≡ മാര്‍ച്ച്‌ 2017
പംക്തി

ബ്ലോഗുലകം

"ബ്ലോഗുലകം". വരൂ മടങ്ങാം, ബ്ലോഗിലേക്ക്! ജാനുവരിയി ലെ വായനയിൽ മുന്നിലെത്തിയ ചില ബ്ലോഗ് പോസ്റ്റുകൾ പരിചയപ്പെടുത്തുകയാണ് പ്രദീപ് നന്ദനം.

ബ്ലോഗുലകം - ജനുവരി 2017

പുതുവർഷം ബ്ലോഗറന്മാരിൽ ഒരു പുത്തനുണർവ് ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പല ബ്ലോഗറന്മാരും മുഖപുസ്തകത്തിലെ സ്റ്റാറ്റസ്സുകളിലും ലൈക്കുകളിലും ഒതുങ്ങിക്കൂടുന്ന കാഴ്ചയും ദർശിക്കാനായി. ബ്ലോഗുകളുടെ ശക്തി വായിക്കപ്പെടുന്നതിലൂടെയെന്ന് ആർക്കാണറിഞ്ഞു കൂടാത്തത്? എന്നാൽ ബ്ലോഗർന്മാർ പോലും ബ്ലോഗ്‌ വായനയോട് പുറം തിരിഞ്ഞുനിൽക്കുകയാണെന്ന് പല ബ്ലോഗുകളും കാണിക്കുന്നു. ബ്ലോഗുകൾ വായിക്കുക. അവയിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

1. കുടുംബം

വീണാ ജിതിൻ / ബ്ലോഗ്: ചെമ്പകം

"ചായ കുടിക്കാന്‍ വരുന്ന ഒരാളെ എന്ത് വിശ്വസിച്ച് കൂടെ കൂട്ടും" എന്ന് സംശയം ഉണ്ടായിട്ടും "കുടുംബം എന്നാൽ കൂടുമ്പോള്‍ ഇമ്പമുള്ളത്" എന്ന് വിശ്വസിച്ച് പ്രണയം കണ്ടെത്തുന്ന അനുഭവം വീണാ ജിതിൻ അവതരിപ്പിക്കുന്നു.

പ്രണയവിവാഹങ്ങളെ തള്ളിപ്പറയുകയല്ല. വിവാഹാനന്തരം പ്രണയം കണ്ടെത്തുന്നവരാണ് ജീവിതത്തെ കൂടുതൽ ആസ്വദിക്കുന്നത് എന്നത് അവിതർക്കിതമത്രെ. കാരണം അവിടെ അപരിചിതത്വത്തിൽ നിന്നുള്ള കണ്ടെത്തലുകളും സ്വീകരിക്കലുകളുമാണ് നടക്കുന്നത്.

2. (ബീഫ്/പന്നി) നിരോധിത മേഖല

മൃദുൽ ജോർജ് / ബ്ലോഗ്: മഞ്ഞുത്തുള്ളികള്‍

മതഭ്രാന്ത് ജീവിതരീതികളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് ബീഫ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മൃദുൽ ജോർജ് വരച്ചുകാട്ടുന്നു. ഭക്ഷണം എന്തുകഴിക്കണമെന്നു മതങ്ങൾ തീരുമാനിച്ച കാലത്ത്, സ്വയം പണിതുണ്ടാക്കിയ ഗ്രാമത്തില്‍, തങ്ങള്‍ക്ക് പരിചയമില്ലാത്തവരുടെയും, തങ്ങളോടുള്ള പരിചയം മറന്നവരുടെയും എണ്ണം കൂടി വന്ന ദിവസങ്ങളിലൊന്നാണു ചുരമിറങ്ങി ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ അവര്‍ മൂന്നു പേരും തീരുമാനിച്ചത്.

മമ്മദും മാനുവലും കൃഷ്ണപ്പിള്ളയും ഇല്ലാത്ത മഹല്ലില്ലേയ്ക്കും പള്ളിയിലേയ്ക്കും അമ്പലത്തിലേയ്ക്കും ആളുകള്‍ പതിവു പോലെ വന്നു.അവരുടെ അസാന്നിദ്ധ്യം വരുന്നവര്‍ക്കൊരു വിഷയമേയായിരുന്നില്ല.

3. വലിയ ലോകവും ചെറിയ മനുഷ്യരും - നാളെയുടെ അരിമണി

ആർഷ അഭിലാഷ് / ബ്ലോഗ്: മറക്കാതിരിക്കാനായി മാത്രം

സമത്വ സുന്ദര നീലാകാശങ്ങള്‍ സ്വപ്നം കാണുന്ന ഓരോ പെണ്ണിന്റെയും സ്വപ്നത്തില്‍ ഒരു നല്ല കൂട്ടുകാരനുണ്ടാകും - അച്ഛനിലും, മകനിലും, സഹോദരനിലും, ഭര്‍ത്താവിലും, സുഹൃത്തിലുമൊക്കെ അവള്‍ തിരയുന്നത് ആ കൂട്ടാണ്, തോളോട് തോള്‍ ചേര്‍ത്തി "ഇജ്ജ് മ്മടെ ചങ്കല്ലേ?" എന്ന് പറയാതെ പറയുന്ന ഒരു കൂട്ട്.

