≡ മാര്‍ച്ച്‌ 2017
ആണെഴുത്ത്

മരിക്കാന്‍ സമ്മതിക്കാത്തൊരാള്‍

എന്‍റെ ബാല്യം അത്ര സുഖമുള്ള ഒന്നായിരുന്നില്ല. എനിക്ക് മൂന്ന് വയസ്സ് പ്രായമുള്ളപ്പോള്‍ തന്നെ വാപ്പ ഉള്ളതെല്ലാം വിറ്റു പെറുക്കി ഗല്‍ഫിലേക്ക് ചേക്കേറി. അന്ന്, ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്നില്‍ എട്ട് സെന്‍റ് സ്ഥലവും അതില്‍ മനോഹരമായൊരു വീടും ഞങ്ങള്‍ക്കുണ്ടായിരുന്നു. അതൊക്കെ വിറ്റിട്ടാണ്‌ വാപ്പ പോയത്. പിന്നീട് ഏതാണ്ട് അഞ്ചു വര്‍ഷം ഞങ്ങള്‍, ഞാനും ഉമ്മയും ഇത്താത്തയും വാപ്പയുടെ തറവാട്ടിലായിരുന്നു. ആ അഞ്ചു വര്‍ഷത്തെ വിടവ് എനിക്കും ഇത്താത്തയ്ക്കും വാപ്പയോടുണ്ടാക്കിയ അകല്‍ച്ച പോലെ തന്നെ ഉമ്മയോടൂണ്ടാക്കിയ അടുപ്പവും വളരെ വലുതായിരുന്നു. ഇന്നോളം അതിനു മാറ്റവും ഉണ്ടായിട്ടില്ല. ആൺകുട്ടികള്‍ക്ക് പൊതുവേ അമ്മമാരോടാണ്‌ കൂടുതല്‍ അടുപ്പമുണ്ടാവുക എന്നാണല്ലോ. എന്‍റെ കാര്യത്തില്‍ ആ അടുപ്പം ഒരല്‍പം ശക്തമായിരുന്നു.

കോളേജില്‍ പഠിക്കുന്ന സമയം. കോളേജ് ഹോസ്റ്റലിലാണ്‌ താമസം. രണ്ട് ദിവസത്തിലൊരിക്കല്‍ ഉമ്മ വിളിക്കും. അധികമൊന്നും സംസാരിക്കാത്ത ഒരാളായതു കൊണ്ടു തന്നെ ആ വിളികള്‍ എന്നെ ശല്യപ്പെടുത്തിയിരുന്നു. എനിക്കൊന്നും പറയാന്‍ ഉണ്ടാവില്ല. ഉമ്മ പറയുന്നത് കുറച്ചു സമയം കേട്ടിട്ട് വളരെ വേഗം തന്നെ ഞാന്‍ കോള്‍ കട്ട് ചെയ്യുമായിരുന്നു.

