≡ മാര്‍ച്ച്‌ 2017
ആണെഴുത്ത്

വിട പറയും മുൻപേ

ചെറിയ ഒരു മയക്കത്തിനിടയിലാണ് ആരോ തോളിൽ തട്ടിയത്, പെട്ടന്ന് ഞെട്ടിയുണർന്നു, എയർഹോസ്റ്റസാണ്‌ തട്ടിയുണർത്തിയത് സീറ്റ് മുറുക്കാനുള്ള അപേക്ഷയാണ് മുഴങ്ങുന്നത്, ഒപ്പം വിമാനം ലാന്റ് ചെയ്യാന്‍ പോവുകയാണ് എന്ന മുന്നറിയിപ്പും. വിമാനം ഒന്നുകൂടി മുരണ്ടു. മേഘപാളികളെ ഉരുമ്മിക്കൊണ്ട് യന്ത്രപ്പക്ഷി താഴ്ന്നു പറക്കുകയാണ്. ദൂരെ പൊട്ടുപോലെ തുരുത്തുകള്‍ തെളിയാന്‍ തുടങ്ങി. ഇനി അല്‍പംകൂടി താഴേക്കു വരുമ്പോള്‍ തെങ്ങിന്‍ തലപ്പുകളുടെ മോഹനരൂപം കണ്ണില്‍ തെളിയും. നാട്ടിലേക്ക്, പച്ചയുടെയും പാടത്തിന്റെയും നടുവിലേക്ക്, സ്‌നേഹത്തിന്റെയും കിളികളുടെയും നാട്ടിലേക്ക്. റണ്‍വേ തൊട്ട കുലുക്കം അറിഞ്ഞതും കണ്ണ് നിറഞ്ഞു.പ്രിയപ്പെട്ടവരുടെ മുഖങ്ങള്‍ മനസ്സിലൂടെ മിന്നിമറഞ്ഞു. എല്ലാവരും കാത്തുനില്‍ക്കുകയാവും. ഭാര്യക്ക് അസുഖമായത് കൊണ്ട് അവളെ പ്രതീക്ഷിച്ചില്ല, മക്കളും അളിയന്മാരും ഉണ്ടാവുമായിരിക്കും , കൈയില്‍ ലഗേജുകള്‍ അധികമൊന്നുമില്ലാത്തതു കൊണ്ട് അല്‍പം ആശ്വാസമുണ്ട് ,മുകളിൽ നിന്ന് പുറത്തെ ആഹ്ലാദക്കാഴ്ചകളിലേക്ക് ഒന്ന് കണ്ണോടിച്ചു. സ്വീകരിക്കാനെത്തിയവരുടെ ബാഹുല്യമാണ്. സെക്യൂരിറ്റി ജീവനക്കാര്‍ ലാത്തിയും തോക്കുമൊക്കെയായി യുദ്ധത്തിന് തയ്യാറാണെന്ന മട്ടില്‍ നില്‍ക്കുന്നു.

കൊണ്ടുപോകാന്‍ ആരാണ് വന്നിട്ടുണ്ടാവുക? പുറത്തെ കൂട്ടപ്പൊരിച്ചിലിനിടയിലൂടെ കണ്ണ് പാഞ്ഞു. ആഘോഷിക്കുകയാണ് ആളുകള്‍. കേവല ആഹ്ളാദങ്ങളുടെ ഇത്തിരി മധുരം എല്ലാ ദുഖങ്ങളും മറന്ന് ഗള്‍ഫുകാരും പങ്കുവെക്കുന്നു. കെട്ടിപ്പിടിച്ചും, മുത്തമിട്ടും തലോടിയും, തങ്ങളുടെ സ്‌നേഹത്തിന് തേയ്മാനം വന്നിട്ടില്ലെന്ന് പ്രഖാപിക്കുന്നു ചിലര്‍. വര്‍ഷങ്ങളുടെ നീണ്ട പ്രവാസ ജീവിതത്തിനുശേഷം ബന്ധുക്കളുടെ മുഖം ഒരിക്കല്‍ക്കൂടി കണ്ട നിര്‍വൃതിയില്‍ ചിലര്‍ കരയുന്നു. ടാക്‌സി ഡ്രൈവര്‍മാരും, റിയാലിന്റെ ആവശ്യക്കാരും ശര്‍ക്കരയില്‍ ഉറുമ്പ് പൊതിയുന്നതുപോലെ ഗള്‍ഫുകാരെ വലംവെക്കുന്നു. ആകെ ബഹളമയമായ അന്തരീക്ഷം

ബാഗുകളും, രേഖകളും ഒരു ട്രോളിയില്‍ വെച്ച് മുഖത്ത് പ്രസാദപൂര്‍ണമായ ഒരു ചിരിയും ഫിറ്റ് ചെയ്ത് പതുക്കെ ഞാൻ പുറത്തേക്ക് നടന്നു.ആരായിരിക്കും സ്വീകരിക്കാനായി വന്നത് എന്നറിയാനുള്ള ചിരപുരാതനമായ ഒരാകാംക്ഷ എന്നിട്ടുമുണ്ടായിരുന്നു കണ്ണുകളില്‍. ഇല്ല! പരിചിത മുഖങ്ങളൊന്നും കാണാനില്ല. ഒരുപക്ഷേ, പുറത്തു വെയിറ്റ് ചെയ്യുകയാവും.

ടാക്‌സിക്കാരുടെ പരിധിവിട്ട ബഹളമാണ് എങ്ങും. ഒരു ഡ്രൈവര്‍ സമീപത്തേക്ക് വന്ന് ട്രോളി ബലമായി പിടിക്കാന്‍ ഒരു ശ്രമം നടത്തി.

''വേണ്ട, വണ്ടി വന്നിട്ടുണ്ട്...''

അതു കേട്ടതും അയാള്‍ മുഖം കറുപ്പിച്ച് അടുത്ത ഇരയെ തേടിപ്പോയി. അല്പസമയം നോക്കി, എന്നിട്ടും ആരെയും കാണുന്നില്ല ആരുടെ മൊബൈലിലാണ് ഒന്ന് വിളിക്കുക ഞാൻ ചുറ്റും പരതി - പരിചയമുള്ള ഒരു മുഖവും കാണുന്നില്ല !

ദൂരെനിന്നും തന്റെ സമീപത്തേക്ക് ഓടിക്കിതച്ച് വരുന്നു ഭാര്യയുടെ മൂത്ത ആങ്ങളയും ചെറിയ ആങ്ങളയും മകനും.

“ഞങ്ങൾ അല്പ്പം താമസിച്ചു പോയി,അളിയാ ബ്ലോക്കിൽ പെട്ടു”

സൗദിയിലെ പോലെ ഇവിടെ റോഡുകൾ വികസിക്കുന്നില്ല വാഹനങ്ങളേ വികസിക്കുന്നുള്ളൂ, ഞാൻ ഒന്നും മിണ്ടാതിരുന്നു. എന്റെ മനസ് മുഴുവൻ ഭാര്യയുടെ അസുഖത്തിലായിരുന്നു ഭാര്യാ സഹോദരിയുടെ മകനാണ് വാഹനമോടിക്കുന്നത് !

