≡ മേയ് 2016 ലക്കം
അമ്മയോർമ്മകൾ

നിറകണ്‍ മിഴിയോര്‍മ്മ

അമ്മ ഒന്ന്. എന്നാല്‍ അമൂല്യമായ,വര്‍ണ്ണപ്രഭ വിതറിനില്‍ക്കുന്ന അമ്മയോര്‍മ്മകള്‍ അനവധി.

വെറുതെയൊന്നു പരതി, മനസിലേക്കോടിയെത്തിയവയില്‍നിന്ന് ഒന്ന് തിരഞ്ഞെടുക്കുകയാണ്, ഇമഷിക്ക് വേണ്ടി.

ഇങ്ങനെ തുടങ്ങാം. കോട്ടയം പട്ടണത്തില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയായിരുന്നു എന്‍റെ അമ്മയുടെ വീട്. ഞാന്‍ ജനിച്ചു വീണത്‌ ആ വീട്ടിലാണെങ്കിലും വളര്‍ന്നതും പഠിച്ചതുമെല്ലാം ഹൈറേഞ്ചിലായിരുന്നു. എന്‍റെ നാട്ടില്‍ അന്ന് ഇല്ലാത്ത പലതും ഉള്ള ഒരു സ്വപ്ന നഗരമായിരുന്നു എനിക്കന്ന് കോട്ടയം പട്ടണം. ഒന്നിലധികം നിലകളുള്ള കെട്ടിടങ്ങളും, നല്ല സൊയമ്പന്‍ മസാല്‍ദോശ കിട്ടുന്ന ആര്യഭവന്‍ ഹോട്ടലും കുട്ടികളുടെ പബ്ലിക്‌ ലൈബ്രറിയും റെയില്‍വേസ്റ്റേഷനും തിരുനക്കര മഹാദേവക്ഷേത്രവുമെല്ലാം എനിക്ക് മനം കുളിര്‍പ്പിക്കുന്ന അത്ഭുതങ്ങളും കണ്ടു കൊതിതീരാത്ത ആവേശവുമായിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ ഓട്ടോ റിക്ഷകള്‍ ഓടി തുടങ്ങിയിരുന്നില്ല. കൂപ്പര്‍എഞ്ചിന്‍ ഫിറ്റു ചെയ്ത ജീപ്പുകള്‍ അല്ലാതെ ഒരൊറ്റ കാറ് പോലും നിരത്തില്‍ കാണാന്‍ കിട്ടില്ലായിരുന്നു

എന്‍റെ കുട്ടിക്കാലത്ത് എല്ലാ വലിയവധിക്കും മുടക്കം വരാതെ ഞങ്ങള്‍ കുട്ടികള്‍ മൂവരും അമ്മയുടെ വീട്ടില്‍ കുടികിടപ്പവകാശം സ്ഥാപിക്കാന്‍ പോകാറുണ്ടായിരുന്നു. ഹൈറേഞ്ചില്‍ നിന്ന് ബസ്‌യാത്ര കഴിഞ്ഞു മനം പിരണ്ട് തിരുനക്കരയില്‍, ഇന്നത്തെ പഴയ ബസ്സ്റ്റാന്‍ഡില്‍ ചെന്നിറങ്ങുമ്പോള്‍ അവിടെ എന്നെ കാത്തിരിക്കുന്ന ആദ്യ സന്തോഷം ആര്യഭവന്‍ ഹോട്ടലിലെ മസാല്‍ദോശയായിരിക്കും. പിന്നെ ചൂടു കാറ്റടിച്ച് ആഫ്രിക്കന്‍പായല്‍ ചീഞ്ഞ വെള്ളക്കെട്ടുകളിലെ പ്രത്യേക മണം ശ്വസിച്ച്, വെട്ടുകല്ലില്‍ തീര്‍ത്ത മതിലുകള്‍ നോക്കി ‘ലാമട്ര’യിലൊരു യാത്ര. ഞാന്‍ ജനിച്ചു വീണ വീട്ടിലേക്കുള്ള ആ മൂന്ന് കിലോമീറ്റര്‍ യാത്ര എത്ര ആസ്വദിച്ചാലും മതിവരാത്ത അനുഭൂതിയായിരുന്നു പകര്‍ന്നു തന്നിരുന്നത്. വീട്ടിലെത്തുമ്പോള്‍ പാല്‍പ്പുഞ്ചിരി പൊഴിച്ച് അമ്മയുടെ അമ്മ, ഞങ്ങളുടെ വല്യമ്മച്ചി ‘കൊച്ചെ’ എന്നു അത്യധികം സ്നേഹത്തോടെ വിളിച്ചു വന്ന് എതിരേല്‍ക്കും. കടിച്ചു തിന്നാന്‍ എന്നമട്ടില്‍ വികാരവായ്പ്പോടെ ഓടിയടുക്കുന്ന അമ്മയുടെ അനിയത്തിമാര്‍..! വാത്സല്ല്യം തുളുമ്പുന്ന കണ്ണുകളോടെ ഇഷ്ടം കൂടാനെത്തുന്ന അമ്മാവന്‍മാര്‍. അങ്ങനെയങ്ങനെ....സന്തോഷം നിറഞ്ഞ പൂത്തിരിവെട്ടമായിരുന്നു, അവിടെ നിറയെ!