കുടുംബത്തിൽ സ്ത്രീയുടെ സ്ഥാനം എവിടെയാണ് എന്ന് നാളത്തെ അരിമണികളായ കുട്ടികളിലൂടെ ഒരന്വേഷണം. കുടുംബത്തിൽ വളർന്നുവരുന്ന സാഹചര്യങ്ങൾ അമ്മ/ സഹോദരി/ ഭാര്യ/ കൂട്ടുകാരിയോടുള്ള ആൺകുട്ടികളുടെ സമീപനത്തെ എങ്ങനെ ബാധിക്കും എന്ന് ആർഷ അഭിലാഷ് മനോഹരമായി പറഞ്ഞുവയ്ക്കുന്നു.

4. സരിതാ നായര്‍ ടു ലക്ഷ്മി നായര്‍

ഫൈസൽ ബാബു / ബ്ലോഗ്: ഊർക്കടവ്

ഒരു വിവാദമുണ്ടായാല്‍ മലയാളിയുടെ മൗസ് പോയിന്റ് ആദ്യം പോവുന്നത് പ്രസ്തുത വ്യക്തിയുടെ സോഷ്യല്‍ മീഡിയ പേജിലേക്കായിരിക്കും.സദാചാരത്തിന്റെ കാവലാളുകളും.സമാധാനത്തിന്‍റെ അപ്പോസ്തലന്‍മാരും "സത്യ സന്ധമായ ആദര്‍ശം" സ്വന്തം വാളില്‍ ഒട്ടിച്ചുവെച്ചതൊക്കെ എത്ര വേഗമാണ് മറക്കുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകളൊക്കെ എവിടെയോ മണ്ണിട്ട്‌ മൂടിയിട്ടാണ് പ്രതിഷേധത്തിന്‍റെയും പിറവി.മനസ്സില്‍ എത്ര വലിയ ആരാധനയുള്ള വരായാലും ശരി..വിവാദമുണ്ടായാല്‍ ലാലേട്ടനാണോ ഗോപിയേട്ടനാണോ കുഞ്ചാക്കോ ബോബനാണോ എന്നൊന്നും നോക്കില്ല

ന്യൂ ജെനെറേഷൻ മലയാളിയുടെ മുഖപുസ്തകപ്പൊങ്കാലകളെക്കുറിച്ച് ഫൈസൽ ബാബു തന്റെ സ്വതസിദ്ധമായ ഹാസ്യശൈലിയിൽ പ്രതിപാദിക്കുന്നു.

5. ബേഷ് ബർമാഗിലെ മഞ്ഞുപൂക്കൾ

മൻസൂർ അബ്ദു ചെറുവാടി / ബ്ലോഗ്: സെന്റർ കോർട്ട്

മഞ്ഞുകാലമെന്നാൽ പ്രണയമാണ് . ബാക്കുവിലെ തെരുവുകൾക്ക് പ്രണയത്തിന്റെ മണമാണ്. മേപ്പിൾ - ചിനാർ മരങ്ങൾ അതിരിട്ട നിരത്തുകളിലൂടെ ആ ഗന്ധവും ശ്വസിച്ച് നടന്നു. മേപ്പിള്‍ മരങ്ങള്‍ ഇലപൊഴിക്കുന്നത് കാണാനെന്ത് ഭംഗിയാണ്! കാലാകാലങ്ങളില്‍ പ്രണയിനികള്‍ കണ്ടുകൂട്ടിയ കാല്പനിക സ്വപ്നങ്ങളാവണം മേപ്പിൾ -ചിനാര്‍ മരങ്ങള്‍ക്കിത്ര സൌന്ദര്യം. പ്രാചീനതയുടെ ഗാഭീര്യം നഗരത്തിന് കൂടുതൽ പ്രൌഢിയേകുന്നു .

അസർബയ്ജാനിലെ മനോഹരകാഴ്ചകൾ മൻസൂർ അവതരിപ്പിക്കുന്നു. ഹൃദ്യമായ അവതരണത്തിലൂടെ ഒരു സഞ്ചാരക്കുറിപ്പിനെ എങ്ങനെ മനോഹരമാക്കാം എന്ന് ഈ ബ്ലോഗ് പോസ്റ്റ് വിളിച്ചോതുന്നു.

6. പൂർവാപരം

ഗിരിജ നവനീതകൃഷ്ണൻ / ബ്ലോഗ്: ദക്ഷിണായനം

ആദ്യത്തെ വാക്കിൽ തുടങ്ങി അവസാനത്തെ വാക്കിൽ തീരുന്ന ഒരു ഒറ്റവാചകക്കവിത. ഇടയിൽ വിരാമചിഹ്നമില്ലാത്ത ഒരു പരീക്ഷണം. ആശയങ്ങളെ കൂട്ടിക്കെട്ടിയ ഒരു മാല. പൂർവാപരം എന്ന ഒറ്റവരിദീർഘകവിതയുമായി ഗിരിജ നവനീതകൃഷ്ണൻ.

7. ട്രെയിൻ റ്റു പാകിസ്ഥാൻ (2017 version)

മനോജ് / ബ്ലോഗ്: http://www.writtenbymanoj.com/train-to-pakistan/

തങ്ങളുടെ ആശയങ്ങളുമായി യോജിക്കാത്തവർ നാടുവിട്ടുപോകണം എന്ന ഭരണവര്‍ഗ്ഗശാസനത്തെ നർമ്മത്തിന്‍റെ കണ്ണുകളിലൂടെ മനോജ് വരച്ചുകാട്ടുന്നു.

അടുത്ത മാസത്തിലെ ബ്ലോഗുലകവുമായി ഞങ്ങളെത്തും വരെ വായനോത്സവാശംസകൾ പ്രിയരേ! #BackToBlog

↑ top