≡ മേയ് 2016 ലക്കം
അമ്മയോർമ്മകൾ

ചുറ്റിലും കുറേ അമ്മമാര്‍!

അമ്മ ഒരു കഥ പറയുവാന്‍ തുടങ്ങുകയാണ്. ചിമ്മിനി വിളക്കിന്റെ വെട്ടത്തില്‍ ഇരുന്നു ഞാനെന്ന ആ എട്ടു വയസ്സുകാരന്‍ അത് കേള്‍ക്കുന്നു. കിട്ടിയ തല്ലിന്റെ വേദനയോര്‍ത്തോ കുറ്റബോധം കൊണ്ടോ ഞാന്‍ വിങ്ങി വിങ്ങി കരയുന്നുണ്ടായിരുന്നു. അമ്മയറിയാതെ വീട്ടില്‍ നിന്നും എടുത്ത അഞ്ചുരൂപ എന്റെ മനസ്സിന്റെ ഉള്ളില്‍ നീറ്റലുകള്‍ സൃഷ്ടിച്ചു. അമ്മ കഥ പറഞ്ഞു തുടങ്ങി.

“ഒരു കുട്ടി അയല്‍വീടുകളില്‍ കളിക്കാന്‍ ചെല്ലും.എന്നിട്ട് തിരിച്ചു വരുമ്പോള്‍ അവിടത്തെ കുട്ടികളുടെ കളിപ്പാട്ടങ്ങളോ അല്ലെങ്കില്‍ മറ്റുള്ള ചെറിയ എന്തെങ്കിലുമോ എടുത്തുവരുമായിരുന്നു. വീട്ടിലേക്ക് ഇങ്ങനെ അവന്‍ കൊണ്ട് വരുന്ന സാധനങ്ങള്‍ ആ കുട്ടിയുടെ അമ്മ കാണാറുണ്ടായിരുന്നു. പക്ഷെ ഒരിക്കലും അവര്‍ അത് തടഞ്ഞില്ല.എല്ലാം നിസ്സാരങ്ങളായ സാധനങ്ങള്‍ ആയിരുന്നു. പക്ഷെ ഒരിക്കല്‍ അയല്‍വീട്ടില്‍ നിന്നും കുറച്ചു പണം കാണാതെ പോയി. സ്വാഭാവികമായും ആ വീട്ടുകാര്‍ ഈ കുട്ടിയെ സംശയിച്ചു. സത്യത്തില്‍ ഈ കുട്ടി അത് എടുത്തിട്ടുണ്ടായിരുന്നില്ല. പക്ഷെ സംശയം കാരണം എല്ലാവരും അവന്‍ തന്നെ കള്ളനെന്നു പറഞ്ഞു. ഒടുവില്‍ സങ്കടം സഹിക്കവയ്യാതെ അവന്‍ നാട് വിട്ടു. അമ്മ ഒറ്റയ്ക്കായി. കള്ളന്‍ എന്ന് പേര് വീണ അവനു പിന്നീട് ആ പേരില്‍ നിന്നും ഒരിക്കലും മോചനം കിട്ടിയില്ല. പിന്നീട് അവന്‍ ശരിക്കും കളവുകള്‍ നടത്തുവാന്‍ തുടങ്ങി. വലിയൊരു കള്ളനായി മാറി. ആ അമ്മയുടെ ചെറിയൊരു ശ്രദ്ധക്കുറവാണ് ആ കുട്ടിയെ കള്ളനാക്കി മാറ്റിയത്. അതുകൊണ്ട് മോന്‍ ഒരിക്കലും കള്ളം പറയുകയോ കള്ളം ചെയ്യുകയോ ചെയ്യരുത്.”

എനിക്ക് വീണ്ടും കരച്ചില്‍ വന്നു. കിട്ടിയ തല്ലിനേക്കാള്‍ വേദന ഉള്ളില്‍ വന്നു നിറഞ്ഞു. അന്ന് ആദ്യമായി അമ്മയോട് കള്ളം പറഞ്ഞതിനെയോര്‍ത്ത് ഞാന്‍ വല്ലാതെ ദുഖിച്ചു. ഇനി കള്ളങ്ങള്‍ പറയില്ലയെന്നും പ്രവര്‍ത്തിക്കില്ലായെന്നും മനസ്സില്‍ ഉറപ്പിച്ചു. പിന്നീട് ഒരിക്കല്‍ ഞാന്‍ അതിശയത്തോടെ ചോദിച്ചിട്ടുണ്ട്. അമ്മയ്ക്കെവിടെ നിന്നാണ് ഈ കഥ കിട്ടിയതെന്ന്. അമ്മയ്ക്ക് തന്നെ അത് നിശ്ചയമില്ലായിരുന്നു. ഓരോ തെറ്റുകള്‍ ചൂണ്ടിക്കാട്ടുവാനും അമ്മയ്ക്കൊരു കഥയുണ്ടാകും. അനുഭവങ്ങളുടെ ഉലയില്‍ പഴുത്തു തെളിഞ്ഞ ജീവിതമാണ് അമ്മയുടെത്. ജീവിതാനുഭവങ്ങളെക്കാള്‍ വലിയ അറിവില്ലെന്ന് പറയാന്‍ അമ്മയ്ക്ക് കഴിയുന്നതും അതുകൊണ്ടാകാം.