മുതിര്‍ന്നവരൊക്കെ അമ്മച്ചി എന്നു വിളിച്ചിരുന്ന ഞങ്ങളുടെ വല്യമ്മച്ചിയാണെങ്കില്‍ അധികം ചിരിക്കുക പതിവില്ലായിരുന്നു. 1965 സെപ്തംബര്‍ മാസം ഇരുപത്താറാം തീയതിയാണ് വല്യച്ചന്‍ ബസപകടത്തില്‍ മരിക്കുന്നത്. അപ്പോള്‍ വല്യമ്മച്ചി ഏഴാമത്തെ കുഞ്ഞിനെ പ്രസവിച്ചിട്ട് അഞ്ചു ദിവസം മാത്രം. വല്യച്ഛന്‍റെ മരണശേഷം ഇരുപത്താറാം ദിവസം ആ കുഞ്ഞും ചില അസുഖകാരണങ്ങളാല്‍ ഈ ലോകത്തോട്‌ വിടപറഞ്ഞു. അടുത്തടുത്തുണ്ടായ ഈ രണ്ടു മരണങ്ങളോടെയാവാം വല്യമ്മച്ചിയുടെ ചിരി വറ്റിയത്. അത് കൊണ്ട് തന്നെ ഞങ്ങളെ കാണുമ്പോള്‍ വല്യമ്മച്ചി അപൂര്‍വമായി ചിരിക്കാറുള്ള ചിരിക്ക് മഴവില്ലിന്‍റെ അഴകായിരുന്നു. അതിനു വാത്സല്ല്യം കിനിയുന്ന മുന്തിരിമധുരമായിരുന്നു.

