സ്ഥലത്തെക്കുറിച്ച് ഇവിടെ എത്തുന്നതിനു മുമ്പ് കേട്ടിട്ടുള്ളൂ. പലതും സത്യവുമായിരുന്നു. മനുഷ്യരേക്കാൾ കൂടുതൽ നായ്ക്കളെയാണ് റോഡുകളിൽ കാണാൻ കഴിയുക. ഭാഷ ഇപ്പോഴും തടസമായതിനാൽ കാൽനടയാണ് പതിവ്. ഓട്ടോക്കാരോടും സൈക്കിൾ റിക്ഷക്കാരോടും വിലപേശേണ്ടി വരില്ലല്ലോ. പേടിപ്പിക്കുന്ന നോട്ടവുമായി കുറച്ചധികം ദൂരം ഓരോ നായയും എന്നെ മിക്കപ്പോഴും പിന്തുടരാറുണ്ട്. ഭയമില്ല എന്ന് അവരെ വിശ്വസിപ്പിക്കാൻ പാടുപെട്ട് മുന്നിൽ ഞാനും. ഇന്നീ രാത്രിയിലും, ഓരോ തെരുവുവിളക്കിന്റെയും കീഴെ ഒട്ടിച്ചേർന്നു നിൽക്കുന്ന നായ്കൂട്ടങ്ങളെ കാണാം. ഓരോ കൂട്ടങ്ങളെയും മറികടന്നു ഞാൻ വേഗത്തിൽ നടന്നു. മൂന്നു മണിവരെ എവിടെയെങ്കിലും ചുറ്റിത്തിരിയണം, അവളെയും കൂട്ടി മുറിയിലേക്ക് പോവണം.

നടന്നൊടുവിൽ ഒരു പഴയ സിനിമ തിയറ്ററിനു അടുത്തെത്തി. ഏതോ ഒരു സിനിമ നടക്കുന്നുണ്ട്. കുറച്ചു നേരം ഇതിനുള്ളിൽ ഇരിക്കാം. കൊട്ടകക്കുള്ളിൽ നായകൾ ഉണ്ടാവില്ലെന്നുറപ്പ്. ഓലക്കീറു മാറ്റി ഒരു കൊച്ചുകൈ ഒരു പേപ്പർ തുണ്ട് വെച്ചുനീട്ടി. ഞാൻ കാശു കൊടുത്തു. കൊച്ചുകൈ ഉള്ളിലേക്ക് പോയി. മങ്ങിയ മഞ്ഞവെളിച്ചത്തിൽ ഉള്ളിൽ കൊച്ചു സഹായിയെയും കസേരയിൽ ഇരുന്നു കൂർക്കം വലിക്കുന്ന അഷറെയും കണ്ടു. ഓരോ തവണ ടേബിൾഫാൻ തിരിഞ്ഞു അയാളുടെ മുഖത്തെക്കെത്തുമ്പോൾ ചെറുതായി അയാൾ ചിരിക്കുന്നുണ്ട്. ഞാൻ അത് നോക്കി ചിരിക്കുന്നത് കണ്ടു സഹായിക്കു സന്തോഷമായി. വേഗം ഉള്ളിൽ കേറിക്കോളാൻ ആംഗ്യം കാണിച്ചിട്ട് അവൻ ഒരു പുസ്തകത്തിലേക്ക് തിരിഞ്ഞു. ഞാൻ തപ്പിത്തടഞ്ഞു തീയേറ്ററിനുള്ളിലെ ഒരു കസേരയിൽ ചെന്നിരുന്നു.

പത്തുനൂറു ചുവന്ന കസേരകളിലായി അവിടിവിടെ നാലോ അഞ്ചോ ആളുകൾ. എനിക്ക് മനസിലാവാത്ത ഭാഷയാണ് സ്ക്രീനിൽ. തുടങ്ങിയിട്ട് ഏറെ നേരം ആയിരിക്കണം, അഞ്ചിൽ നാലുപേരും ഉറങ്ങുകയാണ്. ഞാൻ സ്ക്രീനിലേക്ക് തന്നെ നോക്കിയിരുന്നു. രാത്രിയിൽ വഴിയിലൂടെ ഓടുന്ന വൃദ്ധനെ പിന്തുടരുന്ന ഒരു യുവതി. വൃദ്ധൻ ഭയന്നോടുകയാണ്. യുവതിയുടെ രൂപം മെല്ലെ മാറി വരുന്നുണ്ട്. അവളുടെ കൈകൾ ഒരു വൃദ്ധയുടെ കൈകൾ പോലെ ചുക്കിച്ചുളിഞ്ഞതാവുന്നു. സംഗതി ഹൊറർ ആണ്. ഞാൻ കാലുകൾ മുന്നിലുള്ള കസേരയിലേക്ക് കയറ്റി വെച്ച് കണ്ണുകൾ അടച്ചു.

ഇപ്പൊ സമയം ഒരു മണിയായിട്ടുണ്ടാവും. മൂന്നു മണിക്ക് അവളെത്തും. അവൾ, ‘ലിഗായ’. പുതിയ വീട്ടിൽ വന്നു കയറിയ അന്നാണ് ആണ് ഞാൻ അവളെ പരിചയപ്പെടുന്നത്. ‘കാപെറോസ’ എന്ന കള്ളപ്പേരിൽ ഇൻറർനെറ്റിൽ രാത്രിസഞ്ചാരം നടത്തിയിരുന്ന ഒരു ഫിലിപിനോ പെൺകുട്ടി. വെറുതെ ഒരു തമാശയ്ക്ക് തുടങ്ങിയ പരിചയം വളരെ പെട്ടെന്ന് ഞങ്ങളെ നല്ല സുഹൃത്തുക്കളാക്കി. കാപെറോസ എന്നാൽ അവരുടെ ഭാഷയിൽ മുഖമില്ലാത്തവൾ എന്നാണ്. ലിഗായ എന്നാൽ സന്തോഷമെന്നും. സന്തോഷത്തിന്റെ ദിനങ്ങൾ. ദിവസവും ഞങ്ങൾ സംസാരിച്ചിരുന്നു. സൂര്യന് കീഴിലുള്ള എന്തിനെക്കുറിച്ചും. ചില്ലറ കഥകളൊക്കെ എഴുതി പല വാരികകൾക്കായി അയച്ചുകൊടുത്തിരുന്നു അവൾ. ചിലതൊക്കെ എനിക്കയച്ചും തന്നിട്ടുണ്ട്, ഭാഷ മനസിലാവില്ലെങ്കിലും. വലിയൊരു നോവലിന്റെ പണിപ്പുരയിലാണെന്നു പറഞ്ഞിരുന്നു; എന്നെങ്കിലും നേരിട്ട് കാണുമ്പോ ഒരു കോപ്പി എനിക്കുള്ളതാണെന്നും.