ഞാന്‍ കണ്ട മിക്കവാറും അമ്മമാര്‍ക്കും ഒരു മുഖമായിരുന്നു. അമ്മയെന്ന വാക്ക് സ്നേഹത്തിന്റെ മാന്ത്രികത്വം നിറഞ്ഞതാണ്‌. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വ്യക്തി ആരെന്ന ചോദ്യത്തിന് അമ്മയെന്ന് മാത്രമേ ഉത്തരമുള്ളൂ. അമ്മമാരുടെ മുഖത്തെ ഓര്‍ക്കുമ്പോള്‍ മക്കളെക്കുറിച്ച് വ്യാകുലപ്പെടുന്ന കണ്ണീരിന്റെ വക്കോളമെത്തിയ മൂടികെട്ടിയ മേഘമുള്ള ആകാശത്തെയാണ് എനിക്ക് ഓര്‍മ്മ വരിക, ഒരുപാട് അമ്മമാരുടെ അവകാശങ്ങള്‍ നമുക്ക് മേലുണ്ട്. തിരിച്ചുകൊടുത്താല്‍ തീരാത്ത കടംകൊണ്ട് നടക്കുന്നവരാണ് ഓരോ മക്കളും. നേഴ്സറി സ്കൂളില്‍ എന്നെക്കൊണ്ട് പോയിരുന്ന, അകാലത്തില്‍ മരിച്ചുപോയ,കൂട്ടുകാരന്റെ അമ്മയെക്കുറിച്ച് ഇടയ്ക്കിടെ “നിന്നെ അവളാണ് എല്ലാ ദിവസവും നെഴ്സറി സ്കൂളില്‍ കൊണ്ട് പോയത്” എന്ന് നന്ദിയോടെ ഓര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന അമ്മ, ആശുപത്രിയിലായിരുന്നപ്പോള്‍ നിന്നെ ഒരമ്മയെപ്പോലെ നോക്കിയത് മുഴുവന്‍ ഇളയമ്മയായിരുന്നുവന്നു പറഞ്ഞു ഇടയ്ക്കിടെ അത് ഓര്‍മ്മിപ്പിക്കുന്ന അമ്മ, അമ്മ തന്നെ നമ്മുടെ ചുറ്റിലും കുറെ അമ്മമാരെ സൃഷ്ടിച്ചു വയ്ക്കുന്നു. മറ്റുള്ളവര്‍ ചെയ്ത ഓരോ നന്മയും എടുത്തുപറഞ്ഞ് അവരെ സ്നേഹിക്കാന്‍ പറയുന്ന അമ്മ, അവര്‍ ചെയ്ത ദുഷ്ടത്തരങ്ങള്‍ അവര്‍ക്ക് അറിയാതെ പറ്റിയ തെറ്റാണെന്ന് പറഞ്ഞു ന്യായീകരിച്ചു പക വളര്‍ത്താതിരുന്ന അമ്മ, അങ്ങനെ അമ്മയ്ക്ക് നിരവധി രൂപഭാവങ്ങള്‍ കണ്ടിട്ടുണ്ട്.