വല്ലപ്പോഴും മാത്രമേ വല്യമ്മച്ചി പുറത്തേക്കിറങ്ങാറുണ്ടായിരുന്നുള്ളൂ. എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍ മാത്രം. വല്യച്ഛന്‍റെ മരണശേഷം ആറു കുട്ടികളെ വളര്‍ത്തിയെടുക്കാനുള്ള വല്യമ്മച്ചിയുടെ തത്രപ്പാടിനെപ്പറ്റി അമ്മ എപ്പോഴും പറഞ്ഞു കേള്‍ക്കുമായിരുന്നു. മൂത്തവര്‍ രണ്ടു പേരും ആണ്‍കുട്ടികള്‍. പിന്നെയുള്ള നാലും പെണ്‍കുട്ടികള്‍. പെണ്‍കുട്ടികളില്‍ മൂത്തയാളായിരുന്നു എന്‍റെ അമ്മ. കുടുംബം പുലര്‍ത്താന്‍ പഠനമുപേക്ഷിച്ച് അമ്മാവന്മാര്‍ പണിക്കു പോയി തുടങ്ങി. അച്ചടക്കത്തോടെ വീട്ടുകാര്യങ്ങള്‍ നോക്കിയും കിട്ടുന്നതില്‍ നിന്ന് മിച്ചം പിടിച്ച് പെണ്‍കുട്ടികളെ പഠിപ്പിച്ചും വല്യമ്മച്ചി ആ വീടിന്റെ നെടുംതൂണായിമാറി. ഒരു ചീത്ത വാക്ക് പോലും പറയാത്ത, അനാവശ്യമായി ഒരിക്കലും ദേഷ്യപ്പെടാത്ത നല്ല അന്തസുള്ള സ്ത്രീയായിരുന്നു എന്‍റെ വല്യമ്മച്ചി. അതുകൊണ്ട് തന്നെ സ്നേഹനിധിയായ വല്യമ്മച്ചിയെ എല്ലാവരും ഏറെ സ്നേഹിച്ചിരുന്നു. കുടുംബത്തില്‍ നിന്ന് ആദ്യം ഇഴപിരിഞ്ഞു പോയത് എന്‍റെ അമ്മയായത് കൊണ്ടാകാം, വല്യമ്മച്ചി ഒരു പ്രത്യേക ഇഷ്ടം എന്റെ അമ്മയോട് എപ്പോഴും കരുതിയിരുന്നു. അവര്‍ തമ്മിലുള്ള സ്നേഹബന്ധത്തിനു ഒരു പ്രത്യേക ആഴവും പരപ്പും എനിക്ക് പലപ്പോഴും ഫീല്‍ ചെയ്യപ്പെട്ടിരുന്നു.

ഞങ്ങള്‍ ചെല്ലുന്ന വിവരം കത്തുകളിലൂടെ അറിയുന്ന വല്യമ്മച്ചി നല്ല രുചികരമായ കായല്‍മീന്‍കറി തയ്യാറാക്കി വച്ചിട്ടുണ്ടാകും. എന്‍റെ അമ്മയ്ക്കാണെങ്കില്‍ മീന്‍കറി എന്നും ഒരു ഭ്രാന്തായിരുന്നു. ‘അമ്മച്ചിയെ...ഇന്ന് മീന്‍ എന്തുവാ...?’ എന്ന് ചോദിച്ചു കൊണ്ടാകും ഓരോ തവണയും വീട്ടിലേക്കു പടികയറി ചെല്ലുന്നത് തന്നെ. ചൂട് കാലാവസ്ഥയും ചൂട് ചോറും ചൂട് മീന്‍കറിയും മത്സരിച്ചൊന്നുചേര്‍ന്ന ആ അസുലഭ അനുഭൂതിയും അത് ഞങ്ങള്‍ക്കായി ഉണ്ടാക്കി വയ്ക്കുന്ന വല്യമ്മച്ചിയും ആയിരുന്നു ഒരുകാലത്ത് എനിക്ക് എന്‍റെ അവധിക്കാലങ്ങള്‍.

അങ്ങനെ, അഞ്ചാം ക്ലാസ്സിലെ മധ്യവേനലവധി കഴിഞ്ഞു തിരിച്ചെത്തി ആറാം ക്ലാസ്സിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സമയത്താണ്, ഒരു ദിവസം രാവിലെ ആ കത്ത് വരുന്നത്. ഫോണ്‍ സൗകര്യം ഇല്ലാതിരുന്നതിനാലും തപാലില്‍ താമസം വരും എന്നതിനാലും കോട്ടയത്ത് നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ എന്‍റെ അച്ഛന്റെ വിലാസം പുറത്തുകുറിച്ച് ടി കത്ത് കൊടുത്തുവിടുകയായിരുന്നു. വണ്ടിക്കാരന്‍ കടയില്‍ ഏല്‍പ്പിച്ച കത്ത്, പതിവ് ചായയ്ക്ക് കവലയിലെത്തിയ അച്ഛന്റെ കയ്യില്‍ കിട്ടുമ്പോള്‍ സമയം എട്ടുമണിയായിക്കാണും.

കത്ത് തുറന്ന അച്ഛന്‍ ഞടുങ്ങി നിന്നു.