ഒന്നര മണിക്കൂറോളം നീണ്ട യാത്രക്ക് ശേഷം വീട്ടിലേക്കുള്ള പോക്കറ്റ് റോഡിലേക്ക് കാര്‍ പ്രവേശിച്ചു അല്പ്പദൂരം കഴിഞ്ഞപ്പോഴേക്കും വീട് ദൂരെനിന്നും കാണായി. ഒരു മുരള്‍ച്ചയോടെ കാർ മുറ്റത്തേക്ക് കയറി നിന്നു, എല്ലാവരും വീടിന്റെ പൂമുഖതുതന്നെ കാത്തു നില്ക്കുന്നു ഭാര്യയെ മാത്രം അവിടെയെങ്ങും കാണാനില്ല, ഞാൻ നേരെ അവൾ കിടക്കുന്ന മുറിയിലേക്ക് കയറിച്ചെന്നു, എന്നെക്കണ്ടതും അവൾ കട്ടിലിൽനിന്നും എഴുന്നേൽക്കാൻ പാടുപെടുന്നുണ്ടായിരുന്നു , ഞാൻ പതുക്കെ പിടിച്ചു എഴുന്നേൽപ്പിച്ച് കൈ പിടിച്ചു സലാം പറഞ്ഞു ആ വേദനകൾക്കിടയിലും അവൾ എന്നെ നോക്കി പുഞ്ചിരിച്ചു ഞാൻ പതുക്കെ അവളുടെ നെറുകയിൽ ഒരു ഉമ്മ കൊടുത്തു ഫോണിൽ കൂടി പറഞ്ഞു കേട്ടതിലും കൂടുതലായി ശരീരം നന്നേ ശോഷിച്ചിരിക്കുന്നു

ഒന്നര വർഷം മുൻപ് മക്കയിൽ നിന്ന് ഞങ്ങൾ പിരിയുമ്പോൾ ഉള്ളതിനെക്കാളും പാടെ മെലിഞ്ഞിരിക്കുന്നു, വയർ ആണങ്കിൽ സാമാന്യത്തിലധികം വീർത്തിരിക്കുന്നു. പരസ്പരം ഞങ്ങൾ ഒരു നിമിഷം കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.. രണ്ട് പേർക്കും ഒന്നും പറയാനില്ല എന്നാൽ എന്തൊക്കെയോ പറയാനുണ്ട് താനും!

ഭക്ഷണമൊക്കെ കഴിച്ച് ചെറുതായി ഒന്ന് മയങ്ങിയിട്ടേ ഉള്ളു പെട്ടന്ന് ശബ്ദം കേട്ട് ലൈറ്റ് തെളിയിച്ച് നോക്കുമ്പോൾ ഭാര്യ ഒരു കപ്പും കയ്യിൽ പിടിച്ച് അതിലേക്ക് ശർദ്ദിക്കുന്നു.. കൊഴുത്ത ഒരു തരം നീരാണ് പുറത്ത് വരുന്നത് !

പിറ്റേന്ന് രാവിലെത്തന്നെ ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു ഒ പി യുടെ ദിവസമല്ലാത്തത് കൊണ്ട് നേരെ കാഷ്വാലിറ്റിയിലേക്കാണ് പോയത് കയ്യിലുണ്ടായിരുന്ന എല്ലാ റിസൾട്ടുകളും അവിടെ കൊടുത്തു.

രണ്ട് ഡോക്ടർമാർ നോക്കിയിട്ട് മറക്ക് പുറത്തേക്ക് വന്നിട്ട് എന്നോട് ചോദിച്ചു ,

''ഭാര്യക്ക് ഗർഭമുണ്ടോ ?

ഞാനാകെ ഞെട്ടിപോയി ഇവരെന്താ ഈ ചോദിക്കുന്നത് ഇവർ MBBS തന്നെയാണോ പഠിച്ചത് എന്ന് ഞാൻ സംശയിച്ചു ,

'ഇല്ല’ എന്ന് പറഞ്ഞു

''ഉറപ്പാണോ ?”

“സാറെ ഞാൻ ഒന്നര വർഷമായി സൗദിയിലാണ് ഇന്നലെയാണ് എത്തിയത്. ഭാര്യക്ക് കാൻസറാണ് വയറ്റിൽ”

"ഓഹോ നിങ്ങൾ രോഗിയേയും കുട്ടി പോയി ഈ ടെസ്റ്റുകൾ ചെയ്ത് റിസൾട്ടും കൊണ്ട് വരിക, ഓക്കേ ?”

യൂറിൻ, ബ്ലഡ്‌, സ്കാനിംഗ്, എക്സറേ എന്നിവ എഴുതിത്തന്നിട്ട് അവർ അടുത്ത രോഗിയെ പരിശോധിക്കാൻ പോയി. ഉച്ചയായപ്പോഴേക്കും എല്ലാ റിസൾട്ടുകളും കിട്ടി. റിസൾട്ടുകൾ എല്ലാം നോക്കിയിട്ട് ഭാര്യയെ വീണ്ടും പരിശോധിച്ചു എന്നിട്ട് പറഞ്ഞു മൂത്രം പോവാത്ത കുഴപ്പമുണ്ട്, റ്റ്യൂബ് ഇടണ്ടി വരും എനിമ മരുന്ന് കൊടുത്ത് കഴിഞ്ഞാൽ മലം പോയികൊള്ളും. അധികം താമസിയാതെ മൂത്രം പോവാൻ റ്റ്യൂബിട്ടു, എനിമ മരുന്ന് ഉള്ളിലേക്ക് കൊടുത്തു ബാത്ത് റൂമിൽ പോയതും ഭാര്യയുടെ നിലവിളിയാണ് കേൾക്കുന്നത് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.., അത് അൽപ്പനേരം നീണ്ടുനിന്നു.

വീട്ടിലേക്ക് തിരിക്കാൻ നേരം ഞാൻ ഡോക്ടറോട് ചോദിച്ചു

“സാറെ, ഭാര്യയുടെ ഈ വയർ കുറയാൻ യാതൊരു മാർഗ്ഗവും ഇല്ലേ?”

"ഇല്ല യാതൊരു മാർഗ്ഗവും ഇല്ല. ഈ അസുഖത്തിന്റെ ലക്ഷണമാണ് അത് "

“അല്ല വന്നപ്പോൾ എല്ലാ റിസൾട്ടുകളും നോക്കിയിട്ട് ഞങ്ങളോട് ചോദിച്ചു ഭാര്യക്ക് ഗർഭമുണ്ടോ എന്ന് ഗർഭം വല്ലതും കണ്ടോ? അല്ല ശരിക്കും നിങ്ങൾ MBBS തന്നെയാണോ പഠിച്ചത്?”

അയാൾ ഒന്നും മിണ്ടാതിരുന്നതോടെ ഞാൻ ഭാര്യയേം കൂട്ടി മെഡിക്കൽ കോളേജിന്‍റെ പടിയിറങ്ങി. വീട്ടിലെത്തിയ അന്നു മുതൽ ഉറക്കമില്ലാത്ത രാത്രികളായിരുന്നു പിന്നീട് ഭാര്യയുടെ അസുഖത്തെതുടർന്നുള്ള വേദന താങ്ങാൻ പറ്റാതെയുള്ള കരച്ചിൽ ചെവിയിൽ വന്നലച്ചുകൊണ്ടിരുന്നു, ഇനി എന്താണ് ചെയ്യുക എന്ന് ഞാൻ പല വട്ടം ആലോചിച്ചു. രണ്ട് ദിവസത്തിന് ശേഷം അടുത്തുള്ള ഹെൽത്ത് സെന്റർ പാലിയേറ്റീവ് കെയറിൽ പോയി വിവരം പറഞ്ഞു അവിടെയുള്ള നല്ലൊരു സിസ്റ്റർ വീട്ടിൽ വന്നു ഭാര്യയുടെ വയർ തൊട്ട് നോക്കിയിട്ട് പറഞ്ഞു,

“ഇതിൽ നല്ല നീരുണ്ട്, ഇവിടെ ഹെൽത്ത് സെന്ററിൽ കുത്തിയെടുക്കാനുള്ള സൗകര്യമില്ല നിങ്ങൾ മെഡിക്കൽ കോളേജിലെ പാലിയേറ്റിവിൽ പോയി അവിടെ നിന്ന് നീര് കുത്തിയെടുക്കണം ഞാൻ അങ്ങോട്ട് ചീട്ട് എഴുതി തരാം”

“സിസ്റ്ററേ ഇതൊന്നും കോളേജ് കാഷ്യലിറ്റിയിലെ ഡോക്ടർമാർ പറഞ്ഞില്ലല്ലോ!”

