≡ മാര്‍ച്ച്‌ 2017
ആണെഴുത്ത്

'ബാ, നമുക്ക് പഠിക്കാം!'

എന്‍റെ ആദ്യത്തെ ഗുരു എന്‍റെ അമ്മയായിരുന്നു. ലോകത്തുള്ള ഒരു വിധം എല്ലാവര്‍ക്കും അതങ്ങനെ തന്നെയായിരിക്കും. എന്നാല്‍ ഞാനുദ്ദേശിച്ചത് നല്ല ശീലങ്ങളും ലോക തത്വങ്ങളും മാതൃഭാഷയുമൊന്നും പറഞ്ഞു തരുന്ന കാര്യമല്ല. ടെക്സ്റ്റ് ബുക്കിലുള്ള കാര്യങ്ങള്‍ പഠിപ്പിക്കുന്ന കാര്യം മാത്രമാണു. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ ഓര്‍ത്ത് വെക്കുവാനുള്ള നുറുങ്ങു വിദ്യകളൊരുപാട് അമ്മയുടെ കയ്യിലുണ്ടായിരുന്നു. അതിനെ mnemonics എന്നാണു പറയുക എന്ന് ഞാനീയിടെയാണു മനസ്സിലാക്കിയത്.

ഏഴാം ക്ലാസ് വരെ അമ്മ എന്നെ കൂടെയിരുത്തി പഠിപ്പിച്ചിരുന്നു. അതിനൊരു അയവു വരുത്തിയതു ബോര്‍ഡിംഗ് സ്കൂളിലേക്കുള്ള എന്‍റെ കൂട് മാറ്റമായിരുന്നു. ഒന്‍പതാം ക്ളാസ്സില്‍ തിരിച്ചു വീട്ടിലെത്തിയതോടെ ഞാനെന്‍റെ പഠനം സ്വയം ഏറ്റെടുത്തു. അമ്മ പഠിപ്പിക്കല്‍ നിറുത്തിയെങ്കിലും ചോദ്യം ചെയ്യലാരംഭിച്ചു. പത്താം ക്ലാസ്സിലായിരുന്നപ്പോള്‍ ലേബര്‍ ഇന്ത്യ, വിദ്യാരംഭം തുടങ്ങി വിപണിയില്‍ ലഭ്യമായ ഒരു വിധം എല്ലാ പുസ്തകങ്ങളിലും നിന്നുള്ള എല്ലാ ചോദ്യങ്ങളും എന്നോടു ചോദിച്ചിട്ടുണ്ട്.

അങ്ങനെ ‘ചോയ്ച്ച് ചോയ്ച്ച്’ പ്രീ-ഡിഗ്രി ആയി. മുഴുവന്‍ സമയവും ‘എൻട്രൻസ് പ്രിപ്പറേഷൻ’ ആണ്. ഹോട്ടലില്‍ പോക്കില്ല. സിനിമയ്ക്ക് പോക്കില്ല. പക്ഷേ എങ്ങനെ ‘പ്രിപ്പയർ’ ചെയ്താലാണ് ഈ എന്‍ട്രന്‍സ് കിട്ടുക എന്നൊരു പിടിയുമില്ല. പെട്ടെന്നൊരു ദിവസം ‘Arun’s guide’ (Physics, Chemistry, Biology - മൂന്നും ചേര്‍ന്നുള്ള ഒരു പുസ്തകമായിരുന്നു അത്) മുഴുവന്‍ പഠിച്ചു തീര്‍ത്താല്‍ എൻട്രൻസ് ഉറപ്പാണെന്നൊരു കിംവദന്തി കേട്ടു. അത് വന്ന് വീട്ടിലും പറഞ്ഞു. ഞാന്‍ ആ പുസ്തകം കവര്‍ പൊളിച്ച് മറിച്ചുനോക്കി. എല്ലാം മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങള്‍, വലിയ കുഴപ്പമില്ല. ഞാനതുമായി മുറിയില്‍ കയറി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. എന്നിട്ട് അമ്മയോട് പറഞ്ഞു,

“ആ ബയോളജി സെക്ഷനില്‍ത്തെ ആദ്യത്തെ പത്തു പേജില്‍ത്തെ ഏത് ചോദ്യം വേണെങ്കിലും ചോദിച്ചോ”.

