≡ മാര്‍ച്ച്‌ 2017
ആണെഴുത്ത്

എൻ്റെ ഭൂമികയിലെ ചില പെൺമരങ്ങൾ

" ടാ ....ന്നെ തല്ലാതെടാ....., നിക്കു വേദനിക്കുന്നെടാ......മോനേ......ന്നെ തല്ലല്ലേടാ.....വേദനയെടുക്കുന്നുണ്ടെടാ........"

ചുഴലി ദീനം (Epilepsy) ഉണ്ടായിരുന്നതിനാലും, രക്താർബുദം മൂലമുള്ള അമ്മയുടെ പെട്ടെന്നുള്ള മരണമേല്പിച്ച ആഘാതത്താലും, അധികം വൈകാതെയുള്ള അച്ഛന്‍റെ പുനർവിവാഹം ഇഷ്ടപ്പെടാഞ്ഞതിനാലും (എനിക്കന്നൊരു വയസ്സോ മറ്റോ കഷ്ടി ) ഇടയ്ക്കിടെ മനസ്സിന്‍റെ താളം ചെറുതായി നഷ്ടപ്പെടാറുണ്ടായിരുന്ന എന്‍റെ പെങ്ങൾടെ രോദനമായിരുന്നു ആ കേട്ടത്. മനസ്സിന്‍റെ താളം പോയ നേരത്ത് രണ്ടുമൂന്നു വട്ടം ആരോടും പറയാതെ പെങ്ങള്‍ വീട്ടിൽ നിന്നിറങ്ങിപ്പോയിരുന്നു. രണ്ടു വട്ടവും അധികം ദൂരെയൊന്നും പോകണ്‍ കഴിഞ്ഞില്ല, വീട്ടിൽ നിന്നും വിട്ട് മാറി എവിടെയെങ്കിലും കണ്ടാൽ ആളുകൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുമായിരുന്നു . ചുഴലിയുള്ളതിനാൽ സ്കൂളിൽ പോലും വിട്ടിരുന്നില്ല. എന്നാൽ ഇറങ്ങിപ്പോക്ക് മൂന്നാം വട്ടമായപ്പോൾ ക്ഷമ നശിച്ചുകാണണം വീട്ടുകാർക്ക്. നല്ല തല്ലു കിട്ടി ചേച്ചിക്ക്. മൂന്നോ നാലോ വയസ്സു കാണുമെനിക്കന്ന്. ആ സംഭവത്തിനു ശേഷം ചേച്ചി ആഹാരം കഴിക്കാതെയായി. പിന്നീടധികനാൾ ഞങ്ങള്‍ക്കൊപ്പം ഉണ്ടായില്ല ചേച്ചി.

" അനിയാ... മോനേ,.. ഇന്ന് നമുക്ക് മാനങ്കേരി തോട്ടിൽ കുളിക്കാൻ പോകാട്ടോ...ചേച്ചി മോനെ ഒക്കത്തെടുത്തോണ്ടു പോകാം, നല്ല പാട്ടൊക്കെ പാടിത്തരാം. എന്നിട്ടെണ്ണയൊക്കെ തേപ്പിച്ചു നന്നായി കുളിപ്പിച്ചു കുട്ടപ്പനാക്കാട്ടോ..."

അവ്യക്തമായ എൻ്റെ ഓർമ്മയുടെ തുടക്കം ഇവിടെനിന്നാണ്. ഞാൻ ജനിച്ച് അധികം കഴിയും മുൻപ് ഞങ്ങളോടു വിടപറഞ്ഞ, ഗ്രാമത്തിലെല്ലാവർക്കും പ്രിയങ്കരിയായിരുന്ന ഞങ്ങളുടെ അമ്മയ്ക്കു ശേഷം എൻ്റെ ജീവിതത്തിൽ ഞാനോർക്കുന്ന രണ്ടാമത്തെ സ്ത്രീത്വം.