‘അമ്മച്ചി മരിച്ചു പോയി. ഉച്ചകഴിഞ്ഞ് അടക്ക്. വേഗം എത്തുക’ എന്നതായിരുന്നു അതിലെ ഉള്ളടക്കം. അമ്മാവന്‍റെ പേരാണ് അതില്‍ വച്ചിരുന്നത്.

അപ്രതീക്ഷിതമായിരുന്നു അത്. അമ്മയുടെ ഏറ്റവും ഇളയ അനിയത്തിയുടെ വിവാഹം ഉറപ്പിച്ച സമയം. പ്രത്യേകിച്ച് ഒരസുഖവുമില്ലാതിരുന്ന വല്യമ്മച്ചി. വിവാഹാവശ്യങ്ങള്‍ക്കായി ചുറുചുറുക്കോടെ ഓടി നടക്കുന്നതിനിടയില്‍....! വിശ്വസിക്കാനായില്ല. ടാക്സി ഏര്‍പ്പാടാക്കി അച്ഛന്‍ വീട്ടിലേക്കു കുതിച്ചെത്തി.

‘പെട്ടെന്നൊരുങ്ങ്.... ഉടനെ കോട്ടയം പോകണം. അമ്മച്ചിക്ക് നല്ല സുഖമില്ല..’

അച്ഛന്‍റെ വെപ്രാളത്തില്‍ നിന്നും കാര്യം ഗ്രഹിച്ച അമ്മ നിലവിളക്കിനു മുന്‍പിലേക്ക് ഓടുകയാണ് ആദ്യം ചെയ്തത്. തിരി കത്തിച്ച് കണ്ണീര്‍ തൂവി അമ്മ ഏറെനേരം പ്രാര്‍ത്ഥിച്ചുനിന്നു, ടാക്സി വരും വരെ. പിന്നെ എങ്ങനെയൊക്കെയോ സാരി വാരിച്ചുറ്റി ടാക്സിയില്‍ കയറുമ്പോള്‍ മുതല്‍ അമ്മ ഇടതടവില്ലാതെ കരയുകയായിരുന്നു. കുട്ടിക്കാനത്തെത്തി ടാക്സി അല്‍പ്പനേരത്തേക്ക് നിര്‍ത്തി ഞാനും എന്‍റെ ഇളയ പെങ്ങളും അച്ഛനൊപ്പം പുറത്തേക്കിറങ്ങുമ്പോള്‍, ഒരു പരിചയക്കാരനെ കണ്ടു അച്ഛന്‍ അയാള്‍ക്കരികിലേക്ക് പോയപ്പോള്‍ ഞങ്ങളും ഒപ്പംകൂടി.

‘ഭാര്യയുടെ അമ്മ മരിച്ചു... കോട്ടയത്തിനു പോകുകയാണ്...’

അച്ഛന്‍ ഞങ്ങളെ ശ്രദ്ധിക്കാതെ ഉള്ള സത്യം അയാളോട് വിളിച്ചു പറയുന്നത്‌ കേട്ടു. വല്യമ്മച്ചിയുടെ അസുഖം ഭേദമാകണേ എന്ന് അതുവരെ പ്രാര്‍ഥിച്ചുകൊണ്ടിരുന്ന ഞങ്ങള്‍ ഇരുവരും നടുങ്ങി പരസ്പ്പരം നോക്കി. തിരികെ ടാക്സിയിലേക്ക് നടക്കുന്നതിനിടയില്‍ ഇളയ പെങ്ങള്‍ എന്നെ തോണ്ടി.

‘നമ്മുടെ വല്യമ്മച്ചി മരിച്ചു പോയോ...?’

അവളുടെ വെളുത്ത മുഖം ചുവന്നു തുടുത്തിരുന്നു.

‘പോയി കാണും.... അമ്മയോട് പറയാത്തതാവും...’ ഞാന്‍ സങ്കടപ്പെട്ടു.

‘അപ്പോള്‍ അമ്മ വിളക്ക് വച്ച് പ്രാര്‍ത്ഥിച്ചത്‌ വെറുതെയാകുമോ...?’

