≡ മാര്‍ച്ച്‌ 2017
ആണെഴുത്ത്

ഒരുമിച്ചു സ്വപ്നം കാണുന്നവര്‍

ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുള്ള സ്ത്രീകളെപ്പറ്റി പറയുമ്പോൾ രാഷ്ട്രീയ നിഷ്പക്ഷമാവാൻ പലരും ഉപയോഗിക്കുന്നത് അമ്മമാരെയാണ്. ക്ളീഷേ എന്ന നെറ്റിചുളിച്ചിൽ സൗകര്യാർത്ഥം മറന്ന് കാര്യത്തിലേക്ക് കടക്കാം.

ജീവിതത്തിലെ സ്ത്രീകളെപ്പറ്റി ചിന്തിക്കുമ്പോൾ ആർക്കും അമ്മയെ ഒഴിവാക്കി ആ ചിന്ത മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. നല്ലതോ ചീത്തയോ ആയ ഒരു സ്വാധീനത്തിനപ്പുറം ജനിതകമായ ഒരു വലിയ ബന്ധം അമ്മയോട് ഓരോ ജീവജാലങ്ങൾക്കും ഉണ്ട്. താൻ വളരുന്ന സമൂഹത്തിലെയോ, സാഹചര്യത്തിലെയോ ബാക്കിയെല്ലാ വസ്തുക്കളോടും നമ്മളെ ബന്ധിപ്പിക്കുന്നത് അമ്മയാണ്. ഓരോ കുഞ്ഞും അമ്മയിൽ നിന്ന് ജനിക്കുന്നു, എങ്ങനെ ജനിക്കുന്നു എന്നയിടത്ത് ‘അച്ഛൻ’ എന്ന ബന്ധുവുണ്ടാകുന്നു, എവിടെ ജനിക്കുന്നു എന്നത് നമ്മുടെ സമൂഹമായി മാറുന്നു. ഈ പറഞ്ഞത് അടിസ്ഥാനപരമായി എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയാണ്. ഞാൻ കൂടി അങ്ങ് പറഞ്ഞു എന്നേയുള്ളു. സംഗതി എന്‍റെ അമ്മയെപ്പറ്റിത്തന്നെയാണ്.

ചെറുപ്പത്തിൽ അമ്മയോട് പലപ്പോഴും ദേഷ്യം തോന്നിയിട്ടുണ്ട്. ഒരുപാട് അഭിപ്രായവ്യത്യാസങ്ങളും, വഴക്കുകളും, നിരുത്സാഹപ്പെടുത്തലുകളും ഉണ്ടായിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം ഇരുന്ന് ആ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതം തോന്നുന്നു. ബാങ്കിലെ ജോലിയും കഴിഞ്ഞു വന്ന് വീട്ടിൽ ഉള്ള മൂന്നു ആണുങ്ങളുടെ ഇടയിൽ നിന്ന് നട്ടംതിരിഞ്ഞ് ആരെയും അധികം വിഷമിപ്പിക്കാതെ ഒരു കുടുംബം മുന്നോട്ടു കൊണ്ടുപോവുക എന്ന കാലഹരണപ്പെട്ട പ്രതിഭാസം. അമ്മയുടെ അജണ്ട വളരെ ലളിതവും അതേ പോലെ തന്നെ ശക്തവുമായിരുന്നു. “എന്‍റെ കുടുംബം എന്നും ഇതുപോലെ നിലനിൽക്കണം” എന്നത് മാത്രമാണ് ആ അജണ്ട.

പണ്ട്, എല്ലാവരുടെയും വാശിക്കും ദേഷ്യത്തിനും മുന്നിൽ തോറ്റു നിൽക്കുന്ന അമ്മയെയാണ് കണ്ടിരുന്നതെങ്കിൽ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നേരത്തെ പറഞ്ഞ അജണ്ടക്ക് വേണ്ടി ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാതെ പൊരുതുന്ന അമ്മയെയാണ് കാണുന്നത്. അമ്മ ചെയ്തിരുന്ന കാര്യങ്ങൾ അന്ന് നിസ്സാരവൽക്കരിച് അമ്മയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അമ്മ ചെയ്തിരുന്ന കാര്യങ്ങൾ ചെയ്യാൻ ഉള്ള മാനസിക പക്വത എനിക്കിനിയും വന്നിട്ടില്ല എന്നിപ്പോളറിയാൻ കഴിയുന്നുണ്ട്. അന്ന് ഞാൻ കണ്ടിരുന്നത് എന്‍റെ മാത്രം അമ്മയെ ആയിരുന്നു. ഇപ്പോൾ മനസ്സിലാകുന്നുണ്ട്, അമ്മയുടെ മുഴുവൻ അവതാരങ്ങളെയും - 'അമ്മ, മകൾ, ഭാര്യ, മരുമകൾ, ചേച്ചി, അനിയത്തി, അമ്മായി, ചിറ്റ, പേരമ്മ’ അങ്ങനെയങ്ങനെ... - ഇപ്പോളിതാ രണ്ടു കുരുന്നുകളുടെ അച്ഛമ്മയെയും!

