≡ മാര്‍ച്ച്‌ 2017
ആണെഴുത്ത്

എന്‍റെ വിലപിടിച്ച വാരിയെല്ല്

"ജീവിതം യൗവനതീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍" എന്ന് പറഞ്ഞു നടക്കുന്ന പ്രായം. ഒരു എഞ്ചിനീയറിംഗ് ബിരുദവും കരസ്ഥമാക്കി കുറച്ചു നാളത്തെ ടെൻഷനുകൾക്ക് ശേഷം മോശമല്ലാത്ത ഒരു ജോലിയിൽ പ്രവേശിച്ച് ജീവിതം ആസ്വദിക്കാൻ തുടങ്ങുന്ന ഇരുപത്തിയഞ്ചാം വയസ്സ്. ബാലചന്ദ്രമേനോന്‍റെയും മോഹന്‍റെയും സിനിമകളിലെ തരള-മാനസ-യൗവ്വനബിംബങ്ങൾ അതിന്റെ തീക്ഷ്ണമായ ചൂടിൽ മനസ്സിനെ വേവിക്കുന്ന ഒരു കാലം കൂടിയായിരുന്നു അത് - തൊണ്ണൂറുകളുടെ തുടക്കം.

മനസ്സു നിറയെ പ്രതീക്ഷകളാണ്. ജീവിതം എങ്ങനെയാണ് മുൻപോട്ട് കൊണ്ടുപോകേണ്ടതെന്ന ചിന്തകളാണ്. ആലോചിച്ചു കൂട്ടാനും, അത് മനനം ചെയ്ത് ദുഷിച്ചതെല്ലാം മാറ്റി അമൃത് കണ്ടെത്താനുള്ള ശ്രമത്തിനും ഇഷ്ടം പോലെ സമയം കിട്ടി. എല്ലാ ചെറുപ്പക്കാരെയുംപോലെ തരളയൗവ്വനത്തിന്റെ ചിന്തകളിലെ പ്രധാന ഉത്പന്നങ്ങൾ ജീവിത പങ്കാളി എങ്ങനെയായിരിക്കണം, അവളുമൊത്തുള്ള ജീവിതം എങ്ങിനെയായിരിക്കണം എന്നതൊക്കെത്തന്നെയായിരുന്നു.

ആ പ്രായത്തിന്‍റെ ഒരു പ്രത്യേകത തന്നെ, ചിന്തിച്ചു കൂട്ടിയ പലതും സമത്വസുന്ദരമായ ഐശ്വര്യപൂർണമായ ഒരു കിനാശ്ശേരി എന്നതായിരുന്നു. ചുറ്റുമുള്ള പല ദാമ്പത്യജീവിതങ്ങളിലും നിന്നും കണ്ടെത്തിയത് പുരുഷന്റെ മേൽക്കോയ്മാധികാരം ഭാര്യമാരിൽ സൃഷ്ടിക്കുന്നത് അടക്കിവയ്ക്കപ്പെട്ട അസംതൃപ്തി മാത്രമാണ് എന്നതായിരുന്നു. ഭാര്യമാർ പറയുന്ന കാര്യങ്ങൾ പരിഗണനയിൽ എടുത്ത് നടപ്പിലാക്കിയാൽ പെങ്കോന്തനെന്നു മുദ്രണം ചെയ്യപ്പെടും എന്ന തോന്നലുകൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ സജീവമായിരുന്നു.

ആദ്യം തീരുമാനിച്ചത് സമത്വാധികാരത്തെപ്പറ്റിയായിരുന്നു. ജീവിതത്തിൽ എന്തിലും കൂട്ടായ തീരുമാനം ആയിരിക്കും. ഒരു കാര്യത്തിലും പരസ്പരം മേൽക്കോയ്മ പാടില്ല. അവിടെ ആണിന്‍റെ ഗർവിനെക്കാൾ കൂടുതലായി വേണ്ടത് കാര്യകാരണസഹിതമായ ചർച്ചയാണ്.

