≡ മാര്‍ച്ച്‌ 2017
ആണെഴുത്ത്

മണിപ്പേരമ്മ - എന്‍റെ നീര്‍മാതളപ്പൂവ്!

"എടാ, നീയറിഞ്ഞോ, മണിപ്പേരമ്മ പാന്റ്സ് വാങ്ങിയെന്ന്"

"പാന്റ് സു വാങ്ങിയെന്നോ? മണിപ്പേരമ്മയോ?"

ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് അമ്മയെ ഒരു ശനിയാഴ്ച ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണ്.

“മണിച്ചേച്ചിയുടെ ഓരോ കാര്യങ്ങൾ…. ഈ വയസ്സാം കാലത്ത്!" അമ്മ തുടർന്നു.

"എന്തിനാ അമ്മേ ഇപ്പോൾ പേരമ്മ പാന്റ് സു വാങ്ങിയത്"

"യോഗ ചെയ്യാൻ, .പനച്ചിക്കാട് യോഗ ട്രെയിനിങ് ഉണ്ടത്രേ.. ഈ ചേച്ചിക്ക് സാരി ഉടുത്തോണ്ട് ചെയ്താൽ പോരേ? എഴുപത്തഞ്ചാം വയസ്സിൽ ചേച്ചീടെ ഒരു കാര്യം.…!” അമ്മ ചിരിച്ചു.

മണിപ്പേരമ്മ അങ്ങിനെയാണ്…………, നമ്മളൊക്കെ വിചാരിക്കുന്നതിന്റെ ഒരു മുഴം മുൻപേ യാത്ര ചെയ്യുന്ന ആൾ.

ഓ,പറയാൻ വിട്ടു - ആരാണ് മണിപ്പേരമ്മയെന്ന്. അമ്മയുടെ ചേച്ചി- പത്തു സഹോദരങ്ങളിൽ ആറാമത്തെ ആൾ - കുടുംബത്തിലെ ആർക്കെങ്കിലും വിഷമം വന്നാൽ തല ചായ്ക്കാൻ ഒരിടം; സ്നേഹത്തിന്റെ നിറകുടം, എന്നൊക്കെ മാത്രം ഞാൻ പറഞ്ഞു നിർത്തിയാൽ മണിപ്പേരമ്മ ആകില്ല. ബാക്കി കൂടി വായിക്കണം, മണിപ്പേരമ്മയെ മുഴുവനായി അറിയാൻ.

നാട്ടിൽ പോയാൽ എന്റെ ജോലികളിൽ ഒന്നാണ് അമ്മയേയും, മണിപ്പേരമ്മയെയും കൂട്ടി ബന്ധു വീടുകളിലൊക്കെ പോകുന്നത്.

വീട്ടിൽ നിന്ന് ഇറങ്ങുമ്പോളേ അമ്മ വിളിച്ചു പറയും

"ഞാനും, സുരേഷും വരുന്നുണ്ട്; മണി ചേച്ചി റെഡി ആയി നിന്നേക്കണേ".

ആദ്യം ചാന്നാനിക്കാട്ട് അമ്മുപ്പേരമ്മയുടെ വീട്ടിൽ, പിന്നെ തങ്കമണിക്കൊച്ചമ്മയുടെ വീട്ടിൽ; അവിടെ ചെന്നാൽ പിന്നെയുള്ള ചാന്നാനിക്കാട്ടു കൂടിയുള്ള യാത്രകൾക്ക് ചിലപ്പോൾ കൊച്ചമ്മയും കാണും. യാത്രകൾ മുഴുവൻ തമാശകളും, ചിരിയും, അട്ടഹാസങ്ങളും ആണ്.

അങ്ങിനെ ഒരു അവധിക്കാലത്ത്, അഞ്ചു വർഷങ്ങൾക്ക് മുൻപ്, നാട്ടിൽച്ചെന്നപ്പോൾ പേരമ്മ പറഞ്ഞു.