" അതൊന്നും അവർക്കറിയാത്തത് കൊണ്ടാണ്. ചികിത്സ എന്നത് ഇന്ന് ആതുര സേവനത്തിൽ നിന്ന് ബിസിനസിലേക്ക് മാറിയത് കൊണ്ടാണ് അവർക്കറിയാത്തത്. നിങ്ങൾ നാളെ രാവിലെ തന്നെ പോവണം. ഇവിടെ നീര് കുത്തിയെടുക്കാൻ സൗകര്യമില്ല എന്ന് പറഞ്ഞത് നീര് എടുക്കുന്നതിന് മുമ്പ് ഒരു മരുന്ന് വയറ്റിലേക്ക് കൊടുക്കും, അതിവിടെയില്ല. മാത്രവുമല്ല നീര് എടുക്കുമ്പോൾ ഏത് നിമിഷവും ബി പി കുറയാൻ സാധ്യതയുണ്ട് അത് കൊണ്ട് തന്നെ രോഗിയുടെ കൂടെ ഡോക്ടർ എപ്പോഴും വേണം, ഒരു ഡോക്ടറുടെ സാന്നിധ്യത്തിലേ നീര് കുത്തിയെടുക്കാൻ പാടുള്ളൂ” എന്നും പറഞ്ഞ് അവർ ചീട്ട് എന്റെ കയ്യിൽ തന്നു.

പിറ്റേന്ന് രാവിലെ ഞങ്ങൾ മെഡിക്കൽ കോളേജ് പാലീയേറ്റീവ് കെയറിൽ എത്തി, ഭാര്യയുടെ വയറിന്റെ രണ്ട് മൂന്ന് ഭാഗങ്ങളിലായി കുത്തി നോക്കിയിട്ടും നിര് കിട്ടുന്നില്ല അവസാനം അവർ പറഞ്ഞു,

“നിങ്ങൾ അടുത്തുള്ള ഒരു സ്കാനിംഗ് സെന്ററിൽ പോയി നീര് നിൽക്കുന്ന സ്ഥാനം അടയാളപെടുത്തിയിട്ട് വരണം”

പോയി വന്നപ്പോഴേക്കും BP കുറവായത് കൊണ്ടും അന്ന് നീര് കുത്തിയെടുത്തില്ല. അന്നവിടെ അഡ്മിറ്റാക്കി പിറ്റേന്ന് രാവിലെ തന്നെ നാലു ലിറ്റർ നീര് കുത്തിയെടുത്തു. അപ്പോൾ തന്നെ വയർ പകുതിയായി കുറഞ്ഞു. നീര് മുഴുവനായി വാർന്ന് കഴിഞ്ഞപ്പോൾ വയറ്റിലെ കാൻസർ സെല്ലുകൾ വലുതായി മുഴച്ച് നിൽക്കുന്നത് കാണാം. ഇതോടെ ഒരു കാര്യം മനസിലായി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ചിലരെങ്കിലും LKG വിദ്യാർത്ഥികളെ പോലെയാണ് ഒരു ഹെൽത്ത് സെന്ററിലെ നെഴ്സിന്‍റെ അത്രയും വിവരമില്ല എന്ന് ചുരുക്കം ,അത് കൊണ്ടാണല്ലോ ഈ രോഗത്തിന്റ ആദ്യ ഘട്ടത്തിൽ നാലര മാസം മെഡിക്കൽ കോളേജിൽ കാണിച്ചിട്ടും അവർക്ക് രോഗം കണ്ടു പിടിക്കാൻ കഴിയാതെ പോയത്.

മൂന്നാംദിവസം വീണ്ടും നീര് കുത്തിയെടുത്തു അപ്പോഴും മൂന്നര ലിറ്റർ എടുത്തു. ഇതങ്ങിനെ തുടർന്നു. നീര് കുത്തിയെടുക്കന്ന ദിവസങ്ങളിൽ ശർദ്ദി അൽപം കുറവ് വരും വയറിൽ നിര് കൂടുന്നതിനനുസരിച്ച് നീര് നീക്കം ചെയ്യാതെ വരുമ്പോൾ വയറ്റിലെ നീര് ശർദ്ദിയിലൂടെ പുറത്ത് വരും. ദിവസം ചെല്ലുന്തോറും രോഗത്തിന്റെ സ്വഭാവം മാറി വരാൻ തുടങ്ങി നീര് കാലിലേക്കും വ്യാപിച്ചു,ചിലപ്പോൾ കടും പച്ച നിറത്തിലായിരിക്കും ശർദ്ധിക്കുക ചിലപ്പോൾ കറുത്ത മുന്തിരിയുടെ കളറിൽ. മറ്റു ചിലപ്പോൾ മഞ്ഞ കളറിൽ പിന്നെ ഇറച്ചി കഴുകിയ വെള്ളം പോലെ. അതിൽ ഇറച്ചി കഷണം പോലെയും! ഇതങ്ങിനെ തുടർന്നു.

ഇപ്പോൾ നീര് കുത്തിയെടുക്കുമ്പോൾ ഇടത് കാലിൽ നിന്ന് വയറിലേക്ക് ഒരു പ്രത്യേക വേദനയാണ് കയറുന്നത്. കാൻസർ രോഗികൾക്ക് കൊടുക്കുന്ന വേദനസംഹാരിയായ (മോർഫിൻ) ഗുളിക കൊടുത്താലും, ചിലപ്പോൾ വേദന ശമനത്തിന് നാവിൽ മരുന്ന് ഇറ്റിച്ച്കൊടുത്താലും വേദനക്ക് ശമനമുണ്ടാവില്ല നിലവിളി തുടർന്നു കൊണ്ടേയിരിക്കും അത് കൊണ്ട് തന്നെ വേദന വരുമ്പോൾ തന്നെ നീര് കുത്തിയെടുക്കൽ നിർത്തും.

ഞാൻ പല പ്രാവശ്യം ചിന്തിച്ചു, ഒന്നേമുക്കാൽ വർഷമായി അവളിൽ നിന്ന് മറച്ചു വെച്ച രോഗത്തെ പറ്റി ഇനി പറയണം.

ഇനിയും അവളോട് രോഗത്തെ പറ്റി പറഞ്ഞില്ലെങ്കിൽ മരണ വേദന വന്നാൽ പോലും അവൾ ദിക്ക്ർ ചൊല്ലില്ല .രോഗം അറിഞ്ഞാൽ ആദ്യത്തെ ഒന്നോ രണ്ടോ ദിവസം ഒരു വിഷമം ഉണ്ടാവാം സാരമില്ല പറയണം രോഗമറിഞ്ഞാൽ പല നേട്ടങ്ങളുമുണ്ട്,ഒന്നാമതായി ദിക്ർ ചൊല്ലി മരിക്കാം, രണ്ടാമത് തൗബ ചൊല്ലാം (കഴിഞ്ഞ് പോയ തെറ്റുകളെ ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കാം ), മൂന്ന് മറ്റുള്ളവരോട് എന്തെങ്കിലും തെറ്റ് വന്ന് പോയിട്ടുണ്ടങ്കിൽ അവരോട് ( പൊരുത്തപെടാൻ) ക്ഷമിക്കാൻ പറയാം, നാല് വസിയത്ത് എന്തെങ്കിലും ഉണ്ടങ്കിൽ അവൾക്ക് പറയാം ഇതൊക്കെയാണ് നേട്ടങ്ങൾ, ഞാൻ രോഗത്തെക്കുറിച്ച് പറയാൻ ഉറപ്പിച്ചു.