പിന്നീടങ്ങോട്ട് അത്ര സുഖകരമായിരുന്നില്ല എൻ്റെ ബാല്യം. മൂന്നാമത്തെ സ്ത്രീ ഞാൻ അമ്മ എന്ന് വിളിക്കുന്ന എൻ്റെ പോറ്റമ്മയാണ്. ‘തള്ളേത്തീനി’, ‘തന്തക്കാലൻ’ ഇത്തരം വിശേഷണങ്ങൾ നിറഞ്ഞ ജീവിതത്തിലെ ആ അദ്ധ്യായം ഞാനെന്നോ മടക്കി വച്ചിരിക്കുന്നു!.

അടുത്തതായി വരുന്നത് കൂട്ടുകാരുടെ അമ്മമാരാണ്. സ്ഥലത്തെ ജന്മിയുടെ മക്കളിലൊരാളായി ജനിച്ചിട്ടുപോലും വിശന്നിരിക്കേണ്ടി വന്ന പലനേരങ്ങളിൽ ഒരു നേരത്തെ ആഹാരമായും, സ്കൂളിൽ പോകുമ്പോൾ പൊതിച്ചോറില്ലാത്തതിന് വാഴയിലയിൽ തോരനും, ചമ്മന്തിയും, മുട്ടപൊരിച്ചതും കൂട്ടിത്തന്ന പൊതിച്ചോറായും കൂട്ടുകാരുടെ അമ്മമാർ എന്‍റെ മനസ്സിലെ സ്ത്രീത്വത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങളാണ്.

LP സ്കൂളിൽ പഠിക്കുന്ന കാലം ഉച്ചയാകുമ്പോൾ തേടിക്കണ്ടുപിടിച്ചു കോൺ വെന്റിൽ കൊണ്ടുപോയി തൻ്റെ ആഹാരത്തിന്റെ പങ്കു വീതിച്ചു നൽകുമായിരുന്ന ജോസി ഫ്രാൻസിസ് എന്ന ദൈവത്തിന്റെ മാലാഖ.

ഒരിക്കലും മോശം അഭിപ്രായം പറയില്ലാത്ത പെൺകൂട്ടുകാർ. ഓമനചേച്ചിയും ചേച്ചിയുടെ മൂന്നു പെൺമക്കളും. മക്കളെപ്പോലെയും, സഹോദരങ്ങളെപ്പോലെയും,കൂട്ടുകാരെപ്പോലെയും,വിദ്യാർത്ഥികളെപ്പോലെയും കണ്ടു കൂടെക്കൂട്ടിയ ടീച്ചർമാർ. അതിൽ പ്രത്യേകിച്ച് എടുത്തുപറയേണ്ടുന്ന സാലി ടീച്ചർ. എന്നെ പ്രണയിച്ചു "തേച്ച" കാമുകി. ആ ചളിപ്പു മാറ്റാൻ കട്ടക്കലിപ്പിൽ പിന്നെ ഞാൻ പ്രണയമഭിനയിച്ച ഒരുപാടുപേർ ( അന്നേരത്തെ എൻ്റെ ഫോട്ടോ ഒന്ന് കാണണം അപ്പം സത്യം പിടികിട്ടും. അല്ലേൽ വേണ്ട വട്ടപ്പേരു പറഞ്ഞാ മതി ‘പാണ്ടി’. ഇപ്പൊ ഏതാണ്ട് മനസ്സിലായല്ലോ കാര്യങ്ങളുടെ ഇരിപ്പുവശം ). കോളജിലെ സ്നേഹമുള്ള ടീച്ചേഴ്‌സ്, പെൺ സൗഹൃദങ്ങൾ, അതിൽത്തന്നെ എന്നോട് പ്രണയമാണെന്നു പറഞ്ഞു വീട്ടിലെ അഡ്രസ്സിൽ കത്തെഴുതി ചേട്ടന്‍റെ കയ്യിൽ കിട്ടിയതിനാൽ ചേട്ടന്‍റെ കയ്യീന്ന് പൊതിരെ തല്ലു വാങ്ങിത്തന്ന ഒരു സ്നേഹിതയുണ്ട്. അത് മറ്റൊരു നീണ്ട കഥ.

