≡ മാര്‍ച്ച്‌ 2016 ലക്കം
ക്ലാസിക് - വിവര്‍ത്തനം

തപാലോഫീസ് - രബീന്ദ്രനാഥ് ടാഗോർ

തപാലാഫീസ്‌

രബീന്ദ്രനാഥ ടാഗോർ
(1912 )

അഭിനേതാക്കൾ

  • മാധവ്
  • അമൽ- അയാളുടെ വളർത്തുപുത്രൻ
  • സുധ-ഒരു പൂക്കാരി ബാലിക
  • വൈദ്യൻ
  • കാവൽക്കാരൻ
  • പാൽക്കാരൻ
  • വൃദ്ധൻ
  • ഗ്രാമത്തലവൻ - ഒരു ചട്ടമ്പി
  • രാജദൂതൻ
  • രാജവൈദ്യൻ
വര: അസ്രൂസ് ഇരുമ്പൂഴി

രംഗം-ഒന്ന്

(മാധവിന്റെ വീട്)

മാധവ് - എന്തൊരു കുഴപ്പത്തിലാണ് ഞാനകപ്പെട്ടിരിക്കുന്നത് ! അവൻ വരുന്നതിനുമുൻപ് ഒന്നുമൊരു പ്രശ്നമായിരുന്നില്ല, ഞാൻ സർവസ്വതന്ത്രനായിരുന്നു. ദാ, ഇപ്പോൾ എവിടുന്നാണെന്നറിയില്ല, അവൻ വന്നപ്പോൾ മുതൽ എന്റെ മനസ്സ് മുഴുവൻ അവന്റെ രൂപമാണ്, അവൻ മടങ്ങിക്കഴിഞ്ഞാൽ എന്റെ വീട് പോലും എന്റേതായിത്തോന്നുകില്ല വൈദ്യരെ , അവൻ...

വൈദ്യൻ - അവന്റെ വിധിയിൽ ഇനി ആയുസ്സുണ്ടെങ്കിൽ അവൻ ദീർഘയുസ്സായിരിക്കും. പക്ഷെ ചികിത്സാവിവരങ്ങൾ വച്ച്-

മാധവ് - ഈശ്വരാ...! എന്താ പ്രശ്നം ?

വൈദ്യൻ - വേദഗ്രന്ഥങ്ങളിൽ അത് പറയുന്നുണ്ട് - "പിത്തം അല്ലെങ്കിൽ തളർവാതം, പനി അല്ലെങ്കിൽ രക്തവാതം"

മാധവ്- ഓ, കള ..! ഗ്രന്ഥങ്ങളൊക്കെ ഇങ്ങനെ എന്റെ നേരെ എറിയാതെ. നിങ്ങൾ എന്നെ കൂടുതൽ കൂടുതൽ പേടിപ്പിക്കുകയാണ്. ഞാനെന്താ ചെയ്യേണ്ടതെന്നു പറ.

ഡോക്ടർ- (മൂക്കിപ്പൊടി വലിച്ചുകൊണ്ട്) - രോഗിക്ക് നല്ല ചികിത്സ വേണം.

മാധവ് - അതു ശരിയാ, എങ്ങനാന്നു പറ.

വൈദ്യൻ - ഞാൻ പറഞ്ഞില്ലേ, അവനെ ഒരു കാരണവശാലും പുറത്തു വിടരുത്.

മാധവ് - പാവം കുട്ടി, ദിവസം മുഴുവൻ എങ്ങനെയാ അവനെ വീട്ടിനുള്ളിൽ അടച്ചിടുന്നത് ?

വൈദ്യൻ - നിങ്ങൾക്ക് വേറെന്തുചെയ്യാൻ പറ്റും ? ശരത്കാലസൂര്യനും ഈർപ്പവും, രണ്ടും കുഞ്ഞിന് നല്ലതല്ല. ദാ എഴുതിവച്ചിരിക്കുന്നത് നോക്ക്.

"ശ്വാസതടസ്സം, മോഹാലസ്യം, നാഡീക്ഷോഭം ,

മഞ്ഞപ്പിത്തം, അല്ലെങ്കിൽ ചീയക്കണ്ണ് ഇവകളിൽ .."

മാധവ്- അതൊക്കെ കള , അപ്പോൾ നമുക്ക് ആ പാവത്തെ പൂട്ടി ഇടണം, അല്ലെ? വേറെ ഒരു വഴിയുമില്ലേ?

വൈദ്യൻ - ഒന്നുമില്ല, കാരണം ." വെയിലിലും കാറ്റത്തും...."

മാധവ് - നിങ്ങളുടെ ഈ "അതിലും ഇതിലും " കൊണ്ട് എനിക്കെന്താ പ്രയോജനം ? അതെല്ലാം കളഞ്ഞിട്ട് കാര്യത്തിലേയ്ക്ക് വരാത്തതെന്താ? ഇനി എന്താ ചെയ്യേണ്ടത്? നിങ്ങളുടെ ഈ ചികിത്സാരീതി എന്റെ കുട്ടിക്ക് കടുപ്പമാണ്. അവൻ അവന്റെ അസുഖവും വേദനയും കൊണ്ട് നിശബ്ദനായി ഇരിക്കുകയാണ്. നിങ്ങളുടെ മരുന്ന് കഴിക്കുമ്പോൾ അവന്റെ മുഖം ചുളുങ്ങുന്നത് കാണുമ്പോൾ എന്റെ ഹൃദയം കരയുകയാണ്,

വൈദ്യൻ - ഫലം. അതുകൊണ്ടാണ് ച്യവനമഹർഷി പറഞ്ഞത് " നല്ല ഉപദേശത്തിലെന്നപോലെ വൈദ്യത്തിലും ഏറ്റവും രുചി കുറഞ്ഞതാണ് ഏറ്റവും മികച്ചത്. " ശരി, ഞാനിപ്പോൾ പോകുന്നു.

(പുറത്തേയ്ക്ക് പോകുന്നു)(വൃദ്ധൻ പ്രവേശിക്കുന്നു)

മാധവ്- എന്റെ കാര്യം പോക്കായി, ദാണ്ടേ വരുന്നു മുതുക്കൻ.

വൃദ്ധൻ - അതെന്താ, അതെന്താ, ഞാൻ നിങ്ങളെ കടിക്കുകയൊന്നുമില്ല.

മാധവ്-ഇല്ല, പക്ഷെ നിങ്ങളാ പിള്ളാരെ ഇങ്ങനെ വഷളാക്കുന്നത്.

വൃദ്ധൻ - പഷേ, നീ ഒരു കുട്ടിയല്ലല്ലോ, നിനക്ക് ഇവിടെ കുട്ടികളുമില്ല, പിന്നെന്തിനു വിഷമിക്കണം?

മാധവ്- പക്ഷെ ഞാനൊരു കുട്ടിയെ വീട്ടിൽ കൊണ്ടുവന്നിട്ടുണ്ട്.

വൃദ്ധൻ -ഓഹോ , അതെങ്ങനെ?

മാധവ്- ഒരു കുട്ടിയെ ദത്തെടുക്കാൻ എന്റെ ഭാര്യ എത്രകാലമായി ആഗ്രഹിക്കുകയായിരുന്നു എന്ന് നിങ്ങൾക്കറിയില്ലേ?

വൃദ്ധൻ - അതൊരു പഴങ്കഥയല്ലേ? നിങ്ങൾക്കത് ഇഷ്ടവുമല്ലായിരുന്നു.

മാധവ്- നോക്കൂ സഹോദരാ, ഇത്രേം കാശുണ്ടാക്കാൻ എന്ത് പാടാന്ന് അറിയാമല്ലോ? വല്ലവന്റെയും കുട്ടി ചുമ്മാ കയറിവന്ന് കഷ്ടപ്പെണ്ടുണ്ടാക്കിയ ഈ കാശ് മുഴുവൻ ധൂർത്തടിക്കുന്നത് - അതെനിക്ക് സഹിക്കാൻ പറ്റില്ല. പക്ഷെ, ഈ കുട്ടി എന്റെ ഹൃദയത്തിൽ പറ്റിപ്പിടിച്ച്-

വൃദ്ധൻ - അപ്പോൾ അതാണ്‌ കാര്യം ! നിങ്ങളുടെ പണം മുഴുവൻ അവനു പോകും, അങ്ങനെ ഒട്ടും പോകുന്നില്ലല്ലോ എന്നത് ഒരു ഭാഗ്യമാണെന്ന് സന്തോഷിക്കുകയും ചെയ്യുന്നു..

മാധവ്- പണ്ട് സമ്പാദിക്കുക എന്നത് എനിക്ക് ഒരുമാതിരി അഭിനിവേശമായിരുന്നു. പണത്തിനു വേണ്ടി അദ്ധ്വാനിക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നേയില്ല. ഇപ്പോഴാകട്ടെ ഇതെല്ലാം പ്രിയപ്പെട്ട ആ കുട്ടിക്ക് വേണ്ടിയാണ് എന്ന വിചാരം മൂലം പണം സമ്പാദിക്കുക എന്നത് ആനന്ദകരവുമായിരിക്കുന്നു.

വൃദ്ധൻ - ങ്ഹാ, ശരി, അവനെ നിങ്ങൾക്ക് എവിടെ നിന്നാണ് കിട്ടിയത്?

മാധവ്‌ - എന്റെ ഭാര്യയുടെ ഗ്രാമത്തിലുള്ള അവളുടെ ഒരകന്ന സഹോദരന്റെ മകനാണ് അവൻ. കുഞ്ഞിലേ അവന് അവന്റെ അമ്മയെ നഷ്ടപ്പെട്ടു. ഈ അടുത്ത ദിവസം അവന്റെ അച്ചനും അവനെ വിട്ടുപിരിഞ്ഞു.

വൃദ്ധൻ - പാവം, അപ്പോൾ അവന് എന്നെ കൂടുതൽ ആവശ്യമാണ്‌.

മാധവ്- വൈദ്യർ പറയുന്നത് അവന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും പരസ്പരം ഗുസ്തിയാണെന്നാണ്. അവന്റെ ആയുസ്സിനു വലിയ പ്രതീക്ഷയില്ലെന്നും. അവനെ രക്ഷിക്കാൻ ഒരു വഴി മാത്രമേ ഉള്ളൂ. ശരത്കാല സൂര്യനിൽ നിന്നും തണുപ്പിൽ നിന്നും അവനെ അകറ്റി നിർത്തുക. പക്ഷെ നിങ്ങൾ ഒരു കുഴപ്പക്കാരനാണ് ! ഈ വയസ്സാംകാലത്തെ നിങ്ങളുടെ കളികൾ കൊണ്ട് പിള്ളാരെ നിങ്ങൾ വെളിയിലൊക്കെ വിടും !

വൃദ്ധൻ - എന്നെ ദൈവം തമ്പുരാൻ രക്ഷിക്കട്ടെ ! ഞാൻ ശരത്കാലസൂര്യനും കാറ്റും പോലെ തന്നെ ചീത്തയാണിപ്പോൾ, അല്ലെ? അവരെ വീടിനകത്ത് തന്നെ തളച്ചിടാനും എനിക്കറിയാം. എന്റെ ജോലി കഴിഞ്ഞാലുടൻ ഞാൻ അവനുമായി കൂട്ടാകും.

(പോകുന്നു)(അമൽ കയറി വരുന്നു)

അമൽ- അമ്മാവാ, അമ്മാവാ..

മാധവ്‌ - ങ്ഹാ , അമൽ, നീയാണോ?

അമൽ- എനിക്ക് മുറ്റത്തേയ്ക്ക് ഇറങ്ങാനേ പറ്റില്ലേ?

മാധവ്- ഇല്ല മോനേ , ഇല്ല.

അമൽ - നോക്ക്, അവിടെ അമ്മായി തിരികല്ലിൽ പരിപ്പ് പൊടിക്കുന്നു, അണ്ണാറക്കണ്ണൻ വാലും പൊക്കിപ്പിടിച്ച് പരിപ്പുകഷണങ്ങൾ കുഞ്ഞി കൈകളിൽ എടുത്തു പൊടിക്കുന്നു. എനിക്കങ്ങോട്ട് പോകാൻ പറ്റില്ലേ?

മാധവ് - ഇല്ല മോനേ , ഇല്ല.

അമൽ - ഞാനാ അണ്ണാറക്കണ്ണനാരുന്നെങ്കിൽ ! - എന്ത് രസമാരുന്നേനെ. അമ്മാവാ, എന്നെ എന്താ പുറത്ത് വിടാത്തത്‌?

മാധവ് - പുറത്തിറങ്ങുന്നത് നിനക്ക് നല്ലതല്ല എന്ന് വൈദ്യർ പറഞ്ഞു.

അമൽ - വൈദ്യർക്കെങ്ങനെ അറിയാം?

മാധവ് - നല്ല കാര്യം ! ഇത്രേം വല്യ പുസ്തകങ്ങൾ വായിക്കുന്ന വൈദ്യർക്ക്‌ അതറിയില്ലേ?

അമൽ - പുസ്തകവായന എല്ലാം പറഞ്ഞുതരുമോ?

മാധവ് - പിന്നല്ലാതെ, നിനക്കതറിയില്ലേ !

അമൽ - (ദീർഘനിശ്വാസത്തോടെ) ഞാനെന്തൊരു മണ്ടനാ ! ഞാൻ പുസ്തകങ്ങൾ വായിക്കാറില്ല.