അതായിരുന്നു അവളുടെ അടുത്ത ചോദ്യം. വിളക്ക് കത്തിച്ചു ഒരു കാര്യം ദൈവത്തോട് പ്രാര്‍ഥിച്ചാല്‍ ദൈവം കൈവിടില്ല എന്നായിരുന്നു ആ കൊച്ചു മനസ്സ് ഉറച്ചു വിശ്വസിച്ചിരുന്നത്. ഞാന്‍ നിസ്സഹായനായി അവളെ കൈമലര്‍ത്തി കാണിച്ചു. കുഞ്ഞുമനസ്സിന്‍റെ ആ ചോദ്യത്തിനും എനിക്ക് ഉത്തരമില്ലായിരുന്നു. അത് വരെയുള്ള പ്രതീക്ഷ നശിച്ചാണ് ഞാന്‍ ടാക്സിയില്‍ തിരികെ കയറിയത്.

‘ഇനിയിപ്പോള്‍ ജീവിപ്പിക്കാന്‍ ഒരു വഴിയുമില്ലേ....? നമ്മുടെ വല്യമ്മച്ചിയെ....’

വണ്ടി കുട്ടിക്കാനം ഇറക്കം ഇറങ്ങുന്നതിനിടയില്‍ കുഞ്ഞുപെങ്ങള്‍ അമ്മയുടെ ചെവിയിലെത്തി മെല്ലെ ചോദിച്ചു. കാര്യങ്ങള്‍ക്കു തീരുമാനമാകാനും അമ്മയുടെ കരച്ചിലിന്‍റെ ആക്കം കൂട്ടാനും അത് ധാരാളം മതിയായിരുന്നു.

സമയം നട്ടുച്ചയോടടുത്തിരുന്നു.

കോട്ടയമെത്തുമ്പോള്‍ അംബരചുംബികള്‍ എതിരേല്‍ക്കാന്‍ വന്നില്ല. മസാല്‍ദോശയുടെ രുചി ഓടിയെത്തിയില്ല. തിരുനക്കര അമ്പലത്തിലേക്ക് നോക്കിയില്ല. ഓട്ടോറിക്ഷകളെ ശ്രദ്ധിച്ചില്ല. പായലുകളുടെ മണം കിട്ടിയില്ല. ആകെ ഒരു മരവിപ്പായിരുന്നു. കരഞ്ഞു തളര്‍ന്ന അമ്മ കണ്ണീര്‍ തൂവികൊണ്ട് കണ്മുന്നില്‍ ഇരിക്കുന്നു. മരിച്ചു കിടക്കുന്ന വല്യമ്മച്ചിയെ എങ്ങനെ കാണും എന്ന ചിന്ത ഒരുവശത്ത്. ഞാന്‍ കനമേറിയ ചിന്തകളാല്‍ വല്ലാതെ കുഴഞ്ഞു മറിഞ്ഞുകൊണ്ടിരുന്നു. കാരണം എനിക്ക് ഓര്‍മ്മവച്ചതില്‍ പിന്നെ ഒരു വേര്‍പാടിനെ അഭിമുഖീകരിക്കാന്‍ പോകുന്നത് ആദ്യമായിരുന്നു.

തിരുനക്കര അമ്പലം പിന്നിട്ടു യൂണിയന്‍ക്ലബ്ബ് പരിസരത്തിലൂടെ ടാക്സി മുന്നോട്ട് നീങ്ങി. അടുക്കും തോറും അങ്കലാപ്പ് കൂടിക്കൂടി വന്നു. മരണവീടുകള്‍ സിനിമയില്‍ കണ്ട അനുഭവം മാത്രമായിരുന്നു ആകെയുള്ള കൈമുതല്‍.

പെട്ടെന്നായിരുന്നു അമ്മ ടാക്സിക്കുള്ളില്‍ നിന്ന് ഒന്ന് ഞെട്ടി എഴുന്നേറ്റത്.