ഇന്ന് ഞങ്ങൾ നേരിട്ട് കാണുകയാണ്. മൂന്നു മണിക്കുള്ള വിമാനത്തിൽ അവൾ പട്ടണത്തിലെത്തും. വീടിനടുത്തുള്ള തിരിവ് വരെ അവൾക്ക് ടാക്സി കിട്ടും. അവിടുന്നങ്ങോട്ട് നടക്കണം. അങ്ങനെ ഓർത്തു കിടന്നു അല്പം മയങ്ങി. സമയമേറെ കഴിഞ്ഞിട്ടുണ്ടാവണം, ശക്തിയുള്ള പ്രകാശം മുഖത്ത് വീണപ്പോൾ ഞെട്ടി ഉണർന്നു. നേരത്തെ കണ്ട സഹായിച്ചെക്കനാണ്. ടോർച്ചു മാറ്റി പിടിച്ച് , പടം കഴിഞ്ഞു എന്ന് പറഞ്ഞിട്ട് അവൻ പോയി. ചെരുപ്പ് തപ്പിയെടുത്തിട്ട് പുറത്തേക്കിറങ്ങി. ഇപ്പോഴും നല്ല ഇരുട്ട്. സമയം രണ്ടരയായി. വീട്ടിലേക്കു നടക്കുന്ന വഴിയിൽ ഒരു വലിയ ആൾക്കൂട്ടവും വെളിച്ചവും കണ്ടു അങ്ങോട്ട് നോക്കി. റോഡിനു അങ്ങേ സൈഡിൽ നിന്നാണ് വെളിച്ചവും ശബ്ദവും. നിയോൺ ട്യൂബുകൾ കൊണ്ട് "നിയാമീറ്റ്" എന്ന് എഴുതിയിരിക്കുന്നു. കേട്ടിട്ടുണ്ട് ഈ മിഡ്നൈറ്റ് ഡൈനെറിനെ പറ്റി. ഒരിക്കൽ വന്നു കാണണം എന്നും ഉണ്ടായിരുന്നു. പക്ഷേ ഈ സമയം വരെ ഉണർന്നിരിക്കാനുള്ള മടി കാരണം സാധിച്ചിട്ടില്ല. കരിമ്പടം മൂടിപ്പുതച്ചു വൃദ്ധന്മാർ വരെ അവിടെ കൂടിനിന്നിരുന്നു. പെട്ടെന്ന് കാണികളിൽ പലരും കൂക്കിവിളിക്കാനും ചൂളം പിടിക്കാനും തുടങ്ങി. കേട്ടതൊന്നും കള്ളമായിരുന്നില്ല എന്ന് അൽപ നിമിഷങ്ങൾക്കകം മനസിലായി. വിചിത്രമായ ഒരു ഗാനം കേട്ടു. അതിനനുസരിച്ചു അർദ്ധനഗ്നരായ പെൺകുട്ടികൾ കൈകളിൽ മദ്യകുപ്പികളുമായി പ്രത്യക്ഷപ്പെട്ടു. കൂടി നിന്നവരിൽ നാലഞ്ചു പേർ അകത്തേക്ക് പോയി. മറ്റുള്ളവർ അവിടെ തന്നെ നിന്ന് ചൂളം വിളിക്കുകയും കൈ കൊട്ടുകയും ചെയ്തു. എന്തോ ഒരു അസ്വസ്ഥത.. ഞാൻ വേഗത കൂട്ടി നടന്നു. സമയം ഇനിയുമുണ്ട്. അവൾ എത്തുന്നതിനു മുമ്പ് വീട്ടിലൊന്നു കയറി കുളിച്ചിറങ്ങാം.

വീട്ടിലേക്കു എത്തുന്നതിനു മുമ്പ് ഒരു ഊടുവഴിയുണ്ട്. ചരിച്ചുകെട്ടിയ രണ്ടു മതിലുകളാണ് ഇരുവശവും. കഷ്ടിച്ച് ഒരാൾ വീതിയുള്ള കോൺക്രീറ്റ് വഴി. മുൻപ് പെയ്ത മഴവെള്ളം മതിലുകളിൽകൂടി ഒലിച്ചിറങ്ങുന്നുണ്ട്. പെട്ടെന്ന് സിനിമയിലെ യക്ഷിയെ ഓർമ വന്നു. തിരിഞ്ഞു നോക്കി. ഒരു നിഴൽരൂപം. അതോ തോന്നലോ. എന്തായാലും അടുത്ത നോട്ടത്തിൽ രൂപം കണ്ടില്ല. വീണ്ടും നടന്നു. വഴിവക്കിൽ ഒരാൾ മലർന്നു കിടന്നു പാട്ടു പാടുന്നു.

"ഷോഖി ഭാബോന കഹാരേ ബോലേ..ഷോഖി ജട്ടോനാ കഹാരേ ബോലേ..തോംര ജെ ബോലോ ഡിബോഷാ റോജോനി...ഭലോബാഷാ ഭലോബാഷാ”.

