≡ മാര്‍ച്ച്‌ 2016 ലക്കം
കഥ

ഒരു യക്ഷിക്കഥ

തീർത്തും തയ്യാറെടുപ്പുകളില്ലാത്ത ഒരു യാത്രയായിരുന്നു അത്. കുന്നും മലയും ഏറെയുള്ള ദിക്കിലേക്കായതുകൊണ്ടുതന്നെ ഞങ്ങൾക്കു നല്ല ഉത്സാഹമായിരുന്നു. പട്ടണത്തിൽ നിന്ന് ഏറെ ദൂരം യാത്രചെയ്ത ക്ഷീണമുണ്ടെങ്കിലും കുളിരാർന്ന ഭൂപ്രകൃതി വീണ്ടും ഞങ്ങളെ ഉത്സാഹഭരിതരാക്കി. ടാർ റോഡ് പിന്നിട്ട് മൺപാതയിലൂടെ വണ്ടിയോടിത്തുടങ്ങിയിട്ട് ഏതാണ്ട് അര-മുക്കാൽ മണിക്കൂറായെങ്കിലും ഏറിയാൽ പത്തോ പതിനഞ്ചോ കിലോമീറ്ററേ സഞ്ചരിച്ചിട്ടുണ്ടാകൂ. വേഗത കുറച്ച് ഓടുന്ന വാഹനത്തിന്റെ ചില്ലുകൾ താഴ്ന്ന ജാലകത്തിലൂടെ നല്ല തണുത്ത കാറ്റ് ഞങ്ങളെ തഴുകുന്നുണ്ട്. കാട്ടുമരങ്ങൾക്കിടയിൽ ഒളിച്ചിരുന്ന് ചീവീടുകൾ പാട്ടു മൽസരം നടത്തുന്നു.

കുത്തനെയുള്ള കയറ്റം കയറി തെല്ലൊരു സമതലത്തിലേക്കു ഞങ്ങളെത്തി. ഒരു വാഹനത്തിനുകൂടി കഷ്ടിച്ചു മറുഭാഗത്തേയ്ക്കു കടന്നു പോകാൻ കഴിഞ്ഞേക്കാവുന്നതരത്തിൽ ആ ഭാഗത്ത് വഴി അൽപ്പം വിശാലമായിരുന്നു അവിടെ നിന്ന് താഴേയ്ക്കു നോക്കിയാൽ അങ്ങകലെ അടിവാരം ചുറ്റി ഇവിടേയ്ക്കു വളഞ്ഞു വരുന്ന വഴിയുടെ ചില ശകലങ്ങൾ ഒളിഞ്ഞും തെളിഞ്ഞും കാണാനാവുന്നുണ്ട്. മുകളിലേക്കെത്തുംതോറും തണുപ്പിനു കാഠിന്യം കൂടുന്നുണ്ടെന്നു തോന്നുന്നു. അലറിക്കരയുന്ന ചിവീടുകൾ വാഹനത്തിന്റെ ഇരമ്പലിലേയ്ക്ക് അവയുടെ ശബ്ദം സമന്വയിപ്പിച്ചതായി തോന്നി. ഉയരത്തിലെത്തിയപ്പോഴേയ്ക്കും ചെവികളിൽ മർദ്ദം കൂടി, കേൾവി അൽപ്പം കുറഞ്ഞിട്ടുണ്ട്. ഇടതു വശം ചേർത്തുനിർത്തിയ വാഹനത്തിന്റെ മുകളിലേയ്ക്ക് വെളുത്തു മെലിഞ്ഞ സുന്ദരിപ്പൂക്കൾ എവിടെനിന്നോ പാറി പതിച്ചുകൊണ്ടിരുന്നു. സംശയമില്ല, പാലപ്പൂക്കൾ തന്നെ. വിൻഡ് ഗ്ലാസ്സിലൂടെ കണ്ണെത്തിച്ചുനോക്കി. വെളുത്തു നരച്ചു മുതുമുത്തശ്ശിയേപ്പോലെ നിറയെ പൂത്തുലഞ്ഞ പടുകൂറ്റൻ ഏഴിലം പാല..! ചെറു വൃക്ഷങ്ങളും കാട്ടുവള്ളികളും ആ വൻവൃക്ഷത്തിനു ചുവട്ടിലേയ്ക്ക് ആർത്തിയോടെ ചേർന്നു കെട്ടുപിണഞ്ഞു നിൽക്കുന്നു. ചുറ്റുവട്ടത്തെങ്ങും മനുഷ്യവാസമുള്ളതായി തോന്നുന്നില്ല. തണുത്ത ചെറുകാറ്റിൽ ഒഴുകിയെത്തുന്ന പാലപ്പൂമണം മനസ്സിനെ വല്ലാതെയുലച്ചു.

"നമുക്കിവിടെ ഒന്നിറങ്ങാമച്ഛാ..!"

എന്റെ മനസ്സറിഞ്ഞതു പോലെ അപ്പു തിടുക്കം കൂട്ടി.