‘അയ്യോ...... അമ്മച്ചി...........’ എന്ന് അത്യുച്ചത്തില്‍ അലറി കൊണ്ട് അമ്മ ബോധരഹിതയായി ടാക്സിക്കുള്ളില്‍ നിലം പതിച്ചു. ഡ്രൈവര്‍ വെടികൊണ്ട പന്നിയെപ്പോലെ കിടിലംകൊണ്ട് വണ്ടി സഡന്‍ബ്രേക്ക്‌ ഇട്ടു നിര്‍ത്തി. ഞങ്ങള്‍ മക്കളും അമ്മയും വണ്ടിയുടെ പിന്നിലായിരുന്നു ഇരുന്നത്. ഞാനും പെങ്ങന്മാരും ചേര്‍ന്ന് അമ്മയെ താങ്ങി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്‍പിലിരുന്ന അച്ഛന്‍ ചാടിയിറങ്ങി പിന്നില്‍ അമ്മയ്ക്കരുകില്‍ പാഞ്ഞെത്തി.

‘എന്താ ഉണ്ടായത്.........?’ ആര്‍ക്കും ഒന്നും പിടികിട്ടിയില്ല.

ആകെ ബഹളം. അതിനിടയിലാണ് അവിശ്വസനീയമായ ആ കാഴ്ച ഞങ്ങള്‍ കാണുന്നത്.

തല ചെരിച്ചുപിടിച്ച്, ഒരു കറുത്ത കുടചൂടി റോഡിന്‍റെ ഒരു ഓരംപറ്റി ഒന്നുമറിയാത്ത പോലെ നടന്നുവരുകയാണ് ഞങ്ങളുടെ വല്യമ്മച്ചി. ഹമ്മേ...! പ്രേതമോ...? നിര്‍ത്തിയിട്ടിരിക്കുന്ന ടാക്സിക്കരികിലേക്കാണ് വല്യമ്മച്ചിയുടെ വരവ്. ഡ്രൈവര്‍ ഒഴികെ എല്ലാവരും വല്യമ്മച്ചിയെ കണ്ടു ഞെട്ടിത്തരിച്ചു നിന്നു. ഡ്രൈവര്‍ മാത്രം പൊട്ടന്‍കളിച്ചു നിന്നു. പാവം അങ്ങേര്‍ക്കു വല്യമ്മച്ചിയെ അറിയില്ലല്ലോ. ടാക്സിക്കരുകിലെത്തി അപ്രതീക്ഷിതമായി ഞങ്ങളെ എല്ലാവരെയും കണ്ടു കണ്ണുതള്ളി വല്യമ്മച്ചിയും വണ്ടറടിച്ചു നിന്നു.

‘എന്താ... എന്താ...?’ ആകെ പന്തികേട്‌ മണത്ത വല്യമ്മച്ചി ആശയക്കുഴപ്പത്തിലായി. ടാക്സിക്കുള്ളില്‍ വീണു കിടക്കുന്ന മകളെ കണ്ടു വല്യമ്മച്ചിയും കരയാന്‍ തുടങ്ങി. അമ്മയ്ക്കെന്തോ പറ്റിയിട്ടു മെഡിക്കല്‍കോളേജിലേക്ക് പോകുന്ന വഴിയാണെന്ന് പാവം വല്യമ്മച്ചി ഒരുപക്ഷെ കരുതിക്കാണും.

‘എന്‍റെ മോള്‍ക്കെന്തുപറ്റി...’ എന്ന് ചോദിച്ചു കൊണ്ട് കൈയ്യിലിരുന്ന കുടയെറിഞ്ഞുകളഞ്ഞശേഷം വല്യമ്മച്ചി ടാക്സിക്കുള്ളിലേക്ക് പാഞ്ഞു കയറി. ഒരു വഴിപോക്കാന്‍ ആ കുട എടുത്തു തിരിച്ചും മറിച്ചും നോക്കി, പിന്നെ ചുറ്റും നോക്കി, മടക്കി ആദ്യം സ്വന്തം കക്ഷത്തില്‍ വച്ച ശേഷം അച്ഛന്‍ കൈനീട്ടിയപ്പോള്‍ അച്ഛന്റെ കൈയ്യിലേക്ക് കൊടുക്കുന്നത് കണ്ടു.