രൂക്ഷമായ സ്പിരിറ്റ് ഗന്ധം. അയാളെ മറികടന്നു പടികൾ കയറി. മുന്നൂറ്റിപന്ത്രണ്ടാം മുറി. മുറിക്കുള്ളിൽ സുഖമുള്ള ചൂട്. അലമാര തുറന്നു ഒരു വെള്ള ഷർട്ട് എടുത്തു കട്ടിലിൽ വെച്ചു.അവളുടെ പ്രിയപ്പെട്ട നിറമാണ് വെള്ള എന്നറിഞ്ഞപ്പോൾ മുതൽ തേച്ചു മടക്കി വെച്ചിരുന്നതാണ്. തോർത്തെടുത്തു കുളിമുറിയിൽ കയറി. കുളിക്കിടയിൽ അവ്യക്തമായി കതകിൽ ആരോ പല തവണ മുട്ടുന്നത് കേട്ടു. അവൾ എത്തിയോ? വേഗം കുളി തീർത്തു,തോർത്തുടുത്തു പോയി കതകു തുറന്നു.

അദ്ധ്യായം 2: കാപെറോസ

എന്നത്തേതിലും കൂടുതലാണ് ഇന്നത്തെ തിരക്ക്. ക്യുയാപ്പയിൽ നിന്ന് എയർപോർട്ടിലേക്ക് പത്തു കിലോമീറ്റർ ഉണ്ടാവും. ഒരു അൻപതു കിലോമീറ്ററുകളെങ്കിലും ഈ ടാക്സിക്കുള്ളിൽ ഇരുന്നതുപോലെ.

"പുമുണ്ടോ മാസ് മബിലിസ്".

വേഗം പോവാൻ ഡ്രൈവറോട് പറഞ്ഞ് പിന്നിലേക്ക് ചാഞ്ഞുകിടന്നു ഞാൻ കണ്ണുകൾ അടച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിർത്താതെയുള്ള അലച്ചിലാണ്, ഓഫീസിലും പ്രസ്സിലുമായി. പുസ്തകം അച്ചടിച്ച് കൈയിൽ കിട്ടിയത് ഈ അവസാനനിമിഷമാണ്. യാത്ര തിരിക്കുന്നതിന് മുമ്പ് കിട്ടുമോ എന്ന വേവലാതിയായിരുന്നു.

“മുമോ ലൂപ” - എന്റെ ആദ്യത്തെ നോവൽ. ഇത് അവനുള്ള എന്റെ ആദ്യ സമ്മാനമാണ്. കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണങ്ങൾക്കിടയിലാണ് അവനെ പരിചയപ്പെടുന്നത്. കാപെറോസ എന്ന പേരിലായിരുന്നു അവനെന്നെ ഇന്റർനെറ്റിൽ ആദ്യം കാണുന്നത്. ഒരു തമാശക്ക് സംസാരിച്ചു തുടങ്ങി. നിഷ്കളങ്കമായ അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ എന്റെ മുഖംമൂടി വളരെ പെട്ടെന്ന് അഴിഞ്ഞു വീണു. ഇംഗ്ലീഷിൽ ആയിരുന്നു ഞങ്ങൾ സംസാരിച്ചിരുന്നത്. ആദ്യമായി വിളിക്കുന്നത് ഞാനാണ്. വിറയ്ക്കുന്ന ശബ്ദത്തിൽ, മുറിഞ്ഞ ഇംഗ്ലീഷിൽ അവൻ എന്നോട് കുറേ നേരം സംസാരിച്ചു. എന്റെ കഥകളെക്കുറിച്ചും, ഇഷ്ടങ്ങളെക്കുറിച്ചും ചോദിച്ചു. ആ സംഭാഷണത്തിനിടയിൽ എപ്പോഴോ ഞാൻ അവനെ പ്രണയിച്ചു തുടങ്ങി. പിന്നീട് ഒരുപാട് തവണ ഫോണിലൂടെ സംസാരിച്ചു. ഒരിക്കൽ പോലും എന്നെ കാണണം എന്ന് അവൻ പറഞ്ഞിട്ടില്ല. അവന്റെ ഫോട്ടോ ഒരിക്കൽ ചോദിച്ചിരുന്നു. കാണുന്നെങ്കിൽ അത് നേരിട്ടാവണം എന്നവൻ പറഞ്ഞു. കൃത്യം ഒരു മാസത്തിനു ശേഷം ഞാനിപ്പോൾ അവനെ കാണാനുള്ള യാത്രയിലാണ്.