രണ്ടാമത്തേത് പരസ്പരസ്നേഹമാണ്. സ്നേഹം വരേണ്ടുന്ന വഴി മനസ്സുകളിലാണ്. അത് ഉറവ പൊട്ടിയെടുക്കേണ്ടതാണ്. ആ ഉറവ കണ്ടെത്താൻ ഒരു ഭഗീരഥപ്രയത്നം തന്നെ വേണ്ടി വരും. അതിലും പ്രയാസമാണ് അത് വറ്റാതെ കാത്തു സൂക്ഷിക്കൽ! ഒരു പാട് വിട്ടുവീഴ്ചകളും, ധാരണകളും അതിനായി വേണ്ടി വരും. പക്ഷേ, ആ ഉറവ ജീവാമൃതമാണ്. ഏതു പ്രതിസന്ധിയിലും മനസ്സിനെ തണുപ്പിച്ചു ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ കഴിവുള്ള ജീവാമൃതം. അത് ഒരിക്കലും നഷ്ടപ്പെടുത്തരുത്.

മൂന്നാമത്തേത് വ്യക്തിസ്വാതന്ത്ര്യമാണ്. ജീവിതത്തിനും മനസ്സിനും വേണ്ട സ്വാതന്ത്ര്യം. ജനനം മുതൽ മരണം വരെ അഹം ഏകനാണ്. അതൊരു തനതായ ബോധമാണ്. അതിനു വേണ്ടത് സ്വാതന്ത്ര്യമാണ്. മറ്റൊരാളിനെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് വഴി നാം ശ്രമിക്കുന്നത് അയാളുടെ അഹത്തിന്‍റെ സ്വാതന്ത്ര്യത്തെ ഹനിക്കുകയാണ്.അത് സ്വതന്ത്രമായി വളരാൻ അനുവദിക്കാതിരിക്കലാണ്. നിങ്ങളുടെ പങ്കാളിയെ ആ സ്വാതന്ത്ര്യത്തിൽ വിട്ടു നോക്കൂ, ഒരു മനോഹരചിത്രശലഭം പോലെ അത് നിങ്ങളുടെ ചുറ്റും വട്ടമിട്ടു പറക്കുകയായി, ജീവിതത്തിൽ ഒരു പാട് അതിശയങ്ങൾ അനുഭവേദ്യമാകുകയായി.

“എന്ത് നല്ല കിനാശ്ശേരി അല്ലേ?” എങ്കിലും ജീവിതം യൗവന തീക്ഷ്ണവും ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ആ അസുലഭ കാലഘട്ടത്തില്‍ അങ്ങനൊരു കിനാശ്ശേരി മനസ്സിൽ മനനം ചെയ്യപ്പെട്ട് ഉറച്ചിരുന്നു.

ആദ്യമായും അവസാനമായും ‘പെണ്ണ്‍ കണ്ട’ ആ പെണ്‍കൊടിയെ ജീവിതപങ്കാളിയാക്കും മുൻപ് ഇതൊക്കെ പറഞ്ഞിരുന്നോ എന്ന് ചോദിച്ചാൽ ‘ഇല്ല!’ എന്ന് തന്നെയാണ് ഉത്തരം.

ഇതൊന്നും പറയാനുള്ളതല്ല, മറിച്ച് ജീവിച്ചു കാണിക്കാൻ ഉള്ളതാണ് എന്നതായിരുന്നു ബോധം. പരസ്പരം കണ്ട ശേഷം വിവാഹത്തിനു മുൻപ് അല്‍പം പ്രണയിച്ചു നടന്ന ദിവസങ്ങളിൽപ്പോലും അത് പറയുകയുണ്ടായില്ല. പക്ഷേ, അവളുടെ ചോദ്യങ്ങൾക്കെല്ലാം തന്നെ എന്‍റെ കിനാശ്ശേരി സന്തോഷം നൽകുന്ന മറുപടികൾ മാത്രമേ നല്കൂ എന്ന ഗൂഢമായ ഒരു സന്തോഷം അക്കാലങ്ങളിൽ എന്‍റെ മനസ്സിനെ ഒരുതരം ത്രിൽ അടിപ്പിച്ചിരുന്നു. ഒരേ പ്രായക്കാരാണെന്നതും സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തിയുള്ളവളാണെന്നതും എന്‍റെ കിനാശ്ശേരിക്ക് നല്കിയ ശക്തി കുറച്ചൊന്നുമല്ലായിരുന്നു.