വിങ്ങിക്കരച്ചിലുകള്‍ പൊടിപൊടിക്കുന്നതിനിടയില്‍, ഏതോ ഒരു കടക്കാരന്‍ ഫ്രീയായി കൊടുത്ത ഒരു കുപ്പി ‘വട്ടുസോഡാ’വെള്ളത്തിന്‍റെ ഔദാര്യത്തില്‍ എന്റമ്മ ഉയര്‍ത്തെഴുന്നേറ്റു. അന്നൊക്കെ ‘വിത്ത്ഔട്ട്‌ വട്ട്, ദയറീസ് നോ സോഡാ’ എന്നതായിരുന്നു അലിഖിതപ്രമാണം.

മരിച്ചു പോയെന്ന് കരുതിയ അമ്മച്ചി കണ്മുന്നില്‍ നില്‍ക്കുന്നത് കണ്ട് അമ്മ അന്തംവിട്ടു വട്ടിളകിയത് പോലെ ആയി. (അല്ലെങ്കില്‍ തന്നെ പൊറുക്കാന്‍ മേല) കെട്ടിപ്പിടുത്തവും കരച്ചിലും ഏറെ നേരം നീണ്ടു നിന്നു. അതുവരെ അമ്മയുടെ കണ്ണില്‍നിന്നു ഒഴുകിയ ഉപ്പുകലര്‍ന്ന ചുടുകണ്ണീരിനുപകരം മധുരം പുരണ്ട ആനന്ദക്കണ്ണീർ കോട്ടയം പട്ടണത്തിലൂടെ സുനാമി പോലെ ഒഴുകിത്തുടങ്ങി. (ഇതിനും മാത്രം കണ്ണുനീര് എവിടിരിക്കുന്നോ ആവോ..)

ഞാന്‍ അമ്മയെതന്നെ നോക്കി നിന്നു. പാവം. ടെന്‍ഷന്‍ അടിപ്പിക്കുന്നെങ്കില്‍ ഇങ്ങനെതന്നെ അടിപ്പിക്കണം. ഉരുണ്ടു കൂടിയ ടെന്‍ഷന്‍ തെല്ലൊന്നൊഴിഞ്ഞപ്പോള്‍ ആകെ രസകരമായി തോന്നി കാര്യങ്ങള്‍. പരിസരത്ത് നിന്നവരും കാല്‍നടക്കാരും ടാക്സിക്കു ചുറ്റും കൂടി.

കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ എല്ലാവരും മൂക്കത്ത് വിരല്‍ വച്ചു. ചിലര്‍ ചിറികോട്ടി ചിരിച്ചു.

‘ഈ പെങ്കൊച്ച് ഇത് അനുഭവിക്കാനുള്ളതായിരിക്കും...’ ആരോ പറഞ്ഞു.

‘പത്തുനൂറ്റിയിരുപതു കിലോമീറ്റര്‍ കരഞ്ഞുകൂവിയത് വെറുതെയായല്ലോ...’ ഏതോ രസികന്‍ അഭിപ്രായിച്ചു.

‘ആ ഇനിയിപ്പോ ശരിക്കും മരിക്കുമ്പോള്‍ ഇത് കുറച്ചു കരഞ്ഞാ മതി കേട്ടോ...’ അങ്ങനെ പോയി അഭിപ്രായങ്ങള്‍.

എന്തായാലും വല്യമ്മച്ചിയെ തിരിച്ചു കിട്ടിയല്ലോ... അതായിരുന്നു ഞങ്ങള്‍ കൊച്ചു മക്കളുടെ സന്തോഷം.

‘അമ്മച്ചി എങ്ങോട്ടാ...?’ ഒക്കെ ഒന്നടങ്ങി,കൈപ്പിടിയിലായപ്പോള്‍ അച്ഛന്‍ വല്യമ്മച്ചിയോട് ചോദിച്ചു.

‘യൂണിയന്‍ക്ലബ്ബില്‍ താമസിക്കുന്ന ചേട്ടന്‍റെ ഭാര്യ മരിച്ചു പോയി. അത്രടം വരെ പോകുന്ന വഴിയായിരുന്നു. ഒരു പക്ഷെ അവിടുന്നാവും കത്ത് കൊടുത്തുവിട്ടത്....’