മാധവ് - ആലോചിച്ച് നോക്ക്, നല്ല വിവരമുള്ളവർ എല്ലാം നിന്നെപ്പോലെയാ, അവർ പുറത്തു പോകാറേയില്ല.

അമൽ - ശരിക്കും?

മാധവ് - പോകാറില്ല, അവർക്കെങ്ങനെ പറ്റും? രാവിലെ തൊട്ടു വൈകും വരെ അവർ പുസ്തകങ്ങളുമായി മല്ലടിക്കുകയല്ലേ, അവർക്ക് മറ്റൊന്നും കാണാൻ പറ്റില്ല. മോനെ, നീ വലുതാകുമ്പോൾ ഒരു വലിയ പഠിപ്പുകാരൻ ആകാൻ പോകുകയാ. അപ്പോൾ നീ വീട്ടിനകത്ത് തന്നെയിരുന്ന് അത്തരം വലിയ പുസ്തകങ്ങൾ വായിക്കും, അപ്പോൾ ആൾക്കാർ നിന്നെ നോക്കി പറയും, " അവൻ ഒരു അത്ഭുതമാ"

അമൽ - വേണ്ട, വേണ്ട അമ്മാവാ. ഞാൻ കാലു പിടിക്കാം - എനിക്ക് വലിയ പഠിപ്പുകാരനാകണ്ട.

മാധവ് - ശോ, കഷ്ടം. ഞാൻ പഠിച്ചിരുന്നേൽ അതെനിക്കൊരു വലിയ സ്വത്തായേനെ.

അമൽ - വേണ്ട, പകരം ഞാൻ ലോകത്തുള്ളതെല്ലാം കാണാൻ പോകും.

മാധവ് - അത് കേൾക്ക് ! നീ എന്ത് കാണും, ഇതിനും മാത്രം കാണാൻ എന്താ ഉള്ളത്?

അമൽ - നമ്മടെ ജനലിലൂടെ അങ്ങ് ദൂരെ കാണുന്ന മലയില്ലേ- എനിക്ക് ആ മലയ്ക്കും അപ്പുറം പോകണമെന്നെപ്പോഴും തോന്നും, ഇപ്പോഴും.

മാധവ് - മണ്ടാ! ആ മല കയറി പോകുന്നതല്ലാതെ വേറെ ഒരു പണീം ഇല്ലാത്തതുപോലെ. നീ മണ്ടത്തരങ്ങൾ പറയുകയാ. ഇത് കേൾക്ക് , ആ മല അവിടെ ഒരു മതിൽ പോലെ അങ്ങനെ നിൽക്കുന്നതിനർഥം നിനക്കതിനപ്പുറം പോകാൻ പറ്റില്ലെന്നാണ്. അല്ലെങ്കിൽപ്പിന്നെ ആ മുട്ടൻ കല്ലുകൾ പെറുക്കി വച്ച് അത്രയും പണി ചെയ്യണമായിരുന്നോ , ങേ. !

അമൽ - അമ്മാവാ, അത് നമ്മൾ കടന്നു പോകാതിരിക്കാനാണ്‌ എന്ന് കരുതുന്നുണ്ടോ? എനിക്ക് തോന്നുന്നത് ഭൂമിക്ക് സംസാരിക്കാൻ പറ്റാത്തതുകൊണ്ട് അത് കൈകൾ ആകാശത്തോട്ടു പൊക്കി മാടി വിളിക്കുകയാന്നാ. അങ്ങ് ദൂരെ താമസിക്കുന്ന, ജനലരികിൽ തനിയെ ഇരിക്കുന്നവർക്ക് ആ അടയാളം കാണാം. പക്ഷെ, ചിലപ്പോൾ പഠിപ്പുള്ളവർക്ക്-

മാധവ് - ഇല്ല, അവർക്ക് ഇത്തരം മണ്ടത്തരങ്ങൾക്ക് സമയമില്ല. അവർ നിന്നെപ്പോലെ ഭ്രാന്തന്മാരല്ല.

അമൽ- അറിഞ്ഞോ, ഇന്നലെ എന്നെപ്പോലെ ഒരു ഭ്രാന്തനെ ഞാൻ കണ്ടു.

മാധവ്- ഈശ്വരാ, അതെങ്ങനെ?

അമൽ - അയാളുടെ തോളത്തു ഒരു മുളങ്കമ്പ് ഉണ്ടായിരുന്നു, അതിന്റെ മുകളിൾ ഒരു ഭാണ്ഡം. ഇടത്ത് കയ്യിൽ ഒരു ചെമ്പ് പാത്രം, കാലിൽ ഒരു പഴയ ചെരിപ്പും. ആ പുൽമേട് കടന്ന് അയാൾ ആ മലകളിലേയ്ക്ക് പോകുകയായിരുന്നു. ഞാൻ അയാളോട് വിളിച്ചു ചോദിച്ചു " നിങ്ങളെവിടെപ്പോകുവാ?" അയാൾ പറഞ്ഞു " എനിക്കറിയില്ല, എവിടേലും !". ഞാൻ പിന്നേം ചോദിച്ചു " നിങ്ങൾ എന്തിനാ പോകുന്നെ?" അയാൾ പറഞ്ഞു " ഞാൻ ജോലി തേടിപ്പോകുകയാണ്". പറ, അമ്മാവൻ ജോലി തേടി പോകാറുണ്ടോ?

മാധവ് - പിന്നെ വേണ്ടേ. ഒരു പാടു പേര് ജോലി തേടി നടക്കുന്നുണ്ട്.

അമൽ - എന്ത് രസമാ ! ഞാനും അവരെപ്പോലെ ഓരോ കാര്യങ്ങൾ തിരക്കി പോകും.

മാധവ് - നീ അന്വേഷിച്ചു നടന്ന് ഒന്നും കിട്ടിയില്ലെങ്കിലോ?- അപ്പോൾ- -

അമൽ - അതും രസമല്ലേ? അപ്പോൾ ഞാൻ പിന്നേം ദൂരേയ്‌ക്ക് പോകും ! അയാൾ ആ പഴയ ചെരിപ്പുമിട്ട് പതുക്കെ നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു. ആ അത്തിമരത്തിന്റെ ചുവട്ടിൽ വെള്ളമൊഴുകിപ്പോകുന്ന സ്ഥലത്ത് എത്തിയപ്പോൾ അയാൾ നദിയിൽ കാലു കഴുകി. പിന്നെ അയാൾ ആ ഭാണ്ഡക്കെട്ടിൽ നിന്നും കുറച്ച് ധാന്യപ്പൊടി എടുത്തു നനച്ചു തിന്നാൻ തുടങ്ങി. പിന്നെ ഭാണ്ഡക്കെട്ട് മുറുക്കി അയാൾ തോളിൽ വച്ചു, മുണ്ട് മുട്ടിനു മേലെ പൊക്കിപ്പിടിച്ച് നദി കുറുകെ കടന്നു.അയാൾ ചെയ്തപോലെ ആ നദിക്കരയിൽ പോയിരുന്നു ധാന്യപ്പൊടി തിന്നട്ടെ എന്ന് ഞാൻ അമ്മായിയോട് ചോദിച്ചു.

മാധവ് - എന്നിട്ട് നിന്റമ്മായി എന്ത് പറഞ്ഞു?

അമൽ - അമ്മായി പറഞ്ഞു " നീ വേഗം സുഖമാക്, എന്നിട്ട് ഞാൻ നിന്നെ അവിടെ കൊണ്ടുപോകാം" . അമ്മാവാ, എപ്പോഴാ ഞാൻ സുഖമാകുന്നത്?

മാധവ് - ഉടനെ തന്നെ, മോനെ.

അമൽ - ശരി, ഞാൻ അങ്ങനെ നടക്കും, ഒരുപാടു നദികൾ മുറിച്ചുകടന്ന്, വെള്ളത്തിലൂടെ തുഴഞ്ഞ്. എല്ലാവരും പകലിന്റെ ചൂടിൽ വാതിലുകൾ അടച്ചു ഉറങ്ങുകയായിരിക്കും, ഞാനങ്ങനെ ജോലി തിരക്കി ദൂരെ ദൂരെ പോകും.

മാധവ് - ഓഹോ. എന്തായാലും ആദ്യം നീ സുഖം പ്രാപിക്ക് , പിന്നെ-

അമൽ - അപ്പോൾ പിന്നെ ഞാൻ പഠിക്കണമെന്ന് അമ്മാവൻ ആവശ്യപ്പെടില്ലല്ലോ, അല്ലെ?

മാധവ് - അല്ലെങ്കിൽ പിന്നെ ആരാകാനാണ് നിനക്കിഷ്ടം?

അമൽ - ഇപ്പോൾ എനിക്കൊന്നുമറിയില്ല, പക്ഷെ പിന്നെപ്പറയാം.

മാധവ് - നല്ലത്. പക്ഷെ നീ പരിചയമില്ലാത്തവരെ വിളിക്കുകയും അവരോടു സംസാരിക്കുകയും ചെയ്യരുത്.

അമൽ - പക്ഷെ എനിക്ക് പരിചയമില്ലാത്തവരോട് സംസാരിക്കാൻ ഇഷ്ടമാ !

മാധവ് - അവർ നിന്നെ തട്ടിക്കൊണ്ടു പോയാലോ?

അമൽ - അത് നന്നായിരിക്കും! പക്ഷെ ആരും എന്നെ കൊണ്ട് പോകാറില്ല. എല്ലാവർക്കും ഞാനിവിടിരുന്നാൽ മതി.

മാധവ് - ഞാൻ ജോലിക്ക് പോകുകയാ- പക്ഷെ നീ പുറത്തു പോകില്ലല്ലോ, പോകുമോ?

അമൽ - ഇല്ല, ഞാൻ പോകില്ല. പക്ഷെ, അമ്മാവാ, വഴിയരികിലുള്ള ഈ മുറിയിൽ ഇരിക്കാൻ സമ്മതിക്കണം.

(മാധവ് പോകുന്നു)പാൽക്കാരൻ - തൈരു, തൈരേ , നല്ല തൈരേ ..

അമൽ - തൈരുകച്ചവടക്കാരാ, തൈരുകച്ചവടക്കാരാ,

പാൽക്കാരൻ - എന്തിനാ വിളിച്ചത്? നിനക്ക് തൈര് വേണോ?

അമൽ - ഞാനെങ്ങനെ വാങ്ങും. എന്റെ കയ്യിൽ പൈസ ഇല്ലല്ലോ.

പാൽക്കാരൻ- എന്താ മോനെ ! പിന്നെന്തിനാ വിളിച്ചത് ? ശ്ചെ , സമയം കളഞ്ഞു.

അമൽ - പറ്റുമാരുന്നേൽ ഞാനും കൂടെ വന്നേനെ.

പാൽക്കാരൻ - എന്റെ കൂടെയോ?

അമൽ - അതെ, നിങ്ങൾ അങ്ങ് ദൂരേന്നു വിളിച്ചു പറയുമ്പോൾ എനിക്ക് വിഷമം തോന്നും.

പാൽക്കാരൻ - ( തൈരുകുടം താഴെ വയ്ക്കുന്നു) മോനിവിടെ എന്താ ചെയ്യുന്നത്?

അമൽ - വൈദ്യർ പറഞ്ഞു ഞാൻ പുറത്തിറങ്ങരുതെന്ന്, അതുകൊണ്ട് പകൽ മുഴുവൻ ഞാനിവിടെ ഇരിക്കുകയാ.

പാൽക്കാരൻ - പാവം. നിനക്കെന്തു പറ്റി ?

അമൽ - എനിക്കറിയില്ല. നിങ്ങൾക്കറിയാമോ, ഞാൻ പഠിച്ചിട്ടില്ല, അതുകൊണ്ട് എനിക്കെന്താ കുഴപ്പമെന്ന് എനിക്കറിയില്ല. പാൽക്കാരാ, പറ, നിങ്ങളെവിടുന്നാ വരുന്നത്?

പാൽക്കാരൻ - ഞങ്ങളുടെ ഗ്രാമത്തിൽ നിന്ന്.

അമൽ - നിങ്ങളുടെ ഗ്രാമം? അത് ഒരുപാട് ദൂരെയാണോ?

പാൽക്കാരൻ - ഞങ്ങളുടെ ഗ്രാമം പഞ്ച് -മുറ കുന്നിനടുത്ത് ശംലി നദിക്കരയിലാണ്.

അമൽ- പഞ്ച് -മുറ കുന്ന് ! ശംലി നദി ! ശെടാ, ഞാൻ നിങ്ങളുടെ ഗ്രാമം കണ്ടിട്ടുണ്ടായിരിക്കും. എപ്പോഴാണെന്ന് പക്ഷെ ഓർമ വരുന്നില്ല.

പാൽക്കാരൻ- നീ കണ്ടിട്ടുണ്ടോ? ആ കുന്നിന്റെ അടിവാരത്തു പോയിട്ടുണ്ടോ?

അമൽ - ഇല്ല. പക്ഷെ അത് കണ്ട പോലെ എനിക്ക് ഓർമ വരുന്നു. നിങ്ങളുടെ ഗ്രാമം ഒരുപാട് പഴയ വലിയ മരങ്ങളുടെ താഴെയല്ലേ, ആ ചുവന്ന പാതയ്ക്കരികെ- അല്ലെ?

പാൽക്കാരൻ - ശരിയാ മോനെ.

അമൽ- ആ കുന്നിന്റെ ചരുവിൽ കന്നുകാലികൾ മേയും.

പാൽക്കാരൻ - അതിശയം ! ഞങ്ങളുടെ ഗ്രാമത്തിൽ കന്നുകാലികൾ മേയുന്നില്ലേ? തീർച്ചയായും ഉണ്ട് !