ഇത് വരെ അവളോട്‌ അസുഖം പറയാതിരുന്നത് അവളെ പരിശോധിക്കുന്ന ഡോക്ടർ പറഞ്ഞിട്ടാണ്. അവൾ രോഗം അറിയാതെ എത്രത്തോളം പോവുന്നോ അത്രയും പോയിക്കോട്ടെ എന്നാണ് പറഞ്ഞത്. ഡോക്ടർ തന്നെ ഒരിക്കൽ പറഞ്ഞു, രോഗം അറിയാതെ ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന പ്രതീക്ഷയിൽ ആയത് കൊണ്ടാണ് ഒന്നേമുക്കാൽ വർഷം തുടർച്ചയായി കീമോ ചെയ്യാൻ സാധിച്ചത്, ഈ ഒന്നേമുക്കാൽ വർഷം കൊണ്ട് മുപ്പത്തിയെട്ട് കീമോയാണ് എടുത്തത് സാധാരണയായി രോഗം അറിഞ്ഞെങ്കിൽ അത്ര തന്നെ മുന്നോട്ട് പോവില്ലായിരുന്നു എന്നും ഡോക്ടർ കഴിഞ്ഞ പ്രാവശ്യം പറഞ്ഞു.

ഇപ്പോഴും ജീവിതത്തിലേക്ക് തിരിച്ച് വരും എന്ന പ്രതീക്ഷയിലാണവൾ, അത് കൊണ്ടാണല്ലോ കഴിഞ്ഞ മാസം ഞാൻ ഗൾഫിൽ നിന്ന് വിളിച്ചപ്പോഴും നിങ്ങൾ ഇപ്പോൾ തന്നെ വരണ്ട എനിക്കൊരു രോഗവുമില്ല ഒരു വീടിനുള്ള തയ്യാറെടുപ്പിൽ മാത്രം നിങ്ങൾ വന്നാൽ മതി എന്ന് പറഞ്ഞത്.

അസുഖത്തെ കുറിച്ച് പറഞ്ഞാൽ എന്തായിരിക്കും അവളുടെ പ്രതികരണം എന്നോർത്ത് ഞാൻ ഭയപ്പെട്ടു. ഈ ദൗത്യം മറ്റാരെയെങ്കിലും ഏൽപ്പിക്കാനും പറ്റില്ല, ആരും പറയില്ല…. എന്ത് ചെയ്യണം എന്ന് ഞാൻ കുറെ ചിന്തിച്ചു.

വീട്ടിലാണങ്കിലും ഹോസ്പിറ്റലിലാണങ്കിലും അവളെ കാണാൻ കുടുബക്കാരും അയൽവാസികളും നാട്ടുകാരും അവളുടെ കൂട്ടുകാരികളും ഒക്കെയായി ധാരാളം പേർ വന്നു കൊണ്ടേയിരിക്കുന്നുണ്ട്.

അന്നും പതിവ് പോലെ നാല് ലിറ്ററോളം നീര് കുത്തിയെടുത്തു. രണ്ട് ദിവസം മുമ്പാണ് മൂന്ന് ലിറ്റർ കുത്തിയെടുത്തത് , ഇപ്പോൾ പതിനാല് ദിവസം കൊണ്ട് തന്നെ പതിനഞ്ചര ലിറ്റർ നീര് കുത്തിയെടുത്തു ,

മെഡിക്കൽ കോളേജ് പാലിയേറ്റീവിലെ നല്ല ഒരു ഡോക്ടറാണ് അമീർ അലി. അദ്ദേഹം എന്നെ വിളിച്ച് പറഞ്ഞു,

"നിങ്ങളുടെ ഭാര്യ വളരെ ക്രിട്ടിക്കൽ സ്റ്റേജിലാണ് പോവുന്നത് അതായത് കാൻസറിന്‍റെ അവസാന സ്റ്റേജായ ഫോർത്തിലാണ് ഇപ്പോൾ, സാധാരണ ഒരു പ്രാവശ്യം ഒരു പ്രാവശ്യം നീരെടുത്തു കഴിഞ്ഞാൽ രണ്ടാഴ്ചയെങ്കിലും വിടവുണ്ടാക്കും ഇതിപ്പോൾ അതില്ല ദുആ ചെയ്യുക വേദനയില്ലാതെ അല്ലാഹു ഇഷ്ടപ്പെടുന്നത് നടക്കാൻ".

ഞാൻ ആകെ തളർന്നു പോയി. അന്ന് ഉച്ച കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും മാത്രമെ മുറിയിലുള്ളൂ ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു എന്നിട്ട് മുഖത്തേക്ക് തന്നെ കുറച്ച് നേരം നോക്കി എന്നിട്ട് ചോദിച്ചു.

"നിനക്ക് മരിക്കാൻ ഭയമുണ്ടോ ?”

"ഞാൻ മരിക്കാൻ ഭയന്നിട്ട് എന്താ കാര്യം അല്ലാഹു എന്നെ മരിപ്പിക്കാതെ ഇവിടെ ഇടുമോ? പിന്നെ ആരും ഇവിടെ കാലാ കാലവും ജീവിച്ചിരിക്കില്ലല്ലോ എന്നാണങ്കിലും ഒരിക്കൽ മരിക്കേണ്ടവരല്ലേ നമ്മൾ? പിന്നെ കുറച്ച് കാലം കൂടി നിങ്ങളെ ഒപ്പം ഇവിടെ ജീവിക്കണമെന്നുണ്ട് അതും അല്ലാഹുവിന്‍റെ അനുഗ്രഹമുണ്ടങ്കിൽ മാത്രം, എന്താപ്പോ ണ്ടായത് ഇങ്ങനൊക്കെ ചോദിക്കാൻ?"

ഇത് പറഞ്ഞ് തീർന്നതും ഞാൻ അവളെയും കെട്ടിപ്പിടിച്ച് കരഞ്ഞു, അവൾ ആകെ അന്തം വിട്ട് നോക്കി, അവസാനം ഞാൻ പറഞ്ഞു.

"നിനക്ക് ഏതെങ്കിലും തരത്തിൽ വേദന വരുന്നുണ്ടങ്കിൽ നീ ദിക്റ് ചൊല്ലണം ട്ടോ "

" ന്‍റെ കാര്യ ഒക്കെ കഴിഞ്ഞ്ക്ക്ണ്ലേ ഞാനപ്പെഴും ദിക്റിൽ തന്നേണല്ലോ, ന്നാലും ചില വേദന വരുമ്പോ ദിക്റൊക്കെ മറന്ന് പോണ്, സക്കറാത്തുൽ മൗത്തിന്‍റെ സമയം വരുമ്പോ മറക്കാതിരുന്നാ മതി "

ദിവസങ്ങൾ ചെല്ലുന്തോറും അസുഖം കൂടി വന്നു ശരീരം മെലിഞ്ഞ് ഇപ്പോൾ ഒരു രൂപം മാത്രമായി മാറിക്കൊണ്ടിരിക്കന്നു!! അന്നും പതിവ് പോലെ എന്‍റെ മടിയിൽ തലയും വെച്ച് കിടക്കുമ്പോൾ നെറ്റിയിൽ തലോടികൊണ്ട് ഞാൻ അവളോട് ചോദിച്ചു,

"നിന്‍റെ അസുഖമെന്താണന്ന് നിനക്കറിയ്യോ ?"

ആകാംക്ഷയോടെയും തെല്ല് ഭയത്തോടെയും എന്റെ മുഖത്തേക്ക് നോക്കി, " എന്താണെങ്കിലും എന്നോട് പറഞ്ഞോളി…. എന്താണങ്കിലും എനിക്ക് മരണം ഉറപ്പാണ്. ചിലപ്പോൾ ഞാൻ മരിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് പിന്നെ എന്നോട് പറയാൻ കഴിയില്ല " "നീ എന്താ ഇതുവരെ കരുതിയത്?!"

"എനിക്ക് കാൻസറാണോ ?"

ഞാൻ പതുക്കെ അവളുടെ മുഖം എന്‍റെ മുഖത്തോട് അടുപ്പിച്ച് ഒന്ന് മൂളി

അവൾ എന്‍റെ മുഖം മാറ്റി പിടിച്ചു എഴുന്നേറ്റിരുന്നു എന്നിട്ട് അൽപസമയം എന്‍റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു അൽപം ഭയപ്പാടോടെ!!