ഒരു വിരൽസ്പർശം കൊണ്ട് ജീവിതം ഓടിക്കാൻ കഴിയുന്ന ഈ വർത്തമാനത്തിലിരുന്ന് ഭൂതകാലത്തിന്‍റെ വില മനസിലാക്കാൻ എനിക്ക് കഴിയുന്നത് അമ്മ പഠിപ്പിച്ച പാഠങ്ങൾ ഒന്നുകൊണ്ടു മാത്രമാണ്. അമ്മയുടെ ഇഷ്ടങ്ങൾ പലതും ഞങ്ങൾക്ക് വേണ്ടി മാറ്റിവെച്ചിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈയിടക്ക് അമ്മയെ നിർബന്ധിച്ചു ഫേസ്ബുക്കിൽ കൊണ്ടുവന്നു. ഇപ്പോൾ അമ്മയവിടെ എഴുതുന്ന ഓരോ വരി വായിക്കുമ്പോളും സുഖമുള്ള ഒരു നീറ്റലുണ്ട്, അഭിമാനവും.

എന്‍റെ ഉദ്യോഗത്തിലും എഴുത്തുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സങ്കേതമാണ് സർറിയലിസം. ഒരുപക്ഷെ സെർഗെ എന്ന ചലച്ചിത്രകാരനെ കുറിച്ചോ അയഥാര്‍ത്ഥവാദം എന്ന പദത്തെക്കുറിച്ചോ അറിയുന്നതിന് വളരെ മുൻപ് തന്നെ എന്‍റെ ഉള്ളിൽ ഒരു സർറിയലിസ്റ്റ് ഉണ്ടായത് അമ്മ കാരണമാണ്. അമ്മയുടെ കഥകൾ കേട്ടാണ്! അമ്മയെപ്പോലെ ഉണർന്നിരിക്കുമ്പോൾ സ്വപ്നം കാണാൻ എനിക്കും സാധിക്കും. പണ്ടൊരിക്കൽ ഞാൻ എഴുതിയിട്ടുണ്ട്. ഫ്രോയിഡ് പറഞ്ഞതനുസരിച്ച് ഒരു മനുഷ്യൻ രാവിലെ കാണുകയും കേൾക്കുകയും ചെയ്യുകയും ചെയ്യുന്ന കാര്യങ്ങളുടെ exaggerated inversion ആണ് അയാളുടെ സ്വപ്‌നങ്ങൾ. അതുകൊണ്ട് തന്നെ അവരുടെ സ്വപ്‌നങ്ങൾ യാഥാർത്ഥ്യത്തിൽ നിന്നും വളരെ ദൂരെയായിരിക്കും. പക്ഷെ എന്‍റെയും അമ്മയുടെയും രാത്രി സ്വപ്‌നങ്ങൾ ദിവാ സ്വപ്നങ്ങളുടെ inversion ആണ്. ഒറ്റനോട്ടത്തിൽ സംഭവ്യം എന്ന് തോന്നിപ്പിക്കുകയും പിന്നീട് അസ്വസ്ഥതയുളവാക്കുന്ന എന്തോ ഒരു വ്യത്യാസം അനുഭവപ്പെടുത്തുകയും ചെയ്യിക്കുന്നവ. അതുകൊണ്ട് കഥകൾ എഴുതുക എന്നത് എനിക്ക് ആയാസരഹിതമാണ്. സ്വപ്നം പകർത്തി വെച്ചാൽ മതിയാകും. സർപ്പങ്ങൾ എന്‍റെ സ്വപ്നത്തിലെ നിത്യകഥാപാത്രങ്ങളാണ്. പത്തു തലയുള്ള ഭീമാകാരനായ ഒരു കരിനാഗവും ഇലകൾക്ക് പകരം മയിൽപ്പീലികൾ നിറഞ്ഞ ഒരു ഒറ്റമരവും എന്‍റെ രാത്രികളെ ഏറെ നാൾ വേട്ടയാടിയിരുന്നു. അത് അമ്മയോട് പറഞ്ഞിട്ടുണ്ട് - അമ്മയത് മനോഹരമായ ഒരു കവിതയാക്കിയിട്ടുമുണ്ട്.

അമ്മയെപ്പറ്റി വാട്സാപ്പ് എഴുത്തുകാരുടെ സ്ഥിരം നന്മകഥയൊന്നും എന്റെ കയ്യിലില്ല ; വളരെക്കുറച്ചു വരികൾ മാത്രമെഴുതി മുഴുമിപ്പിക്കാനുള്ള സാഹിത്യവിജ്ഞാനവുമില്ല, എങ്കിലും.

ലോകത്തുള്ള സകല സ്ത്രീകളും ഓരോ അത്ഭുതങ്ങളാണ്. എന്റെ അമ്മയെ പോലെ, നിങ്ങളുടെ അമ്മമാരെ പോലെ. അവരെ ബുദ്ധിമുട്ടിപ്പിക്കരുത്. ഇത് പഠിപ്പിക്കാൻ മതവും നിയമവും രാഷ്ട്രീയവുമൊന്നും വേണ്ട, അമ്മ മതി.

ഈ പറഞ്ഞത് മുഴുവൻ പരമാർത്ഥമാണ്. കാരണം ഞാൻ ഒരു നുണ പറഞ്ഞാൽ അത് കണ്ടുപിടിക്കാൻ കഴിവുള്ള ഒരേയൊരു വ്യക്തിയും എന്‍റെ അമ്മയാണ്!

↑ top