≡ നവംബർ 2016
സിനിമ

നടക്കാം സ്ക്രീനിലൂടെ

“എനിക്കനുവദിച്ച സമയം ഈ അടുത്ത് തന്നെ വരുമെന്ന് തോന്നുന്നു. അതെപ്പോഴായാലും അങ്ങവിടെ ഉണ്ടാകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.“

(ചിരിച്ചുകൊണ്ട് ) “അങ്ങനെയാണെങ്കില്‍ നിങ്ങളെക്കാളും കൂടുതല്‍ കാലം ഞാന്‍ ‍ ജീവിക്കേണ്ടി വരുമല്ലോ....”

2008 -ല്‍ ഹിറോകാസു കൊറീദയുടെ സംവിധാനത്തില്‍ ജാപ്പനീസില്‍ ഇറങ്ങിയ ‘സ്റ്റിൽ വോക്കിങ്’ എന്ന സിനിമയിലെ ഒട്ടും പ്രധാനമല്ലാത്ത ഒരു രംഗമാണിത്. രാവിലെയുള്ള തന്റെ സ്ഥിരം നടത്തത്തിനായി ഡോക്ടര്‍ ക്യോഹായ് പുറത്തിറങ്ങുമ്പോള്‍, അയല്‍‍ക്കാരിയുമായി നടത്തുന്ന തികച്ചും സാധാരണമായ ഒരു സംഭാഷണം. പക്ഷെ അപ്പോഴും, ഒട്ടും മെലോഡ്രാമ ചേര്‍‍ക്കാതെയും, അതിവൈകാരികത ഇല്ലാതെയും എത്ര അനായാസമായാണ് ജീവിതത്തിന്റെ വാലറ്റത്ത്‌ പോലും അവര്‍ മരണത്തെപ്പറ്റി സംസാരിക്കുന്നത് എന്നാലോചിച്ചു ഒരു നിമിഷം ഇരുന്നു പോകുന്ന രംഗം കൂടിയാണിത്.

‘സ്റ്റില്‍ വോക്കിംഗ്’ ഏതു ദേശത്തിലെയും ഏതു സംസ്കാരത്തിലെയും മനുഷ്യനു ഐക്യപ്പെടാവുന്ന വികാരങ്ങള്‍ ഉണര്‍ത്തുന്ന സിനിമയാണ്. അതുകൊണ്ട് തന്നെയാവണം ഒരിക്കല്‍ എബെർട്, സംവിധായകന്‍ ഹിറോകാസു കൊറീദയെ, ഒസുവിനു പിന്‍ഗാമിയായി പറഞ്ഞത്. അങ്ങേയറ്റം സട്ടിലായി, നോര്‍മലായി മനസ്സിന്റെ തലത്തിലാണ് ഇവിടെ കാര്യങ്ങള്‍ അത്രയും സംഭവിക്കുന്നത്‌. അതുകൊണ്ട് തന്നെ ഒരു ഫിസിക്കൽ ലാന്‍ഡ്‌ സ്കേപ് എന്നതിലുപരി ഒരു മൈന്‍ഡ് സ്കേപ്പിൽ സംഭവിക്കുന്ന സിനിമ കൂടിയാണിത്.