അമൽ - ചുവന്ന സാരികൾ ഉടുത്ത നിങ്ങളുടെ സ്ത്രീകൾ നദിയിൽ നിന്നും കുടത്തിൽ വെള്ളം കോരി തലയിൽ വച്ചു കൊണ്ട് പോകാറില്ലേ.

പാൽക്കാരൻ - അതും ശരിയാ. ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും സ്ത്രീകൾ നദിയിൽ വന്നു വെള്ളം കോരാറുണ്ട് , പക്ഷെ എല്ലാവർക്കും ചുവന്ന സാരിയില്ല. പക്ഷെ, മോനെ, നീ അവിടെഎന്നെങ്കിലും ഒരിക്കൽ നടക്കാൻ പോയിക്കാണും.

അമൽ - ശരിക്കും പറഞ്ഞാൽ ഞാൻ അവിടെ പോയിട്ടേയില്ല പാൽക്കാരാ. പക്ഷെ വൈദ്യർ സമ്മതിക്കുന്ന ആദ്യ ദിവസം തന്നെ നിങ്ങൾ എന്നെ നിങ്ങളുടെ ഗ്രാമത്തിൽ കൊണ്ടുപോകണം.

പാൽക്കാരൻ - ഞാൻ കൊണ്ടുപോകും . സന്തോഷത്തോടെ.

അമൽ - തൈരേ എന്ന് വിളിച്ചു പറയാനും നിങ്ങളെപ്പോലെ അത് തോളിലേറ്റി നീണ്ടു നീണ്ട വഴിയിലൂടെ പോകാനും നിങ്ങളെന്നെ പഠിപ്പിക്കില്ലേ?

പാൽക്കാരൻ - അയ്യോ, നീ അങ്ങനെ ചെയ്തിട്ടുണ്ടോ? നീ എന്തിനാ തൈര് വിൽക്കുന്നത്? വേണ്ട, നീ വലിയ പുസ്തകങ്ങൾ വായിച്ചു പഠിപ്പുള്ളവനാകണം.

അമൽ - വേണ്ട- എനിക്ക് പഠിപ്പുള്ളവനാകണ്ട- എനിക്ക് നിങ്ങളെപ്പോലെയാകണം. ആ പഴയ ആൽമരത്തിനരികെയുള്ള ചുവന്ന പാതയ്ക്കരികിലുള്ള ഗ്രാമത്തിൽ നിന്നും തൈര് വാങ്ങി വീട് തോറും കയറി ഇറങ്ങി വിൽക്കണം. ഓ, നിങ്ങളെങ്ങനാ അത് പറയുന്നെ- " തൈരു , തൈരേ , നല്ല തൈരേ ." ആ ഈണമൊന്നു പഠിപ്പിച്ചു തരാമോ ?

പാൽക്കാരൻ - അയ്യയ്യോ, ആ ഈണം പഠിപ്പിച്ചു തരാനോ, എന്താ പറേന്നെ !!

അമൽ - പഠിപ്പിച്ചു താ. എനിക്കത് കേൾക്കുന്നത് ഇഷ്ടമാ. ആ മരക്കൂട്ടത്തിനിടയിലൂടെ ആ പാതയുടെ തിരിവിൽ നിന്നും നിങ്ങൾ അങ്ങനെ വിളിച്ചു പറയുന്നത് കേൾക്കുമ്പോൾ എനിക്കെന്താ തോന്നുന്നതെന്ന് പറയാൻ വയ്യ ! അങ്ങ് ആകാശക്കോണിൽ ചെന്ന് തുളച്ചുകയറുന്ന ശബ്ദത്തിൽ പട്ടങ്ങൾ കരയുന്നതു കേൾക്കുമ്പോൾ എനിക്ക് അതേപോലെ തോന്നും.

പാൽക്കാരൻ - മോനേ , നിനക്ക് അല്പം തൈര് വേണോ? എടുത്തോ.

അമൽ - പക്ഷെ എന്റെ കയ്യിൽ പൈസ ഇല്ലല്ലോ.

പാൽക്കാരൻ - ഇല്ല, ഇല്ല, ഇല്ല, പൈസയെപ്പറ്റി ഒന്നും പറയണ്ട ! നീ എന്റെ കയ്യിൽ നിന്നും അല്പം തൈര് വാങ്ങുകയാണെങ്കിൽ എനിക്ക് വലിയ സന്തോഷമാകും.

അമൽ - ഞാൻ നിങ്ങളെ ഒരുപാടുനേരം ഇവിടെ പിടിച്ചിരുത്തിയോ?

പാൽക്കാരൻ- ഏയ്‌, ഒട്ടുമില്ല. എനിക്കതൊരു നഷ്ടമേയല്ല, തൈര് വിറ്റ് എങ്ങനെ സന്തോഷത്തോടെ കഴിയാം എന്ന് നീ എന്നെ പഠിപ്പിച്ചു.

(പോകുന്നു)അമൽ (സ്വയം) - തൈരു, തൈരേ , നല്ല തൈരേ - ആട്ടിടയന്മാരുടെ ഗ്രാമത്തിൽ നിന്നും - ശംലി നദിക്കരയിലെ പഞ്ച-മുറ കുന്നിനരികിലെ ഗ്രാമത്തിൽ നിന്നും... തൈരേ , നല്ല തൈരേ. മരങ്ങൾക്കടിയിൽ നിരത്തി നിർത്തിയിരിക്കുന്ന പശുക്കളെ പ്രഭാതത്തിൽ സ്ത്രീകൾ കറന്നെടുക്കും. വൈകീട്ട് അത് തൈരായി മാറും. തൈരേ , നല്ല തൈരേ. ങേ, ദാ കാവൽക്കാരൻ റോന്തു ചുറ്റാൻ വരുന്നു. കാവൽക്കാരാ, ഇങ്ങോട്ട് വന്നെന്നോട് അല്പം വർത്തമാനം പറ.

കാവൽക്കാരൻ - നീ എന്തിനാ ബഹളമുണ്ടാക്കുന്നത്? എന്നെപ്പോലുള്ളവരെ നിനക്ക് പേടിയില്ലേ?

അമൽ- ഇല്ല, ഞാനെന്തിനാ പേടിക്കുന്നത്?

കാവൽക്കാരൻ - ഞാൻ നിന്നെ മാർച്ചു ചെയ്യിപ്പിച്ചു അങ്ങ് കൊണ്ടുപോയാലോ ?

അമൽ - നിങ്ങളെന്നെ അങ്ങനെ എവിടെ കൊണ്ടുപോകും?

കാവൽക്കാരൻ - ഞാൻ നിന്നെ നേരെ രാജാവിന്റെ അടുക്കൽ കൊണ്ടുപോയാലോ?

അമൽ - രാജാവിന്റെ അടുത്തോ? കൊണ്ടുപോകാമോ? പക്ഷെ വൈദ്യർ പുറത്തുപോകാൻ സമ്മതിക്കില്ല. ആർക്കും ഒരിക്കലുമെന്നെ പുറത്തു കൊണ്ടുപോകാൻ കഴിയില്ല. ദിവസം മുഴുവൻ ഞാനിവിടെ ഇരിക്കണം.

കാവൽക്കാരൻ - വൈദ്യർ സമ്മതിക്കില്ല, പാവം. ശരിയാ, നിന്റെ മുഖം വിളറിയിരിക്കുന്നു, നിന്റെ കണ്ണുകൾക്ക്‌ താഴെ കറുത്ത വലയങ്ങൾ ഉണ്ട്. നിന്റെ കൈകളിൽ ഞരമ്പ് എഴുന്നു നില്ക്കുന്നു.

അമൽ - നിങ്ങളുടെ ചേങ്ങില അടിക്കാമൊ, കാവല്ക്കാരാ.

കാവൽക്കാരൻ - സമയമായില്ല.

അമൽ - എന്തതിശയം !. ചിലർ പറയുന്നൂ സമയമായിട്ടില്ലാ എന്ന്, ചിലരാകട്ടെ സമയം കഴിഞ്ഞെന്നും. പക്ഷെ നിങ്ങൾ ചേങ്ങില അടിക്കുന്ന നിമിഷം നിങ്ങളുടെ സമയം വരില്ലേ !

കാവൽക്കാരൻ - അത് പറ്റില്ല; സമയമാകുമ്പോഴേ ഞാൻ ചേങ്ങില അടിയ്ക്കൂ.

അമൽ - അതെ, എനിക്ക് നിങ്ങളുടെ ചേങ്ങിലയുടെ ശബ്ദം ഇഷ്ടമാ. ഉച്ചയ്ക്ക് ഞങ്ങളുടെ ഊണൊക്കെ കഴിയുമ്പോൾ, അമ്മാവൻ ജോലിക്ക് പോയിക്കഴിയുമ്പോൾ, അമ്മാവി രാമായണം വായിച്ച് ഉറങ്ങിപ്പോകുമ്പോൾ, മുറ്റത്തു ആ മതിലിന്റെ തണലിൽ ഞങ്ങളുടെ നായ അവന്റെ വാലിനു നേരെ മൂക്കും വച്ചു ചുരുണ്ട് കിടന്നുറങ്ങുമ്പോൾ, നിങ്ങളുടെ ചേങ്ങില മുഴങ്ങും " ഡോങ്, ഡോങ്, ഡോങ് ! " പറ, എന്തിനാ നിങ്ങളുടെ ചേങ്ങില ശബ്ദമുണ്ടാക്കുന്നത്?

കാവൽക്കാരൻ - എന്റെ ചേങ്ങില ശബ്ദമുണ്ടാക്കുന്നത് സമയം ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല, അത് എന്നെന്നേക്കുമായി പോകും എന്ന് ആൾക്കാരോട് പറയാനാണ്.

അമൽ - എങ്ങോട്ട് , ഏതു രാജ്യത്തോട്ടു പോകും?

കാവൽക്കാരൻ - അതാർക്കും അറിയില്ല.

അമൽ- അപ്പോൾപ്പിന്നെ അവിടെ ആരും പോയിട്ടുണ്ടാവില്ല ! ആർക്കും അറിയാൻ പാടില്ലാത്ത ആ സ്ഥലത്തേയ്ക്ക് സമയത്തിനൊപ്പം പറക്കാൻ ഞാൻ തീർച്ചയായും ആഗ്രഹിക്കുന്നു.

കാവൽക്കാരൻ - നമ്മൾ എല്ലാവരും ഒരു ദിവസം അവിടെ എത്തപ്പെടേണ്ടാവരാണു കുട്ടീ.

അമൽ - ഞാനും?

കാവൽക്കാരൻ - അതെ, നീയും.

അമൽ - പക്ഷെ വൈദ്യർ എന്നെ പുറത്തേയ്ക്ക് വിടില്ല.

കാവൽക്കാരൻ - ഒരു ദിവസം ചിലപ്പോൾ വൈദ്യർ തന്നെ നിന്നെ കൈകളിൽ പിടിച്ച് അങ്ങോട്ട്‌ കൊണ്ടുപോകും.

അമൽ- ഇല്ല, നിങ്ങൾക്ക് അദ്ദേഹത്തിനെ അറിയില്ല. അദ്ദേഹം എന്നെ അകത്ത് ഇരുത്തുകയേ ഉള്ളൂ.

കാവൽക്കാരൻ - അദ്ദേഹത്തിനേക്കാൾ വലിയ ഒരാൾ വന്ന് നമ്മളെ സ്വതന്ത്രരാക്കും.

അമൽ - ആ വലിയ വൈദ്യർ എന്നെ തിരക്കി എന്ന് വരും? എനീക്കിവിടെ ഇങ്ങനെ കിടക്കാൻ വയ്യ.

കാവൽക്കാരൻ - അങ്ങനെ പറയല്ലേ മോനെ.

അമൽ - ഇല്ല. അവർ എന്നെ വിട്ടിട്ടു പോയ ഇടത്ത് തന്നെ ഞാനിരിക്കും, ഒന്ന് അനങ്ങുക പോലുമില്ല. പക്ഷെ നിങ്ങളുടെ ചേങ്ങില ഡോങ്, ഡോങ്, ഡോങ് എന്നടിക്കുമ്പോൾ അതെന്റെ ഹൃദയത്തിലേയ്ക്ക് പോകും. അല്ലെ, കാവൽക്കാരാ?

കാവൽക്കാരൻ - അതെ, മോനെ.

അമൽ- പറ, ആ വശത്തെ വലിയ വീട്ടിൽ എന്താണ് നടക്കുന്നത്, അവിടെ ഒരു കൊടി പൊങ്ങിപ്പറക്കുണ്ട് , ആളുകൾ വരികയും പോവുകയും ചെയ്യുന്നു.

കാവൽക്കാരൻ - ഓ, അവിടെയോ? അതാണ്‌ നമ്മളുടെ പുതിയ തപാലോഫീസ്.

അമൽ - തപാലോഫീസ്? ആരുടെ?

കാവൽക്കാരൻ - ആരുടെ? രാജാവിന്റെ, അല്ലാതാരുടെ?

അമൽ - രാജാവിന്റെ കത്തുകൾ അദ്ദേഹത്തിൻറെ ഈ ഓഫീസിൽ വരുമോ?

കാവൽക്കാരൻ - പിന്നേ. ഒരു ദിവസം നിനക്കും ഒരു കത്ത് അവിടെ വരും.

അമൽ - എനിക്കൊരു കത്തോ? പക്ഷെ ഞാനൊരു കൊച്ചുകുട്ടിയല്ലേ?