"എടാ സുരേഷേ, നമുക്ക് ഈരാറ്റുപേട്ടയ്ക്ക് പോയാലോടാ? ഓമനയെക്കണ്ടിട്ട് കുറെ നാളായി."

അങ്ങിനെ അമ്മയും, ഞാനും, പേരമ്മയും കൂടി അമ്മയുടെ ചേച്ചി ആയ ഓമനപ്പേരമ്മയുടെ വീട്ടിൽ പോയി. അവിടെച്ചെന്ന്, ഊണും കഴിഞ്ഞു തിരികെ വരികയാണ്. ഞാനാണ് ഡ്രൈവ് ചെയ്യുന്നത്. വഴി മുഴുവൻ ചിരിയും, കളിയും, തമാശകളും ആയി സമയം പോയതറിഞ്ഞില്ല.

ഞാൻ പറഞ്ഞു

"എനിക്ക് എം. ജി. യൂണിവേഴ്സിറ്റിയിലെ നാനോടെക്നോളജി സെന്റർ വരെ പോകണം. സാബു സാറിനെ കാണണം. ഒരു അര മണിക്കൂർ, നിങ്ങൾക്ക് ബുദ്ധിമുട്ടാവുമോ?"

"ഇല്ലടാ, ഞങ്ങൾ കാറിൽ ഇരുന്നു കൊള്ളാം" അമ്മ പറഞ്ഞു.

"ഏറ്റുമാനൂർ ചെന്നിട്ട് , അതിരമ്പുഴ വഴി, പ്രിയദർശിനി ഹിൽസ് വരെ പോകണം, നല്ല ദൂരമുണ്ട്”, ഞാൻ പറഞ്ഞു.

"നീ വണ്ടി അതിലെ വിട്ടോ, ഞങ്ങൾ കാഴ്ചകൾ ഒക്കെ കണ്ട്, കാറിൽ ഇരുന്നു കൊള്ളാം." പേരമ്മ പറഞ്ഞു.

പ്രിയദർശിനി ഹിൽസിന്റെ ഏറ്റവും മുകളിലാണ് അക്കാഡമിക് ഡിപ്പാർട്ടുമെന്റുകൾ. വളവും തിരിവും ഉള്ള ആ വഴിയേ ഉള്ള യാത്ര വളരെ രസകരമാണ്. യൂണിവേഴ്സിറ്റി യുടെ അഡ്മിനിസ്‌ട്രേറ്റീവ് സെക്ഷൻ താഴെ ആണ്. അവിടെ എപ്പോളും തിരക്കാകും. അവിടെ നിന്നും കുറെ ദൂരം പിന്നെ വിജനമാണ്. ഞങ്ങൾ അങ്ങിനെ യാത്ര ചെയ്യുമ്പോൾ റോഡിന്‍റെ അരികിലായി ഒരു ആൺകുട്ടിയും, പെൺകുട്ടിയും തോളിൽ കയ്യിട്ട് ഇരിക്കുന്നു.

എനിക്കാണെങ്കിൽ ആകെ ജാള്യത. കൂടെ അമ്മയും, പേരമ്മയും ഉണ്ടല്ലോ.

വണ്ടി ഇത്തിരി കൂടി സ്പീഡിലാക്കി.

പേരമ്മ വിളിച്ചു "ടാ... നീ കണ്ടില്ലേ?"

"എന്നതാ പേരമ്മേ?" ഞാൻ ചോദിച്ചു

"ദാ, അവിടെ ,അങ്ങോട്ടു നോക്കിക്കേ."

എന്റെ ജാള്യത വീണ്ടും കൂടി………… ഇപ്പോൾ യുവതലമുറയുടെ മൂല്യച്യുതിയെക്കുറിച്ചാവും പേരമ്മ പറയുക എന്നോർത്തു ഞാനിരുന്നു.

എന്തായാലും കേൾക്കാം എന്ന രീതിയിൽ ഞാൻ പറഞ്ഞു,

"ഞാൻ കണ്ടാരുന്നു...നിങ്ങൾ കണ്ടില്ലെങ്കിൽ കാണണ്ട എന്നു വച്ച് വണ്ടി സ്പീഡിൽ വിടുകയായിരുന്നു."