പന്ത്രണ്ടു വർഷം മുൻപ് ഒരാളെ രക്ഷിക്കുന്നതിനിടയിൽ മുങ്ങി മരിച്ച ക്യോഹായിയുടെയും ടോഷികോയുടെയും മൂത്ത മകൻ ജൂണ്‍ പെയ് യുടെ ഓർമ്മ ദിവസത്തിൽ എല്ലാവരും തറവാട്ടിൽ ഒത്തു ചേരുന്നു. ജൂണ്‍ പെയ് യുടെ വിധവ ഒഴികെ എല്ലാവരും അന്നവിടെ സന്നിഹിതരാണ്‌. കുടുംബത്തിന്റെ കാരണവര്‍ - റിട്ടയേര്‍ഡ്‌ ഡോക്ടര്‍ ക്യോഹായ്, ജൂണ്‍ പെയ് യുടെ അമ്മ ടോഷികോ, രണ്ടാമത്തെ മകൻ റയോട്ട, അയാളുടെ ഭാര്യ, ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകൻ, കൂടാതെ റയോട്ടയുടെ സഹോദരി ചിനാമിയും കുടുംബവും എന്നിവരാണ് കുടുംബത്തിലെ അംഗങ്ങള്‍. ഒത്തു ചേര്‍ന്നത്‌ ഒരു മരണത്തിന്റെ ഓര്‍മ്മ ദിവസത്തിലായത് കൊണ്ട് തന്നെ അസുഖകരമായ ഓര്‍മ്മകളാണ് കൂടുതലും അവർ പരസ്പരം പങ്കു വെയ്ക്കുന്നത്. അതിനിടയിലെ ചെറിയ പിണക്കങ്ങളും വാശികളും തമാശകളും എല്ലാം അന്നേ ദിവസത്തെ വളരെ സജീവമാക്കുന്നുണ്ട്.

മരണപ്പെട്ട ആദ്യ മകന്റെ അത്രയും കഴിവുകളില്ലെന്നു എല്ലാവരും വിലയിരുത്തുന്ന, അച്ഛനപ്പോലെ ഡോക്ടര്‍ ആകാത്തത് കൊണ്ട് അച്ഛന് പോലും അടുപ്പക്കുറവുള്ള രണ്ടാമത്തെ മകൻ റയോട്ടയുടെ മനസികാവസ്ഥകളിൽ കൂടിയാണ് കൂടുതലും സിനിമ സഞ്ചരിക്കുന്നത്. വീട്ടിലേക്കു വരുന്ന വഴി തന്നെ അയാൾ അച്ഛനോടും മറ്റുമുള്ള താല്‍പ്പര്യക്കുറവു വെളിവാക്കിക്കൊണ്ട് തന്റെ ഭാര്യയോട്‌ പറയുന്നുണ്ട് തറവാട്ടില്‍ രാത്രി തങ്ങാന്‍ നില്‍ക്കാതെ തിരികെപ്പോരണം എന്ന്.

കുട്ടികള്‍ ലോകം മനസ്സിലാക്കുന്ന ഒരു ക്രമമുണ്ട്. ബുദ്ധി ഉറയ്ക്കുന്നത് അനുസരിച്ച് ലോകത്തോടും പ്രകൃതിയോടും അവര്‍ കൂടുതല്‍ കൂടുതല്‍ മരവിച്ച മനസ്സോടെയാണ് പ്രതികരിക്കുന്നത്. ഉള്ളിലെ ചെറു ചോദ്യങ്ങള്‍ ഒക്കെയും കൂടുതല്‍ പ്രായോഗികമായവയ്ക്ക് വഴി മാറിക്കൊടുക്കും. ആനന്ദ് പറയുന്നത് പോലെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ കിട്ടി മാഞ്ഞു പോവുന്നതല്ല, മറിച്ച് അതിനൊന്നും ലോകത്തില്‍ സ്ഥാനമില്ലെന്ന് കണ്ടു അവര്‍ തന്നെ എടുത്തു കളയുന്നതാണ്. ചെറു കിളികളുടെയും പ്രാണികളുടെയും വരെ കരച്ചിലുകളും പാട്ടുകളും കേട്ടാസ്വദിച്ചിരുന്ന ചെവികള്‍ പിന്നീട് വളര്‍ച്ചയെന്ന, കാലം കൊണ്ട് വന്ന അപകടം കൊണ്ട് അടഞ്ഞു പോകുന്നു. ആ അടഞ്ഞു പോകല്‍ ‍ പലപ്പോഴും, മറ്റു മനുഷ്യരുടെ വിഷമങ്ങൾ മുന്‍വിധികള്‍ ‍ ഇല്ലാതെ മനസ്സിലാക്കുന്നതിൽ നിന്നുപോലും നമ്മളെ വിലക്കുന്നുണ്ട്. പലപ്പോഴും ബാല്യത്തിലെ ഒരു വിഷമം, ഒരു പ്രത്യേക കാര്യത്തിലെ പ്രതികരണം, തിക്താനുഭവം എന്നിവയൊക്കെ ജീവിതം മുഴുവൻ നമ്മളെ സ്വാധീനിക്കാൻ പ്രാപ്തമായി നമ്മുടെ ഉള്ളിൽ കിടന്നു വളരുന്നു. ബാല്യത്തിന്റെ ആ പ്രത്യേക ഘട്ടത്തിൽ വെച്ച് മനസ്സടഞ്ഞു പോയവര്‍ക്ക് പിന്നീട് സ്വന്തം മാതാപിതാക്കളെ പോലും സ്വതന്ത്രമായി മനസ്സിലാക്കാൻ സാധിക്കാതെ വരുന്നതിൽ അത്ഭുതമില്ല. അങ്ങനെ മനസ്സടഞ്ഞു പോയ ഒരുവനാണ് റയോട്ട. അച്ഛന്‍ തന്നോട് നീതി കാണിച്ചിട്ടില്ല എന്ന അടിസ്ഥാന വികാരത്തില്‍ നിന്നാണ് അയാളുടെ പെരുമാറ്റങ്ങൾ അത്രയും ഉരുവപ്പെട്ടു വരുന്നത്.