മരിച്ച ആ അമ്മയുടെ മകന്‍റെ പേരും എന്‍റെ അമ്മാവന്‍റെ പേരും ഒന്നാണെന്നുള്ള കാര്യം അപ്പോഴാണ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്.

എന്‍റെ അമ്മയും വല്യമ്മച്ചിയും അന്നനുഭവിച്ച സന്തോഷത്തിനു അതിരുകളില്ലായിരുന്നു. മരണവീട് സന്ദര്‍ശിച്ച ശേഷം വീട്ടിലേക്കു പോകും വഴി ഇരുവരും പരസ്പരം നോക്കി വെറുതെ ചിരിച്ചുകൊണ്ടിരുന്നു. ഇരുവരുടെയും കൈകള്‍ വീട്ടുപടിവരെ ബന്ധിതമായിരുന്നു. വല്ല്യമ്മച്ചിയുടെ വിയര്‍പ്പു പൊടിഞ്ഞ കൈക്കുള്ളില്‍ അമ്മയുടെ കൈവിരലുകള്‍ സാന്ത്വനത്തോടെ തലോടപ്പെട്ടുകൊണ്ടിരുന്നു. കണ്ടു കൊതിതീരാത്ത ജന്മങ്ങള്‍ കണ്ടുമുട്ടിയ പോലെയായിരുന്നു അത്. അമ്മ ഏതോ മായികലോകത്തായിരുന്നു അന്നത്തെ ദിവസം എന്നത് സ്പഷ്ടമായിരുന്നു.

പല അമ്മമാരും കെട്ടിച്ചുവിട്ട അവരുടെ പെണ്മക്കളും തമ്മിലുള്ള അടക്കിപ്പിടിച്ച ഇത്തരം സ്നേഹം കാണുമ്പോള്‍ സന്ദേശം എന്ന സിനിമയില്‍ ശങ്കരാടിചേട്ടന്‍റെ കഥാപാത്രം പറഞ്ഞ ഡയലോഗ് ആണ് എപ്പോഴും ഓര്‍മ്മ വരുക.

‘.....പല പ്രതിക്രിയാവാദികളും പ്രഥമ ദൃഷ്ട്യാ അകൽച്ചയിലായിരുന്നുവെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്ന് വേണം കരുതാന്‍...’

എല്ലാ വീട്ടിലും ഇത്തരത്തിലുള്ള ‘അന്തര്‍ധാര’ സജീവമായിതന്നെ നില്‍ക്കട്ടെ എന്നാശംസിക്കുന്നു. എന്‍റെ അമ്മ ജീവിതത്തില്‍ തരണം ചെയ്ത ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു ദിവസമായിരിക്കും ഒരുപക്ഷെ അന്നത്തേത്. സ്നേഹമെന്ന പാശത്താല്‍ ബന്ധിതരായിപ്പോയ നിസഹായരായ മനുഷ്യര്‍ ഇങ്ങനെ എന്തെല്ലാം അനുഭവിക്കുന്നു, അനുഭവിക്കാന്‍ കിടക്കുന്നു. സുഖപര്യവസായിയായിത്തീര്‍ന്ന ആ കണ്ണീരോര്‍മ്മ ഇവിടെ അവസാനിപ്പിക്കട്ടെ. ഇതെഴുതുവാന്‍ ഇടയാക്കിത്തന്ന ഈ-മഷി ടീമിനും ഈ വിഷയം തിരഞ്ഞെടുത്ത അഡ്മിന്‍സിനും ആശംസകള്‍.

വാലറ്റം:- പിന്നെയും പതിനൊന്നു വര്‍ഷം കൂടി ഞങ്ങളോടൊപ്പം കഴിഞ്ഞതിനു ശേഷമാണ് വല്യമ്മച്ചി ഞങ്ങളെ വിട്ടു പോയത്. പണ്ട് കരഞ്ഞതിന്‍റെ ബാക്കി നോക്കാതെ വീണ്ടും ഒന്നേന്നു കരഞ്ഞാണ് അമ്മ രണ്ടാമൂഴം കോട്ടയത്തിനു പോയത്.

↑ top