അമ്മ അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്ത് തലങ്ങും വിലങ്ങും ചോദിച്ചു തുടങ്ങി. ഞാന്‍ കുര്‍കുറെ കൊറിക്കുന്ന ലാഘവത്തോടെ ഉത്തരങ്ങളും പറഞ്ഞു കൊണ്ടിരുന്നു. അമ്മ മെല്ലെ പുസ്തകം മറിച്ച് നോക്കി,

“ആകെ രണ്ടായിരത്തോളം പേജ്. ഒരു മണിക്കൂറില്‍ പത്തു പേജ്. ഇങ്ങനെ പോയാല്‍?”’ അമ്മ മെല്ലെയൊരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചു.

“നമുക്കൊന്ന് പുറത്തേക്കിറങ്ങിയാലോ?”

ഉടനെ ചാച്ചന്‍റെ പ്രഖ്യാപനം വന്നു.

“മതി. വാ... സിനിമക്ക് പോവാം”.

ഈ കലാപരിപാടി കുറച്ചു കാലം തുടര്‍ന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു സംശയം. ‘ഈ സാധനം മാത്രം പഠിച്ചിട്ടു കാര്യമുണ്ടോ? പഠിച്ച ഭാഗത്ത് തന്നെ ഒരുപാട് തെറ്റുകളില്ലേ?’ എങ്കിലും അത് ഞാന്‍ പുറത്ത് പറഞ്ഞില്ല. എന്തിനാ വെറുതെ സ്വന്തം ബിരിയാണിയില്‍ പാറ്റയിടുന്നത്. ഞാന്‍ കവിതാ പാരായണവും ഞങ്ങള്‍ സിനിമ കാണലും തുടര്‍ന്നു.

അങ്ങനെയിരിക്കെ ഒരു ചോദ്യോത്തരവേളക്കിടയില്‍, എന്‍റെ മുന്‍ഗാമി ഡോ. ഫിജു ചാക്കോ വീട്ടിലേക്ക് കയറി വന്നു. എഴുതിയ എക്‌സാമിന് മുഴുവന്‍ വളരെ ചെറിയ റാങ്ക് (മിക്കവാറും ഒറ്റ സംഖ്യ) വാങ്ങിട്ടുള്ള കസിനാണ്. അമ്മയുടെ മുഖത്ത് അഭിമാനവും ആത്മവിശ്വാസവും വെട്ടിത്തിളച്ചു നില്ക്കുന്നു, കൂടെ, ‘എന്‍റെ മോന്‍ Arun’s Guide മുഴുവന്‍ പഠിച്ച് തീരാറായി. എന്‍ട്രന്‍സ് എഴുതിയാ ഇപ്പോ കിട്ടും നാല് സീറ്റ്’ എന്നൊരു ഭാവവും. Arun’s Guide കണ്ട പാടെ ഫിജു ചേട്ടന്‍ ചോദിച്ചു,

“ഈ സാധനാ പഠിക്കണെ? സൂക്ഷിച്ചോളോ.കൊറെ തെറ്റിണ്ടതിലു. ഓരോ ചോദ്യവും ക്രോസ് ചെക്ക് ചെയ്യണം. പിന്നെ... ഇത് പഠിച്ചധികം സമയം കളയണ്ട. ചോദ്യത്തിന്റെ പാറ്റേൺ മനസ്സിലാക്കന്‍ ഇതു നല്ലതാ. പക്ഷെ ടെക്സ്റ് ബുക് ബേസ്‌ഡ് ഫൗണ്ടേഷൻ മസ്റ്റാ”