കാവൽക്കാരൻ - കൊച്ചുകുട്ടികൾക്ക് രാജാവ് കൊച്ചു കത്തുകൾ അയക്കും.

അമൽ - മനോഹരം ! എനിക്കെന്നാ എന്റെ കത്ത് കിട്ടുന്നത്? അദ്ദേഹം എനിക്ക് കത്തെഴുതുമെന്നു എങ്ങനെ അറിയാം?

കാവൽക്കാരൻ - അല്ലേൽപ്പിന്നെ എന്തിനാ ആ സുവർണപതാക പറത്തി അദ്ദേഹത്തിൻറെ തപാലോഫീസ് അദ്ദേഹം നിന്റെ ജനലരികിൽ തന്നെ സ്ഥാപിച്ചത് ?

അമൽ - പക്ഷെ രാജാവിന്റെ എനിക്കുള്ളകത്ത് വരുമ്പോൾ ആരാണ് എനിക്കത് കൊണ്ട് തരുക?

കാവൽക്കാരൻ - രാജാവിന് ഒരുപാടു പോസ്റ്റ്മാന്മാർ ഉണ്ട്. നെഞ്ചിൽ തിളങ്ങുന്ന ബാഡ്ജ് ധരിച്ച് അവർ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് നീ കണ്ടിട്ടില്ലേ?

അമൽ - ങ്ഹാ, അവരെവിടാ പോകുന്നത്?

കാവൽക്കാരൻ - ഓ, വീട് വീടാന്തരം, രാജ്യം മുഴുവൻ.

അമൽ- ഞാൻ വലുതാവുമ്പോൾ രാജാവിന്റെ ഒരു പോസ്റ്റ്മാൻ ആകും.

കാവൽക്കാരൻ - ഹ! ഹ! പോസ്റ്റ്മാൻ. മഴയായാലും വെയിലായാലും , പണക്കാരനായാലും പാവപ്പെട്ടവനായാലും, ഓരോ വീട്ടിലും കയറിയിറങ്ങി- അതൊരു മഹത്തരമായ പണിയാ.

അമൽ - അതാ എനിക്ക് വലിയ ഇഷ്ടം. നിങ്ങളെന്താ ചിരിക്കുന്നത്? ഓ, നിങ്ങളുടെ ജോലിയും മഹത്തരമാണ്. ഉച്ച സമയത്തെ ചൂടിൽ എല്ലായിടവും നിശബ്ദമാകുമ്പോൾ നിങ്ങളുടെ ചേങ്ങില ഡോങ്, ഡോങ്, ഡോങ് എന്ന് മുഴങ്ങും, - ചിലപ്പോൾ രാത്രി പെട്ടെന്നുണർന്നു വിളക്ക് എപ്പോഴോ അണഞ്ഞു പോയെന്ന് കാണുമ്പോൾ ഇരുട്ടിൽ എനിക്ക് നിങ്ങളുടെ ചേങ്ങില ഡോങ്, ഡോങ്, ഡോങ് എന്ന് സാവധാനം അടിക്കുന്നതും കേൾക്കാം.

കാവൽക്കാരൻ - ദാ, ഗ്രാമത്തലവൻ വരുന്നു ! ഞാൻ പോകട്ടെ. നീയുമായി ചുമ്മാ വർത്തമാനം പറഞ്ഞു നിൽക്കുന്നത് കണ്ടാൽ അയാൾ എന്നെ ശരിയാക്കും..

അമൽ - ഗ്രാമത്തലവനോ? എവിടെ?

കാവൽക്കാരൻ - അതാ ആ വഴിയിൽ അങ്ങ്. ആ തൊപ്പിക്കുട നടന്നു വരുന്നത് കണ്ടില്ലേ- അതാണ്‌ അദ്ദേഹം.

അമൽ - രാജാവായിരിക്കും അദ്ദേഹത്തെ ഗ്രാമത്തലവനാക്കിയത്, അല്ലെ?

കാവൽക്കാരൻ - ആക്കിയതോ? ഏയ്‌, അല്ല. ഒരു വെപ്രാളക്കാരൻ! സ്വയം മറ്റുള്ളവർക്ക് അരോചകമാകാനുള്ള ഒരു പാട് വഴികൾ അയാൾക്കറിയാം. അതുകൊണ്ട് എല്ലാവർക്കും അയാളെ പേടിയാണ്. മറ്റുള്ളവർക്ക് കുഴപ്പമുണ്ടാക്കുന്നത് അയാളെപ്പോലുള്ളവർക്ക് വലിയ രസമാണ് . ഞാനിപ്പോൾ തന്നെ പോകട്ടെ! ജോലിസമയം അലസമായിരിക്കാൻ പാടില്ല. ഞാൻ നാളെ രാവിലെയും വന്ന് പട്ടണത്തിലെ കഥകൾ പറഞ്ഞു തരാം.

(പോകുന്നു)അമൽ - എല്ലാദിവസവും രാജാവിന്റെ ഒരു കത്ത് എനിക്ക് കിട്ടിയാൽ കൊള്ളാമായിരുന്നു. ഞാനവ ജനലിരികിലിരുന്നു വായിക്കും. ഓ, പക്ഷെ എനിക്ക് വായിക്കാനും എഴുതാനും അറിയില്ലല്ലോ. അതെന്നെ ആര് വായിച്ചു കേൾപ്പിക്കും ! അമ്മായി രാമായണം വായിക്കും; രാജാവിന്റെ എഴുത്തും അമ്മായിക്കു വായിക്കാൻ പറ്റുമായിരിക്കും. ആരും വായിച്ചു തന്നില്ലെങ്കിൽ അതെല്ലാം സൂക്ഷിച്ചു വച്ചു വലുതാവുമ്പോൾ വായിക്കണം. പക്ഷെ പോസ്റ്റ്മാൻ എന്നെ കണ്ടു പിടിച്ചില്ലെങ്കിലോ? ഗ്രാമത്തലവാ, ഒന്ന് സംസാരിക്കാൻ പറ്റുമോ?

ഗ്രാമത്തലവൻ - ആരാ വഴിയിൽ കിടന്നു എന്നെ വിളിക്കുന്നത്? ഓ, നീയാണോ പന്നക്കുരങ്ങാ!

അമൽ - നിങ്ങൾ ഗ്രാമത്തലവനല്ലേ. എല്ലാവരും നിങ്ങളെ ശ്രദ്ധിക്കും.

ഗ്രാമത്തലവൻ (സന്തോഷത്തോടെ) - ങാ, ശരിയാ, എല്ലാവരും ശ്രദ്ധിക്കും. ശ്രദ്ധിക്കണം !

അമൽ - രാജാവിന്റെ പോസ്റ്റ്മാനും ശ്രദ്ധിക്കുമോ?

ഗ്രാമത്തലവൻ - ചെയ്യണമല്ലോ. ഇല്ലെങ്കിൽ അതൊന്നു കാണണമല്ലോ-

അമൽ - ഈ ജനലരികിൽ ഇരിക്കുന്നത്‌ അമൽ ആണെന്ന് താങ്കൾ പോസ്റ്റ്മാനോട് ഒന്ന് പറയുമോ?

ഗ്രാമത്തലവൻ - അതുകൊണ്ടെന്താ ഗുണം?

അമൽ - ഒരുപക്ഷെ എനിക്കൊരു കത്ത് വന്നാലോ.

ഗ്രാമത്തലവൻ - നിനക്കൊരു കത്തോ ! നിനക്കാരാ കത്തെഴുതാൻ പോകുന്നത്?

അമൽ- രാജാവാണെങ്കിലോ?

ഗ്രാമത്തലവൻ - ഹ ! ഹ ! നീ എന്തൊരു ചെറുക്കനാണ് ! ഹ ! ഹ ! രാജാവ് നിന്റെ വലിയ കൂട്ടുകാരനാ, അല്ലെ ! ഒരു പാടു കാലമായി നിങ്ങൾ പരസ്പരം കാണാത്തത് മൂലം രാജാവ് വിഷമിക്കുകയാണ്, എനിക്കുറപ്പാണ്. നാളെ വരെ കാത്തിരിക്ക്, നിനക്ക് നിന്റെ കത്ത് കിട്ടും.

അമൽ- എന്താണ് ഗ്രാമത്തലവാ താങ്കൾ ഈ രീതിയിൽ എന്നോട് സംസാരിക്കുന്നത്? താങ്കൾക്കെന്നോട് ദേഷ്യമാണോ?

ഗ്രാമത്തലവൻ - ശെടാ, ദേഷ്യമാണോന്ന്! നീ രാജാവിന് എഴുത് ! അമൽ ഈയിടെയായി ഭയങ്കര തലക്കനക്കാരനാണ്. അവൻ കുറച്ചു പണമുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് രാജാവും പരിവാരങ്ങളും അവന്റെ ആൾക്കാരുമായി എന്നും വർത്തമാനം പറയും. ഞാനവനെ ഒരിക്കൽ കാണട്ടെ, അപ്പോൾത്തന്നെ അവനെ ഞാൻ സന്തോഷിപ്പിക്കും. എടാ മരമണ്ടൂസേ! രാജാവിന്റെ കത്ത് ഞാൻ നിന്റെ അടുക്കളയിൽ എത്തിക്കാം - ഞാൻ ഉറപ്പായും ചെയ്യാം!


അമൽ - വേണ്ട, വേണ്ട, താങ്കൾ ബുദ്ധിമുട്ടണ്ട.

ഗ്രാമത്തലവൻ - എന്തുകൊണ്ട് പറ്റില്ല ! ഞാൻ നിന്നെക്കുറിച്ച് രാജാവിനോട് പറയാം, അപ്പോൾ പിന്നെ അദ്ദേഹം ഒട്ടും താമസിക്കില്ല. നിന്നെപ്പറ്റി അറിയാൻ അദ്ദേഹത്തിന്റെ ഒരു ഭടൻ ഉടനെ ഇവിടെ വരും. മാധവിന്റെ അഹങ്കാരം എന്നെ ഉലയ്ക്കുന്നു. രാജാവിതെങ്ങാനും കേട്ടാൽ, അതുമതി അവന്റെ മണ്ടത്തരങ്ങൾ മാറാൻ.

(പോകുന്നു)അമൽ- ആരാ ആ പോകുന്നത് ? നിന്റെ ചിലങ്കകൾ ചിലമ്പുന്നല്ലോ ! നീ ഒരു നിമിഷം ഒന്ന് നിൽക്കില്ലേ?

(ഒരു പെൺകുട്ടി കയറി വരുന്നു)

പെൺകുട്ടി - എനിക്ക് നേരമില്ല. ഇപ്പോഴേ ഞാൻ താമസിച്ചു!

അമൽ - അതെയോ, നിനക്ക് ഇങ്ങോട്ട് വരാൻ ഇഷ്ടമല്ല, എനിക്കും ഇവിടെ ഇരിക്കാനും ഇഷ്ടമല്ല.

പെൺകുട്ടി - നിന്നെക്കണ്ടാൽ രാവിലെ അസ്തമിക്കാൻ താമസിച്ചു പോയ ഒരു നക്ഷത്രം പോലുണ്ട്! നിനക്കെന്താ പ്രശ്നം?

അമൽ - എനിക്കറിയില്ല; വൈദ്യർ എന്നെ പുറത്തു വിടുന്നില്ല.

പെൺകുട്ടി - ശെടാ, എന്നാൽ പോകണ്ട! വൈദ്യർ പറയുന്നത് അനുസരിക്കണം. നീ കുസൃതി കാണിച്ചാൽ ആൾക്കാർ നിന്നോട് ദേഷ്യപ്പെടും. എപ്പോഴും പുറത്തേയ്ക്ക് നോക്കിയിരുന്നാൽ നീ ക്ഷീണിക്കുമെന്നെനിക്കറിയാം. ഞാൻ വേണമെങ്കിൽ ഈ ജനാല കുറച്ച് അടയ്ക്കാം.

അമൽ - അയ്യോ, വേണ്ട. ഈ ഒരെണ്ണമേ തുറന്നിരിപ്പുള്ളൂ! ബാക്കിയെല്ലാം അടച്ചിട്ടിരിക്കുകയാ. പക്ഷെ നീ ആരാണെന്നു എന്നോട് പറയില്ലേ? കണ്ടു പരിചയമില്ല.

പെൺകുട്ടി - ഞാൻ സുധ.

അമൽ - ഏതു സുധ?

സുധ - നിനക്ക് അറിഞ്ഞു കൂടെ? ഞാൻ ഇവിടുത്തെ പൂക്കാരിയുടെ മകളാണ്.

അമൽ- നീ എന്താ ചെയ്യുന്നത്?

സുധ - ഞാൻ എന്റെ പൂക്കൂടയിൽ പൂവ് ശേഖരിക്കുന്നു.

അമൽ - ഓ പൂ പറിക്കൽ. അതുകൊണ്ടാണ് നിന്റെ കാലുകൾക്കിത്ര സന്തോഷം, നിന്റെ ചിലങ്കകൾ ഇത്ര സന്തോഷത്തോടെ ചിലമ്പുന്നത്. എനിക്കും പുറത്തിറങ്ങിയാൽ കൊള്ളാമെന്നുണ്ട്. അപ്പോൾ പിന്നെ ഏതു കാണാമറയത്തുള്ള തുഞ്ചത്ത് നിന്നും നിനക്ക് പൂക്കൾ പറിച്ചു തരാൻ എനിക്ക് കഴിയുമായിരുന്നു.

