≡ മേയ് 2016 ലക്കം
അമ്മയോർമ്മകൾ

അമ്മ വലിയൊരു പാഠമാണ്

അമ്മയോർമ്മകൾ - എന്ത് എങ്ങനെ എഴുതിത്തീർക്കും എന്നാണ് ആദ്യം ചിന്തിച്ചത്. ഒരോർമ്മ.. ഏറ്റവും പ്രിയപ്പെട്ടത്.. അങ്ങനെ ഒന്ന് തിരഞ്ഞെടുക്കാനാവുമോ ഏതെങ്കിലും മകനോ മകൾക്കോ? അറിയില്ല..

പിടിച്ചിരുത്തി ഉപദേശിക്കുക, അച്ചടക്കം പഠിപ്പിക്കുക, മാർക്ക് കുറഞ്ഞാൽ വഴക്ക് പറയുക, ശിക്ഷിക്കുക ഇതിനൊന്നും അമ്മക്ക് സമയം കിട്ടിയിട്ടില്ല. വെളുപ്പിനെ കുളിച്ച് കാപ്പി രണ്ടിറക്ക് കുടിച്ചെന്നു വരുത്തി രണ്ടും മൂന്നും ബസ് കയറിയും നടന്നും ജോലിക്ക് പോയി രാത്രിയിൽ ഒരു കുമ്പിൾ കടലയുമായി തിരിച്ചെത്തുന്ന അമ്മയെ ശരിക്കും കാണുന്നത് അത്താഴത്തിന് ഊണുമേശയിലെത്തുമ്പോഴായിരുന്നു. ഞങ്ങളുടെ സ്കൂൾ വിശേഷങ്ങൾ അന്വേഷിക്കും. അന്നൊക്കെ കൂടുതൽ അടുപ്പവും സ്വാതന്ത്ര്യവും ചേച്ചിമാരോടായിരുന്നു. അമ്മയുടെ കൂടെ കിടക്കാൻ വിളിക്കുമ്പോൾ ഇടനാഴിയിൽ ഒരുമിച്ചുകിടക്കുന്ന ചേച്ചിമാരുടെ തമാശകളിലേക്കായിരുന്നു മനസ് നീണ്ടിരുന്നത്. മാത്രമല്ല അമ്മയുടെ അടുത്തുകിടന്ന് ഉറക്കം പിടിച്ചുവരുമ്പോഴാവും ഒരു പേനോ ഈരോ വലിച്ചെടുത്തു വേദനിപ്പിക്കുക! പഠനവും ഉദ്യോഗവും ഒക്കെയായി നാടുവിട്ടപ്പോഴായിരുന്നു മുടിയിഴയിൽ ഇഴയുന്ന വിരലുകളെ.. സങ്കടം വരുമ്പോൾ മുഖമമർത്തുന്ന നെഞ്ചിലെ അമ്മമണത്തെ.. സ്വരത്തിന്റെ അറ്റത്ത് ഒരു വിങ്ങലൊളിപ്പിച്ച വിളിയെ ഒക്കെ കൊതിച്ചുപോയത്.

ഞാൻ കയറിയ ബസ്‌ കണ്ണിൽ നിന്നും മായുന്നതുവരെയും അമ്പലമുറ്റത്ത്‌ നോക്കിനിൽക്കുന്ന രൂപം ഓർക്കുമ്പോഴൊക്കെ ഓടിപ്പോയി എസ് ടി ഡി ബൂത്തിൽ കയറി സമയം പോലും നോക്കാതെ നമ്പർ കറക്കുമ്പോൾ അങ്ങേത്തലക്കൽ ആദ്യത്തെ ബെല്ലിനുതന്നെ മറുപടി കിട്ടും, "നീയങ്ങെത്തിയിട്ട് വിളിച്ചില്ലല്ലോ എന്നോർത്തിരിക്കുവായിരുന്നു" എന്ന്. പ്രായം കൂടുംതോറും ഓരോ മകളും അമ്മയുടെ ഹൃദയതാളം അറിഞ്ഞുതുടങ്ങും. അന്നാണ് ഓരോന്നിനും ഓടി ആ നെഞ്ചിൽ മുഖമൊളിപ്പിക്കാൻ കൊതി കൂടുന്നത്.

എന്നാൽ അമ്മ എത്രത്തോളം എന്നെ അറിഞ്ഞിരുന്നു എന്ന് മനസിലാക്കിയത് പ്രണയകാലത്തായിരുന്നു. അങ്ങനെ ഒന്നുമില്ല എന്ന് വിശ്വസിപ്പിച്ച്, ദൂരെയുള്ള ആളോട് രഹസ്യമായി ആശയവിനിമയം നടത്തിവന്ന കാലം. ഒരു കല്യാണാലോചന വളരെ ബലപ്പെട്ടു. പറയുന്ന ഒഴിവുകഴിവുകൾ ഒന്നും വിലപ്പോവുന്നില്ല. അവർക്ക് അപൂർവമായി ചേർന്നുകിട്ടിയ ജാതകമാണത്രെ. വിടാൻ ഉദ്ദേശമില്ല. കാത്തിരിക്കാൻ തയ്യാർ. ഞാൻ ആളെ വിവരമറിയിച്ചു. നല്ല ജോലിയൊന്നും ആയിട്ടില്ല. അതുകൊണ്ട് ഇനിയെല്ലാം വിധിക്ക് വിടാനായിരുന്നു അവിടത്തെയും തീരുമാനം. എന്റെ മൌനം വളർന്നപ്പോൾ അമ്മ വിളിച്ചു. "എന്താ നിനക്ക് പഴയതിൽ നിന്ന് പുറത്തുവരാനാണോ പ്രശ്നം?" തുറന്ന ചോദ്യം കേട്ട് ഞെട്ടിപ്പോയി. അവ്യക്തമായി ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ ഞാൻ. അമ്മ ഒന്നും പറയാതെ ഫോൺ വെച്ചു. ദേഷ്യം വന്നുവെന്നാണ് കരുതിയത്. എന്നാൽ അപ്പോൾ തന്നെ അവരെ വിളിച്ചു താല്പര്യമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞുവെന്ന് അന്ന് വൈകിട്ട് ചേച്ചി പറഞ്ഞപ്പോൾ ഹൃദയത്തിനുള്ളിൽ അമ്മ ഒരു ദേവതയാവുന്നതറിഞ്ഞു. പിന്നീടെപ്പോഴോ അതിനെ കുറിച്ച് പറഞ്ഞപ്പോൾ അലസമായി പറഞ്ഞത് ഇത്രേള്ളൂ. "എന്റെ കുഞ്ഞിന്റെ മനസറിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാ അമ്മയെന്നും പറഞ്ഞിരിക്കുന്നെ?" അമ്മ വലിയൊരു പാഠമാണ്.

↑ top