≡ മാര്‍ച്ച്‌ 2016 ലക്കം
കഥ

എല്ലാ ദിവസങ്ങളുടെയും അവസാനമണിക്കൂറുകളിൽ അയാൾക്ക് സംഭവിക്കുന്നത്

"ഇത് അവസാനത്തേതാണ്. ഇനിമുതൽ ഞാൻ...”
അയാൾ ചുറ്റിലുംകൂടിയിരുന്നവരെ നോക്കി പറഞ്ഞു.

“ഈ വർഷം നിന്റെ എത്രാമത്തെ നിർത്തലാണിത് ?” ചുറ്റിലും കൂടിയിരുന്നവരിൽ ആരോ ചോദിച്ചു.അതുകേട്ട് മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.

അയാൾക്ക്‌ ചിരിവന്നില്ല. നിർവ്വികാരനായി ‘ടച്ച’പ്പിനായി വച്ചിരുന്ന ചിക്കൻ ഫ്രൈ നോക്കി. ഒരു പീസ്‌ എടുത്ത് വായിലിട്ടുകൊണ്ട് എഴുന്നേറ്റു.

കണ്ണുകളിൽ വന്ന മൂടൽ കാര്യമാക്കിയില്ല. സുഭാഷിന് ഒരു കുഞ്ഞു ജനിച്ചതിന്റെ പാർട്ടിയാണ് . പണിപൂർത്തിയായികൊണ്ടിരിക്കുന്ന അവന്റെ പുതിയ വീട്ടിൽ വച്ചാണ് കഴിഞ്ഞ കുറച്ചു കാലമായി കലാപരിപാടികൾ.

“ങാ എന്തായാലും നിർത്തുകയല്ലേ ഇത് തീർത്തിട്ട് പോകാം”. ഷെയർഹോൾഡർമാറിൽ ആരോ പറഞ്ഞു.

“ഞാൻ പോവ്വാ. അമ്മ ഒറ്റയ്ക്കല്ലേ.” പൊടുന്നനെ ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനായി അയാൾ മാറുകയാണ്.

പണിതീരാത്ത ആ വീട്ടിൽ നിന്നും പുറത്തിറങ്ങി ഒടുവിൽ പ്രധാനവീഥിയിൽ എത്തിയശേഷം ഒരു ഓട്ടോ പിടിച്ചു. ഉള്ളിലിരുന്നു ആരോ നിയന്ത്രിക്കുന്നുണ്ടായിരുന്നു. നിയന്ത്രണമേറ്റെടുത്ത അജ്ഞാതൻ ഓട്ടോ ഡ്രൈവറോട് സ്ഥലപ്പേരു പറഞ്ഞു. ഓട്ടോ ചലിച്ചുതുടങ്ങി. ഓട്ടോയുടെ കുലുക്കത്തിന് അനുസരിച്ച് അയാളുടെ തല യാന്ത്രികമായി ആടിക്കൊണ്ടിരുന്നു. വയലിന്റെ അടുത്തുകൂടി കെട്ടിയുയർത്തിയ റോഡിൽ ഓട്ടോ നിർത്തുകയും അവിടെ ഇറങ്ങുകയും ചെയ്തു. വയൽ വരമ്പിലൂടെ ഇടയ്ക്കിടെ ബാലൻസ് തെറ്റിക്കൊണ്ട് അയാൾ നടന്നുതുടങ്ങി.

സന്ധ്യ ഇരുട്ടിലേക്ക് വഴിമാറാൻ തുടങ്ങുകയാണ്. തണുത്ത കാറ്റ് വീശിയടിക്കുന്നു. നീണ്ടുകിടക്കുന്ന നെൽവയൽ. വിളഞ്ഞു നിൽക്കുന്ന നെൽച്ചെടികൾ. അയാൾ നെൽച്ചെടികളുടെ ഇടയിൽ കിടക്കുകയാണ്. പൊടുന്നനെ അയാൾക്ക് ബോധം തെളിയുകയും ചാടി എഴുന്നേൽക്കുകയും ചെയ്തു.

അയാൾചുറ്റിലും നോക്കി.

ആരെങ്കിലും താൻ കിടക്കുന്നത് കണ്ടുവോ ?

ഇരുട്ടിനും പകലിനുമിടയിലുള്ള നേരത്ത് നെൽച്ചെടികളെ കൂടാതെ അയാൾക്ക് കൂട്ടിനുണ്ടായിരുന്നത് പാടത്തിന്റെ കരയിൽ നിരനിരയായി നിൽക്കുന്ന തെങ്ങുകൾ മാത്രമായിരുന്നു. തലപൊട്ടുന്നത് പോലെ തോന്നി. തെങ്ങുകൾ നിരന്നു നിൽക്കുന്ന തോട്ടിൻകരയാണ്‌ തനിക്ക് പോകാനുള്ള വഴിയെന്നു അയാൾക്ക് പെട്ടെന്ന് തോന്നലുണ്ടായി. നെൽച്ചെടികളെ വകഞ്ഞു മാറ്റി അയാൾ വളരെ ബുദ്ധിമുട്ടി തോട്ടിൻകരയിലേക്ക് നടന്നു.