കോളേജും ഹോസ്റ്റല്‍ ജീവിതവുമൊക്കെ ഇപ്പോഴും എന്നെ നീറ്റുന്ന ചില ഓര്‍മകളാല്‍ സജീവമായി നില്‍ക്കുന്നുണ്ട്. കായികമായി വലിയ ശേഷിയില്ലാത്തവന്‍, സുഹൃത്തുക്കളോടൊപ്പം കത്തി വെച്ചിരിക്കുന്നതിനേക്കാള്‍ സമയം കോളേജ് ലൈബ്രറിയില്‍ ചെലവഴിക്കുന്നവന്‍, ക്യാമ്പസ് രാഷ്ട്രീയത്തില്‍ യാതൊരു വിധ താത്പര്യവും പ്രകടിപ്പിക്കാത്തവന്‍, ഗാനമേളകളിലും കോളേജ് ടൂറുകളിലും പാട്ടുകള്‍ക്കൊപ്പം ചുവടു വെക്കാന്‍ മടിയുള്ളവന്‍ എന്നിങ്ങനെയുള്ള ഒട്ടനേകം കാരണങ്ങളാല്‍ ഞാന്‍ പലപ്പോഴും ഒറ്റയാനായിരുന്നു. എന്നെ പരിഹസിക്കാന്‍ പലരും മത്സരിച്ചിരുന്നു. ആ സമയത്ത് ചിരിച്ചു തള്ളുമായിരുന്നെങ്കിലും അവ എന്നെ വല്ലാതെ നോവിച്ചിരുന്നു. ഞാന്‍ അന്ന് പഠിക്കാനുള്ള ചിലവുകള്‍ പാര്‍ട്ട് ടൈം ജോലി ചെയ്താണ്‌ കണ്ടെത്തിക്കൊണ്ടിരുന്നത്. ഇടക്കാലത്ത് ആ ജോലി നഷ്ടപ്പെട്ടു. അങ്ങനെ മാനസികമായും സാമ്പത്തികമായും വല്ലാതെ തളര്‍ന്നു നില്‍ക്കുന്നൊരു സമയം. കോളേജില്‍ രണ്ടാം വര്‍ഷമാണ്‌. ആത്മഹത്യ ചെയ്തു കളയാം എന്ന് തീരുമാനിച്ചു. തലേന്ന് വീട്ടില്‍ നിന്ന് വിളിച്ചതാണ്‌. അതു കൊണ്ട് ഇന്ന് വിളിക്കാന്‍ സാധ്യതയില്ല. രാത്രി എല്ലാവരും മെസ് ഹാളിലേക്ക് പോയ സമയം നോക്കി ഞാന്‍ ധൃതിയില്‍ ആത്മഹത്യാക്കുറിപ്പെഴുതി മേശപ്പുറത്ത് വെച്ചു. തൂങ്ങിച്ചാവാനായിരുന്നു എന്‍റെ തീരുമാനം. കുറിപ്പെഴുതിക്കഴിഞ്ഞ് മുണ്ടെടുത്ത് കുരുക്കുണ്ടാക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. എടുത്ത് നോക്കുമ്പോ വീട്ടില്‍ നിന്നാണ്‌.

“എന്താ ഉമ്മച്ചീ?”

“ചുമ്മാ വിളിച്ചതാ. പെട്ടെന്ന് വിളിക്കാന്‍ തോന്നി. അവിടെന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഇല്ല...”

ഞാന്‍ കരഞ്ഞു പോയി. ‘എന്താ പറ്റിയത്?’ എന്ന് ഉമ്മച്ചി ചോദിക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാനൊന്നും പറഞ്ഞില്ല!! അന്ന് ഫോണിലൂടെ ഒരുപാട് നേരം കരഞ്ഞു ഞാന്‍. അന്ന് ഉമ്മച്ചി എന്നെ വിളിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ, ഞാന്‍ ഇന്ന്...! പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. ഞാന്‍ അന്നും ഇന്നും ഫോണ്‍ സൂക്ഷിക്കുന്നത് സൈലന്‍റ് മോഡിലാണ്‌. പക്ഷേ, ആ രാത്രി ഉച്ചത്തില്‍ ബെല്ലടിച്ചു. നിങ്ങള്‍ എന്തൊക്കെപ്പറഞ്ഞാലും എനിക്ക് അതിനെ എന്‍റെ ഉമ്മയുടെ സ്നേഹം എന്ന് വിളിക്കാനാണിഷ്ടം.

കോളേജ് പഠനം കഴിഞ്ഞ് ജേണലിസം എന്ന ഭ്രാന്ത് കേറി നടക്കുന്ന സമയത്താണ്‌ ഞാന്‍ യാത്രകളുമായി കൂട്ട് കൂടുന്നത്. യാത്രകള്‍ക്ക് വല്ലാത്തൊരു അനുഭൂതി നല്‍കാന്‍ കഴിയും എന്ന് ബോധ്യമായതോടെ കിട്ടുന്ന പണം മുഴുവന്‍ ഞാന്‍ യാത്രകള്‍ നടത്തി തീര്‍ത്തു കൊണ്ടിരുന്നു. അപ്പോഴൊക്കെ ഉമ്മച്ചി എന്നും എന്നെ വിളിക്കുമായിരുന്നു. പിന്നീട് എന്‍റെ ഇത്തരം യാത്രകളോട് താദാത്മ്യം പ്രാപിച്ചു കഴിഞ്ഞാണ്‌ ആ ഫോണ്‍ വിളികളുടെ എണ്ണം കുറഞ്ഞത്. എങ്കിലും ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും വിളിക്കും.