വിമാനത്തിന്റെ ചെറിയ ജനലിലൂടെ വിശാലമായ ആകാശവും തെന്നിനീങ്ങുന്ന അനേകം മേഘതുണ്ടുകളും. ഇനി അധികനേരമില്ല. പരിചയമില്ലാത്ത നാട്, എങ്കിലും അവൻ ഉണ്ട്. പുസ്തകം നെഞ്ചോടു ചേർത്തുപിടിച്ചു. ലാൻഡ് ചെയ്യാൻ വിമാനം തയ്യാറെടുത്തു തുടങ്ങി. ബാഗെടുത്തു വേഗം ടോയ്ലെറ്റിൽ പോയി മുഖം കഴുകി വന്നു. ഒരു വല്ലാത്ത വെപ്രാളം. എയർപോർട്ടിൽ നിന്നിറങ്ങി ടാക്സി പിടിച്ചു. അവൻ പറഞ്ഞു തന്ന വിലാസമെഴുതിയ കുറിപ്പ് ഡ്രൈവറെ ഏല്പിച്ചു. അയാൾ അത് നോക്കി, എന്തോ ആലോചിക്കുന്നത് പോലെ പുറത്തേക്കു നോക്കി, എന്നിട്ട് തിരിഞ്ഞു നോക്കി പറഞ്ഞു "1000 റുപ്പീസ് മാഡം". തലയാട്ടി സമ്മതിച്ചു. ഇവിടെ നിന്ന് എത്ര ദൂരമുണ്ടെന്നു ചോദിക്കണമെന്ന് ഉണ്ടായിരുന്നു. ഇനി ചോദിക്കുന്നതിൽ കാര്യമില്ല എന്ന് തോന്നി. ചുറ്റും വട്ടത്തിൽ അതിവേഗം പിന്നിലേക്കു പായുന്ന മഞ്ഞ നിറമുള്ള തെരുവുവിളക്കുകൾ മാത്രം. ഇതിനിടയിൽ ഒന്ന് മയങ്ങി. കണ്ണുകൾ തുറന്നപ്പോൾ വണ്ടി നിർത്തിയിട്ടിരിക്കുകയാണ്. ഡ്രൈവർ സീറ്റിലില്ല. പുറത്തേക്ക് നോക്കിയപ്പോൾ വഴിയോരത്തെ ഒരു കടയിൽ നിന്ന് സിഗരറ്റ് വലിക്കുകയാണ്. എന്നെ കണ്ട് അയാൾ അടുത്തേക്ക് വന്നു. സ്ഥലമെത്തിയെന്നും, എന്നെ ഉണർത്താൻ പലയാവർത്തി വിളിച്ചിരുന്നെന്നും പറഞ്ഞു അയാൾ തിരിച്ചു നടന്നു. ഞാൻ വേഗം പുറത്തിറങ്ങി. ഡ്രൈവർക്കു കാശു കൊടുത്തിട്ട് കുറിപ്പെടുത്തു നോക്കി. റോഡിന്റെ മറുവശത്തു ചരിച്ചു കെട്ടിയ മതിലുകളുള്ള ഒരു ഇടവഴി കാണാം - അവൻ പറഞ്ഞത് പോലെ. വഴിയിൽ മഴവെള്ളം കെട്ടികിടക്കുന്നുണ്ട്. അധികം വെള്ളമില്ലാത്ത ഒരറ്റം ചേർന്നു നടന്നു. വഴിയിൽ ഒരാൾ കുടിച്ചു ബോധം കെട്ടുറങ്ങുന്നു. കമിഴ്ന്നാണ് അയാൾ കിടന്നിരുന്നത്. മഴവെള്ളം വായിലും മൂക്കിലും കയറുന്നതു അറിയുന്നതുപോലുമില്ല. പടികൾ കയറി മൂന്നാം നിലയിലെത്തി. ആദ്യം കാണുന്ന വാതിൽ മുന്നൂറ്റി പന്ത്രണ്ടാണ്. നെഞ്ചിടിപ്പിന് വേഗം കൂടിയിരിക്കുന്നു. ഈ വാതിലിനപ്പുറത്തു അവനുണ്ട്. ആദ്യമായി കാണാൻ പോവുന്നു. കതകിൽ മുട്ടി, എത്ര നേരം അങ്ങനെ നിന്നെന്നറിയില്ല. അപ്പുറത്തു കൊളുത്തു മാറ്റുന്ന ശബ്ദം കേട്ടു. ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു. ഇപ്പോൾ ബാക്കി എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രമായി. കണ്ണ് തുറന്നപ്പോൾ, മുന്നിൽ അവൻ, എന്നെ തന്നെ നോക്കി, നിശ്ശബ്ദനായി നില് ക്കുന്നു. അലസമായി കിടക്കുന്ന മുടി, വളർന്നിറങ്ങിയ താടി, തിളക്കമുള്ള കണ്ണുകൾ. ഇറുകിയ വെള്ളഷർട്ട് ധരിച്ചിരുന്നു.അവന്റെ മുഖത്തേക്ക് അധികനേരം നോക്കാൻ സാധിക്കുന്നില്ല. കണ്ണുകൾ താഴേക്കാക്കി ഞാൻ മെല്ലെ ചിരിച്ചുകൊണ്ട് കൈകൾ നീട്ടി. എന്റെ ഇരുകൈകളും അവൻ ചേർത്തുപിടിച്ചു. ബലിഷ്ഠമായ കരങ്ങൾ. കൈകൾ പിടിച്ചവനിലേക്ക് അടുപ്പിച്ചു. ഒരു അപ്പൂപ്പൻ താടി പോലെ പറന്ന് ഞാൻ അവന്റെ നെഞ്ചോട് ചേർന്നു. ഞാൻ മുഖം മെല്ലെയുയർത്തി എന്തോ പറയാൻ തുടങ്ങി. പക്ഷെ അതിനു മുൻപ് എന്റെ ചുണ്ടുകൾ അവന്റെ ഉണങ്ങിപൊട്ടിയ ചുണ്ടുകൾ കടിച്ചെടുത്തിരുന്നു. ആ കൈകൾ എന്നെ പൊക്കിയെടുത്തു. ശരീരങ്ങൾ സ്ഥാനങ്ങൾ മാറിക്കൊണ്ടേയിരുന്നെങ്കിലും ചുണ്ടുകൾ പരസ്പരം വിട്ടു മാറിയിരുന്നില്ല. പെട്ടെന്ന് ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുംപോലെ. പഞ്ഞിമെത്തയിലേക്കാണ് വീണത്. എന്റെ മുകളിൽ അവനും. ഞാൻ അവന്റെ മുഖത്ത് തൊട്ടു. ഒരു രാക്ഷസനു തന്റെ ഇരയെന്നോണം അവനെന്നെ ഭോഗിച്ചു. വെളിച്ചം ജനലിലൂടെ വന്നു തുടങ്ങി. ഒരു പുതപ്പിനുള്ളിൽ വിവസ്ത്രരായി ഒട്ടിച്ചേർന്നു കിടക്കുകയാണിപ്പോൾ. ഞാൻ മെല്ലെ എണീറ്റ് പുതപ്പു വലിച്ചെടുത്തു. അവൻ ഒന്നും അറിയാതെ ഉറങ്ങുകയാണ്. മുമോ ലൂപ കൈയിലെടുത്തു ആദ്യതാളിൽ ഇങ്ങനെ എഴുതി "റ്റു മൈ ഇൻസ്‌പിറേഷൻ". പുസ്തകം അടച്ചു മേശപ്പുറത്തു വെച്ച് ശബ്ദമുണ്ടാക്കാതെ ഞാൻ കുളിമുറിയിലേക്ക് കയറി. തണുത്ത വെള്ളം മുഖത്തൊഴിച്ചു.അങ്ങിങ്ങു നീറുന്നുണ്ട്. അൽപനേരം കണ്ണാടിയിൽ നോക്കി നിന്നു. കഴിഞ്ഞ കാര്യങ്ങൾ ഓർത്തു വെറുതെ ചിരിച്ചു. തിരിച്ചു നടക്കാനൊരുങ്ങുമ്പോഴാണ് ശ്രദ്ധിച്ചത്. നിലം വല്ലാതെ വഴുക്കുന്നുണ്ട്. ലൈറ്റ് സ്വിച്ച് എവിടെയാണെന്ന് തപ്പി നോക്കി. കണ്ടില്ല. കുനിഞ്ഞിരുന്നു നിലത്തേക്ക് നോക്കി. എന്തോ ഒഴുകുന്നതുപോലെ. കറുത്ത ദ്രാവകം. വിരൽ നിലത്തു തൊട്ടു, വെള്ളമല്ല. കുളിമുറി ഭിത്തിക്ക് മുകളിലായി ഒരു വെന്റ് കണ്ടു. എഴുന്നേറ്റ് അത് പൊക്കി വെച്ചു. ഇപ്പോൾ നല്ലതുപോലെ വെളിച്ചം കടന്നു വരുന്നുണ്ട്. താഴേക്കു വീണ്ടും നോക്കി. ദ്രാവകം കറുപ്പായിരുന്നില്ല. കടും ചുവപ്പ്. ചോര പോലെ- ഒഴുകുകയാണ്, ഷവർ കർട്ടനു പിന്നിൽ നിന്നും. ഞാൻ മെല്ലെ കർട്ടൻ നീക്കി. ചുവന്ന ദ്രാവകത്തിൽ കുളിച്ചു ഒരു ആൺശരീരം. ഞെട്ടലിൽ പുറകിലേക്ക് വീണു പോയി. തലയ്ക്കു മുകളിൽ ഒരു നിഴൽ കണ്ടു. എന്തോ ശക്തിയായി തലയിൽ വന്നിടിച്ചു. കണ്ണുകളിൽ ഇരുട്ട് ഇരച്ചുകയറി. ചെവിയിൽ നിന്ന് എന്തോ ഒലിക്കുന്നുണ്ട്. എഴുന്നേക്കാൻ കഴിയുന്നില്ല. തെന്നി വീഴുന്നു. പിന്നെയും എന്തോ ഒന്ന് തലയിൽ ഇടിച്ചു. ഇപ്പോൾ കണ്ണുകൾ കാണുന്നില്ല. ചില അവ്യക്തമായ ശബ്ദങ്ങൾ മാത്രം. പതുക്കെ അതും ഇല്ലാതെയാകുകയാണ്.