വണ്ടി നിർത്തി എല്ലാവരും വെളിയിലിറങ്ങി.

"ഓ..ഞാനിത്തിരി മൂത്രമൊഴിക്കട്ടെ.."

സ്വയം പിറുപിറുത്തുകൊണ്ട് അപ്പു വഴിയുടെ വലതുഭാഗത്തേയ്ക്ക് നീങ്ങി. അവിടെ താഴെ സാമാന്യം ആഴമുള്ള കൊക്കയാണ് കാട്ടു മരങ്ങൾ ഇടതൂർന്നു തഴച്ചുനിൽക്കുന്നു. ശരിക്കും വനം തന്നെ. വല്ലാതെ ഭയപ്പെടുത്തുന്ന അന്തരീക്ഷം.

"ട്ർ ർ ർ ർ...." ഒരു ഞെട്ടലോടെ ശബ്ദം കേട്ടിടത്തേയ്ക്കു നോക്കി. കരിയിലയിൽ അപ്പുവിന്റെ വക അഭിഷേകം നടക്കുന്ന ശബ്ദം. അത് അങ്ങനെ പിന്നെയും നീളുന്നു.

"നീയെന്താ ഒരാഴ്ച്ചയായി മൂത്രമൊഴിച്ചിട്ടില്ലേ.. ഇത് തീരുന്നില്ലല്ലോ...?"

ചിരിച്ചുകൊണ്ട് അവൻ ഉച്ചത്തിൽ പറഞ്ഞു,

"ദാ തീർന്നു..! "

അപ്പു പമ്പ് ഹൗസ് അടച്ചു.

വര: അസ്രൂസ് ഇരുമ്പൂഴി

ശ്ർ..ർ..ർ..ർ.....

വീണ്ടും ആ ശബ്ദം ഒരു പ്രതിധ്വനി പോലെ ആവർത്തിച്ചു. ആശ്ചര്യത്തോടെ ഞാൻ അപ്പുവിനെ നോക്കി. താൻ നിരപരാധിയെന്ന് അപ്പു രണ്ടു കൈകളും ഉയർത്തിക്കാട്ടി. തെല്ലൊരമ്പരപ്പിലും ഞങ്ങൾ പരസ്പരം ആ ഫലിതം ആസ്വദിച്ചു.

ശ്ർ..ശ്ർ..ശ്ർ... ശ്ർ...

വീണ്ടും ആ ശബ്ദം ആവർത്തിക്കുന്നു.. ഇത്തവണ നിലയ്ക്കാതെ അത് തുടരുകയാണ്. എന്തോ ഒന്ന് തുടർച്ചയായി വലിച്ചിളക്കുന്നതുപോലെ.. അല്ല, കല്ലിനുമുകളിൽ ചിരട്ടകൊണ്ട് ഉരസ്സുന്നതു പോലെ... അതുമല്ല.. ഈർച്ചവാൾ.. അതെ!! അതു തന്നെ, ഈർച്ചവാൾകൊണ്ട് തടി അറുക്കുന്ന ശബ്ദം, അതാകാനേ വഴിയുള്ളു. പക്ഷേ വല്ലാത്തൊരു മുരൾച്ച പോലെ ഇടക്കിടയ്ക്കു തോന്നുന്നു.. ചിലപ്പോഴത് ആസ്തമ രോഗികളുടേതുപോലെ ഭയപ്പെടുത്തുന്ന ശബ്ദമാകുന്നു..!

താഴെ മരക്കൂട്ടങ്ങൾക്കിടയിലെവിടെനിന്നോ ആണത് കേൾക്കുന്നത്. അതിന്റെ ഉത്ഭവം തേടിക്കണ്ടുപിടിക്കണമെന്ന് മനസ്സ് ഉൽക്കടമായാഗ്രഹിച്ചു. താഴേക്കിറങ്ങാനൊരു കാട്ടുപാതയെങ്കിലും ഞാൻ കണ്ണുകൊണ്ടു തിരഞ്ഞു. ഇല്ല അവിടെ അങ്ങനൊരു ഉപപാതയുടെ ലാഞ്ഛന പോലുമുണ്ടായിരുന്നില്ല.

പൂത്തുലഞ്ഞു നിന്ന പടുകൂറ്റൻ യക്ഷിപ്പാലയുടെ സമൃദ്ധമായ ശാഖോപശാഖകൾ പൊടുന്നനെ വലിയ ആരവത്തോടെ ഉലഞ്ഞാടി. അതിലെവിടെയോ സുഷുപ്തിയിലാണ്ടിരുന്ന ഏതാനും വവ്വാലുകൾ ശബ്ദമുണ്ടാക്കി പറന്നകന്നു. എന്തൊക്കെയോ അപശകുനങ്ങൾ. ആകെയൊരസ്വസ്ഥത അനുഭവപ്പെടുന്നുണ്ട്. മുന്നോട്ടുവച്ച വിറയാർന്ന ചുവടുകൾ പിന്നോട്ടെടുക്കുമ്പോൾ ആ ശബ്ദം ഭയപ്പെടുത്തും വിധം വീണ്ടും ഉച്ചത്തിലാകുകയാണ്. കുട്ടികൾ രണ്ടാളും ഇതിനകം വാഹനത്തിനുള്ളിൽ കയറിക്കഴിഞ്ഞിരുന്നു. ബാഗിനുള്ളിൽ കരുതിയിരുന്ന ഷാൾ പുതച്ചിട്ടും ഭാര്യ തെല്ലു വിറയ്ക്കുന്നുണ്ട്. പാവം തണുത്തിട്ടാവണം. ഇവിടെ നിർത്തേണ്ടിയിരുന്നില്ല.