"അല്ലടാ, ഞാൻ ആലോചിക്കുവാരുന്നു..." ഒന്നു നിർത്തി, എന്നിട്ടു പേരമ്മ പറഞ്ഞു, "അവർക്കു ഇത്തിരി തണലത്തോട്ടു നീങ്ങി ഇരുന്നു കൂടേന്ന്, ഈ ചൂടത്ത് .."

മുഴുമിപ്പിക്കാതെ പേരമ്മ ചിരി തുടങ്ങി. അതു കാറിനുള്ളില്‍ പടര്‍ന്നു. ഞങ്ങൾ മൂന്നു പേരും കൂടിത്തുടങ്ങിയ ചിരി എം. ജി. യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസ് വരെ നീണ്ടു.

അതാണ് മണിപ്പേരമ്മ, കാലങ്ങൾക്കും മുൻപേ പറന്ന പക്ഷി!

എഴുപതാം വയസ്സിലും, പുതു തലമുറയിലെ യുവാക്കളെക്കാൾ പുരോഗമനം സൂക്ഷിക്കാൻ മണിപ്പേരമ്മ കഴിഞ്ഞിട്ടേ മറ്റാരുമുള്ളൂ. കല്യാണമാകട്ടെ, ഓണാഘോഷങ്ങൾ ആകട്ടെ, എന്തിനും പേരമ്മയാകും മുൻപിൽ. ഓണത്തിന് ഊണിനു ശേഷമുള്ള കബഡി കളി, തുമ്പി തുള്ളൽ, ഇതിന്റെയെല്ലാം മുൻപന്തിയിൽ മണിപ്പേരമ്മയാണ്. ജീവിതം മുഴുവൻ കളിയും ചിരിയും ആയിരുന്നു. ചെറിയ ചെറിയ യാത്രകളും, തിരുവാതിര കളി പഠിപ്പീരും എല്ലാമായി ഒരാഘോഷമായിരുന്നു ജീവിതത്തിൽ.

ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്തു ചോദിച്ചു,

“എടാ നീ തിരുവാതിര സമയത്തു വരില്ലേ?”

ഞാൻ ചോദിച്ചു "എന്തിനാ പേരമ്മേ?"

"നിങ്ങളുടെ പൂത്തിരുവാതിരയല്ലേ (കല്യാണം കഴിഞ്ഞുള്ള ആദ്യ തിരുവാതിര)? നമുക്ക് ആഘോഷം ആക്കിക്കളയാം”.

"എനിക്കിതിലൊന്നും വിശ്വാസമില്ല, പേരമ്മേ; അതു തന്നെയുമല്ല അവധി കിട്ടുകയുമില്ല."

അമ്മയുടെ കുടുംബത്തിൽ ആരുടെ കല്യാണം കഴിഞ്ഞാലും, പേരമ്മയുടെ വക 'പൂത്തിരുവാതിര' (തിരുവാതിര കളി) ഉണ്ടായിരിക്കും. കഴിഞ്ഞ ജനുവരി (2016) ഒരു പൂത്തിരുവാതിര ആഘോഷം ഉണ്ടായിരുന്നു. പേരമ്മയുടെ കൊച്ചുമകൾ ഗോപികയുടെ... ബന്ധുക്കളെ എല്ലാം വിളിച്ചു ചടങ്ങുകൾ സന്തോഷമായി ആഘോഷിച്ചു. അതിനു ശേഷം ഒരാഴ്ച്ച കഴിഞ്ഞു ഞാൻ നാട്ടിലേക്ക് വിളിച്ചപ്പോൾ ആണ് ശ്രീജ (സഹോദരി) പറയുന്നത്

"കൊച്ചേട്ടാ, പേരമ്മയ്ക്ക് സ്കാനിംഗ് വേണം എന്ന് പറഞ്ഞു. കാരിത്താസിൽ കിടക്കണം എന്നാ പറഞ്ഞത്."