ചുറ്റിലും നിഴൽ പരക്കുകയാണ്.

ഉടുത്തിരുന്ന വെള്ളമുണ്ട് നിറച്ചും ചെളിമൂടിയിരുന്നു. ദേഹത്ത് മുഖത്തും കൈകളിലും നെല്ലുകൾ പറ്റിപ്പിടിച്ചിരിക്കുന്നു.നെല്ലുകൾ കൈകൊണ്ടു തട്ടികുടഞ്ഞു ശരിയാക്കിശേഷം അയാൾ തോട്ടിലിറങ്ങി മുണ്ടിൽ പറ്റിപ്പിടിച്ചിരിക്കുന്ന ചെളി വൃത്തിയാക്കുവാൻ ഒരു വിഫലശ്രമം നടത്തി .

അപ്പോഴോക്കെ അയാൾ തന്റെ കുട്ടിക്കാലം ഓർക്കുകയായിരുന്നു .

വയലിൽ നിന്നും നെൽക്കറ്റകൾ ചുമന്നു വീട്ടിലേക്ക് പോകുന്നതും കറ്റമെതിക്കാൻ അമ്മയെ സഹായിക്കുന്നതും അങ്ങനെ പലതും.. ഓർമ്മകളിൽ നിറച്ചും അമ്മ മാത്രമായിരുന്നു.. കറ്റമെതിച്ച നെല്ല് കുത്തി അരിയാക്കി ആ ചോറ് അമ്മ ഊട്ടുമ്പോൾ കിട്ടിയ നിർവൃതിയുമൊക്കെ അയാൾ ഓർത്തു. ഓർമ്മകളുടെ സുഗന്ധംപേറി വരുന്ന കാറ്റ് അയാളെ തൊട്ടുതലോടിപ്പോയി. ഇരുട്ട് മൂടിത്തുടങ്ങി എങ്കിലും അയാൾ വയലിലേക്ക് നോക്കി ആ തോട്ടിൻകരയിൽ അറിയാതെ ഇരുന്നുപോയി. ഓർമ്മകൾ നടന്നു നടന്നൊടുവിൽ അയാളിരിക്കുന്ന തോട്ടിന്റെ കരയിലുമെത്തി. അപ്പോൾ അയാളുടെ ദേഹത്ത് നിന്ന് വൈകുന്നേരം കഴിച്ച പലതരം മദ്യങ്ങളുടെ കൂടികലർന്ന മണം പുറപ്പെട്ടു. അയാൾക്ക് ഓക്കാനം വന്നു .

ജീവിതത്തിൽ ഒരിക്കലും മദ്യപിക്കില്ലെന്നു അമ്മയ്ക്ക് സത്യം ചെയ്തുകൊടുത്തിട്ടുള്ളതാണല്ലോ!! എന്നിട്ടും കഴിഞ്ഞ ഒരു വർഷമായി താൻ .....

അതും ഒരു ദിവസം പോലുമൊഴിയാതെ....

പൊടുന്നനെ കുറ്റബോധത്തിന്റെ ഒരു നീറ്റൽ അയാളുടെ ഉടലിനെയാകെ പൊതിഞ്ഞു. അയാൾ എഴുന്നേറ്റു നടക്കുവാൻ ആരംഭിച്ചു. ഇരുട്ട് വന്നു നിറയുകയാണ് കണ്ണുകളിലും തോട്ടിൻകരയിലും. തോടിനു കുറുകെയുള്ള പാലം കടക്കുമ്പോൾ താൻ വീണ്ടും വീണുപോയേക്കുമോ എന്നൊരു ഭയം അയാളുടെ ദേഹത്തെ ആകെ വിറപ്പിച്ചു .പക്ഷെ എങ്ങനെയോ വീഴാതെ പാതി ദ്രവിച്ച കവുങ്ങിൻ പാലം കടന്നയാൾ അക്കരെയെത്തി .ഇരുട്ടിൽ തപ്പിക്കൊണ്ട് അയാൾ മുന്നോട്ടു നടന്നു. റബ്ബർ തോട്ടം കടന്നു മുന്നോട്ടു പോയാൽ വീടെത്തി .

അയാൾ വീട് മനസ്സിൽ കണ്ടു.

ഓടിട്ട ഒരു പഴയ വീടായിരുന്നു അയാളുടേത്.അതിന്റെ കഴുക്കോലുകൾ ദ്രവിച്ചു തുടങ്ങിയിരുന്നു. അച്ഛൻ മരിച്ച ശേഷം അയാളും അമ്മയും മാത്രമായി അവിടെ....