അമ്മ അന്തം വിട്ട് നില്‍പാണ്. ‘ഇവന്‍ വെറുതെ പേടിപ്പിക്കാന്‍ പറയണതാവും. ഏയ്... ഇവനാ ടൈപ്പല്ല. തെറ്റ് പറ്റിയതാവും. ഏയ്... സാധ്യതയില്ല!’ പഠന കാര്യങ്ങളില്‍ പുള്ളിയെ സംശയിക്കുക എന്നു പറയുന്നത് പുരോഹിതനെ ചില പ്രത്യേക കുറ്റകൃത്യങ്ങളില്‍ സംശയിക്കുന്നതിനേക്കാള്‍ പാപമാണ്. ഞാനാണെങ്കില്‍ പിടിക്കപ്പെട്ട ‘ഇര’യെപോലെ പേടിച്ച് നില്‍പ്പും, തന്‍റേതല്ലാത്ത കാരണത്താല്‍ പണി കിട്ടിയ പാവം യുവാവ്! ഞാന്‍ ഇടംകണ്ണിട്ട് നോക്കിയപ്പോ ചാച്ചന്‍റെയും അമ്മയുടേയും മുഖത്ത് സച്ചിന്‍ തൊണ്ണൂറ്റൊമ്പതില്‍ ഔട്ടായ അവസ്ഥ. ‘എന്താപ്പോ ഇണ്ടായെ?’ ന്നൊരു ഭാവം. എന്തായാലും അതോടെ സിനിമക്ക് പോക്ക് നിന്നു…,ചാച്ചന്‍റെയും അമ്മയുടെയും! സെന്റ് തോമസില്‍ ക്ളാസ്സില്‍ പോകുന്നത് കൊണ്ട് എന്‍റെ സിനിമ ജീവിതത്തിനു കാര്യമായ കോട്ടമൊന്നും തട്ടിയില്ല. പിന്നീടൊരിക്കലും അമ്മയെന്നെ പഠിപ്പിക്കാനോ ചോദ്യം ചോദിക്കാനോ വന്നിട്ടില്ല.

പക്ഷെ അതിനു മുന്‍പും ശേഷവും അമ്മ പഠിപ്പിച്ചിട്ടുണ്ട്... പലരെയും... പലവട്ടം!. അതില്‍ ചിലര്‍ അഞ്ചാറു വര്‍ഷം വരെ ഞങ്ങളുടെ കൂടെ നിന്നു പഠിച്ചിരുന്നവര്‍. മര്യാദക്ക് പഠിക്കാത്ത കുട്ടികളോട്, “ഇങ്ങനെ പോയാ നിന്നെ വല്‍സാന്ടീടെ വീട്ടി കൊണ്ടോയി നിര്‍ത്തും’ എന്നൊരു ഭീഷണി വരെ ഞങ്ങളുടെ കുടുംബത്തില്‍ നിലനില്‍ക്കുന്നുണ്ട്, ഇപ്പൊഴും!!!

പഠിപ്പിക്കുന്നതിനു പുറമെ അമ്മക്ക് ഞാന്‍ നല്‍കിയിരുന്ന മറ്റൊരു സൗജന്യമായിരുന്നു ഗൃഹപാഠം. ചെറിയ ക്ലാസ്സുകളില്‍ വേനലവധി കഴിഞ്ഞു ചെല്ലുമ്പോള്‍ അത്രയും ദിവസത്തെ പ്രധാന പത്രവാര്‍ത്തകളെല്ലാം കോമ്പോസിഷൻ ബുക്കിൽ എഴുതി വെയ്ക്കുന്ന ഒരു പരിപാടി ഉണ്ടായിരുന്നു. അത് സ്ഥിരമായി അമ്മയാണ് എഴുതാറുള്ളത് – അതും ഇടത് കൈകൊണ്ട്! അന്നേ ഡോക്ടറാവാന്‍ തീരുമാനിച്ച എന്‍റെ കയ്യക്ഷരത്തിനൊപ്പം പിടിച്ച് നില്‍ക്കാന്‍ പറ്റിയില്ലെങ്കിലും, ഒന്നു മുട്ടിനോക്കാനെങ്കിലും പറ്റണ്ടേ! എന്നാലും, സ്കൂള്‍ അടക്കുമ്പോള്‍ മാത്രം എന്‍റെ കൈയ്യക്ഷരം നന്നാവുന്നത് ടീച്ചര്‍മാരുടെ ഇടയില്‍ ഒരു സംസാരമായിരുന്നു.

പിന്നീടുള്ള ക്ലാസ്സുകളില്‍ അമ്മ പ്രൊജക്റ്റുകളെല്ലാം ഏറ്റെടുത്തു ചെയ്തു തുടങ്ങി. എനിക്ക് അത് ക്ലാസ്സിലെത്തിക്കുന്ന പണിയെ ഉണ്ടായിരുന്നുള്ളൂ.