കൂടെക്കളിച്ചു നടന്ന കൂടെപ്പിറപ്പുകളുടെയും വളർത്തി വലുതാക്കിയ അച്ഛനമ്മമാരുടെയും പോലും അവസ്ഥകള്‍ നമുക്ക് നമ്മുടെ വികാരങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് മാത്രമാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്‌ എന്ന് സ്റ്റില്‍ വോക്കിംഗ് സൂചിപ്പിക്കുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രമായ റയോട്ടയുടെ കാര്യം തന്നെയെടുക്കാം. ജ്യേഷ്ടന്‍ ‍ ജൂണ്‍ പെയ് യുടെ മരണം അയാള്‍ക്ക് ഒരു സഹോദരന്റെ മരണം മാത്രമാണ്, പക്ഷെ അച്ഛനും അമ്മയ്ക്കും അതു തങ്ങളുടെ തന്നെ ഒരു ഭാഗത്തിന്റെ മരണമാണ് എന്ന വസ്തുത അയാള്‍ എത്രത്തോളം ഉള്‍ക്കൊണ്ടു കാണും? ഒരാളുടെ മരണം തന്നെ എത്ര തരത്തിലാണ് ഓരോ മനുഷ്യരെ ബാധിക്കുന്നത് എന്നാണ്.