സ്കാനിങ്ങ് കഴിഞ്ഞപ്പോൾ ക്യാൻസറാണ്. വിശ്വസിക്കാൻ പറ്റിയില്ല. ചെറുപ്പത്തിലൊക്കെ ഓർക്കുമായിരുന്നു, അമ്മയ്ക്ക് എന്തേലും പറ്റിയാൽ സഹിക്കാം , എന്നാലും മണിപ്പേരമ്മയ്ക്ക് എന്തേലും പറ്റിയാൽ എങ്ങിനെ സഹിക്കുമെന്ന്.

വീട്ടിലെ പശുവിന്റെ പാൽ കറന്ന്, വീട്ടിലുണ്ടാക്കുന്ന പച്ചക്കറികൾ മാത്രം കറി വച്ചു കഴിച്ച പേരമ്മയ്ക്ക് ക്യാൻസറോ? ഞാൻ ആലോചിച്ചു. അപ്പോളേ നാട്ടിൽ പോകണം എന്ന് തോന്നി. അപ്പോളാണ് ശ്രീജ പറഞ്ഞത്

"കൊച്ചാട്ടൻ, എന്തായാലും മെയ് മാസത്തിൽ അമ്മയെ കൊണ്ടുപോകാൻ വരുന്നില്ലേ? അപ്പോൾ കാണാമല്ലോ?"

മെയ് മാസത്തിൽ പോയിക്കണ്ടു, കുറേ സംസാരിച്ചു. കീമോതെറാപ്പി ചെയ്യാനായി ഒരുങ്ങിയപ്പോൾ മുടി പോകുമോ എന്ന സങ്കടം പങ്കു വച്ചു. എന്തായാലും ക്യാൻസർ വിദഗ്ധൻ ഡോ. ഗംഗാധരൻ കീമോ ചെയ്യാനുള്ള അവസ്ഥയിൽ അല്ല എന്നു പറഞ്ഞത്, പേരമ്മയ്ക്ക് വലിയ ആശ്വാസം ആയിരുന്നു. സൗന്ദര്യത്തിന്‍റെ ആരാധികയ്ക്ക് എന്തും സഹിക്കാം, മുടി പോകുന്നത് മാത്രം സഹിക്കാൻ പറ്റില്ലായിരുന്നു.

അസുഖത്തിന്റെ ചെറിയ ചെറിയ വിഷമതകൾ കൂടിക്കൊണ്ടിരുന്നു.

പിന്നെ ജൂലൈയിൽ കുടുംബവും ആയി നാട്ടിൽ പോയപ്പോൾ വീണ്ടും കണ്ടു. കട്ടിലിൽ അസുഖത്തിന്റെ വിഷമതകൾ മൂലം കിടക്കുന്ന പേരമ്മയെ മനസ്സിൽ കരുതിയാണ് ഞാൻ പോയത്. ചെന്നപ്പോൾ വീണ്ടും പേരമ്മ ഞെട്ടിച്ചു കളഞ്ഞു,

"എടാ, ചക്കപ്പുഴുക്ക് ഉണ്ടാക്കി വച്ചിരിക്കുന്നു, കഴിച്ചിട്ടു പോകാം" എന്നു പറഞ്ഞു.

ഞാനും, അമ്മയും, ശ്രീജയും, പേരമ്മയും കൂടി ചക്കപ്പുഴുക്ക് കഴിച്ചു. പഴയ കാര്യങ്ങൾ ഒക്കെ സംസാരിച്ചു. തമാശകൾ ഒക്കെ പറഞ്ഞു. അടുത്ത വരവിന് ഇനിയും കാണാം എന്നു പറഞ്ഞു പിരിഞ്ഞു.

അപ്പോളും എന്റെ മനസ്സിൽ ചിലപ്പോൾ കാണാൻ പറ്റില്ല എന്നൊരു തോന്നൽ ഉണ്ടായി. ഞങ്ങൾ പോകുന്നതും നോക്കി പുറത്തിറങ്ങി നിൽക്കുന്ന പേരമ്മയെ തിരികെ ഒന്നു കൂടി നോക്കി, കൈ വീശി.