കോളജിൽ നല്ല സ്വഭാവദൂഷ്യമുണ്ടാരുന്ന കൊണ്ടായിരിക്കാം ഒരുമാതിരിപ്പെട്ട പെണ്‍കുട്ടികൾക്കെല്ലാം എന്നെ ഇഷ്ടമായിരുന്നു. എന്നോട് സംസാരിക്കുന്ന അതേ രീതിയിൽത്തന്നെ ഞാനാരോടും സംസാരിക്കും എന്നൊരു വൃത്തികെട്ട സ്വഭാവം കൂടിയെനിക്കുണ്ട്. കോളജിൽ ഒന്നിച്ചു പ്രവർത്തിച്ച ഒരു പെൺ സുഹൃത്ത് കോളേജ് പിരിഞ്ഞതിനു ശേഷം പതിവായി കത്തുകളെഴുതുമായിരുന്നു. "കണ്ണനെന്നു" സ്നേഹത്തോടെ എന്നെ വിളിച്ചിരുന്ന അവളെഴുതിയ കത്തുകളിൽ ഞാൻ തമിഴ് നടൻ മുരളിയെപ്പോലെയാണിരിക്കുന്നതെന്നു പറയുമായിരുന്നു. ആ കത്തുകളിൽ പലതും ഇപ്പോഴും എൻ്റെ മേശവലിപ്പിലുണ്ടാവും.അവയൊക്കെ നല്ല സൗഹൃദത്തിന്റെ ദൃഷ്ടാന്തമായേ ഇന്നും കാണുന്നുള്ളൂ.

അന്ന് സഹോദര തുല്യം മടിയിൽ കിടത്തിയ മറ്റൊരു സ്ത്രീ അനേകം വർഷങ്ങൾക്കുശേഷം സംസാരിക്കാനിടയായപ്പോൾ "നിനക്കെന്നോട് പ്രേമമായിരുന്നോടാ" എന്ന് സ്ഥിരം ചോദിക്കുമായിരുന്നു. ഫോണിൽ വിളിക്കാനോ ഭർത്താവുമായി സംസാരിക്കാനോ സമ്മതിക്കില്ല. വാട്സ്ആപ്പിൽ ചാറ്റു ചെയ്യാനേ പറ്റൂ. മറ്റൊരാൾ, വർഷങ്ങൾക്കു ശേഷം സൗഹൃദം പുതുക്കിയ ശേഷം വർഷങ്ങളോളം കുടുംബ സുഹൃത്തായിരുന്നു. ഭൂമിയിലോ ആകാശത്തോ ഉള്ള എന്തിനെപ്പറ്റിയും പരസ്പരം എപ്പോൾ വേണമെങ്കിലും സംസാരിക്കാൻ സ്വാതന്ത്ര്യമുള്ള ഒരു സൗഹൃദം. ഫേസ്ബുക്കിൽ മെസെഞ്ചറുണ്ടെന്നും മെസ്സഞ്ചറിൽ പ്രൈവസിയുണ്ടെന്നും കാട്ടിത്തന്നവൾ. പെട്ടെന്നൊരു സുപ്രഭാതത്തിൽ സൗഹൃദമുപേക്ഷിക്കുന്നു. (എന്തായാലും കുറെയേറെ പുതിയ ചങ്ക് പെൺ സൗഹൃദങ്ങൾ കൂടിയുണ്ടാക്കിത്തരാൻ മൊഴിചൊല്ലിയ ആ സൗഹൃദത്തിന്റെ പിന്നാമ്പുറകളികൾക്ക് കഴിഞ്ഞു)