ഇരുപത്തിയേഴ് കൊല്ലം മുന്പ് വിഭാവനം ചെയ്ത ആ കിനാശ്ശേരിയിൽ തന്നെയാണോ ഞങ്ങളിപ്പോഴും??

അല്ല! അല്ലേയല്ല.. കാലം അതിനെ ഒരുപാടു മാറ്റിയിരിക്കുന്നു, പ്രായോഗികജീവിതത്തിൽ സ്വപ്നങ്ങളെ ഉടച്ചുവാർക്കേണ്ടി വരും, ചായക്കൂട്ടുകൾ രൂപപ്പെടുത്തി അവയെ മനോഹരമാക്കാൻ ത്യാഗങ്ങൾ ചെയ്യേണ്ടി വരും, എങ്കിലും അടിസ്ഥാനപ്രമാണങ്ങൾക്ക് ഇന്നും മങ്ങൽ വന്നിട്ടില്ല. അവ ഊട്ടിയുറപ്പിക്കൽ മാത്രമേ നടന്നിട്ടുള്ളൂ.

ജീവിതയാഥാർത്ഥ്യങ്ങൾ കിനാശ്ശേരികളെ ചീകിയെടുക്കുകയാണ്. അതിസൂക്ഷ്മമായി, ക്ഷമയോടെ, ചീകിമിനുക്കി കാലം അതിനെ മനോഹരമായ ഒരു വിഗ്രഹമാക്കി മാറ്റിയെടുത്തിരിക്കുന്നു.

സ്നേഹം കൊണ്ട് കണ്ണ് നിറയുക,
പിണക്കം കൊണ്ട് വിരഹം അനുഭവിക്കുക,
ഉടമസ്ഥാവകാശം കൊണ്ട് അസൂയപ്പെടുക,
പരസ്പരസമ്മതം നേടാൻ ആകുലപ്പെടുക,
അവിചാരിത കൊണ്ട് അതിശയിപ്പിക്കുക,
കുശുമ്പും കുന്നായ്മയും പറഞ്ഞു ദേഷ്യം പിടിപ്പിക്കുക.
കാണുമ്പോൾ വഴക്കടിക്കുക,
കാണാതിരുന്നാൽ വിഷമിക്കുക.
ഞങ്ങളുടെ കിനാശ്ശേരി അങ്ങനെ, അങ്ങനെ ഞങ്ങളെ ചൂഴ്ന്നുനിൽക്കുകയാണ്,
അതാണ് ഞങ്ങളുടെ സ്വത്ത്!

ഞാൻ ആണാണ്, അവൾ പെണ്ണാണ് എന്ന് തിരിച്ചറിയുന്നിടത്ത് ജീവിതം വഴിപിരിയുകയാണ്. പിന്നെ ആണിന്‍റെ കയ്യൂക്കും പെണ്ണിന്റെ ദൗർബല്യങ്ങളും ജീവിതപ്രമാണങ്ങളായി കരുതി ആരോ വെട്ടി നിരത്തിയ വഴിയിലൂടെ ജീവിതം അണച്ച് ഓടുകയാണ്. ആ വഴിയുടെ അവസാനം ആണും പെണ്ണും ആണായും പെണ്ണായും എന്തുനേടി എന്ന് അതിശയിക്കുന്ന ഒരു കാലം മാത്രമാണ് നമ്മെ കാത്തിരിക്കുന്നത്.

പരസ്പരം ജീവിതം പഠിപ്പിക്കുന്നിടത്ത് ആൺ പെൺ വേർതിരിവുകൾ അലിഞ്ഞില്ലാതാകുന്നു. ജീവിതത്തിന്‍റെ കഠിനപരീക്ഷണങ്ങളെ സ്വാർത്ഥതയേതുമില്ലാതെ കൈകൾ കോർത്ത് നേരിടുന്നിടത്ത് സഹനശക്തി ആർജ്ജിക്കുകയായി… പ്രണയം മങ്ങാതെ നിലകൊള്ളുകയായി.

അവൾ, എന്‍റെ വിലപിടിച്ച വാരിയെല്ല്. അവളാണ് എന്റെ ഹൃദയത്തെ സംരക്ഷിക്കുന്നവൾ..!

↑ top