സുധ - ശരിക്കും? നിനക്ക് പൂവിനെക്കുറിച്ച് എന്നെക്കാൾ നന്നായിട്ടറിയാമോ?

അമൽ - അത്രേം തന്നെ എനിക്കുമറിയാം. നാടൻകഥയിലെ ചമ്പയെക്കുറിച്ചും അവന്റെ ഏഴു സഹോദരന്മാരെക്കുറിച്ചും എനിക്കറിയാം. അവർ സമ്മതിച്ചിരുന്നെങ്കിൽ, നമുക്ക് വഴി കണ്ടു പിടിക്കാൻ പറ്റാത്ത ഒരു കൊടുങ്കാട്ടിലേയ്ക്കു ഞാൻ നേരെ പോയേനെ. അവിടെ ആ തേൻ കുടിക്കുന്ന കുരുവികൾ പറക്കുന്ന ആ കനം കുറഞ്ഞ മരക്കൊമ്പിൽ ഞാൻ ചമ്പ ആയി വിരിഞ്ഞു നിന്നേനെ. നീ എന്റെ സഹോദരി പരുൾ ആകാമോ?

സുധ - നീ ഒരു മണ്ടനാ ! ഞാൻ സുധയും എന്റെ അമ്മ പൂക്കാരി ശശിയുമാകുമ്പൊൾ ഞാനെങ്ങനാ നിന്റെ സഹോദരി പരുൾ ആകുന്നത്? എനിക്കൊരു ദിവസം ഒരു പാട് മാലകൾ കോർക്കാനുണ്ട്. നിന്റെ കൂട്ട് ഇവിടെ മടി പിടിച്ചിരിക്കാൻ പറ്റിയിരുന്നേൽ എനിക്കും വല്യ സന്തോഷമായേനെ!

അമൽ - അപ്പോൾ പിന്നെ ദിവസം മുഴുവൻ നീ എന്താ ചെയ്യുന്നത്?

സുധ- എന്റെ പാവക്കൂട്ടി ബെനയും പൂച്ചക്കുട്ടി മെനിയുമായും ഞാൻ കളിക്കും- അയ്യോ, ഞാൻ ഇങ്ങനെ നിന്നാൽ താമസിച്ചു പോകും, ഒരൊറ്റ പൂവും കിട്ടില്ല.

അമൽ - ഓ, കുറച്ചു നേരം കൂടി നിൽക്കെന്നേ, എനിക്കത് വലിയ ഇഷ്ടമാണ് !

സുധ - ആ , ചുമ്മാതെ വഴക്കിടല്ലേ, നല്ലകുട്ടിയായി അടങ്ങിയിരിക്ക്, പൂക്കളുമായി തിരികെ വരുമ്പോൾ നിന്നോട് ഞാൻ സംസാരിക്കാം.

അമൽ - അന്നേരം ഒരു പൂവ് നീ എനിക്ക് തരുമോ?

സുധ- ഇല്ല, അതെങ്ങനെ? അതിനു പൈസ തരണം.

അമൽ- ഞാൻ വലുതാവുമ്പോൾ പൈസ തരാം- ആ നദിയുടെ അപ്പുറം ജോലിയന്വേഷിച്ച് പോകുന്നതിനുമുൻപ്.

സുധ - എന്നാപ്പിന്നെ, ശരി.

അമൽ- ഇന്ന് പൂക്കളെല്ലാം കിട്ടിക്കഴിഞ്ഞാൽ നീ തിരിച്ചു വരുമല്ലോ?

സുധ- ഞാൻ വരും.

അമൽ - തീർച്ചയായും വരുമല്ലോ?

സുധ - തീർച്ചയായും വരും.

അമൽ - നീ എന്നെ മറക്കില്ലല്ലോ? ഞാൻ അമൽ, മറന്നുപോകരുത്.

സുധ - ഞാൻ നിന്നെ മറക്കില്ല, നീ നോക്കിക്കോ.

(പോകുന്നു)(കുറെ ആൺകുട്ടികൾ കടന്നു വരുന്നു)

അമൽ- സഹോദരന്മാരെ, നിങ്ങളെല്ലാം എങ്ങോട്ടാ? കുറച്ചുനേരം ഇവിടെ നിൽക്കാമോ?

കുട്ടികൾ - ഞങ്ങൾ കളിക്കാൻ പോകുകയാണ്.

അമൽ- നിങ്ങളെന്താ കളിക്കുന്നത്?

കുട്ടികൾ - ഞങ്ങൾ ഉഴവുമനുഷ്യർ കളിക്കാൻ പോകുവാ.

ആദ്യത്തെ കുട്ടി - (ഒരു വടി കാണിച്ചിട്ട്) ഇതാണ് ഞങ്ങളുടെ കലപ്പത്തണ്ട്.

രണ്ടാമത്തെ കുട്ടി - ഞങ്ങൾ രണ്ടുപേരും ഒരു ജോഡി കാളകളാണ്.

അമൽ - നിങ്ങൾ ഇന്ന് മുഴുവൻ കളിക്കാൻ പോകുവാണോ?

കുട്ടികൾ - അതെ. ഇന്ന് മുഴുവൻ.

അമൽ - വൈകുന്നേരം ആ നദിക്കരയിലുള്ള പാത വഴിയാണോ നിങ്ങൾ മടങ്ങി വരുന്നത്?

കുട്ടികൾ - അതെ.

അമൽ - നിങ്ങൾ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ ഞങ്ങളുടെ വീടിനരികിലൂടെയാണോ വരുന്നത്?

കുട്ടികൾ - നീ ഞങ്ങളോടൊപ്പം കളിക്കാൻ വാ.

അമൽ - വൈദ്യർ എന്നെ വിടില്ല.

കുട്ടികൾ - വൈദ്യർ! നിന്നെപ്പോലുള്ളവരേ വൈദ്യരെ പേടിക്കൂ . വാ നമുക്ക് പോകാം, സമയം പോകുന്നു.

അമൽ - പോവല്ലേ. ഈ ജനലരികിൽ വഴിയിൽ നിന്ന് കളിച്ചാൽ എന്താ? എനിക്കന്നേരം നിങ്ങളെ കാണാമല്ലോ .

മൂന്നാമത്തെ ആൺകുട്ടി - ഇവിടിപ്പോൾ ഞങ്ങളെന്തു കളിക്കാനാ?

അമൽ - എന്റെ കളിപ്പാട്ടങ്ങൾ അവിടെല്ലാം കിടപ്പുണ്ട്. നിങ്ങൾ അതെടുത്തോ. എനിക്ക് തന്നെത്താൻ കളിക്കാൻ പറ്റില്ല. അതെല്ലാം ചീത്തയാകുകയാണ്, എനിക്കൊരാവശ്യവുമില്ല.

കുട്ടികൾ - അയ്യടാ ! എന്ത് നല്ല കളിപ്പാട്ടങ്ങൾ ! ദാ നോക്ക് ഒരു കപ്പൽ. ദാ വയസ്സിയമ്മ ജടായി. നോക്കെടാ, അതൊരു ഭംഗിയുള്ള സിപായി അല്ലെ? നീ ഇതെല്ലാം ഞങ്ങൾക്ക് തരുമോ? ശരിക്കും നിനക്ക് കുഴപ്പമില്ലല്ലോ?

അമൽ- ഒട്ടുമില്ല, എല്ലാമെടുത്തൊ.

കുട്ടികൾ - നീ അത് തിരിച്ചു വാങ്ങുമോ?

അമൽ - ഇല്ല, എനിക്കത് ഇനി വേണമെന്നില്ല.

കുട്ടികൾ - നിനക്ക് വഴക്ക് കിട്ടില്ലേ?

അമൽ - എന്നെ ആരും വഴക്ക് പറയില്ല. പക്ഷെ നിങ്ങൾ എന്നും രാവിലെ കുറച്ചു നേരം ഞങ്ങളുടെ വാതിൽക്കൽ കളിക്കാമോ? ഇതെല്ലാം പഴയതാവുമ്പോൾ ഞാൻ പുതിയവ വാങ്ങിത്തരാം.

കുട്ടികൾ - പിന്നെന്താ, ഞങ്ങൾ കളിക്കാം. കൂട്ടുകാരെ, ഈ സിപായിമാരെ എല്ലാം ഒരു നിരയിൽ വയ്ക്ക്. നമുക്ക് യുദ്ധം കളിക്കാം. നമുക്കെവിടുന്നാ തോക്ക് കിട്ടുക? ഓ, നോക്ക്, നമുക്ക് ഈ ഈറ്റ ഉപയോഗിക്കാം. ങേ, നീ ഉറങ്ങാനും തുടങ്ങിയോ.

അമൽ - എനിക്ക് ഉറക്കം വരുന്നുണ്ട്. എനിക്കറിയില്ല, ചിലപ്പോൾ എനിക്കങ്ങനെയാണ്. ഞാൻ കുറെ നേരമായി ഇവിടെയിരിക്കുകയാണ്, ഞാൻ ക്ഷീണിച്ചു. എന്റെ പുറംനോവുന്നു.

കുട്ടികൾ - ഉച്ചയാകുന്നതേയുള്ളൂ. നിനക്കെങ്ങനെയാ ഉറക്കം വരുന്നത്. നോക്ക്, ചേങ്ങില ആദ്യത്തെ അടി അടിക്കുന്നു.

അമൽ - അതെ, ഡോങ്, ഡോങ്, ഡോങ്. അത് കേൾക്കുമ്പോൾ എനിക്കുറക്കം വരും.

കുട്ടികൾ - എന്നാൽപ്പിന്നെ ഞങ്ങൾ പോകുകയാ. നാളെ രാവിലെ ഞങ്ങൾ വീണ്ടും വരാം.

അമൽ- പോകുന്നതിനു മുൻപ് നിങ്ങളോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട്.നിങ്ങളെപ്പോഴും പുറത്താണ് - രാജാവിന്റെ പോസ്റ്റ്മാൻന്മാരെ നിങ്ങൾക്കറിയാമോ?

കുട്ടികൾ - പിന്നേ. നല്ലതുപോലെ.

അമൽ - അവരാരാണ് അവരുടെ പേരൊക്കെ പറയൂ.

കുട്ടികൾ - ഒരാള് ബാദൽ, പിന്നെ ശരത്. അവർ ഒരുപാട് പേരുണ്ട്.

അമൽ - എനിക്കൊരു കത്തുണ്ടെങ്കിൽ അവർക്ക് എന്നെ അറിയാൻ കഴിയുമോ?

കുട്ടികൾ - തീർച്ചയായും. കത്തിൽ നിന്റെ പേരുണ്ടെങ്കിൽ അവർ നിന്നെ കണ്ടുപിടിച്ചിരിക്കും.

അമൽ - നാളെ രാവിലെ നിങ്ങൾ വരികയാണെങ്കിൽ അതിലൊരാളെ എന്നെ പരിചയപ്പെടുത്താൻ കൊണ്ട് വരുമോ?

കുട്ടികൾ - നിനക്ക് വേണമെങ്കിൽ കൊണ്ടുവരാം.(കർടൻ)

രംഗം - രണ്ട്

(അമൽ കിടക്കയിൽ)

അമൽ - അമ്മാവാ, ഇന്നെനിക്കു ജനലരികിൽ ഇരിക്കാൻ പറ്റില്ലേ? അതും വൈദ്യർക്ക്‌ ഇഷ്ടമാവില്ലേ?

മാധവ്- ഇല്ല, മോനെ, നീ എല്ലാ ദിവസവും അവിടിരുന്നു നിന്റെ അസുഖം കൂട്ടിയില്ലേ.

അമൽ - ഓ, ഇല്ല, എന്റെ അസുഖം അതുകൊണ്ട് കൂടിയോ എന്നെനിക്കറിയില്ല, പക്ഷെ അവിടിരിക്കുമ്പോൾ എനിക്ക് നല്ല സുഖമാണ്.

മാധവ് - ഇല്ല. നീ അവിടെ കുത്തിയിരുന്ന് ഇവിടുള്ള എല്ലാവരുമായി ചങ്ങാത്തം കൂടി, വയസ്സന്മാരും കുട്ടികളും , എന്റെ വരാന്തയിൽ ഉത്സവം നടക്കുന്നത് പോലെ. അത്രയും പിരിമുറുക്കം ശരീരവും രക്തവും താങ്ങില്ല. നോക്ക്- നിന്റെ മുഖം വിളറിയിരിക്കുന്നു.

അമൽ - അമ്മാവാ എന്റെ ഫക്കീർ ജനലരികിലൂടെ എന്നെ കാണാതെ പോകും.

മാധവ്- നിന്റെ ഫക്കീർ, അതാരാ?

അമൽ- അദ്ദേഹം എന്റെയരികിൽ വന്നു അദ്ദേഹം സഞ്ചരിച്ചിട്ടുള്ള സ്ഥലങ്ങളെപ്പറ്റി പറയും, എനിക്കത് കേൾക്കുന്നത് വലിയ ഇഷ്ടമാണ്.

മാധവ് - അതെങ്ങനെ? എനിക്ക് ഒരു ഫക്കീറന്മാരെയും അറിയില്ലല്ലോ.

അമൽ - ഈ സമയത്താണ് അദ്ദേഹം വരുന്നത്. ഞാൻ കാലു പിടിക്കാം, അദ്ദേഹം ഒരു നിമിഷം എന്നോട് ഇവിടെ വന്നു വർത്തമാനം പറയാൻ പറയുമോ?