ഞാൻ ഇടയ്ക്കിടെ വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു. ഫോണിൽ കൂടി പേരമ്മ വിശേഷങ്ങൾ പറയും. എന്നാലും ഒരിക്കൽ കൂടി കാണണം എന്ന ആഗ്രഹം മനസ്സിന്റെ ഉള്ളിൽ വന്നു കൊണ്ടേ ഇരുന്നു.

അങ്ങിനെ ഒരു നിമിത്തം പോലെയാണ്, ഡിസംബറിൽ ഗോവയിൽ (BITS പിലാനി, ഗോവ) ഒരു കോൺഫറൻസിൽ പ്രഭാഷണം നടത്താൻ ക്ഷണം കിട്ടുന്നത്. അതിന്റെ കൂടെത്തന്നെ ബോംബെ IIT യിലെ ഒരു തീസിസ് എക്സാമിനർ ആയി ഇരിക്കാൻകൂടി ക്ഷണം വന്നു.

ഡിസംബറിൽ ഞാൻ ജോലി ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂട്ടിൽ നല്ല തിരക്കുള്ള സമയമാണ്. മുകളിൽ പറഞ്ഞ മൂന്നു കാര്യങ്ങളും വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. ഞാൻ മനസ്സിൽ വിചാരിച്ചു, ഇത് ഒരു പക്ഷേ, പേരമ്മയെ കാണാനുള്ള അവസാന അവസരമായിരിക്കും, അതുകൊണ്ട് എന്തായാലും രണ്ടാഴ്ച നാട്ടിൽ പോകണം എന്ന് തീരുമാനിച്ചു. ജീവിതത്തിൽ ആദ്യമായാണ് ഒരു വർഷം മൂന്നു പ്രാവശ്യം നാട്ടിൽ വരുന്നത്. സാധാരണ വർഷത്തിൽ ഒന്ന്..ചിലപ്പോൾ രണ്ടു വർഷത്തിൽ ഒന്ന് എന്ന കണക്കിനായിരുന്നു യാത്ര.

നാട്ടിൽ എത്തി, ആദ്യത്തെ യാത്ര അമ്മയുമായി പേരമ്മയെ കാണാൻ ആയിരുന്നു. കയ്യിൽ താങ്ങിപ്പിടിച്ച് പേരമ്മയെയും കൂട്ടി ഒരു ചെറിയ യാത്ര, പുറത്തു നിന്നും ഭക്ഷണം എന്നൊക്കെ ആലോചിച്ചാണ് പോയത്.

വീട്ടിലെത്തി, പേരമ്മ ആകെ മാറി. നന്നായി ക്ഷീണിച്ചിരിക്കുന്നു. സംസാരത്തിലെ ഉന്മേഷം ഒക്കെ പോയിരിക്കുന്നു. നടക്കാൻ തീരെ വയ്യ.

കട്ടിലിൽ നിന്ന് എണീറ്റു വന്ന് എനിക്ക് അഭിമുഖമായി ഇരുന്നു. പേരപ്പനും അടുത്തുണ്ട്. ഒരു കൊച്ചു കുട്ടിയെ, നോക്കുന്ന പോലെയാണ് പേരപ്പന്‍റെ ശുശ്രൂഷ. മുടിയൊക്കെ കോതി ഒതുക്കി, വട്ടത്തിലുള്ള വലിയ പൊട്ടും ഒക്കെ തൊട്ടാണ് പേരമ്മയുടെ ഇരുപ്പ്.

അവസാനത്തെ സമാഗമം..എന്റെ മനസ്സു പറഞ്ഞു കൊണ്ടിരുന്നു!