‘ഒരു മനുഷ്യന്റെ മനസ്സിൽ തന്നെ ഒരുപാടു മനുഷ്യരുണ്ട്’ എന്നെഴുതിയത് ഫെർണാണ്ടോ പെസ്സോവയാണ്. ഈ ഒരുപാടു മനുഷ്യരിൽ ആരാണ് ശരിയായ നമ്മള്‍, അതിലാരെയാണ് നാം ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്നത്‌, അതിലാരോടാണ് നമുക്കേറ്റവും മമതയുള്ളത്‌ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നമുക്ക് പോലും അത്ര പരിചിതമല്ലാത്ത വൈകാരിക പരിസരങ്ങളിലേക്ക് നമ്മളെ കൊണ്ടെത്തിക്കാന്‍ സാധ്യതയുണ്ട്. റയോട്ടയുടെ അമ്മയുടെ കാര്യം തന്നെയെടുക്കാം. ടോഷികോയെ ശരിക്കും ആ വീട്ടിലെ ആരെങ്കിലും മനസ്സിലാക്കിയതായി എവിടെയും സൂചനകളില്ല. അച്ഛനും അമ്മയ്ക്കും ഓര്‍ത്തെടുക്കാൻ ഏതെങ്കിലും പ്രത്യേക റൊമാന്റിക് ഗാനങ്ങളുണ്ടോ എന്ന് റയോട്ടയുടെ ഭാര്യ ചോദിക്കുമ്പോള്‍ ഉടന്‍ “ഒരു പാട്ടുണ്ട് എന്നും, അത് കേള്‍ക്കാന്‍ തല്‍പ്പര്യപ്പെടുമോ” എന്നും ടോഷികോ റയോട്ടയുടെ ഭാര്യയോട് മറുപടിയായി ചോദിക്കുന്നുണ്ട്. റിക്കോഡ്‌ പ്ലയെര്‍ പ്ലേ ആകുമോ എന്ന റയോട്ടയുടെ ചോദ്യത്തിനും ടോഷിക അതിനു ഒരു കുഴപ്പവുമില്ല എന്ന മറുപടി പറയുന്നുണ്ട്. അതായത് മറ്റാരും കേള്‍ക്കാതെ ടോഷികോ ആ പ്രത്യേക പാട്ട് രഹസ്യമായി കേള്‍ക്കാറുണ്ട് എന്ന് സൂചന. തന്റെ ഏറ്റവും പ്രിയപ്പെട്ടതിനെ കുറിച്ച് സംസാരിക്കുമ്പോ ടോഷികോ ശരിക്കും അത് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ ഊര്‍ജ്ജം പ്രസരിപ്പിച്ചാണ് തന്റെ സാന്നിധ്യമറിയിക്കുന്നത്. അതൊക്കെയും സിനിമ മുന്നോട്ടു വെയ്ക്കുന്ന ഏറ്റവും മനോഹര കാഴ്ചകളാണ്.

അച്ഛനെപ്പോലെ ഡോക്ട്ടറാകാന്‍ കഴിയാത്തതിന്റെ വിഷമവും അച്ഛനോടുള്ള അകലവും റയോട്ടയുടെ വ്യക്തിത്വം തന്നെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്. ഒരു പക്ഷേ , തന്റെ മൂത്ത മകൻ ജൂൺ പൈക്ക്‌ പകരം റയോട്ട ആയിരുന്നു മരിച്ചിരുന്നതെങ്കിൽ അച്ഛനിത്രയും ദുഃഖിക്കുമായിരുന്നില്ല എന്ന് വരെ തോന്നിപ്പിക്കുന്ന തരത്തിലെ ഇടപഴകലുകള്‍ അവര്‍ തമ്മില്‍ നടക്കുന്നുണ്ട്. പക്ഷെ തുറന്ന വാക് പോരിലൂടെയോ മറ്റു സംഘര്‍ഷങ്ങളില്‍ക്കൂടിയോ സിനിമയ്ക്ക് ഒന്നും തന്നെ പറയാനില്ല. എല്ലാം തന്നെ സൂചനകളില്‍ക്കൂടിയും ക്രമേണയുള്ള മാറ്റങ്ങളില്‍ക്കൂടിയുമാണ് പതിയെ വിടര്‍ന്നു വികസിക്കുന്നത്.

റയോട്ടയും അച്ഛനും തമ്മിലെ സംഘര്‍ഷം പോലും അത്തരത്തില്‍‍ ഒന്നാണ്. റയോട്ടയുടെ ഫുട്ബാള്‍ ഭ്രമത്തോട് അതൃപ്തി ഉണ്ടായിരുന്ന അച്ഛന്‍, ഒരു നടത്തത്തിനൊടുവിലെ തുറന്ന സംഭാഷണത്തിന്റെ അവസാനം പറയുന്നുണ്ട്, നമുക്കൊരുമിച്ചു ഒരു കളി കാണാന്‍ പോകണമെന്ന്. റയോട്ട പോലും അത് കേട്ട് ഞെട്ടിയിരിക്കണം. വാശികളില്‍‍ക്കൂടിയും കടുംപിടുത്തങ്ങളില്‍ക്കൂടിയും മനസ്സിലാക്കാതെ പോയത് തങ്ങള്‍ക്കേറ്റവും വേണ്ടപ്പെട്ടവരെത്തന്നെയാണ് എന്ന് ഓരോരുത്തരും പതിയെ തിരിച്ചറിയുന്നുണ്ട്.