പ്രീഡിഗ്രിക്കു സമർപ്പിച്ച ആറ് റെക്കോര്‍ഡുകളും (ഫിസിക്സ്, കെമിസ്ട്രി, ബയോളജി x 2) മുഴുവനും എഴുതിയതും വരച്ചതും അമ്മയായിരുന്നു. അതിനു വേണ്ടി ചിലവിടുന്ന സമയം മകന്‍ പഠിച്ചോട്ടെയെന്നു അമ്മയും, കളിച്ചോട്ടെയെന്നു ഞാനും, തീരുമാനിച്ചു. അങ്ങനെ ഞാന്‍ എന്നെതന്നെ ഇടക്കിടെ തോപ്പില്‍ സ്റ്റേഡിയത്തില്‍ കളിക്കാന്‍ വിട്ടുകൊടുത്ത്കൊണ്ടിരുന്നു. റെക്കോർഡ് വരച്ചു കൂട്ടുംതോറും മകന്‍റെ നിറം കുറയുന്നതിന്‍റെ പിന്നിലെ രഹസ്യം വളരെ വൈകിയാണ് അമ്മ മനസ്സിലാക്കിയത്. അന്ന് അമ്മ പറഞ്ഞു,

“ഇനി മേലാല്‍ നിന്‍റെ റെക്കോർഡ് ഞാന്‍ കൈ കൊണ്ട് തൊടില്ല.”

അമ്മ വാക്ക് പാലിച്ചു. അതിനു ശേഷം അമ്മ എന്‍റെ ഒറ്റ റെക്കോര്‍ഡും കൈ കൊണ്ട് തൊട്ടില്ല; മൈക്രോബയോളജി, പാത്തോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി എന്നിവയല്ലാതെ.

എന്‍റെ ബിരുദാനന്തരബിരുദവും ഫെലോഷിപ്പും കഴിഞ്ഞയുടനെ ഞാന്‍ തൃശ്ശൂര്‍ അമലയില്‍ ജോലിക്കു കയറി. അവിടെ തന്നെ കയറാന്‍ പ്രത്യേക കാരണമുണ്ട്. ആ സമയത്ത് ചാച്ചന്‍ രോഗിയായി! വലിയ രോഗി!! കാന്‍സര്‍!! അതും ശ്വാസകോശത്തില്‍!!! കാരണം ലളിതമായിരുന്നു. ഏകദേശം പതിനഞ്ചു വയസ്സു മുതല്‍ സിഗററ്റിന്‍റെ പുക വലിച്ചു കയറ്റാനാണ് പുള്ളി സ്പോഞ്ച് പോലെയുള്ള തന്‍റെ ശ്വാസകോശം ഉപയോഗിച്ചത്. പക്ഷേ, അസുഖം കണ്ടുപിടിക്കുന്നതിന് കൃത്യം രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുള്ളി പുകവലി പൂര്‍ണ്ണമായി നര്‍ത്തിയിരുന്നു. ചികിത്സ ആരംഭിച്ചെങ്കിലും വലിയ ഫലമുണ്ടായില്ല. ഏകദേശം ആറ് മാസങ്ങള്‍ക്ക് ശേഷം ചാച്ചന്‍ ഞങ്ങളെ വിട്ടു പോയി.

മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് ചാച്ചനെ കണ്ടവര്‍ക്ക് വരെ ആ വാര്‍ത്ത ഒരു ഞെട്ടലായിരുന്നു. ആര് കാണാന്‍ വരുന്നു എന്നു പറഞ്ഞാലും ഡാഡി കുളിച്ചു ഷേവ് ചെയ്തു വീടിന്‍റെ മുന്നില്‍ വന്നിരിക്കും, അകത്തേക്ക് കൂട്ടികൊണ്ടു വരും, സംസാരിക്കും, തിരിച്ചു പുറത്തു കൊണ്ടാക്കും. വല്ലാതെ 'സെന്‍റി' അടിക്കാന്‍ വരുന്നവരോടു പുള്ളി പറയും,

"ഒക്കത്തിനും കാരണം ആ സിഗറെറ്റ് വലിയാ. ഏതാണ്ട് അമ്പത് വര്‍ഷം വലിച്ചു. ഒരു കൊഴപ്പോം ഇണ്ടായില്ല. വലി നിര്‍ത്തി രണ്ടു വര്‍ഷം തെകഞ്ഞില്ല. ദേ കെടക്കണ്... കാന്‍സര്‍... വെറുതെ വലി നിര്‍ത്തി." അതായിരുന്നു ആളുടെ ഒരു ആറ്റിറ്റ്യൂഡ്‌, അമ്മ അതിന് കട്ട സപ്പോര്‍ട്ടും.