(വൃദ്ധൻ ഒരു ഫക്കീറിന്റെ വേഷത്തിൽ കയറി വരുന്നു)

അമൽ - ദാ , എത്തി. എന്റെ കട്ടിലിനരികിൽ വന്നാലും ഫക്കീർ.

മാധവ് - ങേ, ഇത്--

വൃദ്ധൻ - (കണ്ണിറുക്കി) ഞാനാണ് ഫക്കീർ.

മാധവ് - നിങ്ങൾ എന്തല്ല എന്നത് എന്നെ അതിശയിപ്പിക്കുന്നു.

ഫക്കീർ - തത്തകളുടെ ദ്വീപ്‌. ഞാനിപ്പോ അവിടുന്ന് വന്നതേയുള്ളൂ.

മാധവ് - തത്തകളുടെ ദ്വീപ്‌ !

ഫക്കീർ - അതത്ര സംഭവമാണോ? ഞാൻ നിങ്ങളെപ്പോലെയാണോ? ഒരു യാത്രയ്ക്ക് ഒരു ചിലവുമില്ല. എനിക്കിഷ്ടമുള്ള സ്ഥലത്ത് ഞാൻ തെണ്ടിത്തിരിയും.

അമൽ -( കൈകൾ കൊട്ടി) നന്നായിപ്പോയി ! ഞാൻ സുഖമാകുമ്പോൾ എന്നെ നിങ്ങളുടെ ശിഷ്യനാക്കാമെന്നു വാഗ്ദാനം ചെയ്തത് മറക്കരുത്.

ഫക്കീർ - തീർച്ചയായും, കടലിലോ കാട്ടിലോ, പർവതത്തിലോ ഉള്ള ഒരു തടസ്സവും ഇല്ലാതെ യാത്ര ചെയ്യാനുള്ള സൂത്രങ്ങൾ കൂടി ഞാൻ നിന്നെ പഠിപ്പിക്കും.

മാധവ്- എന്ത് അസംബന്ധമാണ് ഈ പറയുന്നത്?

വൃദ്ധൻ -അമൽ, മോനെ, ഞാൻ കടലിലും പർവതത്തിലുമുള്ള ഒന്നിനും മുൻപിൽ തല കുനിക്കില്ല; പക്ഷെ വൈദ്യർ നിന്റെ അമ്മാവനുമായി ചേരുകയാണെങ്കിൽ, എന്റെ എല്ലാ ജാലവിദ്യയോടും കൂടിത്തന്നെ ഞാൻ പരാജയപ്പെടും.

അമൽ - ഇല്ല. അമ്മാവൻ വൈദ്യരോട് പറയില്ല. ഞാൻ അനങ്ങാതെ കിടക്കാം; പക്ഷെ എന്ന് ഞാൻ സുഖം പ്രാപിക്കുന്നോ അന്ന് ഞാൻ ഫക്കീറിനോടൊത്തു പോകും. കടലിലോ പർവതത്തിലോ പേമാരിയിലോ ഉള്ള ഒന്നും എന്റെ വഴി തടയുകയില്ല.

മാധവ് - മോനെ, ഇങ്ങനെ പോകുന്ന കാര്യം തന്നെ വെറുതെ പറഞ്ഞോണ്ടിരിക്കാതെ ! നീ ഇങ്ങനെ പറയുന്നതു കേൾക്കുമ്പോൾ എനിക്ക് സങ്കടം വരും.

അമൽ - പറ ഫക്കീർ, തത്തകളുടെ ദ്വീപ്‌ എങ്ങനെയിരിക്കും?

വൃദ്ധൻ - അതൊരു അതിശയലോകമാണ്; പക്ഷികളുടെ ഒരു സങ്കേതം. അവിടെ മനുഷ്യരില്ല; അവർ സംസാരിക്കുകയോ നടക്കുകയോ ചെയ്യില്ല, അവർ ചുമ്മാതെ പാടും, പറന്നു നടക്കും.

അമൽ- എന്ത് രസമാ. അത് കടലിനടുക്കലാണോ?

വൃദ്ധൻ - പിന്നല്ലാതെ. അത് കടലിലാണ്.

അമൽ - അവിടെ പച്ചമലകൾ ഉണ്ടോ?

വൃദ്ധൻ - പിന്നേ , അവർ മലകൾക്കിടയിലാണ് കഴിയുന്നത്‌; സൂര്യനസ്തമിക്കുമ്പോൾ, മലഞ്ചെരുവിൽ ചെഞ്ചായം പൂശുമ്പോൾ, എല്ലാ പക്ഷികളും അവരുടെ കൂടുകളിൽ ചേക്കേറും .

അമൽ- അവിടെ വെള്ളചാട്ടങ്ങളുണ്ട് !

വൃദ്ധൻ - ഉണ്ട് മോനെ, വെള്ളച്ചാട്ടാങ്ങളില്ലാതെ മലകൾ ഇല്ല. ഓ, അവ ഉരുകിയ വജ്രങ്ങൾ പോലെയാണ്; എന്തൊരു നൃത്തമാണ് മോനെ അവയുടെ! ചരൽക്കല്ലുകളുടെ മുകളിലൂടെ കടലിലേയ്ക്കൊഴുകുമ്പോൾ ആ കല്ലുകളെക്കൊണ്ട് അവർ പാടിക്കും. ഒരു പിശാച് വൈദ്യന്മാർക്കും അവരെ ഒരു നിമിഷം പോലും തടഞ്ഞു നിർത്താൻ കഴിയില്ല. പക്ഷികൾ എന്നെ ഒരു മനുഷ്യനായി മാത്രം കണ്ടു; ചിറകുകളില്ലാത്ത ഒരു നിസ്സാര ജീവി - അവർക്ക് എന്നെക്കൊണ്ട് ഒരാവശ്യവുമില്ല. അതല്ലായിരുന്നെങ്കിൽ അവരുടെ കൂടുകൾക്കിടയിൽ ഒരു ചെറിയ മരക്കുടിൽ കെട്ടി കടൽത്തിരകൾ എണ്ണി ഞാൻ എന്റെ ശിഷ്ടകാലം മുഴുവൻ കഴിച്ചു കൂട്ടിയേനെ.

അമൽ - ഞാനൊരു പക്ഷിയായിരുന്നെങ്കിൽ, എങ്കിൽ -

വൃദ്ധൻ - പക്ഷെ അതൊരു വലിയ ജോലിയായേനെ; വലുതാകുമ്പോൾ ഒരു തൈര് കച്ചവടക്കാരനാകാൻ ആ പാൽക്കാരനോട് നീ ആലോചിച്ചില്ലേ; അത്തരം ജോലികൾ പക്ഷികൾക്കിടയിൽ നടപ്പില്ല; നിനക്ക് ഭയങ്കര നഷ്ടം വരും.

മാധവ് - ഇതിത്തിരി കടന്നുപോയി. നിങ്ങളുടെ രണ്ടുപേരുടെയും ഇടയിൽ നിന്നാൽ എനിക്ക് ഭ്രാന്താകും. ഞാൻ പോകുന്നു.

അമൽ - പാൽക്കാരൻ വന്നായിരുന്നോ, അമ്മാവാ?

മാധവ് - അവൻ വരാതെ? അയാൾ നിന്റെ പ്രിയപ്പെട്ട ഫക്കീറിനു വേണ്ടി അയാളുടെ തത്തകളുടെ ദ്വീപിലെ കൂടുകൾക്കിടയിൽ തല പുണ്ണാക്കി ഓടി നടന്നു ജോലി ചെയ്യില്ല. പക്ഷെ അയാൾ നിനക്കായി ഒരു പാത്രം തൈര് വച്ചിട്ടുണ്ട്, അയാളുടെ അനന്തിരവളുടെ വിവാഹത്തിനു വേണ്ടി തിരക്കിലാണെന്ന് പറയാനും പറഞ്ഞു. കമ്ലിപറയിൽ അയാൾക്ക്‌ വാദ്യഘോഷക്കാരെ വിളിക്കാനുണ്ട്.

അമൽ - പക്ഷെ അയാൾ അയാളുടെ അനന്തിരവളെ എനിക്ക് കെട്ടിച്ചു തരാൻ പോകുകയാണ്.

വൃദ്ധൻ - എന്റെ ഈശ്വരാ, നമ്മൾ കുടുങ്ങി.

അമൽ- അയാൾ പറഞ്ഞു, എനിക്ക് വേണ്ടി കാതിൽ മുത്തു മണികൾ അണിഞ്ഞ, നല്ല മനോഹരമായ ചുവന്ന സാരി ഉടുത്ത സുന്ദരിയായ ഒരു വധുവിനെ അയാൾ കണ്ടു പിടിക്കുമെന്ന്. രാവിലെ അവൾ സ്വന്തം കൈകൾ കൊണ്ട് ഒരു കറുത്ത പശുവിനെ കറന്നു പുതിയ ഒരു മൺപാത്രത്തിൽ പതയോടെ ചൂട് പാൽ പകർന്ന് എന്നെ കുടിപ്പിക്കും. വൈകുന്നേരം തൊഴുത്തിൽ ഒരു വിളക്കുമായി അവൾ കറങ്ങും, പിന്നെ എന്റെ അടുക്കൽ വന്നു ചമ്പായുടെയും അവന്റെ ആറ് സഹോദരന്മാരുടെയും കഥ പറയും.

വൃദ്ധൻ - എന്തൊരു രസം ! ഇത് ഒരു സന്ന്യാസിയായ എന്നെക്കൂടി പ്രേരിപ്പിക്കുന്നു; പക്ഷെ ഈ കല്യാണം കാര്യമാക്കേണ്ട മോനെ. അതങ്ങ് നടക്കട്ടെ. നീ കല്യാണം കഴിക്കുമ്പോഴേക്കും അവന്റെ വീട്ടിൽ ഒരു അനന്തിരവളുമാരുടെയും കുറവുണ്ടാകില്ലെന്ന് ഞാൻ പറയുന്നു.

മാധവ് - മിണ്ടാതിരി ! ഇതിൽ കൂടുതൽ സഹിക്കാൻ എനിക്ക് പറ്റില്ല.

(പോകുന്നു)

അമൽ- ഫക്കീർ, അമ്മാവൻ പോയല്ലോ, ഇനി എന്നോട് പറ, രാജാവ് എനിക്കുവേണ്ടി തപാലോഫീസിലേയ്ക്ക് കത്തയച്ചോ?

വൃദ്ധൻ - അദ്ദേഹത്തിൻറെ കത്ത് പുറപ്പെട്ടു കഴിഞ്ഞു എന്ന് ഞാനറിഞ്ഞു, പക്ഷെ അതിപ്പോഴും വഴിയിലാണ്.

അമൽ - വഴിയിലോ? അതെവിടെയാ? മഴയ്ക്ക്‌ ശേഷം ശരിക്കും ആകാശം ശാന്തമാകുമ്പോൾ, കാട്ടിനരികിലേയ്ക്ക് നമുക്ക് നടന്നു പോകാവുന്ന, മരങ്ങൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ആ വഴിയിലാണോ?


വൃദ്ധൻ - അതെ. നിനക്ക് അത് ഇപ്പോഴേ അറിയാമല്ലോ.

അമൽ- എനിക്ക് പറയാൻ പറ്റില്ല; പക്ഷെ എനിക്കത് ശരിക്കും അറിയാം. പണ്ട് കടന്നു പോയ ദിവസങ്ങളിൾ ഞാനത് കണ്ടു എന്ന് തോന്നുന്നു. എത്ര മുൻപാണെന്ന് എനിക്കറിയില്ല. താങ്കൾക്കറിയാമോ എന്നാണെന്ന്? എനിക്കെല്ലാം കാണാം; കുന്നിൻ ചരിവിലൂടെ രാജാവിന്റെ പോസ്റ്റ്മാൻ ഏകനായി ഇറങ്ങി വരുന്നു, ഇടതു കയ്യിൽ ഒരു റാന്തൽ, പുറകിൽ എപ്പോഴും ഊർന്നിറങ്ങുന്ന കത്തുകൾ നിറഞ്ഞ സഞ്ചി, രാത്രിയും പകലും. പർവതത്തിന്റെ ചുവട്ടിൽ ആ വെള്ളച്ചാട്ടം ഒരു നദിയാകുന്ന തീരത്തിലെ പാതയിൽ അയാൾ കയറും, പാടത്തിലൂടെ അയാൾ നടക്കും; പിന്നെ കരിമ്പിൻ തോട്ടമാകും; ഉയരത്തിൽ വളരുന്ന കരിമ്പിനിടയിലൂടെയുള്ള വീതി കുറഞ്ഞ വഴിയിൽ അയാൾ അപ്രത്യക്ഷനാകും, പിന്നെ ഒരൊറ്റ മനുഷ്യനെപ്പോലും കാണാത്ത, ചീവിടുകൾ ചിലക്കുന്ന, ആ പുൽമേട്ടിൽ അയാളെത്തും; അവിടെ വാലുകൾ ആട്ടി കൊക്കുകൾ കൊണ്ട് മണ്ണ് കൊത്തിത്തിരയുന്ന കുരുവികൾ മാത്രമേ ഉള്ളൂ. അയാൾ നടന്നു നടന്നു അടുത്തു വരുന്നത് എനീക്ക്‌ അനുഭവപ്പെടുന്നു, എന്റെ ഹൃദയം സന്തോഷം കൊണ്ട് നിറയുന്നു.

വൃദ്ധൻ - എന്റെ കണ്ണുകൾ ചെറുപ്പമല്ല; പക്ഷെ നീ അതെല്ലാം എന്നെ കാണിക്കുന്നു.