എത്ര വിയോജിപ്പുകള്‍ ‍ കഥാപാത്രങ്ങള്‍ ‍ തമ്മിലുണ്ടായിട്ടും ഒരിക്കലും ഒരു തുറന്ന വാക് പോരും പ്രേക്ഷകന്റെ മുന്നില്‍ സംഭവിക്കുന്നില്ല എന്നതും സിനിമയെ സംബന്ധിച്ച് ശ്രദ്ധേയമാണ്. ഇടറിയ ചില സംഭാഷണങ്ങളില്‍‍ക്കൂടിയും അറ്റം മൂര്‍ച്ചയുള്ള ചില പെരുമാറ്റങ്ങളില്‍ക്കൂടിയും സമര്‍ത്ഥമായാണ് ഇക്കാര്യം സംവിധായകനും എഴുത്തുകാരനുമായ കൊറീദ ദൃശ്യപരമായി സ്ഥാപിച്ചെടുക്കുന്നത്. റയോട്ടയുടെ വളര്‍ത്തു മകനെപ്പോലും റയോട്ടയുടെ തന്നെ മറ്റൊരു പ്രതിബിംബമായാണ് അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രം റയോട്ടയുടെ അമ്മ തന്നെയാണ്. കൃത്യമായ മാറ്റങ്ങള്‍ ‍ പ്രകടിപ്പിക്കുന്ന, കഥാപാത്ര വികാസം അതിന്റെ പൂര്‍ണ്ണതയില്‍‍ സംഭവിച്ച ഒരു കഥാപാത്രമാണ് റയോട്ടയുടെ അമ്മ ടോഷികോ. രാവിലെ മുതല്‍ എല്ലാവരോടും വളരെ ഊര്‍ജ്ജ്വസ്വലയായി പെരുമാറി, സമയം പോകുന്തോറും ക്രമേണ അവര്‍ മകന്റെ നഷ്ടത്തിലേക്കും കഴിഞ്ഞ കാലത്തിനെ ഓര്‍ത്തും വല്ലാതെ ഉള്‍വലിയുന്നുണ്ട് . ജൂണ്‍ പെയ് ആരെ രക്ഷിക്കുന്നതിനിടക്കാണോ മരണപ്പെട്ടത്, അയാളെ ഈ ഓര്‍മ്മ ദിവസം വീട്ടിലേക്കു ക്ഷണിക്കുന്ന ഏര്‍പ്പാടുണ്ട്. അതെന്തിനാണ് എന്ന റയോട്ടയുടെ ചോദ്യത്തിനോട് ടോഷികോ കൊടുക്കുന്ന മറുപടി,

“വര്‍ഷത്തില്‍ ‍ ഒരിക്കലെങ്കിലും അയാള്‍‍ നമ്മളെ കണ്ടു വിഷമിക്കുന്നത് കാണാനാണ് അയാളെ ക്ഷണിക്കുന്നത്” എന്നാണ്!

അത്ര നേരവും മനസ്സിലാക്കിയ അമ്മയില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തികച്ചും ഷോക്കിംഗ് ആയ മറുപടി!! തന്റെ ഓരോ വികാരങ്ങള്‍ക്കും അടിമപ്പെടുന്ന, രാവിലെ പ്രകടിപ്പിച്ച ഊര്‍ജ്ജം എങ്ങോ മറന്നു വെച്ച ടോഷികോയെയാണ് രാത്രിയില്‍ പിന്നീട് കാണുന്നത്. ഈ ഷോട്ടിലെ ലൈറ്റിംഗ് പോലും എത്ര ബുദ്ധിപരമാണ് എന്ന് നോക്കൂ. ടോഷികയുടെ ഇരുണ്ട വശം കൃത്യമായും അടയാളപ്പെടുത്തുന്നുണ്ട് ഈ കമ്പോസിഷന്‍.