അദ്ധ്യായം 3: മുമോ ലൂപ

വിയർപ്പുതുള്ളികൾ മഴവെള്ളത്തോട് ചേർന്ന് കണ്ണുകളിലേക്കു ഒലിച്ചുവീണ് കാഴ്ച മങ്ങിക്കുന്നുണ്ട്. എങ്കിലും നിർത്താതെ ഓടുകയാണ്. പിറകെ അവരുണ്ടാവും. തളർന്നു വീണാൽ വീണ്ടും ചങ്ങലക്കുള്ളിലാവും. തല തകർക്കുന്ന വൈദ്യുതിപ്രവാഹമുണ്ടാവും. പറ്റില്ല, ഇനിയും അവിടെ കുടുങ്ങികിടന്നുകൂടാ. അവൾക്കെന്തു സംഭവിച്ചു എന്നറിയില്ല. തലപൊട്ടി ചോരയൊലിച്ചവൾ കിടക്കുമ്പോഴാണ് അവർ എന്നെ കൊണ്ടുപോവുന്നത്. നിലത്തുകൂടി വലിച്ചിഴക്കപ്പെടുമ്പോഴും അവളെ രക്ഷിക്കാൻ കണ്ടവരോടൊക്കെ അലറിപറഞ്ഞു. പിന്നീട് എവിടെയൊക്കെയോ, എന്തൊക്കെയോ....ഓർമ തിരികെ കിട്ടുമ്പോൾ ചങ്ങലകളാൽ ബന്ദിക്കപ്പെട്ട അവസ്ഥയിലായിരുന്നു. എത്ര ദൂരം ഓടിക്കാണും എന്നറിയില്ല. എനിക്ക് പരിചിതമായ വഴികളിൽ എത്തിയിരിക്കുന്നു. വളവു തിരിഞ്ഞ് നിന്നതു ഒരു പറ്റം തെരുവുനായ്ക്കളുടെ മുന്നിലാണ്. അവ എന്നെ നോക്കി കുരക്കാനും മുന്നോട്ടായാനും തുടങ്ങി. ഇവിടെ നില്ക്കാൻ തരമില്ല, പിന്തിരിഞ്ഞോടാനും. നായ്ക്കളെ മറികടന്ന് ഞാൻ ഓടിക്കൊണ്ടേയിരുന്നു. എന്റെ തൊട്ടുപിന്നിൽ പത്തോളം നായകളും. തളർന്ന വീണ എന്നെ അവർ കടിച്ചു കുടഞ്ഞു. വസ്ത്രങ്ങൾ കീറിത്തുപ്പി. പ്രാണവേദനയ്ക്കിടയിൽ എപ്പോഴോ നീട്ടിയ കൈയിൽ കിട്ടിയ വടി എടുത്തു ആദ്യം കണ്ട നായയെ ഓങ്ങി അടിച്ചു. കരഞ്ഞു കൊണ്ട് അത് മാറി നിന്നു. വടി കുത്തി ഞാൻ എണീറ്റുനിന്നു. അല്പം ഭയത്തോടെ നായ്ക്കൾ ദൂരെ മാറി നിന്ന് മുരളുന്നു. ഞാൻ മെല്ലെ തിരിഞ്ഞു നടന്നു. അല്പദൂരം നടന്നു കാണും. ഒരു വെളിച്ചം കണ്ടു. അല്പം വെള്ളം കുടിക്കണം. ഇല്ലെങ്കിൽ കുഴഞ്ഞു വീണുപോവും. വേഗം കൂട്ടി വെളിച്ചം കണ്ട ഭാഗത്തേയ്ക്ക് നടന്നു. ഹോട്ടലോ മറ്റോ ആണ്. ഇതിനു മുമ്പ് കണ്ടിട്ടില്ല. ഇവിടെ ഒരു മിൽ ആയിരുന്നില്ലേ? ഓർമ കിട്ടുന്നില്ല.