ഞാനാകെ ഭയപ്പെട്ടു അൽപ നേരത്തിന് ശേഷം അവൾ എന്‍റെ മുഖം അവളുടെ മുഖത്തിന് അഭിമുഖമായി അടുപ്പിച്ച് പതുക്കെ പറഞ്ഞു…,

"സന്തോഷായി ,ഇപ്പോഴെങ്കിലും ഞാനറിഞ്ഞല്ലോ!!”

പിന്നെ ഒന്നും സംസാരിച്ചില്ല എന്‍റെ മേൽ പുറംചാരി ജനാലയിലൂടെ അങ്ങ് ദൂരെ വിദൂരതയിലേക്ക് കണ്ണുംനട്ടിരുന്നു കുറെ നേരം പിന്നീടവൾ വീടിനെപ്പറ്റിയോ കുട്ടികളെപ്പറ്റിയോ ഒന്നും സംസാരിച്ചില്ല ,ഒരിക്കലവൾ മുത്തമകനെ അടുത്ത് വിളിച്ചിരുത്തി കൂട്ടി പിടിച്ചിട്ട് പറഞ്ഞു,

"മോൻ നല്ല കുട്ടിയായി വളരണം ട്ടോ ആരെക്കൊണ്ടും ഒരു മോശമായ കുട്ടിയാണ് എന്ന് പറയിക്കരുത്, അഞ്ച് വക്തിലും നമസ്കാരം നിർവ്വഹിക്കണം , ഇത് മാത്രമെ നിന്‍റെ ഉമ്മാക്ക് മോനോട് പറയാനുള്ളൂ"

വേദനക്കുള്ള മോർഫിൻ ഗുളികകൾ തുടരെ തുടരെ കൊടുത്തു കൊണ്ടിരുന്നു എന്നിട്ടും വേദന കുറവില്ലാതായപ്പോൾ ഗുളിക മാറ്റി. ഒരു ദിവസം മൂന്ന് ഗുളിക, ഒന്ന് കൊണ്ട് ഏകദേശം എട്ട് മണിക്കുർ നേരം മയങ്ങി കിടക്കും പലപ്പോഴും ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങി. ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങിയ അന്നുവരെ ഒറ്റ വക്ത് നമസ്കാരം പോലും ഒഴിവാക്കിയിരുന്നില്ല കസേരയിൽ ഇരുന്നിട്ടും പിന്നിട് കിടന്നിട്ടും നമസ്ക്കരിച്ചിരുന്നു, അപ്പോഴാണ് നമസ്കാരത്തിന് ഭംഗം വരാൻ തുടങ്ങിയത്, അപ്പോഴാണ് അവൾ ആദ്യമായി അല്ലാഹുവിനോട് ദുആ ചെയ്യുന്നത്.

“ഓർമ്മ നഷ്ടപെടുത്തി എന്നെ നീ ഭൂമിയിൽ ഇടല്ലേ റബ്ബേ” എന്ന്!

അവളുടെ അസുഖത്തെപ്പറ്റി ഒരിക്കൽ പോലും അവൾ അല്ലാഹുവിനോട് പരാതിയോ വേവലാതിയോ പറഞ്ഞിട്ടില്ല പക്ഷെ ഇന്ന് ആദ്യമായി ഓർമ്മ നഷ്ടപ്പെടാൻ തുടങ്ങിയപ്പോഴാണ് നല്ലൊരു ദിവസത്തിൽ നിന്റടുക്കലേക്ക് എന്നെ കൊണ്ട് പോവണേ അല്ലാഹ് എന്ന് പ്രാർത്ഥിച്ചത് !

ദിവസങ്ങൾ കഴിയുന്തോറും ശർദ്ദിയും വേദനയുടെ കാഠിന്യവും കൂടിക്കൂടി വന്നു,ഒരിക്കൽ എന്നോട് ചോദിച്ചു,

"ഈ അസുഖമുള്ളവർ കുറെ കാലം കിടക്കുമോ? "

അപ്പോൾ ഞാൻ പറഞ്ഞു,

"അല്ലാഹു തൃപ്തിപ്പെടുന്ന ദിവസം നിന്നെ വിളിക്കും. അഞ്ച് വക്ത് നമസ്കരിക്കുകയും നോമ്പെടുക്കുകയും ചെയ്യുന്ന നിനക്കാണല്ലോ അല്ലാഹു ഈ രോഗം തന്നത്!”

" നിങ്ങൾ അങ്ങിനെ പറയരുത് നമ്മൾ അല്ലാഹുവിന്‍റെ അടിമകളാണ്, അവൻ തരുന്നത് വാങ്ങിക്കുക എന്നല്ലാതെ അതിൽ പരാതി പറയാൻ പാടില്ല, പരാതി പറഞ്ഞ് ദുനിയാവും ആഖിറവും ഇല്ലാതാക്കരുത് നമ്മൾ, നിങ്ങളും അത് പറയാൻ പാടില്ല ഞാൻ ഇവിടെ കിടന്നാൽ എന്താ ചെയ്യാ? "

അവളുടെ ഈ സംസാരം കേട്ടതോട് കൂടി പിന്നെ ഞാനൊന്നും മിണ്ടിയില്ല പിന്നെയും അവൾ ദിവസങ്ങൾ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങി ഓരോ നല്ല ദിവസങ്ങൾ കഴിയുന്തോറും അടുത്ത നല്ല ദിവസത്തെ പ്രതീക്ഷിച്ചിരിക്കും "

ഇപ്പോൾ ആംബുലൻസിലാണ് മെഡിക്കല്‍ കോളേജിൽ പോവാറ്. വയറിന്‍റെ മേൽപ്പോട്ട് ഒരു രൂപം മാത്രമായി മാറിയിരിക്കുന്നു, രണ്ട് വർഷം മുമ്പ് വരെ സാമാന്യം സൗന്ദര്യം ഉണ്ടായിരുന്ന എന്റെ ഭാര്യ തന്നെയാണോ ഇത് എന്ന് ഞാൻ സങ്കടത്തോടെ നോക്കി. ചാരിയിരുത്തി കഞ്ഞി ജ്യൂസടിച്ചത് കൊടുക്കുമ്പോൾ അവളുടെ പുറത്തെ എല്ല് കുത്തിയിട്ട് തലയണ വെച്ചാണ് ചാരാറ്, ഇപ്പോൾ തന്നെ അഞ്ച് ദിവസത്തോളമായി മൂത്രവും മലവും പോയിട്ട്. മൂത്രം പോവാൻ ഇട്ട റ്റ്യൂബ് വേദന കൂടിയപ്പോൾ ആദ്യമെ എടുത്തു ഒഴിവാക്കിയിരുന്നു, മാത്രവുമല്ല ശരീരം പൊട്ടുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടി. ഉടനെ അടുത്ത ഹെൽത്ത് സെന്ററിൽ പോയി മുമ്പ് വീട്ടിൽ വന്ന സിസ്റ്ററോട് കാര്യം പറഞ്ഞു ഉടനെ അവർ പുതിയ ഒരു വാട്ടർ ബെഡ് എടുത്തു തന്നു അതിൽ വെള്ളം നിറക്കുന്ന രീതിയും പറഞ്ഞു തന്നു.

പതിവ് പോലെ നീര് കുത്തിയെടുക്കാൻ അന്നും ഞങ്ങൾ മെഡിക്കൽ കോളേജിലെ പാലിയേറ്റിവിലേക്ക് പുറപ്പെട്ടു. ഡോക്ടറോട് മലവും മൂത്രവും പോവാത്തതിനെ പറ്റിയും കൂട്ടത്തിൽ പറഞ്ഞു, അപ്പോൾ ഡോക്ടർ പറഞ്ഞു “നീര് കുത്തിയെടുത്ത് നോക്കാം എന്നിട്ടും മലം പോവുന്നില്ലെങ്കിൽ മലം പോവാൻ റ്റ്യൂബ് ഇടേണ്ടി വരും. ഈ ഒരു അവസ്ഥയിൽ സർജറി വിഭാഗത്തിൽ പോയാൽ അവർ റ്റ്യൂബിടില്ല, കാൻസർ സെല്ലുകൾ വളർന്ന് വൻ കുടൽ ബ്ലോക്കായതാണ് മാത്രവുമല്ല മൂത്രനാളിയും ബ്ലോക്കാവും ഏതായാലുംനീരെടുക്കാം എന്നിട്ട് നോക്കാം”.

