≡ നവംബർ 2016

എഡിറ്റോറിയല്‍

പ്രിയപ്പെട്ടവരേ,

കാലം ആരെയും കാത്തു നില്‍ക്കാതെ മുന്നോട്ട് തന്നെ പോവുകയാണ്. ജീവിതം നമുക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും രാവുകള്‍ ഇരുണ്ടു വെളുക്കുകയും, തുലാമാസം വൃശ്ചികക്കുളിരിനു വഴി മാറുകയും ചെയ്ത് ഒരു വര്‍ഷമതിന്‍റെ അവസാനത്തിലേക്ക് എത്തുകയാണ്.

നാട്ടില്‍ ഇതുവരെയില്ലാത്ത മാറ്റങ്ങളിലൂടെ കടന്നു പോകുന്ന ജീവിതത്തിനും പറയാന്‍ പലതുമുണ്ട്. മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രമെന്ന പഴമൊഴിയ്ക്ക് ഇന്നും പുതുമ നശിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും നന്മ ഉളവാക്കുന്നതാകും എന്ന് ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിക്കുന്നു, ആഗ്രഹിക്കുന്നു, കാത്തിരിക്കുന്നു.

നിങ്ങള്‍ കാത്തിരുന്ന ഇ-മഷി ഒരല്‍പം വൈകിയാണെങ്കിലും നിങ്ങള്‍ക്ക് മുന്നില്‍ എത്തിക്കുമ്പോള്‍ ഞങ്ങളും നല്ല രീതിയിലുള്ള മാറ്റത്തിനാണ് ശ്രമിക്കുന്നത്. കൂടുതല്‍ കൂടുതല്‍ പുതുമുഖങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുകയും, ഇ-മഷി കൂടുതല്‍ ജനകീയമാക്കാന്‍ ശ്രമിക്കുകയും അതുവഴി കൂടുതല്‍ നല്ല ബന്ധങ്ങളിലേയ്ക്ക് എത്തിപ്പെടാന്‍ ശ്രമിക്കുകയുമാണ് ഞങ്ങള്‍! ശരണം വിളികളും മരം കോച്ചുന്ന തണുപ്പും ക്രയവിക്രയത്തിനു പണമില്ലാതെയാകുന്ന അവസ്ഥയും ഹര്‍ത്താലുകളും മാറുന്ന മനോവിചാരങ്ങളും എല്ലാത്തിലും ഇ-മഷി നിങ്ങളോടൊപ്പം എന്നും!

വായിക്കപ്പെടുക, വിമര്‍ശനങ്ങളും, അനുമോദനങ്ങളും ലഭിക്കുക, പ്രചരിക്കപ്പെടുക ഇതൊക്കെ ഈ മാസത്തെ ഇ-മഷിക്കും ലഭിക്കും എന്ന പ്രത്യാശയില്‍ ഓരോ വായനക്കാരനുമായി സമര്‍പ്പിക്കുന്നു ഇമഷിയുടെ നവംബര്‍ ലക്കം

സസ്നേഹം
ഇ-മഷി ടീം

ഇ-മഷിയിലേക്ക് നിങ്ങളുടെ രചനകൾ അയക്കേണ്ട വിലാസം: editor@@@@###emashi.###in

↑ top