എനിക്കാവശ്യമുള്ളപ്പോഴൊക്കെ ഉമ്മച്ചി അവിടെ ഉണ്ടാവുമായിരുന്നു. എന്‍റെ വട്ടുകള്‍ക്ക് മൗനാനുവാദം നല്‍കി എന്നെ വഷളാക്കുന്നത് ഉമ്മയാണ്‌ എന്ന് എന്‍റെ കുടുംബം മുഴുവന്‍ ഉമ്മയെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. എന്‍റെ യാത്രകളില്‍ വീട്ടുകാരും നാട്ടുകാരുമടക്കം എന്നെ കുറ്റപ്പെടുത്തിയപ്പോഴും ‘ഇപ്പോഴൊക്കെയല്ലേ പറ്റൂ. അവന്‍ പൊക്കോട്ടെ’ എന്ന് വാദിച്ച് അവരുടെയൊക്കെ വെറുപ്പ് സമ്പാദിച്ചിട്ടുണ്ട് എന്‍റെ ഉമ്മച്ചി.

എന്‍റെ എഴുത്തും വായനയും സിനിമയുമൊക്കെ കുടുംബത്തില്‍ വളരെ വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയപ്പോഴും ഉമ്മ എനിക്ക് വേണ്ടി വാദിച്ചു. സത്യത്തില്‍ ഞാനിപ്പോഴും ഇവിടെ ജീവിക്കുന്നത് എന്‍റെ ഉമ്മച്ചി ജീവിച്ചിരിക്കുന്നതു കൊണ്ടു മാത്രമാണ്‌. ആദ്യമായി എന്‍റെ ഒരു ആര്‍ട്ടിക്കിള്‍ മാഗസിനില്‍ വന്നപ്പോള്‍ ഞാന്‍ വളരെ ആഹ്ലാദപൂർവം മാഗസിന്‍ ഉമ്മയുടെ കയ്യില്‍ കൊടുത്ത് കാര്യം പറഞ്ഞു. ഉമ്മ ഒന്ന് മൂളിയതേയുള്ളൂ. പക്ഷേ പിന്നീട് ആ ആര്‍ട്ടിക്കിള്‍ വായിച്ച് ഉമ്മ പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു. ഏതാണ്ട് അഞ്ചു കൊല്ലം മുൻപ് ഈദിനു ഞാന്‍ ആദ്യമായി ഉമ്മയ്ക്ക് വാങ്ങിക്കൊടുത്ത പര്‍ദ്ദയാണ്‌ ഇപ്പോഴും വിശേഷവേളകളില്‍ ഉമ്മ ധരിക്കാറ്.

ഇതൊക്കെ ചിലപ്പോള്‍ എല്ലാ അമ്മമാരും ചെയ്യുന്നതാവാം. പക്ഷേ, എന്‍റെ ഉമ്മച്ചി എനിക്ക് മാത്രമല്ലേയുള്ളൂ….

ഉമ്മച്ചീ, നന്ദി. കഴിഞ്ഞ 26 കൊല്ലവും എന്‍റെ ജീവവായുവായി നിന്ന് എന്നെ മരണത്തില്‍ നിന്ന് സംരക്ഷിച്ചതിന്‌, എന്നെ ശപിക്കാത്തതിന്‌, എന്നെ സ്നേഹിക്കുന്നതിന്‌.

എന്നെ ആദ്യമായി സ്റ്റേജില്‍ കയറ്റി സമ്മാനം വാങ്ങിത്തന്ന ജെസ്സി ടീച്ചര്‍, മൂന്നു വര്‍ഷം എന്നെ സംഗീതം പഠിപ്പിച്ച ലത ടീച്ചര്‍, എന്‍റെ എഴുത്തിനെ ആദ്യമായി അഭിനന്ദിച്ച സലീല ടീച്ചര്‍, ഒരമ്മയെപ്പോലെ സ്നേഹം തന്ന ആശ മിസ്, പ്രമീള ടീച്ചര്‍, എന്നെ പ്രണയവും വിരഹവും എന്താണെന്ന് പഠിപ്പിച്ച എന്‍റെ ആദ്യ കാമുകി, എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരികള്‍. പ്രിയപ്പെട്ടവരേ, എല്ലാവര്‍ക്കും, എല്ലാവര്‍ക്കും നന്ദി.

വര: രശ്മി. എന്‍. ഹരി
↑ top