പലരും അയാളെ പുതിയ വീടെടുക്കുവാൻ ഉപദേശിച്ചിരുന്നു.പക്ഷെ ഒരു സ്ഥിരവരുമാനമില്ലാതെ....

“സ്വത്ത് ഒരുപാടുണ്ടല്ലോ.. അതിൽ നിന്നും കുറച്ചു വിറ്റ ശേഷം ..”

ചിലരൊക്കെ പറഞ്ഞത് അയാൾ ഓർത്തു.

അച്ഛന് പൈതൃകമായി ലഭിച്ചതും പിന്നെ അച്ഛനും അമ്മയും ചേർന്ന് കഷ്ടപ്പെട്ട് സമ്പാദിച്ചതുമായി ഒരുപാട് ......

പക്ഷെ എന്നിട്ടും കൃഷി ചെയ്തു വിളവെടുത്തത് മാത്രം ഭക്ഷിച്ച്‌....

അയാളുടെ ചിന്തകൾ കാടുകയറി.

തന്നെയും കാത്ത് അമ്മ വീടിന്റെ ഇറയത്ത് ഇരിക്കുന്നുണ്ടാകും എന്നയാൾക്ക് അറിയാമായിരുന്നു.

ഇനി ഒരിക്കലും ഞാൻ ഇങ്ങനെയൊന്നുമാകില്ലെന്ന്.........
പലതവണ ആവർത്തിച്ച ശപഥങ്ങളെക്കുറിച്ച് അയാൾക്ക് ഓർമ്മ വന്നു. പക്ഷെ ഇന്നത്തോടെ എല്ലാം നിർത്തി... അമ്മയെ വിഷമിപ്പിക്കാതെ....

ഇങ്ങനെ അയാൾ പലതുമാലോചിച്ചുകൊണ്ടിരുന്നു. അപ്പോഴൊക്കെ അയാൾ വളരെ പതുക്കെയെങ്കിലും നടക്കുന്നുണ്ടായിരുന്നു.
അപ്പോഴേക്കും ഇരുട്ട് വീണുകഴിഞ്ഞിരുന്നു...
നടന്നു നടന്നയാൾ സ്വന്തം പറമ്പിലേക്ക് കയറി..

മുൻപ് അനേകം മരങ്ങൾ നിന്നിരുന്ന സ്ഥലത്ത്...
താൻ തന്നെ കുറെയൊക്കെ മുറിച്ചു വിറ്റ്‌..
പല ആവശ്യങ്ങളും പറഞ്ഞ് അമ്മയെ വിശ്വസിപ്പിച്ച്...
പൈസ മുഴുവനും ..
പല വിധത്തിൽ നശിപ്പിച്ച്......
ഒടുവിൽ ഒന്നുമില്ലാതെ ഈയവസ്ഥയിൽ ....
ശീട്ട് കളിച്ചും ഡാൻസ് ബാറുകളിൽ കയറിയിറങ്ങിയും.......

ഇങ്ങനെയൊക്കെ മനസ്സിൽ ആലോചിക്കുന്നതിനോടൊപ്പം തന്നെ താൻ എന്തെങ്കിലും ജോലി കണ്ടുപിടിക്കുന്നതിനെക്കുറിച്ചും അമ്മയ്ക്ക് സന്തോഷം പകരുന്ന മകനായി ജീവിക്കുന്നതിനെക്കുറിച്ചും അയാൾ സ്വപ്നം കണ്ടു.

“അമ്മയോട് തെറ്റുകൾ ഏറ്റുപറയണം ..അമ്മ ക്ഷമിക്കാതിരിക്കില്ല ..ഇല്ല ക്ഷമിക്കാതിരിക്കില്ല.ഇനി മുതൽ ഞാൻ ഒരിക്കലും ... ..”

അയാൾ സ്വയം പിറുപിറുത്തു .

പറമ്പിലെ മരങ്ങൾ നോക്കി നിൽക്കെ തട്ടിയും തടഞ്ഞും അല്പനേരം നിന്നും വീടിനെ മനസ്സിൽ ഓർത്ത് ഓർത്ത് അയാൾ നടന്നുകൊണ്ടിരിക്കുകയാണ്.

അയാളുടെ അമ്മ എന്ത് ചിന്തിക്കുന്നെന്നോ അവരുടെ വിഷമങ്ങൾ എന്തെന്നോ ഞാൻ അറിയാൻ ശ്രമിക്കുന്നില്ല....

എനിക്കിപ്പോൾ അറിയേണ്ടത് അയാൾ ഇനിയും വീഴാതെ വീട്ടിൽ എത്തുമോ എന്നതാണ്.

↑ top