നാട്ടിലേക്ക് തിരിക്കുമ്പോൾ ഭാര്യ സരിത പറഞ്ഞു "നമുക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ പേരമ്മയുടെ ഒരു ഫോട്ടോ കൊണ്ടു വരണേ"

ഞാൻ വീടിന്‍റെ അകം മുഴുവൻ കണ്ണോടിച്ചു, പേരമ്മ ചെറുപ്പ കാലം മുതലുള്ള പടങ്ങൾ എല്ലാം ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. അസുഖം തുടങ്ങിയതിനു ശേഷം ചെയ്യിച്ചതാണ്. താൻ ഒരു കാലത്ത് ഇങ്ങനെ ആണ് ഇരുന്നത് എന്ന് ആശ്വസിക്കാൻ.

ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പേരമ്മയെ ഒന്നു കൂടി സുന്ദരി ആക്കി.

സരിതയുടെ ആഗ്രഹം പറഞ്ഞപ്പോൾ തീർച്ചയായും നല്ല ഒരു പടം അജിമോന്‍റെ കയ്യിൽ കൊടുത്തേക്കാം എന്ന് പറഞ്ഞു.

അപ്പോളാണ് എനിക്ക് തോന്നിയത്, അവസാനമായി പേരമ്മയുടെ കൂടെ ഒരു ഫോട്ടോ എടുത്താലോ എന്ന്. ധാരാളം ഒരുമിച്ചു യാത്ര ചെയ്തിട്ടുണ്ടെങ്കിലും, നല്ല ഒരു ചിത്രം പോലും കയ്യിലില്ല.

ഞാൻ ചോദിച്ചു.

"പേരമ്മേ, നമുക്കൊന്നിച്ചൊരു ചിത്രം?"

"വേണ്ടടാ, സുരേഷേ. നീ ആ പഴയ ചിത്രങ്ങളോടൊന്നു ചേർന്ന് നിന്ന് ഒരു പടം എടുക്കൂ", ഭിത്തിയിൽ തൂക്കിയിട്ട ചിത്രങ്ങളിൽ നോക്കി പേരമ്മ പറഞ്ഞു.

പേരമ്മയുടെ കണ്ണിലെ ദയനീയ ഭാവം എന്റെ മനസ്സിൽ തറച്ചു. എനിക്ക് നന്നായി മനസ്സിയിലായി ആ വികാരം. അസുഖത്തിന്റെ കാഠിന്യം കൊണ്ട് ക്ഷീണിച്ച തന്റെ മുഖം, ചിത്രങ്ങളിൽ പതിയാതിരിക്കാനുള്ള ആഗ്രഹം!

അപ്പോൾ ഞാൻ ഓർത്തത് വർഷങ്ങൾക്കു എന്‍റെ ഒരു വനിത സുഹൃത്ത്, ഡബ്ലിനിൽ വച്ചു 1999 ഡിസംബറിൽ ആമിയെ (കമലാ സുരയ്യ) പ്പറ്റി പറഞ്ഞതാണ്. (1999 ലാണ് ആമി സാരിയിൽ നിന്നും പർദ്ദയിലേക്കു തന്‍റെ വസ്‌ത്രധാരണരീതി മാറ്റിയത്).

"ഇസ്ലാം മത വിശ്വാസം മൂലം തന്നെ ആകാം ആമി പർദ്ദയിലേക്ക് മാറിയത്, എന്നിരുന്നാലും സൗന്ദര്യാരാധകരായ സ്ത്രീകൾക്ക് പ്രായമായാൽ പർദ്ദ ഒരു സൗകര്യം കൂടിയാണ്. ചുളുങ്ങിയ തൊലിപ്പുറം കാണില്ലല്ലോ.., പ്രത്യേകിച്ചും ആമിക്ക്."

തിരികെ പോകുവാനായി ഇറങ്ങുന്നതിനു മുൻപേ ആ ഫോട്ടോകളിലേക്ക് ഒന്നു കൂടി നോക്കി. ഇനി അതാവണം എന്റെ ഓർമ്മകളിൽ ഉള്ള രൂപം, അതാണ് പേരമ്മ എല്ലാവരിൽ നിന്നും ആഗ്രഹിക്കുന്നത്.

