≡ നവംബർ 2016
പാചകം

കപ്പ കട്ട്ലറ്റ്

ആരും നമ്മുടെ കേരളീയ ഭക്ഷണം ആക്കി എഴുതി തന്നിട്ടില്ലെങ്കിലും നാലാള് ചോദിച്ചാല്‍ കൊതിപ്പിക്കാനും പൊങ്ങച്ചം പറയാനും ആദ്യം വായില്‍ വരുന്ന രണ്ടു മൂന്നു ഭക്ഷണങ്ങള്‍ നമുക്കുണ്ട്. അതില്‍ ആദ്യത്തേത് തന്നെയാണ് നമ്മുടെ കപ്പ. മീന്‍കറി കൂടെ ആയാല്‍ കലക്കും..!

അതെ, കപ്പയാണ് നമ്മുടെ ഇന്നത്തെ ഹൈലൈറ്റ്‌.

കപ്പേം മുളകും, കപ്പേം മീന്‍ കറീം, കപ്പ ബിരിയാണീം, കപ്പ വറുത്തതും എല്ലാവരും ഒരിക്കല്‍ എങ്കിലും രുചിച്ചു നോക്കിയിട്ടുണ്ടാകും ല്ലേ? എങ്കില്‍ പിന്നെ ഒന്ന് മാറ്റിപ്പിടിച്ചാലോ ലോ?. കപ്പയെ നമുക്ക് റോയല്‍ ഗണത്തിലേക്ക് ഉയര്‍ത്താന്‍ പറ്റുന്ന ഒരു റെസിപി ഉണ്ട്. അതാണ്‌ “കപ്പ കട്ട്ലറ്റ്”. ഇതു കഴിച്ചാല്‍ ചിക്കനും മട്ടനും എല്ലാം നമ്മള്‍ ഒരു മൂലയിലേക്ക്‌ മാറ്റി വക്കുമെന്നതിനു ഗ്യാരന്‍റി ഉണ്ട് കേട്ടോ. അപ്പോള്‍ നമുക്ക് കട്ട്ലറ്റിലേക്ക്‌ കടക്കാം.

വേണ്ട സാധനങ്ങള്‍ താഴെ

  • നല്ല നാടന്‍ കപ്പ - ഒരു കിലോ എടുത്തോ. (പിന്നെയാര്‍ക്കും തികഞ്ഞില്ല, ഉപ്പ് നോക്കാന്‍ പോലും കിട്ടിയില്ല എന്ന് പറയിപ്പിക്കണ്ട).
  • കൊച്ചുള്ളി/സവാള , ഇഞ്ചി,പച്ചമുളക്, വെളുത്തുള്ളി, വേപ്പില – യുക്തി പോലെ
  • ഗരം മസാലപ്പൊടി – വീട്ടില്‍ ഉണ്ടാക്കുന്നത് ആണെങ്കില്‍ ഉത്തമം. (മസാലയുടെ ഇഷ്ടം അനുസരിച്ച് കൂട്ടാം കുറയ്ക്കാം )
  • മുട്ട- ഒന്ന് ( സസ്യഹാരികള്‍ക്ക് കോണ്‍ ഫ്ലോര്‍ പകരത്തിനു ഉപയോഗിക്കാം)
  • റസ്ക് പൊടിച്ചത് – ഒരു കപ്പ്

കുക്കുന്ന വിധം താഴെ

കപ്പ നന്നായി കൊത്തി അരിഞ്ഞ് ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ച് ഉടച്ചു മാറ്റി വയ്ക്കുക. കഷ്ണങ്ങളായി കിടക്കരുത്. കപ്പ തണുക്കുന്ന സമയത്ത് അരിഞ്ഞ ഉള്ളി/സവാള, ചെറുതായി അരിഞ്ഞ ഇഞ്ചി , വെളുത്തുള്ളി, കുനു കുനെ അരിഞ്ഞ കറിവേപ്പില , വട്ടത്തില്‍ ചെറുതായി അറിഞ്ഞ പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വരുമ്പോള്‍ ഒരു സ്പൂണ്‍ മസാല ഇട്ടു നന്നായി ഇളക്കുക. (കൈ കൊണ്ട് തന്നെ നന്നായി ഉടച്ചു യോജിപ്പിക്കുക.) ഇവ തണുക്കുന്ന സമയത്ത് മുട്ട പൊട്ടിച്ചു ഒരു പാത്രത്തില്‍ ഒഴിച്ച് മാറ്റി വയ്ക്കുക. റസ്ക് മിക്സിയില്‍ തരിയായി പൊടിച്ചു മാറ്റുക.

ശേഷം കപ്പയിലേക്ക്,തയ്യാറാക്കി വച്ചിരിക്കുന്ന മസാല ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക.

പിന്നീട് ചെറിയ ചെറിയ ഉരുളകള്‍ ആക്കി കയ്യില്‍ വച്ച് അമര്‍ത്തി മുട്ടയില്‍ മുക്കി റസ്ക് പൊടിയില്‍ മുക്കി തിളയ്ക്കുന്ന എണ്ണയില്‍ ഇട്ടു മൊരിച്ചെടുക്കുക. കപ്പ ഉരുട്ടുമ്പോള്‍ കയ്യില്‍ കുഴഞ്ഞു പിടിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ കുറച്ചു വെളിച്ചെണ്ണ കയ്യില്‍ പുരട്ടിയിട്ട് പരത്താന്‍ ശ്രമിക്കുക.മുട്ടയില്‍ മുക്കി റസ്കിലും മുക്കുമ്പോള്‍ ഒട്ടിപ്പിടിക്കല്‍ മാറുന്നതാണ്. നിറയെ എണ്ണ ഒഴിച്ച് മൂപ്പിച്ചു എടുക്കണം എന്നില്ല. മീന്‍ പൊരിക്കുന്നത് പോലെ ഷാലോ ഫ്രൈ ആയാലും നന്ന്.ബ്രൌണ്‍ നിറം ആകുമ്പോള്‍ എടുത്തു ചൂടോടെ കഴിക്കുക. അപ്പോള്‍ ആസ്വദിക്കിന്‍ ആര്‍മാദിപ്പിന്‍ കൂട്ടരേ, നമ്മുടെ സ്വന്തം കപ്പ കട്ട്ലറ്റ് അഥവാ TAPIOCA DRYFRY

↑ top