,ഭാര്യയെ അവർ നീരെടുക്കുന്ന മറ്റൊരു മുറിയിലേക്ക് കൊണ്ട് പോയി ഒപ്പം ഞാനും അനുഗമിച്ചു. നീരെടുക്കാൻ തുടങ്ങിയപ്പോൾ തന്നെ ഡോക്ടർ അവളോട് പറഞ്ഞു വേദന തോന്നുന്നെങ്കിൽ അപ്പോൾ പറയണം നീരെടുക്കൽ നിർത്താം , എന്നെ പുറത്തേക്ക് വിളിച്ചിട്ട് ഡോക്ടർ പറഞ്ഞു രോഗിയെ വേദനിപ്പിക്കാതെ എത്രത്തോളം ജീവിപ്പിക്കാൻ പറ്റും അത്രയും ഞങ്ങൾ ചെയ്യും അതാണ് പാലിയേറ്റീവിന്‍റെ ഉദ്ദേശ്യം, വയറ്റിലെ നീര് മുഴുവനായി വാർന്ന് കഴിയുമ്പോൾ അത് വരെ നീരിൽ കിടന്നിരുന്ന വയറ്റിലെ അവയവങ്ങൾ കൂട്ടിമുട്ടുമ്പോഴാണ് വേദന ഉണ്ടാവുന്നത്, പിന്നെ പ്രധാന കാര്യം ഭാര്യക്ക് ശ്വാസത്തിൽ ചെറിയ വലിവ് വന്നു തുടങ്ങിയിരിക്കുന്നു, വളരെ ശ്രദ്ധിക്കണം ,എന്നിട്ട് എന്‍റെ തോളിൽ കൈവെച്ച് ഡോക്ടർ പറഞ്ഞു, വിഷമിക്കുകയൊന്നും വേണ്ട നിങ്ങളുടെ ഭാര്യക്ക് അല്ലാഹു ശഹീദിന്റെ കൂലിയാണ് വെച്ചിരിക്കുന്നത് വയറ്റിലെ അസുഖത്തിന് അല്ലാഹുവിന്‍റെ പ്രതിഫലം അതാണ് എന്നും പറഞ്ഞ് ഡോക്ടർ നടന്നകന്നു !

ഇന്ന് ഒന്നര ലിറ്റർ നീര് മാത്രമെ എടുത്തതുള്ളൂ. വേദന തുടങ്ങിയപ്പോൾ തന്നെ നിറുത്തി, നീരെടുത്ത് കഴിഞ്ഞ് ബാത്ത് റൂമിൽ പോയതോട് കൂടി മലവും മൂത്രവും നന്നായി പോയി ഇപ്പോൾ നാൽപ്പത്തിയെട്ട് ദിവസം കൊണ്ട് നൽപ്പത്തി മൂന്നര ലിറ്ററോളം നീര് അവളുടെ ശരീരത്തിൽ നിന്ന് എടുത്തു,ആദ്യ ദിവസങ്ങളിൽ നീര് മഞ്ഞ നിറത്തിലായിരുന്നെങ്കിൽ ഇപ്പോൾ ചുവന്ന നിറത്തിലാണ് നീര് വരാറ്..ഒരു ഉറവ പോലെ അത് നിറഞ്ഞ് കൊണ്ടേയിരിക്കും അതാണ് വയറ്റിലെ കാൻസർ രോഗത്തിന്റെ പ്രത്യേകത !!

രക്തസാമ്പിൾ എടുക്കാൻ നോക്കുമ്പോൾ ഒരു തുള്ളി രക്തം പോലും അവളുടെ ശരീരത്തിൽ നിന്ന് കിട്ടാതായിരിക്കുന്നു ഒരാഴ്ച മുമ്പാണ് ഒരു കുപ്പി രക്തം കയറ്റിയത് അതെല്ലാം വറ്റി പോയിരിക്കുന്നു !

അന്ന് തന്നെ പാലിയേറ്റീവ് ഒ പി യിൽ നിന്ന് അഡ്മിറ്റാക്കുന്ന സ്ഥലത്തേക്ക് മാറ്റി കൂടെ ഞാനും ഭാര്യയുടെ ഉമ്മയും ജേഷ്ഠത്തിയുമുണ്ട്. എപ്പോഴാണ് ശർദ്ദി വരിക എന്നറിയില്ല. അത് കൊണ്ട് തന്നെ ആ കട്ടിലിൽ അവളോട് സംസാരിച്ചുകൊണ്ട് അവളുടെ അടുക്കൽ ഞാനും കിടന്നു. ഇടക്കൊന്ന് ശർദ്ദിച്ചു. വീണ്ടും മയക്കത്തിലേക്ക് വീണു.

പിറ്റേന്ന് ഒരു ബുധനാഴ്ചയാണ്, ഉച്ചയാവാറായപ്പോഴേക്കും ഇടത് കാലിൽ നല്ല വേദന. വേദനക്കുള്ള മോർഫിൻ ഗുളിക കൊടുത്തിട്ടും ഇൻജക്ഷൻ കൊടുത്തിട്ടും വേദന കുറയുന്നില്ല അത് പലപ്പോഴും നിലവിളിയായി മാറി. വീട്ടിൽ നിന്ന് ഉപ്പാനോടും ആങ്ങളമാരോടും വരാൻ പറഞ്ഞു ഉച്ചകഴിഞ്ഞിട്ടും വേദനക്ക് ശമനമില്ലാതായപ്പോൾ ഞാൻ ഏറെ ബഹുമാനിക്കുന്ന ആദരിക്കുന്ന ഉസ്താദിനെ വിളിച്ചു കാര്യം പറഞ്ഞു ഉടനെ ആൾ പറഞ്ഞു ദിക്റ് ചൊല്ലി കൊടുക്കാൻ, ആൾ എന്തോ മനസിലാക്കിയത് കൊണ്ടായിരിക്കണം അങ്ങിനെ പറഞ്ഞത്! കുറെ നേരം ഞാൻ ചെവിയിൽ ദിക്ർ ചൊല്ലി കൊടുത്തു കൊണ്ടിരുന്നു.

ഉച്ചകഴിഞ്ഞപ്പോൾ ചെറുതായൊന്ന് വേദന കുറഞ്ഞു ഡോക്ടർമാരും നേഴ്സ്മാരും ഇടക്കിടെ വന്ന് കൈയ്യിന്റെ നാഡി ഞരമ്പ് പിടിച്ച് നോക്കി എന്നിട്ട് എന്നോട് പറഞ്ഞു, “പൾസ് വീക്കാണ്, ചിലപ്പോൾ അത് വേദന കൊണ്ടും വരാം "

നാലു മണി ആയപ്പോഴേക്കും വീണ്ടും വേദന വലത് കാലിലേക്ക് മാറി. അപ്പോഴേക്കും വീട്ടിൽ നിന്ന് കുട്ടികളും കുടുബക്കാരും എല്ലാരും എത്തി ,ഒരു ഗ്ലാസിൽ സംസം വെള്ളം എടുത്ത് സ്പൂണുകൊണ്ട് തുള്ളി തുള്ളിയായി കൊടുത്തു കൊണ്ടിരുന്നു. വേദന അൽപ്പം ശമിച്ചപ്പോൾ ഒന്ന് ബാത്ത് റൂമിൽ പോവണമെന്ന് പറഞ്ഞപ്പോൾ ബാത്ത്റൂമിലും പോയി. ഏഴു മണി ആയപ്പോഴേക്കും എല്ലാവരും കുറച്ച് നേരം ഇരുന്ന് ഖുർആൻ പാരായണവും ദുആ യും ചെയ്ത് വീട്ടിലേക്ക് തിരിച്ചു. ഭാര്യയുടെ കൂടെ ഞാനും ഭാര്യയുടെ ഉമ്മയും ജേഷ്ഠത്തിയും മാത്രമായി.