മുറ്റത്തേക്കിറങ്ങിയപ്പോൾ കണ്ട നീർമാതളം വീണ്ടും ഓർമ്മകൾ ആമിയിലേക്കെത്തിച്ചു. ഇത്തവണ ഞാൻ തിരിഞ്ഞു നോക്കിയില്ല, കാരണം തിരിഞ്ഞു നോക്കിയാൽ ചെറുപ്പ കാലങ്ങളിലെ ആ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ എന്റെ മനസ്സിൽ നിന്നും മായിക്കപ്പെടും!

കഴിഞ്ഞ ആഴ്ച വീട്ടിൽ വിളിച്ചപ്പോൾ ശ്രീജ പറഞ്ഞു "കൊച്ചേട്ടാ, പേരമ്മ യുടെ ശരീരം വീണ്ടും ക്ഷീണിച്ചു, ചെവി കേൾക്കുന്നില്ല, സംസാരിക്കാൻ നല്ല ബുദ്ധിമുട്ട്, എന്നാലും പൊട്ട് അതുപോലെ തന്നെ. എത്ര വയ്യെങ്കിലും മുടിയൊക്കെ ചീകി ഒതുക്കി സുന്ദരിക്കുട്ടി ആയി കിടക്കും."

ഫെബ്രുവരിയിലെ അവസാന ചൊവ്വാഴ്ച (28/02/2017) ഞാൻ പേരമ്മയുടെ വീട്ടിലേക്ക് വിളിച്ചു.

പേരപ്പൻ ഉറക്കെ പറഞ്ഞു.

"ദേ, സുരേഷ്, വിളിക്കുന്നൂ, കേൾക്കാമോ, സംസാരിക്കാമോ, തനിക്ക്? എന്തെങ്കിലും ഒന്ന് പറയൂ അവനോട്?"

കിടന്നു കൊണ്ട് പേരമ്മ ഫോൺ വാങ്ങി അപ്പുറത്തു നിന്നും ഒരു തേങ്ങൽ മാത്രം.

ആ തേങ്ങലിൽ രണ്ടു തലമുറകളുടെ സ്നേഹബന്ധനം ഉണ്ടായിരുന്നു. എന്റെയും കണ്ണുകൾ നിറഞ്ഞു.

ഫോൺ താഴെ വച്ചപ്പോൾ ആമിയുടെ ‘നീർമാതളം പൂത്തകാല’ത്തിലെ ഈ വാക്കുകൾ ആയിരുന്നു മനസ്സു മുഴുവനും.

"നാലു മിനുത്ത ഇതളുകളും അവയ്ക്കു നടുവില്‍ ഒരു തൊങ്ങലും മാത്രമേ ആ പൂവിന് സ്വന്തമായി ഉണ്ടായിരുന്നുള്ളൂ. ഞെട്ടറ്റു വീഴുന്നതിനു മുന്‍പ് അത് ചുറ്റുമുള്ള അന്തരീക്ഷത്തെ സുഗന്ധിയാക്കി......!"

✽ ✽ ✽

(അടിക്കുറിപ്പ്: ഇതെഴുതിയത് ബുധനാഴ്ച്ച (01/03/2017). മണിപ്പേരമ്മ ഈ വെള്ളിയാഴ്ച്ച (03/03/2017) വേദനകൾ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയി. വനിതാ ദിനസ്പെഷ്യല്‍ ഇ-മഷിക്കു വേണ്ടി, ജീവിതത്തിൽ സ്വാധീനിച്ച ഒരു വനിതയെപ്പറ്റി എഴുതാൻ ആർഷ ആവശ്യപ്പെട്ടപ്പോൾ, എന്‍റെ മനസ്സിൽ മണിപ്പേരമ്മ അല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല).

✽ ✽ ✽

About the author: കോട്ടയം കറുകച്ചാൽ സ്വദേശി. കുടുംബസമേതം അയർലൻഡിൽ താമസിക്കുന്നു. മലയാളത്തിൽ ‘തന്മാത്രം’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്

↑ top