പറഞ്ഞല്ലോ - എനിക്ക് ചുറ്റിലും അമ്മമാര്‍ ഉണ്ടായിരുന്നു, അമ്മയുടെ അനിയത്തിമാരും എട്ടത്തിമാരും ഒരു തരത്തില്‍ അമ്മമാര്‍ ആയിരുന്നു. വീട്ടാന്‍ കഴിയാത്ത കടമായി ബാക്കിനില്‍ക്കുകയാണ് അമ്മമാരുടെ സ്നേഹങ്ങള്‍. പറഞ്ഞാലും എഴുതിയാലും തീരാത്ത അത്രയും സ്നേഹം നിറച്ചാണ് അവരുടെ മുഖങ്ങള്‍ ഓരോ നിമിഷങ്ങളിലും കാണുന്നത്. പ്രവാസിയായതിനു ശേഷം ലീവ് കഴിഞ്ഞു തിരിച്ചു പോരാന്‍ ഒരുങ്ങുമ്പോള്‍, കരയാതെ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന നേരത്ത്, വീട്ടിലേക്ക് കേറി വന്നു കൈപിടിച്ചൊരു മുത്തം തന്ന് എന്റെ മുഖത്ത് നോക്കാതെ “കുഞ്ഞുങ്ങളൊക്കെ ഒന്നോ രണ്ടോ മാസം നിന്നിട്ട് പോമ്പം ഒരു വെഷമം തന്നെപ്പാ” എന്ന് പറഞ്ഞു കരയുന്ന കൂട്ടുകാരന്റെ അമ്മയെ കണ്ട് ഞാന്‍ വല്ലാതായപ്പോള്‍ എന്നെ ആശ്വസിപ്പിക്കാനെന്നവണ്ണം ഉള്ളിലുള്ള സങ്കടങ്ങള്‍ എല്ലാം ചേര്‍ത്ത് “ഓളും ഒരമ്മയല്ലെടാ..വിഷമം അടക്കാന്‍ പറ്റണ്ടേ” എന്ന് കരച്ചിലിനും ചിരിക്കും ഇടയ്ക്ക് വച്ച് പറഞ്ഞു ഞാന്‍ കാണാതെ കരയുന്ന അമ്മ. സിനിമയിലും കഥയിലും ജീവിതത്തിലും കണ്ട അമ്മമാരില്‍ മിക്കവര്‍ക്കും ഒരേ മുഖമായിരുന്നിരിക്കണം. എവിടെയോ കേട്ട് മറന്ന പാട്ട് പോലെ അമ്മയും നന്മയും ഒന്നാണ് എന്നതുപോലെ നന്മയുടെ മുഖം തന്നെയായിരുന്നു അമ്മമാര്‍ക്ക്.

വാക്കുകള്‍ കൊണ്ട് ഹൃദയം മുറിഞ്ഞു എന്നിരിക്കട്ടെ ആ മുറിവുണങ്ങാന്‍ ഒരു വഴിയുണ്ട് അമ്മയോട് ഒന്ന് സംസാരിക്കുക.. ആ മുറിവിനെ കരിച്ചു കളയുന്ന ഒരു ഒറ്റമൂലി അമ്മയുടെ കയ്യിലുണ്ടാകും. എല്ലാം അമ്മമ്മാരുടെ കയ്യിലും അതുണ്ടാകുമെന്നു എനിക്കുറപ്പാണ്.. അടുക്കളയിലെ നിശ്വാസവും അച്ഛനിലേക്കുള്ള പാലവുമാകുന്നു അമ്മയെന്നു എഴുതിയതാരെന്നു അറിയില്ല. പക്ഷേ, മക്കളുടെ മനസ്സിലെ അച്ഛന്‍ രൂപപ്പെടുന്നത് അമ്മയുടെ വാക്കുകളിലൂടെയാണെന്നു തോന്നിയിട്ടുണ്ട്. പ്രതിസന്ധികളില്‍ ബുദ്ധിപൂര്‍വ്വമായ,നമ്മളെ പോലും അത്ഭുതപ്പെടുത്തുന്ന പരിഹാരങ്ങള്‍ കണ്ടെത്തുന്ന അതേ അമ്മ വളരെ ഈസിയായി കൈകാര്യം ചെയ്യേണ്ടുന്നവയ്ക്ക് ഉത്തരം കിട്ടാതെ വലഞ്ഞുപോകുന്നതെങ്ങനെയെന്നു അതിശയപ്പെട്ടിട്ടുണ്ട് ചിലപ്പോഴൊക്കെ. നമ്മള്‍ക്ക് ഉത്തരമില്ലാത്തതിനും നമ്മളെ കുഴയ്ക്കുന്നതിനും മാത്രം ഇവര്‍ക്കെവിടുന്നാണ് ഇത്രയ്ക്ക് ഉത്തരങ്ങള്‍? അമ്മമാരെ സ്നേഹിക്കുന്ന മക്കളെയും മക്കളെ സ്നേഹിക്കുന്ന അച്ഛന്മാരെയും വിസ്മരിക്കുന്നില്ല.എഴുതി തീരാത്തത് കൊണ്ട് നിര്‍ത്തുന്നു. പ്രിയപ്പെട്ട അമ്മമാരെ നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ..................... !!

↑ top