ഞാൻ അലങ്കാരവിളക്കുകൾ കൊണ്ട് നിറഞ്ഞിരുന്ന മുറ്റത്തേയ്ക്ക് കയറി. ഓരോ ചെറിയ കുടകൾക്കു കീഴെ ആളുകൾ ഇരുന്നു മദ്യപിക്കുന്നു. ഒപ്പം അല്പവസ്ത്രധാരികളായ സ്ത്രീകളും. എന്നെ കണ്ടയുടൻ അടുത്തേക്ക് ഒരാൾ ഓടിയെത്തി. "പുറത്തേക്കു പോവൂ" എന്ന് അറപ്പോടെ പറഞ്ഞു. "അല്പം വെള്ളം" ഞാൻ ചോദിച്ചു. അയാൾ അകത്തേക്ക് നോക്കി എന്തോ ആക്രോശിച്ചു. ഉള്ളിലെ പർപ്പിൾ പ്രകാശമുള്ള മുറിയിൽ നിന്നും ഒരു തടിച്ച നിഴൽ പുറത്തു വന്നു. വെളിച്ചത്തേക്ക് ഇറങ്ങിയ അയാളുടെ മുഖം ഞാൻ കണ്ടു. അത് അയാളായിരുന്നു. തല പൊട്ടി ചോരയൊലിപ്പിച്ചു കിടന്ന അവളെ കാലു കൊണ്ട് തൊഴിച്ചു മാറ്റി അന്ന് ഓടി മറഞ്ഞവൻ. ഇവിടെ ഇതാ എന്റെ മുന്നിൽ! തലയിലേക്ക് രക്തം ഇരച്ചു കയറുന്നു. എവിടെനിന്നോ നിയന്ത്രണാതീതമായ ശക്തി ഞരമ്പുകളിൽ കൂടി പായുന്നത് അറിയാൻ കഴിയുന്നുണ്ട്. ഒരു നിമിഷം- മുന്നിൽ കണ്ട കുപ്പി കൊണ്ട് അയാളുടെ തലയിൽ ആഞ്ഞടിച്ചു. ചോരവാർന്നൊഴുകുന്ന തലപൊത്തി അയാൾ നിലത്തേയ്ക്കു മറിഞ്ഞു. അവിടെ കിടന്ന് അയാൾ ഉറക്കെ കരഞ്ഞു. അല്ല, അയാൾ ചിരിക്കുകയാണ്. അയാളുടെ നെഞ്ചത്തേക്കിരുന്ന് പൊട്ടിയ കുപ്പി പലതവണ അയാളുടെ കഴുത്തിലേക്കിറക്കി.പതിയെ അയാളുടെ ചിരി മാഞ്ഞു. നിർജീവമായി, അല്പം പുച്ഛത്തോടെ എന്നെ നോക്കി കിടന്നു. സമയം പോകുന്നു. വീടെത്തണം. ഞാൻ വേഗം എഴുന്നേറ്റ് തിരക്കിട്ടു പുറത്തേക്ക് നടന്നു. മഴ അല്പം കുറഞ്ഞിട്ടുണ്ട്. ഇടവഴിയിലേക്ക് കയറിയാൽ പിന്നെ വഴുക്കലുണ്ടാവും. പല തവണ അവൾ ഇവിടെ തെന്നി വീണിട്ടുണ്ട്. ഈ നശിച്ച സ്ഥലത്തെ ജോലി വിട്ടു നാട്ടിൽ പോവാൻ നിർബന്ധിച്ചിട്ടുണ്ട്. കഴിഞ്ഞില്ല. ഇനി? അവ്യക്തമായി ഒരു ബംഗാളി പാട്ട് കേൾക്കാം. ആരോ കുഴഞ്ഞ ശബ്ദത്തിൽ പാടുന്നു. ടാഗോറിന്റെ കവിത "തോംര ജെ ബോലോ ഡിബോഷാ റോജോനി...ഭലോബാഷാ ഭലോബാഷാ". നടന്ന് അയാളുടെ അടുത്തെത്തി. എന്നെ കണ്ടതും ഭയപ്പാടോടെ ഞെട്ടി എഴുന്നേറ്റു. "സാബ്?" കണ്ണുകൾക്ക് മേലെ ചുക്കിചുളിഞ്ഞ കൈ വെച്ച് അയാൾ ചോദിച്ചു. മുഖം വ്യക്തമല്ല. അയാൾ കോട്ടുപോക്കറ്റിൽ നിന്നും പെൻടോർച്ചെടുത്ത് എന്റെ മുഖത്തേക്ക് തെളിച്ചു. ഞാനും അയാളെ കണ്ടു. അത് അയാൾ തന്നെയായിരുന്നു. അല്പം മുമ്പ് കുപ്പി കൊണ്ട് ഞാൻ തലയടിച്ചു പൊളിച്ചവൻ. അയാളുടെ മുഖത്തെ ഞെട്ടൽ മാറി ക്രൂരമായ മന്ദഹാസമായി. അധികം നേരമില്ല. രക്ഷപ്പെട്ടേ മതിയാകു. അയാൾ മുന്നോട്ടാഞ്ഞു. ഞാൻ സർവശക്തിയുമേടുത്ത് ഇരുകൈകളും കൊണ്ട് അയാളുടെ തൊണ്ടയിൽ ആഞ്ഞുപിടിച്ചു. തള്ളവിരലുകൾ അയാളുടെ കഴുത്തിന് നടുവിലേക്ക് കുഴിഞ്ഞിറങ്ങി. ജീവറ്റുപോവുന്ന ഒരു പക്ഷിയെ പോലെ അയാളുടെ ശരീരം വിറച്ചു വിറച്ചു നിശ്ചലമായി. ഞാൻ കൈ മാറ്റി. വലിയൊരു ശബ്ദത്തോടെ അയാൾ നിലത്തു വീണു. ഞാൻ അയാളെ മറികടന്നു വേഗം പടികൾ കയറി.

