≡ മാര്‍ച്ച്‌ 2017

എഡിറ്റോറിയല്‍

പ്രിയപ്പെട്ട വായനക്കാരേ..,

‘സ്ത്രീ’യെ ആഘോഷിക്കാന്‍ നമ്മളെ ഓരോരുത്തരേയും ഓര്‍മ്മിപ്പിച്ചുകൊണ്ട് മറ്റൊരു വനിതാദിനം കൂടി വരവായി.

വനിതാദിനത്തില്‍ ഓര്‍മ്മിക്കപ്പെടേണ്ടത്, ആസ്വദിക്കേണ്ടത്, ആശ്വസിക്കാന്‍ വേണ്ടി കരുതിവെക്കേണ്ടത് എന്തൊക്കെയാണ് എന്ന് ചിന്തിച്ചതിന്‍റെ ഭാഗമായാണ് ഇത്തവണത്തെ വനിതാദിന സ്പെഷ്യല്‍ ഇ-മഷി “ആണെഴുത്ത്" കൊണ്ട് നിറച്ചത്! മനസിനെ ഉലച്ച പീഡനവാര്‍ത്തകളാലും, ബാല്യത്തിനെ ചൂഷണം ചെയ്യുന്നതിനെ അവകാശമായി കാണുന്ന ഫേസ്ബുക്ക്‌ പോസ്ടുകളാലും, സദാചാരപ്പോലീസിനെ പേടിച്ച് ആത്മഹത്യ ചെയ്ത ആ ചെറുപ്പക്കാരന്‍റെ അവസാനത്തെ കത്തിനാലും അല്ല നമ്മുടെ സ്ത്രീകളെ/ നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ നമ്മള്‍ സ്നേഹിക്കേണ്ടത്. നാളെയുടെ ഓരോ കുഞ്ഞിനും മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന നന്മയും, സ്നേഹവും ഇപ്പോഴും നമുക്കിടയില്‍ തന്നെയുണ്ട്… എല്ലാ കാര്‍മേഘങ്ങള്‍ക്കും ശേഷം പെയ്തു തോരാന്‍ ഒരു മഴയുണ്ടാകും, ഉണ്ടാകണം! ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് നീട്ടുന്ന ഈ ഓരോ ആണെഴുത്തും ചിരിയും, കരച്ചിലും, സന്തോഷവും, ആര്‍ദ്രതയും നിറഞ്ഞ ഭാവങ്ങള്‍ നിങ്ങളിലൂടെ കടത്തുമെന്ന് പ്രതീക്ഷിക്കുന്നു...

എല്ലാ പെണ്ണുങ്ങള്‍ക്കും, പെണ്ണിനെ ചിരിക്കാന്‍ സഹായിക്കുന്ന എല്ലാ ആണുങ്ങള്‍ക്കും വനിതാദിന ആശംസകളോടെ,

സസ്നേഹം,
ഇ-മഷി എഡിറ്റോറിയൽ ടീം

ഇ-മഷിയിലേക്ക് നിങ്ങളുടെ രചനകൾ അയക്കേണ്ട വിലാസം: editor@@@@###emashi.###in

↑ top