അമൽ - ഫക്കീർ, ഈ തപാലോഫീസ് സ്വന്തമായിട്ടുള്ള രാജാവിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?

വൃദ്ധൻ - എനിക്കറിയാം. എല്ലാ ദിവസവും ഭിക്ഷയ്ക്കായി ഞാൻ പോയി കാണാറുണ്ട്.

അമൽ- നല്ലത്! ഞാൻ സുഖമാകുമ്പോൾ എല്ലാദിവസവും എനിക്കും അദ്ദേഹത്തിൻറെ കയ്യിൽ നിന്നും ഭിക്ഷ കിട്ടണ്ടേ?

വൃദ്ധൻ - നീ ചോദിക്കേണ്ട കാര്യമില്ല മോനെ, അദ്ദേഹം നിനക്ക് അത് സ്വയം തരും.

അമൽ- ഇല്ല, ഞാൻ അദ്ദേഹത്തിൻറെ പടിവാതിലക്കൽ പോയി കരയും " രാജാവ് വിജയിക്കട്ടെ !" പിന്നെ ഉടുക്കിന്റെ താളത്തിനൊത്ത് നൃത്തം ചെയ്ത് ഭിക്ഷ ചോദിക്കും. നല്ല രസമായിരിക്കും, അല്ലെ?

വൃദ്ധൻ - നല്ല രസമായിരിക്കും, നീ എന്റെ കൂടെയുണ്ടെങ്കിൽ എനിക്കുള്ളത് മുഴുവൻ കിട്ടും. പക്ഷെ നീ എന്താ ചോദിക്കാൻ പോകുന്നത്?

അമൽ - ഞാൻ പറയും " എന്നെ അങ്ങയുടെ പോസ്റ്റ്മാൻ ആക്കൂ, ഒരു കയ്യിൽ റാന്തലുമായി ഞാൻ വീട് വീടാന്തരം കയറിയിറങ്ങി അങ്ങയുടെ കത്തുകൾ കൊടുക്കാം. ദിവസം മുഴുവൻ എന്നെ വീടിനകത്തിരുത്തല്ലേ ! "

വൃദ്ധൻ - വീടിനകത്ത് തന്നെയിരിക്കുന്നതിൽ എന്തായിത്ര വിഷമം, എന്റെ കുട്ടീ?

അമൽ- വിഷമമല്ല, അവർ എന്നെ വീടിനകത്ത് ഇട്ടപ്പോൾ ആദ്യം എനിക്ക് തോന്നിയത് പകൽ നീളമുള്ളതാണെന്നാണ്. പക്ഷെ രാജാവിന്റെ തപാലോഫീസ് വന്നതോടെ ദിവസവും ഓരോ കത്ത് എനിക്ക് വരുമല്ലോ എന്നാലോചിച്ച് വീടിനകത്തിരിക്കാൻ എനിക്ക് കൂടുതൽ കൂടുതൽ ഇഷ്ടമായി, അപ്പോൾ എന്റെ മനസ്സ് ഏകാന്തവും ശാന്തവും ആകുന്നതിൽ എനിക്ക് കുഴപ്പമില്ല. രാജാവിന്റെ കത്തിൽ എന്താണുള്ളത് എന്ന് ഞാൻ ആശ്ചര്യപ്പെടുന്നു.

വൃദ്ധൻ - അതിലൊന്നുമില്ലേലും അതിൽ നിന്റെ പേരുള്ളതുകൊണ്ട് അത് പോരേ നിനക്ക്?

(മാധവ് പ്രവേശിക്കുന്നു)

മാധവ്- നിങ്ങൾ രണ്ടു പേരും കൂടി ചേർന്ന് എന്നെ എന്ത് മാത്രം കുഴപ്പത്തിലാണാക്കിയതെന്നു നിങ്ങൾക്കറിയാമോ?

വൃദ്ധൻ - എന്താ കാര്യം?

മാധവ്- രാജാവ് ഈ തപാലോഫീസ് ഇവിടെ ഇട്ടതു തന്നെ നിങ്ങൾക്ക് രണ്ടു പേർക്കും കത്തയക്കാനാണെന്നു നിങ്ങൾ ശ്രുതി പരത്തിയതായി ഞാനറിഞ്ഞു.

വൃദ്ധൻ - അതിനെന്താ?

മാധവ് - നമ്മുടെ ഗ്രാമത്തലവാൻ പഞ്ചാനൻ അത് രഹസ്യമായി രാജാവിനെ അറിയിച്ചു.

വൃദ്ധൻ - രാജാവിന്റെ ചെവിയിൽ എല്ലാമെത്തുമെന്നു നമുക്കറിയില്ലേ?

മാധവ് - പിന്നെ നിങ്ങളെന്താ ശ്രദ്ധിക്കാഞ്ഞത്? എന്തിനാണ് രാജാവിന്റെ പേര് വെറുതെ വലിച്ചിഴച്ചത്‌? അങ്ങനെ ചെയ്‌താൽ നിങ്ങൾ എന്നെ നാശത്തിലെത്തിക്കും.

അമൽ- പറ ഫക്കീറെ. രാജാവിന് ദേഷ്യമാകുമോ?

വൃദ്ധൻ - അസംബന്ധം ! അതും നിന്നെപ്പോലെ ഒരു ബാലനും എന്നെപ്പോലൊരു ഫക്കീറുമായി. നോക്കട്ടെ രാജാവിനു ദേഷ്യമായോ എന്ന്, എന്നിട്ട് വേണം അദ്ദേഹത്തിന് എന്റെ വക നല്ലത് കൊടുക്കാൻ.

അമൽ- ഫക്കീർ, രാവിലെ മുതൽ എന്റെ കണ്ണുകളിൽ എന്തോ ഒരു ഇരുൾ നിറയുന്നത് പോലെ. എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു. ഞാൻ ശാന്തനാകാൻ ആഗ്രഹിക്കുന്നു. വർത്തമാനം പറയാനേ എനിക്ക് തോന്നുന്നില്ല. രാജാവിന്റെ കത്ത് വരില്ലേ? ഈ മുറി പെട്ടെന്ന് അങ്ങ് ഉരുകിപ്പോയാലോ,

വൃദ്ധൻ - ( അമലിനെ വീശിക്കൊണ്ട്) ഇന്ന് തന്നെ ആ കത്ത് വരും മോനെ.

(വൈദ്യൻ വരുന്നു)

വൈദ്യൻ - നിനക്ക് ഇന്നെങ്ങനെയുണ്ട്?

അമൽ - ഇന്ന് നല്ല സുഖമുണ്ട് ഡോക്ടർ. എല്ലാ വേദനയും എന്നെ വിട്ടകന്നപോലെ.

വൈദ്യൻ ( മാധവിനോട് സ്വകാര്യമായി)- ആ പുഞ്ചിരി അത്ര പന്തിയല്ല. അവന് സുഖമെന്ന് തോന്നുന്നത് അത്ര നല്ല ലക്ഷണമല്ല! ചക്രധാൻ നിരീക്ഷിച്ചതുപോലെ-

മാധവ് - ദൈവത്തെയോർത്ത് ചക്രധാനെ വെറുതെ വിടൂ വൈദ്യരേ. എന്താ സംഭവിക്കാൻ പോകുന്നതെന്ന് പറയൂ.

വൈദ്യൻ - അധികനേരം അവനെ കൊണ്ടുപോകാൻ കഴിയില്ല എന്ന് ഞാൻ ഭയക്കുന്നു. ഞാൻ മുന്നറിയിപ്പ് തന്നില്ലേ- ഇത് അവനെ പുറത്തു കൊണ്ട് പോയത് മൂലമാണ്.

മാധവ് - ഇല്ല, ഞാൻ വളരെയധികം ശ്രദ്ധിച്ചു, വാതിലിനു വെളിയിൽ ഞാനവനെ വിട്ടിട്ടില്ല. എപ്പോഴും ജനലുകൾ അടച്ചിട്ടിരിക്കുകയായിരുന്നു.

വൈദ്യൻ - ഇന്നത്തെ ദിവസത്തിൽ അന്തരീക്ഷത്തിന് എന്തോ പ്രത്യേകത ഉണ്ട്. ഞാൻ കടന്നു വരുമ്പോൾ നിങ്ങളുടെ മുൻവാതിലിലൂടെ പേടിപ്പിക്കുന്ന ഒരു കാറ്റ് കയറി വരുന്നുണ്ടായിരുന്നു. അത് അസുഖമുണ്ടാക്കുന്നതാണ്. അത് ഇപ്പോൾ തന്നെ അടയ്ക്കുന്നതാണ് നല്ലത്. ഒരു രണ്ടു മൂന്നു ദിവസം നിങ്ങളുടെ അതിഥികളെ മാറ്റിനിർത്തുന്നതിൽ കുഴപ്പമുണ്ടോ? ആരെങ്കിലും പെട്ടെന്ന് വരുകയാണെങ്കിൽ അതിനു പിൻവാതിൽ ഉണ്ടല്ലോ. ഈ ജനൽ കൂടി അടയ്ക്കുന്നത് നല്ലതായിരിക്കും, സൂര്യപ്രകാശം രോഗിയെ ഉറങ്ങാൻ സമ്മതിക്കില്ല.

മാധവ് - അമൽ കണ്ണടച്ചു കിടക്കുകയാണ്. അവൻ ഉറങ്ങുകയായിരിക്കും. അവന്റെ മുഖം കണ്ടിട്ട് - ഓ, ഡോക്ടർ ഞാൻ അപരിചിതനായ ഒരു കുട്ടിയെ കൊണ്ടുവന്നു എന്റെ സ്വന്തം പോലെ സ്നേഹിച്ചു, ഇനി അവൻ എനിക്ക് നഷ്ടമാകുമെന്ന് ഞാൻ കരുതണോ?

വൈദ്യൻ - അതെന്താ? ദേ, ഗ്രാമത്തലവൻ കയറി വരുന്നു- ശല്യം ! ഞാൻ പോകുകയാണ്. നിങ്ങൾ ചുറ്റി നടന്നു കതകുകളെല്ലാം ശരിക്കും അടച്ചിട്ടുണ്ടോയെന്നു നോക്കൂ. ഞാൻ വീട്ടിലെത്തിയാൽ ഉടൻ നല്ല ശക്തമായ ഒരു മരുന്നെത്തിക്കാം. അതവനു കൊടുക്കൂ- അവൻ രക്ഷപെടുമെന്നുണ്ടെങ്കിൽ അവസാനം അതവനെ രക്ഷിക്കുമായിരിക്കും.

( മാധവും വൈദ്യനും പോകുന്നു)(ഗ്രാമത്തലവൻ പ്രവേശിക്കുന്നു)

ഗ്രാമത്തലവൻ - ഹേയ് , വികൃതിച്ചെക്കാ..

വൃദ്ധൻ -(ധ്രുതിയിൽ എഴുന്നേറ്റ്) ശ്.. ശബ്ദമുണ്ടാക്കാതെ.

അമൽ - സാരമില്ല, ഫക്കീർ, ഞാനുറങ്ങുകയാണെന്നു വിചാരിച്ചോ? അല്ല. എനിക്കെല്ലാം കേൾക്കാം; അതെ, ദൂരെയുള്ള ശബ്ദം വരെ. അമ്മയും അച്ഛനും എന്റെ തലയിണയ്ക്കരികിൽ ഇരുന്ന് എന്നോടു സംസാരിക്കുന്നത് പോലെ തോന്നുന്നു.

(മാധവ് പ്രവേശിക്കുന്നു)

ഗ്രാമത്തലവൻ - മാധവ്, നീ ഇപ്പോൾ വലിയ വലിയ ആൾക്കാരുമായിട്ടാണ് കൂട്ടെന്നു കേട്ടു.

മാധവ് - ചുമ്മാ കളിയാക്കണ്ട ഗ്രാമത്തലവാ , ഞങ്ങൾ സാധാരണക്കാരാ.

ഗ്രാമത്തലവൻ - പക്ഷെ നിന്റെ മകൻ രാജാവിന്റെ കയ്യിൽ നിന്നും ഒരു കത്തും നോക്കിയിരിക്കുകയാണല്ലോ.

മാധവ് - അവൻ പറയുന്നത് കാര്യമാക്കണ്ട, അവനൊരു മണ്ടച്ചാരാ!

ഗ്രാമത്തലവൻ - അതിനെന്താ കുഴപ്പം ! രാജാവിന് ഇതിനേക്കാൾ നല്ല ഒരു കുടുംബം കണ്ടെത്താൻ എത്ര ശ്രമിച്ചാലും കഴിയില്ല ! രാജാവ് തന്റെ തപാലോഫീസ് നിന്റെ ജനലിനരികിൽ സ്ഥാപിച്ചതെന്തിനാനെന്നു ഇതുവരെ നിനക്ക് മനസ്സിലായില്ലേ? രാജാവിൽ നിന്നും നിനക്കൊരു കത്തുണ്ട് വികൃതീ.

അമൽ (എഴുന്നേൽക്കാൻ ശ്രമിക്കുന്നു) - ശരിക്കും?

ഗ്രാമത്തലവൻ - അതെങ്ങനെ കള്ളമാകും? നീ രാജാവിന്റെ ഉറ്റ ചങ്ങാതിയല്ലേ? ഇതാ നിന്റെ കത്ത് ( ഒരു ലേഖാശൂന്യമായ കടലാസ് കാണിച്ച് ) ഹ, ഹ, ഹ ! ഇതാണാ കത്ത് !