മുന്നൂറ്റിപന്ത്രണ്ടാം മുറി. ഈ കെട്ടിടത്തിൽ അവൾക്കു ഏറ്റവും ഇഷ്ടപ്പെട്ടത് ഈ മുറിയായിരുന്നു. ഭംഗിയുള്ള ഒരു കൊച്ചു വീട്. കതകു അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ്. അവൾ അകത്തുണ്ടാവും. തലയിലെ മുറിവ് ഉണങ്ങിയിരിക്കണം. ശ്രദ്ധയില്ലാത്തവളാണ്. എല്ലാറ്റിനും ഞാൻ കൂടെ വേണം. കതകിൽ പല തവണ മുട്ടി.കുറച്ചേറെ നേരം കാത്തു നില് ക്കേണ്ടി വന്നു. അകത്തു നിന്ന് കുറ്റിഎടുക്കുന്ന ശബ്ദം. കതകു തുറന്നതു അവളായിരുന്നില്ല. അവൻ തന്നെ , വീണ്ടും ഇവിടെ! ഒരു ചവിട്ടിനു വാതിൽ മലർക്കെ തുറന്നു. അവൻ തെറിച്ചു കട്ടിലിലേക്ക് വീണു. അന്ന് ഞാൻ വാതിൽ തുറന്നപ്പോളും അവൻ അവിടെയായിരുന്നു. രക്തത്തിൽ കുളിച്ചു താഴെ അവളും. ഉള്ളിലേക്ക് പാഞ്ഞു കയറി ഞാൻ കട്ടിലിൽ നിന്ന് അവനെ വലിച്ചു താഴെയിട്ടു. എഴുന്നേക്കാൻ അവനു കഴിയുംമുമ്പ് കാല് അവന്റെ നെഞ്ചത്ത് ആഞ്ഞമർന്നു. കാലിനടിയിൽ അവന്റെ അസ്ഥികൾ പൊടിയുന്നത് ഞാനറിഞ്ഞു. വീണ്ടും അവൻ നിശ്ചലനായി. ഞാൻ വാതിൽ അടച്ചു. അവൾ മുറിയിലില്ല. പുറത്തു പോയിരിക്കണം. കട്ടിലിൽ ഒരു വെള്ള കുപ്പായം ഭംഗിയായി മടക്കി വെച്ചിരിക്കുന്നു. ഞാൻ അതെടുത്തിട്ടു. കതകിൽ ആരോ തട്ടുന്നു. അവളാവും. ഇവനെ ഇവിടുന്നു മാറ്റണം. കാലുകൾ ചേർത്തുപിടിച്ചു വലിച്ചു കുളിമുറിയിലേക്ക് കൊണ്ടുപോയി. ടബ്ബിലേക്ക് എടുത്തു കിടത്തിയിട്ട് കർട്ടൺ നിവർത്തി മറച്ചു. തിരിച്ചു വന്നു വാതിൽ തുറന്നു. അവളാണ്! എത്ര സുന്ദരിയാണവൾ എന്ന് ഞാൻ മറന്നു പോയിരുന്നു. അവളെ പിടിച്ചു നെഞ്ചോടു ചേർത്തു പിടിച്ചു. ചുണ്ടുകളിൽ അമർത്തിചുംബിച്ചു. ഞങ്ങൾ കട്ടിലിലേക്ക് വീണു. എത്രനേരം അവളിൽ ആണ്ടുകിടന്നു എന്നറിയില്ല. ഇടയ്ക്കു എപ്പോഴോ കണ്ണ് തുറന്നപ്പോൾ ഒരു പെരുംപാമ്പിനെ പോലെ എന്നെ ചുറ്റിവരിഞ്ഞിരിക്കുകയായിരുന്നു അവൾ. പിന്നീട് തളർന്നുറങ്ങികാണണം. എല്ലാം തിരികെ കിട്ടിയിരിക്കുന്നു. അവൾ, ഞങ്ങളുടെ ജീവിതം. അടുത്ത തവണ ഉണർന്നപ്പോൾ കട്ടിലിൽ ഞാൻ തനിച്ചാണ്. അപ്പുറത്തുനിന്നു വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. അവൾ കുളിക്കുകയാവണം. പക്ഷെ അവിടെ അവനുണ്ട്. അവൾ അവനെ കണ്ടുകൂടാ. മേശക്കരികിൽ ഒരു വാക്കത്തി കണ്ടു. അത് കൈയിലെടുത്തു കുളിമുറിയുടെ ചാരിയ കതകു മെല്ലെ തുറന്നു. ഭയപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. അരണ്ട വെളിച്ചത്തിൽ, മുടിയിൽ പിങ്ക് ചായം പൂശി, അർദ്ധനഗ്നയായ ഒരു യുവതി കുനിഞ്ഞിരിക്കുന്നു. ചൈനക്കാരെപോലെ തോന്നിപ്പിക്കുന്ന മുഖമാണവൾക്ക്. തിരിഞ്ഞെന്നെ എന്തെങ്കിലും ചെയ്യാൻ കഴിയും മുമ്പ് ഞാൻ വാക്കത്തി കൊണ്ട് അവളുടെ തലയിൽ ആഞ്ഞടിച്ചു. ചോര ചീറ്റിതെറിച്ചു ഭിത്തിയിൽ അനേകായിരം പൊട്ടുകൾ പോലെ പതിഞ്ഞു. ഇഴഞ്ഞു നീങ്ങിയ അവളെ മറ്റൊരു അടി കൊണ്ട് ഞാൻ തീർത്തു.