ചാച്ചന്‍റെ മരണത്തിന് ശേഷം ഞങ്ങള്‍ കൊച്ചിയിലേക്ക് മാറി. ഏകദേശം ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ അമ്മക്ക് ബ്രെസ്റ്റ് കാന്‍സര്‍! അസുഖം കണ്ടുപിടിച്ച ദിവസം അമ്മയുടെ കണ്ണൊന്നു കലങ്ങി. ബന്ധുക്കളുടെ വിളി തുടങ്ങി. കൂടെ നില്ക്കാന്‍ തയ്യാറായി ഒരു എട്ട് പത്തു പേര്‍. വീട്ടില്‍ കൊണ്ട് പോയി നോക്കാന്‍ തയ്യാറായി വേറെ അഞ്ചാറു പേര്‍. അവസാനം അമ്മ എല്ലാവരോടും പറഞ്ഞു,

"നിങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാ ആറാറു മാസം കൂടുമ്പോ ഞാന്‍ വെറുതെ ഓരോ സര്‍ജറി ചെയ്യേണ്ടി വരും." (ആ മനുഷ്യന്‍റെ അല്ലേ ഭാര്യ! മോശാവില്ലല്ലോ!!)

സര്‍ജറി കഴിഞ്ഞു വീട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍ അമ്മ കൂട്ടുകാർക്കൊപ്പം ലുലുവില്‍ സിനിമക്കു പോയി!!! അതിനു ശേഷം കീമോതെറാപ്പിക്കു വേണ്ടി അമ്മ തൃശ്ശൂര്‍ക്ക് പോയി, ആങ്ങളയുടെ വീട്ടിലേക്ക്. ആങ്ങളയും നാത്തൂനും കൂടി പരിപോഷിപ്പിച്ചു പരിപോഷിപ്പിച്ചു തടി കൂടി; പക്ഷെ മുടി കുറഞ്ഞു. വാങ്ങിയ വിഗ്ഗ് അമ്മ ഒരു ദിവസം മാത്രം വെച്ചു. മുടി പോകുമ്പോള്‍ സാധാരണ കാണുന്ന അപകര്‍ഷതബോധത്തിന് പകരം ഞാന്‍ കണ്ടത് ആത്മവിശ്വാസമായിരുന്നു. തന്‍റെ തല നല്ല ഉരുണ്ട ഷേപ് ഉള്ള തലയാണത്രെ!!! അല്ലാ...., അപകര്‍ഷത ബോധം തോന്നണമെങ്കിലും വേണമല്ലോ ഒരു മിനിമം ബോധം!!!

ചികിത്സ കഴിഞ്ഞു അമ്മ തിരിച്ചെത്തി. വീണ്ടും വണ്ടിയോടിച്ച് തുടങ്ങി... വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോയി തുടങ്ങി... സിനിമക്ക് പോയി തുടങ്ങി… ലാന്‍സ് ആംസ്ട്രോങ് ആയിരുന്നെങ്കില്‍ സൈക്ലിങ്ങില്‍ തിരിച്ചെത്തിയെന്ന് പറയാമായിരുന്നു... മമത മോഹന്‍ദാസായിരുന്നെങ്കില്‍ സിനിമയില്‍ തിരിച്ചെത്തിയെന്ന് പറയാമായിരുന്നു... ഇന്നസെന്‍റ് ആയിരുന്നെങ്കില്‍ രാഷ്ട്രീയത്തില്‍ തിരിച്ചെത്തി എന്നു പറയാമായിരുന്നു... ഇതിപ്പോ? ഞാന്‍ നിര്‍ത്തട്ടെ... അപ്പുറത്ത് അമ്മ എന്‍റെ പുത്രന്മാരെ പഠിപ്പിക്കുന്നതിന്‍റെ ഭയങ്കര ബഹളം!!!

↑ top