അമൽ - വെറുതെ എന്നെ കളിപ്പിക്കല്ലേ. ഫക്കീർ, സത്യമാണോ?

വൃദ്ധൻ - അതെ, മോനെ. അത് രാജാവിന്റെ കത്താണെന്ന് ഒരു ഫക്കീർ ആയ ഞാൻ പറയുന്നു.

അമൽ- എനിക്കെന്താ അതു കാണാൻ പറ്റാത്തത്? അത് ശൂന്യമായി എനിക്ക് തോന്നുന്നു. അതിലെന്താണുള്ളത്, ഗ്രാമത്തലവാ?

ഗ്രാമത്തലവൻ - രാജാവ് പറയുന്നു- " ഞാൻ ഉടൻ തന്നെ നിന്നെ വന്നു കാണുന്നതാണ്; എനിക്ക് ചോറുണ്ടാക്കി വയ്ക്കുന്നതാണ് നിനക്ക് നല്ലത് - കൊട്ടാരസദ്യ എനിക്ക് മടുത്തു തുടങ്ങി." ഹ ! ഹ! ഹ!

മാധവ് (കൈകൾ കൂപ്പി) - ഞാൻ അപേക്ഷിക്കുകയാണ് ഗ്രാമത്തലവാ, ഇത്തരം കാര്യങ്ങളിൽ കളിയാക്കരുത്..

വൃദ്ധൻ - അതും മുറിവേൽപ്പിക്കുന്ന തമാശകൾ..

മാധവ്- നിങ്ങൾക്കും ഭ്രാന്തായോ മുതുക്കാ?

വൃധാൻ- ഭ്രാന്ത്; എന്നാ ഞാൻ ഭ്രാന്തനാ; രാജാവ് തന്റെ കൊട്ടാരവൈദ്യനുമായി അമലിനെ കാണാൻ നേരിട്ട് വരുമെന്ന് എനിക്ക് ശരിക്കും വായിക്കാൻ പറ്റുന്നുണ്ട്.

അമൽ- ഫക്കീർ, ഫക്കീർ. ശ്, അദ്ദേഹത്തിൻറെ കാഹളം. കേൾക്കാൻ പറ്റുന്നില്ലേ?

ഗ്രാമത്തലവൻ - ഹ! ഹ! ഹ! അവൻ അല്പം കൂടി ഭ്രാന്തനായാലേ അത് കേൾക്കാൻ കഴിയൂ എന്ന് ഞാൻ ഭയപ്പെടുന്നു.

അമൽ- ഗ്രാമത്തലവാ, ഞാൻ വിചാരിച്ചു നിങ്ങൾക്കെന്നോടു ദേഷ്യമാണെന്നും, എന്നോടിഷ്ടമല്ലെന്നും. നിങ്ങൾ എനിക്ക് രാജാവിന്റെ കത്ത് കൊണ്ടുത്തരുമെന്നു ഞാൻ കരുതിയതേയില്ല. നിങ്ങളുടെ പാദങ്ങൾ തുടയ്ക്കാൻ എന്നെ അനുവദിച്ചാലും.

ഗ്രാമത്തലവൻ - ഇവനു മുതിർന്നവരോട് ആദരവുണ്ട്. അല്പം മണ്ടനാണെങ്കിലും അവനു നല്ല ഒരു ഹൃദയമുണ്ട്.

അമൽ- നാലാം യാമം എത്താറായെന്നു തോന്നുന്നു. - ചേങ്ങില മുഴങ്ങട്ടെ- "ഡോങ്, ഡോങ്, ഡോങ് ! " " ഡോങ്, ഡോങ്, ഡോങ് ! ". ശുക്രനക്ഷത്രം ഉദിച്ചോ? അതെങ്ങനെയുണ്ട്, എനിക്ക് കാണാൻ പറ്റുന്നില്ല...

വൃദ്ധൻ- ഓ, ജനലുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്, ഞാനതെല്ലാം തുറക്കാം.

(പുറത്തു ആരോ കതകിൽ മുട്ടുന്നു)

മാധവ്- അതെന്താ?- അതാരാ- എന്തൊരു ശല്യം !

ശബ്ദം ( പുറത്തു നിന്ന്) - കതകു തുറക്കൂ.

മാധവ്- ഗ്രാമത്തലവാ- അത് കള്ളന്മാർ ഒന്നുമല്ലല്ലോ.

ഗ്രാമത്തലവൻ - ആരാ അത്? ഇത് ഗ്രാമത്തലവൻ പഞ്ചനൻ ആണ് ചോദിക്കുന്നത്- എന്നെപ്പോലെയുള്ളവരെ നിനക്ക് പേടിയില്ലേ? നോക്ക് ! ശബ്ദം നിന്നു. പഞ്ചനന്റെ ശബ്ദം അങ്ങ് ദൂരെ വരെ കേൾക്കും - ങ്ഹാ, എന്നെ ഏറ്റവും വലിയ കൊള്ളക്കാരെ കാണിക്ക്‌ !

മാധവ് - (ജനൽ വഴി പുറത്തേയ്ക്ക് നോക്കി) - ആ ശബ്ദം നിലച്ചെന്നു തോന്നുന്നു. അവർ കതകു തകർത്തു.

(രാജാവിന്റെ ദൂതൻ പ്രവേശിക്കുന്നു)

രാജദൂതൻ - പരമാധികാരിയായ രാജാവ് ഇന്ന് രാത്രി എഴുന്നെള്ളുന്നു.

ഗ്രാമത്തലവൻ - എന്റെ ഈശ്വരാ !

അമൽ- ഇന്ന് രാത്രി ഏതു സമയത്ത്?

രാജദൂതൻ - രണ്ടാം യാമത്തിൽ.

അമൽ- നഗരവാതിൽക്കൽ എന്റെ കൂട്ടുകാരൻ കാവൽക്കാരൻ അയാളുടെ ചേങ്ങില - " ഡിങ് , ഡോങ്, ഡിങ് ! " " ഡിങ്, ഡോങ്, ഡിങ് ! " എന്ന് അടിക്കുമ്പോഴോ?

രാജദൂതൻ - അതെ. ഈ കൊച്ചുകൂട്ടുകാരനുവേണ്ടി രാജാവ് തന്റെ വൈദ്യനേയും അയയ്ക്കുന്നു.

(കൊട്ടാരവൈദ്യൻ പ്രവേശിക്കുന്നു)

കൊട്ടാരവൈദ്യൻ - ഇതെന്താണ്? ഇതെല്ലാമെന്താ അടച്ചിട്ടിരിക്കുന്നത്? എല്ലാ ജനാലകളും വാതിലുകളും മുഴുവനായും തുറന്നിടൂ. ( അമലിന്റെ ശരീരം പരിശോധിക്കുന്നു) എങ്ങനെയുണ്ട്, മോനെ?

അമൽ - എനിക്ക് നല്ല സുഖമുണ്ട് വൈദ്യരെ, നല്ല സുഖമുണ്ട്. വേദനയെല്ലാം പോയി. എന്തൊരു ഉന്മേഷം ! എല്ലാം തുറക്കപ്പെട്ടു. ഇരുട്ടിനുമപ്പുറം നക്ഷത്രങ്ങൾ തിളങ്ങുന്നത് എനിക്ക് ഇപ്പോൾ കാണാം.

കൊട്ടാരവൈദ്യൻ - അർദ്ധരാത്രി രാജാവ് എഴുന്നെള്ളുമ്പോൾ നിനക്ക് കിടക്ക വിട്ട് അദ്ദേഹത്തെ സ്വീകരിക്കാനും മാത്രം സുഖമായോ?

അമൽ - തീർച്ചയായും, അതിനു വേണ്ടി ഞാൻ എത്ര നേരമായി കാത്തിരിക്കുകയാണ്. ധ്രുവനക്ഷത്രത്തെ കാണിച്ചു തരാനായി ഞാൻ രാജാവിനോട് അപേക്ഷിക്കും. - ഞാൻ അത് പലപ്പോഴും കണ്ടിട്ടുണ്ടാവണം- പക്ഷെ അതേതാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ പറ്റുന്നില്ല.

കൊട്ടാരവൈദ്യൻ - അദ്ദേഹം നിനക്ക് എല്ലാം പറഞ്ഞു തരും. (മാധവിനോട്) രാജാവിന്റെ എഴുന്നള്ളത്തിനായി നിങ്ങൾപൂക്കൾ കൊണ്ട് മുറികൾ അലങ്കരിക്കുമോ?( രാജദൂതനെ നോക്കി) മാറ്റാരും ഇവിടെ നിൽക്കാൻ പാടില്ല.

അമൽ - അയാൾ അവിടെ നിൽക്കട്ടെ വൈദ്യരെ. അയാൾ എന്റെ കൂട്ടുകാരനാണ്. അയാളാണ് രാജാവിന്റെ കത്ത് എനിക്ക് കൊണ്ടുതന്നത്.

കൊട്ടാരവൈദ്യൻ - ശരി, മോനെ. അയാൾ നിന്റെ കൂട്ടുകാരനാണെങ്കിൽ അവിടെ നിൽക്കട്ടെ.

മാധവ് - (അമലിന്റെ ചെവിയിൽ മന്ത്രിക്കുന്നു) രാജാവ് നിന്നെ ഇഷ്ടപ്പെടുന്നൂ മോനെ. അദ്ദേഹം ഇങ്ങോട്ട് വരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഒരു സമ്മാനം യാചിക്കൂ. നമ്മുടെ ദാരിദ്യം നിനക്കറിയാമല്ലോ.

അമൽ - വിഷമിക്കേണ്ട അമ്മാവാ. - ഞാൻ അത് തീരുമാനിച്ചു കഴിഞ്ഞു.

മാധവ് - അതെന്താണ് മോനെ?

അമൽ - ഒരു പാട് ദൂരെ ദൂരെ നടന്നു പോയി വീട് വീടാന്തരം രാജാവിന്റെ കത്തുകൾ വിതരണം ചെയ്യുന്ന അദ്ദേഹത്തിന്റെ പോസ്റ്റ്മാന്മാരിൽ ഒരാളാക്കാൻ അദ്ദേഹത്തോട് ഞാൻ അപേക്ഷിക്കും.

മാധവ് - (നെറ്റിയിൽ കൈ തട്ടി) അത്രേയൊള്ളൂ?

അമൽ - രാജാവ് വരുമ്പോൾ അദ്ദേഹത്തിനു നാം എന്ത് കൊടുക്കും അമ്മാവാ?

രാജദൂതൻ - അദ്ദേഹം ചോറാണ് ആവശ്യപ്പെട്ടത്.

അമൽ - ചോറ് ! രാജദൂതാ, നിങ്ങൾ പറഞ്ഞത് ശരിയാണ്. നിങ്ങൾ അങ്ങനെ പറഞ്ഞിരുന്നു. ഞങ്ങൾക്ക് അതൊന്നുമില്ല എന്ന് നിങ്ങൾക്കറിയാമല്ലോ.

ഗ്രാമത്തലവൻ- എന്റെ വീട്ടിൽ വിളിച്ചു പറഞ്ഞാൽ രാജാവിന്റെ വരവ് ഗംഭീരമാക്കാൻ--

കൊട്ടാരവൈദ്യൻ - അതിന്റെയൊന്നും ആവശ്യമില്ല. - എല്ലാവരും മിണ്ടാതിരിക്കൂ. അവനു ഉറക്കം വന്നുതുടങ്ങി. ഞാൻ അവന്റെ തലയിണയ്ക്കരികിൽ ഇരിക്കാം. അവൻ മയക്കത്തിലേയ്ക്ക് പോകുന്നു ; വിളക്ക് കെടുത്തൂ. നക്ഷത്രങ്ങളുടെ വെളിച്ചം മാത്രം കടന്നു വന്നാൽ മതി. ശ്..അവൻ മയങ്ങി.

മാധവ് ( വൃദ്ധനോട് )- നിങ്ങളെന്താ കൈകൾ കെട്ടി ഒരു പ്രതിമ പോലെ നിൽക്കുന്നത്- എനിക്ക് പേടിയാകുന്നു - ഇതൊരു നല്ല ലക്ഷണമാണോ? എന്തിനാണ് മുറി അവർ ഇരുട്ടിലാക്കുന്നത്? നക്ഷത്രവെളിച്ചം എങ്ങനെയാണ് സഹായിക്കുന്നത്?

വൃദ്ധൻ - മിണ്ടാതിരി അവിശ്വാസീ.(സുധ കയറി വരുന്നു)

സുധ- അമൽ !

കൊട്ടാരവൈദ്യൻ - അവൻ ഉറക്കമാണ്.

സുധ - അവനു ഞാൻ കുറച്ചു പൂക്കൾ കൊണ്ട് വന്നിരുന്നു. ഞാൻ അത് അവന്റെ കയ്യിൽ കൊടുക്കണ്ടേ?

കൊട്ടാരവൈദ്യൻ - കൊടുത്തോളൂ.

സുധ - അവൻ എപ്പോൾ ഉണരും?

കൊട്ടാരവൈദ്യൻ - രാജാവ് നേരിട്ട് വന്ന് അവനെ വിളിക്കുമ്പോൾ.

സുധ - എനിക്ക് വേണ്ടി അവന്റെ ചെവിയിൽ ഒരു വാക്ക് പറയുമോ?

കൊട്ടാരവൈദ്യൻ - ഞാനെന്തു പറയണം?

സുധ - സുധയവനെ മറന്നിട്ടില്ല എന്ന് അവനോടു പറയണം.(കർട്ടൻ)

↑ top