അദ്ധ്യായം 4: ‘312’

കുറച്ചധികം നേരമായി ഈ നില് പ്പ് തുടങ്ങിയിട്ട്. നട്ടുച്ചവെയിൽ തലയിൽ കുത്തിയിറങ്ങുന്നു. പേരിനുപോലും ഒരു തണലില്ല. കേട്ടതുപോലെ തന്നെ ഒരു ഉണങ്ങിയ നഗരം. അറിയാത്ത ഭാഷ, പുതിയ ജോലി, അപരിചിതമായ ഭൂപ്രകൃതി. എല്ലാം കൊണ്ടും ഒട്ടും സുഖകരമല്ലാത്ത ഒരു അവസ്ഥയിലായിരുന്നു കുറച്ചു നാളുകളായി. പോരാത്തതിന് താമസിക്കാൻ കിട്ടിയ കുടുസ്സുമുറിയിൽ ശ്വാസം കഴിക്കുക തന്നെ പ്രയാസം. ഉച്ചക്ക് ഊണ് പൊതിഞ്ഞു വന്ന പത്രക്കടലാസിലാണ് പുതിയൊരു വീട് വാടകക്കെന്ന പരസ്യം കണ്ടത്. അപ്പോൾ തന്നെ അതിൽ കണ്ട നമ്പറിൽ വിളിച്ചു. ബ്രോക്കറാണ്. ഇന്ന് തന്നെ അഡ്വാൻസ് കൊടുത്തു വീടെടുക്കണമെന്ന് പറഞ്ഞു. ഇതിപ്പോൾ അയാളെ കാത്താണ് ഇവിടെ നില് ക്കുന്നത്. ഇവിടെ എവിടെയോ ആണ് വീട്. പെട്ടെന്ന് ഫോൺ ശബ്ദിച്ചു.

"ഹലോ സാബ്"? പ്രായമായ ഒരു ശബ്ദം മറുതലക്കൽ. ബ്രോക്കറാണ്. അയാളെന്റെ എതിർവശത്തു തന്നെ ഉണ്ടായിരുന്നു. അടുത്തെത്തിയുടൻ കൈപിടിച്ചു ശക്തിയായി കുലുക്കി. ചിരിച്ചു കൊണ്ട് മുറി മലയാളത്തിലും തമിഴിലുമായി അയാൾ സംസാരിച്ചു. മുന്നിൽ കാണുന്ന ഇടവഴി കടന്നാൽ കെട്ടിടമെത്തും. ചെറിയ വഴുക്കലുള്ള കല്ലുപാകിയ വഴി. സൂക്ഷിച്ചു നടക്കുന്നതിനിടെ ഞാൻ കൂടുതൽ വിവരങ്ങൾ അറിയാൻ ശ്രമിച്ചു.

"ഇവിടെ പൊതുവെ വീടുകൾക്ക് വാടക കൂടുതലല്ലേ. പിന്നെ ഇതെങ്ങനെ ഇത്ര കുറഞ്ഞു കിട്ടിയത്?

" അത് സാർ.." അയാൾ ചുറ്റും ഒന്ന് നോക്കി, എന്നിട്ടു തുടർന്നു.

"ഒളിച്ചു വെക്കുന്നില്ല. ഒരു സംഭവം നടന്നിരുന്നു ഈ വീട്ടിൽ. ഒരു ഭാര്യയും ഭർത്താവും ആയിരുന്നു ഇവിടെ മുമ്പ് താമസിച്ചിരുന്നത്. ഒരു ദിവസം ആരോ വീട് കുത്തിതുറന്നു കയറി, ഭാര്യയെ ബലാത്സംഗം ചെയ്തു കൊന്നു. ഭർത്താവ് വന്നപ്പൊ അയാളെ പിടിച്ചു, ദേഷ്യത്തിന് അയാളെ തല്ലിക്കൊല്ലുകയും ചെയ്തു"

ഒരു വല്ലായ്മ. കുറഞ്ഞ വാടകക്കാണെങ്കിലും ഇങ്ങനെയൊരു വീട്? അപ്പോഴേക്കും പടി കയറി വാതിൽക്കൽ എത്തി. മുന്നൂറ്റി പന്ത്രണ്ടാം മുറി. എന്റെ മുഖത്തെ വിഷമം കണ്ടിട്ടാവണം, അയാൾ പെട്ടെന്ന് പറഞ്ഞു

" സാർ, നിങ്ങൾ ടെൻഷൻ ആവേണ്ട. ഒരു പ്രശ്നവുമില്ല, അത് കഴിഞ്ഞും ഇവിടെ ആളുകൾ താമസിച്ചിട്ടുണ്ട്."

വീട് തുറന്നു അകത്തു കേറി. തരക്കേടില്ലാത്ത മുറി. നല്ല വലുപ്പവും. എങ്കിലും മനസ്സിൽ ഒരു വിമ്മിഷ്ടം.

"അയാൾ... ഇപ്പൊ?"

"ആര് സാർ?"

ബ്രോക്കർ കുളിമുറിയുടെ കതകു തുറന്നു കാണിക്കുന്നതിന് ഇടയിൽ ചോദിച്ചു.

"ആ ഭർത്താവ്?", ഞാൻ പറഞ്ഞു.

" ഓ, അയാൾക്ക് ഭ്രാന്തിളകി സാർ. കുറെക്കാലമായി".

ബ്രോക്കർ പിന്നെയും മറ്റെന്തൊക്കെയോ കൂടി പറഞ്ഞു. ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. മനസ്സിൽ ആ ഭർത്താവും ഭാര്യയും മാത്രം. അന്ന് തന്നെ അഡ്വാൻസ് കൊടുത്തു വീട് മാറി. അധികം സാധനങ്ങൾ ഒന്നും മാറ്റാൻ ഉണ്ടായിരുന്നില്ല.

കുളിച്ചു വന്നു കിടന്നു. ഉറക്കം വരുന്നില്ല. മനസ്സിൽ ആ സംഭവം ഒരു നാടകമെന്നോണം കണ്ടുകൊണ്ടേയിരുന്നു. എണീറ്റ് ലാപ്ടോപ് തുറന്നു. ഫേസ്ബുക്കിൽ കയറി താഴേക്ക് വായിച്ചു കൊണ്ട് ഭിത്തിയിലേക്ക് ചാരി. പെട്ടെന്നൊരു മണിശബ്ദം. ആദ്യം തിരിഞ്ഞാണ് നോക്കിയത്. ശബ്ദം കംപ്യൂട്ടറിൽ നിന്നാണ്. എന്റെ ഫോട്ടോയുടെ അടിയിൽ ഒരു പുതിയ കുറിപ്പ്.

"ഹലോ".

വിചിത്രമായ ഒരു പേര്, കാപെറോസ.

↑ top