ഒരിക്കലും ഒരു സാമ്പ്രദായിക രീതിയില്‍ കണ്ടു ശീലിച്ചതുപോലത്തെ പോപ്പുലര്‍ ടേസ്റ്റിലുള്ള സിനിമയെ അല്ല ‘സ്റ്റില്‍ വോക്കിംഗ്’. ജീവിതത്തിനെ, അതിന്റെ നൈസര്‍ഗ്ഗിക വേഗതയിലവതരിപ്പിച്ച്, അതിനെ അതിന്റെ സഹജമായ അനീതിയോടും, വിയോജിപ്പുകളോടും, നിരാശയോടും കുഞ്ഞു കുഞ്ഞു സന്തോഷങ്ങളോടും, തിരിച്ചറിയാതെ പോകുന്ന സൌഭാഗ്യങ്ങളോടും കൂടി മനുഷ്യനെന്നും പാരസ്പര്യമുള്ള ഒരു വൈകാരികതയെ ‘സ്റ്റില്‍‍ വോക്കിംഗ്’ ഒരു ആർഭാടവുമില്ലാതെ അവതരിപ്പിക്കുന്നു.

അച്ഛനോടും അമ്മയോടും പറഞ്ഞ പല വാക്കുകളും പാലിക്കാന്‍ പറ്റാത്ത, അവരുടെ ആഗ്രഹങ്ങള്‍ പലതും സാധിച്ചു കൊടുക്കാന്‍ ‍ സാധിക്കാത്ത, തന്റെ തന്നെ അഭിലാഷങ്ങളില്‍ സന്ധി ചെയ്യേണ്ടി വരുന്ന ഒരു റയോട്ടയെ ആണ് സിനിമ അതിന്റെ അവസാന ഇമേജായി പ്രേക്ഷകന് മുന്നില്‍ നിര്‍‍ത്തുന്നത്. എത്രമാത്രം റയോട്ട അതില്‍ അസംതൃപ്തനും നിരാശനുമാണോ അത്രമാത്രം പ്രേക്ഷന്റെയും മനസുരുകുന്നു ആ അവസ്ഥയുടെ യാഥാര്‍ത്ഥ്യത്തിൽ.

ഒരേ പതിഞ്ഞ താളത്തില്‍,‍ തുടക്കം മുതല്‍ ഒടുക്കം വരെ വേഗത കൈകാര്യം ചെയ്യുന്ന സിനിമയില്‍, സിനിമ സംഭവിക്കുന്ന വീട് മുതല്‍ ക്യോഹായ് നടക്കാന്‍ പോകുന്ന നടപ്പാത, അവിടത്തെ മരങ്ങൾ, വീട്ടിലേക്കുള്ള തെരുവിന്റെ ഗോവണികള്‍, സെമിത്തേരി, വീശിയടിക്കുന്ന പതുക്കെയുള്ള കാറ്റ് വരെ ആ വേഗതയില്‍ പങ്ക് ചേരുന്നു. സുന്ദരം എന്ന് പറയുന്നതിനെക്കാളും ശാന്തവും ശുദ്ധവുമായ ചുറ്റുപാട്. അതൊക്കെയും കഥാപാത്രങ്ങളുടെയൊക്കെ മുഖഭാവം പോലെ തന്നെ ഒരു നിസ്സംഗത സംവദിക്കുന്നുണ്ട്.

ദേശഭാഷാന്തരങ്ങൾ മറികടക്കുന്ന, മനുഷ്യര്‍‍ക്ക്‌ ഏവര്‍ക്കും ഐക്യപ്പെടാവുന്ന വികാരങ്ങളാണ് സിനിമ ഉണര്‍ത്തി വിടുന്നത്. ആര്‍‍ട്ട് എന്ന വാക്കിന്റെ ആഴം മനസ്സിലാക്കി തന്നെ നിസ്സംശയം പറയാവുന്ന ഒരു സിനിമ. കണ്ടിരിക്കേണ്ട ഒന്നാണ് എന്നല്ല, അനുഭവിച്ചിരിക്കേണ്ട ഒന്നാണ് എന്ന് പറയേണ്ടുന്ന സിനിമ- അതാണ് ‘സ്റ്റില്‍ വോക്കിംഗ്'.

↑ top