വേദന വീണ്ടും കൂടിയപ്പോൾ ഞാൻ ഭാര്യയോട് ചോദിച്ചു. “ഇപ്പോൾ എവിടെയാണ് വേദന? " “ഇപ്പോൾ വയറിലാണ്", എന്ന മറുപടിയാണ് കിട്ടിയത്!

എനിക്ക് അപകടം മണത്തു എനിക്കെന്ത് ചെയ്യാൻ കഴിയും അല്ലാഹുവിന്‍റെ പരീക്ഷണത്തിൽ മനുഷ്യൻ നിസ്സഹായനല്ലേ!? അടുത്ത് തന്നെയിരുന്നു കുറച്ച് നേരം ഞങ്ങൾ ഖുർആൻ പാരായണം ചെയ്തു. അത് എല്ലാ ദിവസവും പതിവുള്ളതാണ് മഗരിബ് നമസക്കാരം കഴിഞ്ഞാൽ എല്ലാവരും അവളുടെ അടുക്കലിരുന്ന് കുറച്ച് നേരമുള്ള ഖുർആൻ പാരായണം, അത് വീട്ടിലാണങ്കിലും ആശുപത്രിയിലാണങ്കിലും. വേദന കൂടിക്കൂടി കരച്ചിൽ ഉച്ചത്തിലായപ്പോൾ ഞാൻ ഡോക്ടറെ വിളിക്കാൻ പോയി പക്ഷെ അവിടെയൊന്നും ഡോക്ടറെ കാണുന്നില്ല ഡോക്ടർ മറ്റു വാർഡിലേക്ക് റൗണ്ട്സിന് പോയിരിക്കുന്നു !

പെട്ടന്നാണ് തൊട്ടടുത്ത റൂമിലുള്ള ഒരു ചെറുപ്പക്കാരൻ ഓടി വന്നു പറയുന്നത്, നിങ്ങളോട് വേഗം വരാൻ പറഞ്ഞു. ഞാൻ ഓടി റൂമിലെത്തിയപ്പോൾ ഭാര്യ ഓരോ ശ്വാസത്തിന് വേണ്ടിയും ആഞ്ഞു വലിക്കുന്ന കാഴ്ചയും ഒപ്പം ഓരോ ശ്വാസം വലിക്കുമ്പോഴും ഉച്ചത്തിൽ ദിക്ർ ചെല്ലുന്ന കാഴ്ചയുമാണ് കണ്ടത്. പെട്ടന്ന് എന്‍റെ നിലയും മറന്നു ഞാൻനിലവിളിച്ചു. ഉമ്മയം ജേഷ്ടത്തിയും ദിക്ർ ചൊല്ലി കൊടുക്കുന്നതോടൊപ്പം എന്റെ പുറത്ത് തട്ടിയതും ഞാൻ ബോധവാനായി, ഒപ്പം ഞാനും അവരോടൊപ്പം ഇരുന്നു ദിക്ർ ചൊല്ലിക്കൊടുത്തു.

ഇടക്കൊരു പ്രാവശ്യം ഭാര്യ അവളുടെ ധരിച്ചിരുന്ന വയലറ്റ് പുള്ളിക്കളറിലുള്ള നൈറ്റിയുടെ കൈഭാഗത്തു കടിച്ചു വലിക്കുന്നത് കണ്ടു, വേദനയുടെ കാഠിന്യം സഹിക്കവയ്യാതെ... പക്ഷെ ഒരിക്കൽപോലും കൈയ്യോ കാലോ കട്ടിലിൽ ഇട്ടു അടിച്ചിരുന്നില്ല !

അപ്പോഴേക്കും വീട്ടിൽ നിന്ന് ഫോൺ കോൾ വന്നു, മറ്റൊന്നും സംസാരിച്ചില്ല, എല്ലാവരോടും പെട്ടന്ന് ആശുപത്രിയിലേക്ക് എത്താൻ പറഞ്ഞു.

ശ്വാസത്തിന്നായുള്ള പിടച്ചിൽ പത്ത് മിനിട്ടോളം തുടർന്നു, എപ്പോഴോ ഒരിക്കൽ ആ ആഞ്ഞുള്ള ശ്വാസം വലിയിൽ ഞങ്ങൾ മൂന്നുപേരെയും മാറി മാറി ഒന്ന് നോക്കി അവളും ഉറപ്പിച്ചു പോവുകയാണ്, യാത്ര പറയുന്ന നോട്ടം

പിന്നെ പതുക്കെ പതുക്കെ നെഞ്ചടിപ്പ് നിലച്ചു അപ്പോഴും എന്‍റെ പ്രിയതമയുടെ നാവ് ചലിച്ച് കൊണ്ടിരിക്കുന്നു ആദ്യമാദ്യം ഉച്ചത്തിലുള്ള ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന വാക്കിൽ നിന്ന് അവസാനമായപ്പോഴേക്കും ‘അല്ലാഹ് അല്ലാഹ്’ വാക്ക് ഉരുവിട്ടു കൊണ്ടിരിക്കുന്നു !! ആ മരണത്തിന്‍റെ വേദനക്കിടയിൽ അതിനെ തൃണവൽക്കരിച്ചുക്കൊണ്ട് ദിക്റ് ചൊല്ലുന്നത് കണ്ടപ്പോൾ ആ വിഷമത്തിനിടയിലും അത്ഭുതമാണ് തോന്നിയത്

പെട്ടന്ന് സർവ്വശക്തിയുമെടുത്ത് കൈ കൊണ്ട് ചങ്കിന്‍റെ സ്ഥാനത്ത് നിന്ന് എന്തോ വലിച്ച് പുറത്തേക്കിട്ടത് പോലെ ,

പിന്നെ പതുക്കെ പതുക്കെ ശരീരം നിശ്ചലം, വായുടെ ഭാഗത്ത് കൈ വെച്ചിരുന്ന ജേഷ്ഠത്തിയുടെ കയ്യിലൂടെ ഒരു ചുടു നിശ്വാസം പുറത്തേക്കിറങ്ങി പോയി. അപ്പോഴേക്കും ശരീരമാകെ വിയർത്തിരുന്നു!

ഡോക്ടർ വന്നു നാഡിയിൽ സ്റ്റതസ്കോപ് വെച്ച് നോക്കി എന്നിട്ടു എന്‍റെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു

“ഒരു അഞ്ച് മിനിട്ട് കഴിയട്ടെ ഉള്ളിൽ സ്പന്ദനമുണ്ട്..”

ഞാൻ അവളുടെ അരികത്തിരുന്നു യാസീൻ ഓതി തീരുന്നതിന് മുൻപേ ഡോക്ടർ വീണ്ടും വന്നു. നാഡിയയും നെഞ്ചിലും സ്റ്റതസ്കോപ്പ് വെച്ച് പരിശോധിച്ചു എന്നിട്ടു വിഷമത്തോടെ തലയാട്ടി കൊണ്ട് എന്നോട് പറഞ്ഞു “........ പോയി ......!”

സഫർ മാസത്തെ13 ന് രാത്രിയിൽ , മാസത്തെ (സഫർ =യാത്ര) അന്വർത്ഥമാക്കികൊണ്ട് ആ പതിനാലാം രാവിൽ 2015 നവംബര് 25 നു രാത്രി സമയം 7.40 PM ന് അവള്‍ യാത്രയായി.