ഇനി കോളേജിൽ പഠിക്കുന്ന കാലത്ത് രണ്ടു മൂന്നു വട്ടം മാത്രം കണ്ടിട്ടുള്ള ഒരാളുണ്ട്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു നഴ്‌സിംഗിന് ചേരാൻ പോകാൻ TC വാങ്ങാൻ വന്ന ആ പെൺകുട്ടി, എൻ്റെ സുഹൃത്താകുമെന്നോ, വർഷങ്ങൾ നീണ്ട ആ സൗഹൃദത്തിനൊടുവിൽ ആ സുഹൃത്ത് നാട്ടുകാരെയും, വീട്ടുകാരെയും,മതത്തെയും വിട്ട്, അന്നു വട്ട പൂജ്യമായിരുന്ന എൻ്റെ ജീവിത സഖിയാകുമെന്നോ? സ്വപ്നത്തിൽ കൂടി വിചാരിച്ചിരുന്നില്ല. ബ്രിട്ടനിൽ ജോലിയുറപ്പാണെന്നറിഞ്ഞിരുന്നു കൊണ്ട് അവൾ കാണിച്ച, സമൂഹത്തിന്റെ മുൻപിലെ ആ മണ്ടത്തരത്തിനെ വീട്ടുകാരോടും, സമൂഹത്തോടുമൊപ്പം, ഞാനിന്നും അപലപിക്കുന്നു. ലണ്ടനിൽ ജോലിക്കാരിയാവാനുള്ള പെണ്ണാണിവളെന്ന് പ്രണയിച്ച കാലത്തു ഞാനറിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷെ ഒരിക്കലും ഞങ്ങൾ ഒന്നിക്കില്ലായിരുന്നു. നമുക്ക് ജീവിതത്തിൽ പുനരാവിഷ്‌ക്കരിക്കാൻ കഴിയാത്ത ചില ഭാഗങ്ങളില്ലേ? അത്തരമൊരു ഭാഗമാണ് ഞാൻ മുൻപ് അടച്ചുവച്ച എൻ്റെ ജീവിതത്തിലെ ഒരു വലിയ അദ്ധ്യായം. അതുൾപ്പെടെ എൻ്റെ ജീവിതത്തിലെ എല്ലാ ദുരന്തങ്ങൾക്കും മുകളിലും, എനിക്കമ്മയായും, പ്രണയിനിയായും, ഭാര്യയായും, ആത്മമിത്രമായും, വസന്തം വാരി വിതറിയ എൻ്റെ എക്കാലത്തെയും ഏറ്റവും നല്ല സുഹൃത്ത് - എൻ്റെ നന്മമരം - എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്ത് - അമ്മയാണോ, കുഞ്ഞുങ്ങളാണോ,അതോ ഭാര്യയാണോ നിനക്കേറ്റവും വലുത്? എന്നെന്നോടു ചോദിച്ചാൽ ഒരു നൊടിപോലുമാലോചിക്കാതെ ഞാൻ പറയും എൻ്റെ ഭാര്യയാണെന്ന്. ലോകത്തേറ്റവും നല്ല സ്ത്രീ എൻ്റെ ഭാര്യയാണെന്നല്ല ഞാൻ പറഞ്ഞു വന്നത്. കുല വധൂടികളായ അനേകം സ്ത്രീകളുണ്ട്. എന്നാൽ എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും നല്ലത് അവളാണെന്നു ഞാൻ പറയുമെന്നാണ്. ഞാനറിഞ്ഞ സ്ത്രീകളിൽ, ചിലപ്പോഴൊക്കെ വീർപ്പുമുട്ടലാകാറുള്ള എൻ്റെയീ പെൺമരം സ്നേഹത്തിന്‍റെ തണൽമരമാണെനിക്ക്.

"അടുത്ത ജന്മത്തിലും എൻ്റെ ഭാര്യയായി കഴിയാനുള്ള ശക്തി ഇവൾക്ക് കൊടുക്കണേ ഈശ്വരന്മാരേ........." (വിടില്ല ഞാൻ....)

സ്വന്തം ജീവിതത്തിലെ കഥകൾ അതേപടി പറയാൻ കഴിയാതെ വരികയെന്നത് പലരും നേരിടുന്ന ഒരു ദുരവസ്ഥയാണ്. പലകാരണങ്ങൾ കൊണ്ടും തുറന്നു പറയാൻ പറ്റാതെ വരുന്ന അതിലെ പല അദ്ധ്യായങ്ങളും ശരിക്കും ഓരോ വൈതരണി തന്നെയാണ്.

↑ top