≡ മേയ് 2016 ലക്കം

എഡിറ്റോറിയല്‍

മെയ്ദിനവും മാതൃദിനവുമായി ഒരു മെയ് മാസം കൂടി ...!

സർവ രാജ്യത്തൊഴിലാളികൾക്കും അഭിവാദ്യങ്ങൾ, എല്ലാ അമ്മമാർക്കും സ്നേഹം.

ഗർഭപാത്രത്തിന്റെ സ്നേഹകവചത്തിൽ നിന്നും പുറത്തുവന്നവൻ മറ്റൊരു ഗർഭപാത്രത്തെ വലിച്ചു കീറിയെറിഞ്ഞു ഉന്മാദം കൊള്ളുന്നു. വേനൽച്ചൂടിനുമപ്പുറം "ജിഷ"മാർ പൊള്ളുന്ന വാർത്തയായി നമ്മിൽ നിറയുമ്പോൾ മാതൃദിനം എങ്ങനെയാണ് നാം കൊണ്ടാടേണ്ടത് ?

അദ്ധ്വാനിക്കുന്നവന് അവകാശങ്ങൾ ഉണ്ടെന്ന് ഓർമിപ്പിക്കുന്ന ഒരു മെയ്ദിനം കൂടി കടന്നു പോകുന്നു. ഇന്നിന്റെ ലോകം വിയർപ്പുചാലിൽ പടുത്തുയർത്തിയതാണെന്ന അവബോധം പുത്തൻ പ്രതീക്ഷകൾക്കും ഉണർവേകുന്നു. അദ്ധ്വാനം മഹത്തരം എന്ന് ഓരോ മേയ്ദിനവും നമ്മെ ഓർമിപ്പിക്കുന്നു.

നമ്മളെ ആര് ഭരിക്കണം, അവർ എങ്ങനെയുള്ളവർ ആയിരിക്കണം എന്ന് ഒരിക്കൽ കൂടി നാം തീരുമാനിക്കുന്നു. വോട്ട് ചെയ്യുക ഒരു പൗരധർമമാണ്. അത് ഫലവത്തായി ഉപയോഗിക്കുക. നാം നമ്മളെ ഭരിക്കുകയാണ് എന്ന് തിരിച്ചറിയുക.

ഉരുകുന്ന വേനൽച്ചൂടിൽ നിന്നും നാട് മഴയുടെ നനുത്ത സ്പർശത്തിലേയ്ക്കു കാലഭേദം ചെയ്യുന്നു. ഇടവപ്പാതിയില്ലാതെ കേരളമില്ല. അത് നമ്മുടെ സ്വകാര്യ അഹങ്കാരമാണ്.

ഇ-മഷി വായനക്കാർക്ക് നൻമയുടെ, സ്നേഹത്തിന്‍റെ, ഇടവപ്പാതിപ്പെയ്ത്ത് വേഗമുണ്ടാകട്ടെ എന്ന ആശംസയോടെ,

ഇ-മഷി ടീം

↑ top