ഞാൻ ഇപ്പോൾ വീണു പോകുമോ എന്ന് സംശയിച്ചു സർവ്വശക്തിയുമെടുത്ത് കട്ടിലിൽ പിടിച്ച് നിന്നു. ഡോക്‌ടർ എന്നെ പുറത്തേക്ക് ആംഗ്യം കാട്ടി വിളിച്ചിട്ട് പറഞ്ഞു, “നിങ്ങൾ വരികയാണങ്കിൽ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ ഒന്ന് പൂരിപ്പിക്കാമായിരുന്നു പോകുന്ന വഴിയിൽ പോലീസ് എങ്ങാനും കൈ കാണിച്ചാൽ ഈ പേപ്പർ കാണിച്ച് കൊടുത്താൽ മതി.”

അപേക്ഷ പൂരിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും വീട്ടിൽ നിന്ന് അളിയൻമാർ എല്ലാരും എത്തി, പിറകെതന്നെ ഭാര്യയെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്ന ആംബുലൻസ് പുറത്ത് എത്തിയിരിക്കുന്നു എന്‍റെ പ്രിയതമയെ കൊണ്ട് പോവാൻ!

ഞങ്ങൾ വീട് അടുക്കാറായപ്പോഴേക്കും ഞങ്ങളെ പ്രതീക്ഷിച്ചു റോഡിന്‍റെ രണ്ട് ഭാഗത്തും ആളുകൾ നിൽക്കുന്നു ,വീട്ടിലും ആളുകൾ നിറഞ്ഞിരിക്കുന്നു.

ഉമ്മ നഷ്ടപ്പെട്ട കുട്ടികളോട് ഉപ്പ എന്ത് പറഞ്ഞ് സാമാധാനിപ്പിക്കും!

മൂത്തവർ രണ്ട് പേരും ഉമ്മാന്‍റെ മയ്യത്തിന്‍റെ അടുക്കൽ ഇരുന്ന് ഖുർആൻ ഓതുമ്പോൾ ഇതൊന്നുമറിയാതെ നാലു വയസ്സു കാരൻ ചെറിയ മകൻ സമപ്രായക്കാരോടൊപ്പം അവിടെയൊക്കെ ഓടി കളിച്ചു കൊണ്ടിരുന്നു !

പുലർച്ചെ മൂന്ന് മണി ആയപ്പോഴേക്കും ഭാര്യയുടെ മയ്യത്ത് കുളിപ്പിക്കാനെടുത്ത് വെച്ചു, രാവിലെ 8.45 ആയപ്പോഴേക്കും പള്ളിയിലേക്ക് പുറപ്പെട്ടു. കൂടെ ധാരാളം ജനവുമുണ്ടായിരുന്നു, അസുഖമായിരുന്ന സമയത്ത് അവൾക്ക് വേണ്ടി എല്ലാ വെള്ളിയാഴ്ചകളിലും ജുമുഅക്ക് ശേഷം ദുആ ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ചെറുപ്രായത്തിലുള്ള അവളുടെ മരണം വിഷമത്തോടെയാണ് കേട്ടത്. മയ്യത്ത് നമസ്ക്കാരവും കഴിഞ്ഞ് പള്ളിക്കാട്ടിലെ ഖബറിലേക്ക് ഇറക്കി ഓരോ വെട്ടുകല്ല് മുകളിൽ വെച്ച് കണ്ണിൽ നിന്ന് മറയുന്നതും നോക്കി നെടുവീർപ്പോടെ ഞാൻ നിന്നു.

ഇന്നലെ വരെ വാരിപ്പുണർന്ന കൈ കൊണ്ട് മൂന്ന് പിടി മണ്ണും വാരിയിട്ടു എന്റെ കരളിന്റെ ഖബറിനരികിൽ കുറച്ചു നേരം ദുആ ചെയ്ത് അവളെയും നോക്കി നിന്നു, ഇൻഷാ അല്ലാഹ് അല്ലാഹു വിന്റെ വിധിയുണ്ടെങ്കിൽ അധികം താമസിയാതെ ആഖിറത്തിൽ നമുക്ക് കണ്ടു മുട്ടാം എന്ന് മൗനാനുവാദത്തോടെ യാത്ര പറഞ്ഞു പിരിയുമ്പോൾ എന്‍റെ കൈ പിടിച്ച് വലിക്കുന്നുണ്ടോ എന്നൊരു തോന്നൽ !

കൈ ഉയർത്തി സലാം പറഞ്ഞു ഞാൻ കുട്ടികളുടെ അടുത്തേക്ക് നടന്നു, വീട്ടിലെത്തിയ പാടെ ചെറിയ നാലു വയസ്സുകാരൻ മകൻ ഓടി വന്ന് തോണ്ടിക്കൊണ്ട് ചോദിച്ചു,

"ഉപ്പച്ചീ ഉപ്പച്ചീ ഉമ്മച്ചിയെ എങ്ങട്ടാ കൊണ്ടോയത്?”

എനിക്ക് പെട്ടന്ന് ഉത്തരം മുട്ടിപ്പോയി , ധൈര്യം സംഭരിച്ച് അവന്റെ കവിളിൽ ഉമ്മ വെച്ചിട്ട് പറഞ്ഞു, "ഉമ്മ സ്വർഗ്ഗത്തിലേക്ക് പോയതാ മോനെ"

അത് കേട്ടതും അവൻ സാമാധാനത്തോടെ തിരിഞ്ഞോടി കൂട്ടുകാരന്‍റെ ഒപ്പം കളിക്കാൻ പോയി,പിന്നീട് പലപ്പോഴും അവളുടെ ഖബറിനരികിലേക്ക് പോവുമ്പോൾ അവനും കയ്യിൽ തൂങ്ങും പിന്നെ കുട്ടികളേയും ഒപ്പം കൂട്ടും ,എന്നിട്ട് ഉമ്മാന്റെ ഖബർ കാണിച്ച് കൊടുത്തിട്ട് ഇവിടെയാണ് ഉമ്മ ഉള്ളത് എന്ന് പറയും, അപ്പോഴും അവന് സംശയം, "ഇതാണോ ഉപ്പച്ചീ സ്വർഗ്ഗം" ?

അതെയെന്ന് തലയാട്ടിയിട്ട് ഞാനൊന്ന് മൂളി..!

ഓർക്കുക ! നാമും നമ്മുടെ മരണവും ഒരു നെഞ്ച് വേദനയുടെ ദൂരമേയുള്ളൂ. സമ്പത്ത്‌, കുടുംബം, കര്‍മങ്ങള്‍ എന്നിവയുടെ ഉപമ മൂന്നു സഹോദരങ്ങളെപ്പോലെയോ കൂട്ടുകാരെപ്പോലെയോ ആണ്‌. അവരില്‍ ഒന്നാമന്‍ പറയും, "ഞാന്‍ നിന്‍റെ ജീവിതകാലത്ത്‌ നിന്‍റെ കൂടെയുണ്ടാവും, എന്നാല്‍ നീ മരണപ്പെടുന്നതോടെ ഞാനും നീയും തമ്മിലുള്ള സര്‍വ ബന്ധങ്ങളും അറ്റുപോകുന്നതാണ്‌ " രണ്ടാമന്‍ പറയും: "ഞാനും നിന്നോടൊപ്പം ഉണ്ടാകും. എന്നാല്‍ ആ കാണുന്ന മരത്തിന്‍റെ സമീപത്ത്‌ നീ എത്തിയാല്‍ (ഖബ്‌റിടത്തില്‍) പിന്നെ ഞാനും നീയും തമ്മില്‍ ബന്ധമൊന്നുമില്ല". മൂന്നാമന്‍ പറയും: "ഞാന്‍ സദാ നിന്‍റെ കൂടെയുണ്ടാവും. നീ ജീവിച്ചാലും മരിച്ചാലും!"

കാൻസർ പോലുള്ള എല്ലാ മാരക രോഗങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ.

.കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലിയെറ്റീവ് വിഭാഗം എല്ലാ ഡോക്റ്റർമാർക്കും നേഴ്സ് മാർക്കും ഓമശ്ശേരി ഹെൽത്ത് സെന്ററിലെ ദേവി സിസ്റ്റർക്കും എന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

↑ top