ഇപ്പോൾ ആ ശബ്ദം നിലച്ചു. തെല്ലൊരാശ്വാസം എനിക്കും തോന്നി. മതി ഇവിടെ നിന്നത്, യാത്ര തുടരുക തന്നെ. വാഹനത്തിലേയ്ക്കു കയറിക്കൊള്ളാൻ ഞാൻ അവൾക്കു സൂചന നൽകി. ഒപ്പം മുന്നോട്ടു നീങ്ങുമ്പോൾ വീണ്ടും ആ ശബ്ദം ആവർത്തിച്ചു..! പൊടുന്നനെ അത് അത്യുച്ചത്തിലാവുകയാണ്. തീർച്ചയായും ഇത് ഏതോ കാട്ടുജീവിയുടെ ഊർധ്വശ്വാസം വലിയാകാനേ തരമുള്ളു. മരണാസന്നനായ ഏതോ ജീവിയുടെ ശ്വാസോച്ഛ്വാസം പോലെ അത് എന്നെ ഒട്ടു ഭയപ്പെടുത്തി.

തണുത്തകാറ്റ് കൂടിവരുന്നു. ഇപ്പോൾ ഞാനും നന്നായി വിറയ്ക്കുന്നുണ്ട്. ശരീരം മാത്രമല്ല മനസ്സും നടുങ്ങി വിറച്ചത് പെട്ടന്നാണ്. ഇന്നേവരെ ഒരു തകരാറുകളും സംഭവിച്ചിട്ടില്ലാത്ത എന്റെ വാഹനം ഇതാ ഇപ്പോൾ സ്റ്റാർട്ടാകുന്നില്ല..! വീണ്ടും വീണ്ടും ശ്രമിച്ചു നോക്കി. ഇല്ല ആവുന്നില്ല, എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. അല്ല, ഇനിയും എന്തോ സംഭവിക്കാൻ പോകുന്നു. വെളിയിലേക്കിറങ്ങാൻ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും അതിനും കഴിഞ്ഞില്ല. ആരോ പുറത്തുനിന്നു പൂട്ടിയതു പോലെ എല്ലാ വാതിലുകളും അടഞ്ഞിരിക്കുകയാണ്! ഇപ്പോൾ തെല്ലൊന്നു ശമിച്ചിരുന്ന ആ ശബ്ദം എന്റെ കാതുകളിലേയ്ക്ക് വീണ്ടും എത്തുന്നു. മുൻപത്തേതിലും ഭയാനകമായി. ആ നിമിഷം ആരോ വാരിവിതറുന്നതുപോലെ വാഹനത്തിനു മുകളിലേയ്ക്ക് പാലപ്പൂക്കൾ വീണ്ടും ഉതിർന്നു വീണു!

മരണവെപ്രാളത്തോടെ ആരോ ശ്വാസം വലിക്കുന്നതും ഉച്ഛ്വസിക്കുന്നതും ഞാനിപ്പോൾ തൊട്ടകിലെന്നപോലെ കേൾക്കുകയാണ്. പിൻ സീറ്റിലിരിക്കുന്ന കുട്ടികളും തൊട്ടടുത്തിരിക്കുന്ന ഭാര്യയും ഇതൊന്നുമറിയുന്നില്ലേ..? അവരീ ഭയപ്പെടുത്തുന്ന ശബ്ദം കേൾക്കുന്നില്ലെന്നോ..! പാക്കറ്റിൽ കരുതിയിരുന്ന എന്തോ പലഹാരം അവർ പരസ്പരം പങ്കിട്ടു കൊറിക്കുന്നുണ്ട്. വെളിയിൽ വീശിയടിച്ച തണുത്ത കാറ്റിൽ ഉലഞ്ഞാടുന്ന പുല്ലാനിപ്പടർപ്പിലേയ്ക്ക് എന്റെ നോട്ടം എങ്ങിനെയോ എത്തിനിന്നു. അതിനുള്ളിൽ എന്തോ ഒന്നനങ്ങുന്നില്ലേ. ആ ഒരു ദിക്കിലേയ്ക്കു കണ്ണുകൂർപ്പിച്ചനിമിഷം എന്റെ ചുമലിൽ തണുപ്പുള്ള ഒരു സ്പർശം..

"ഓ..!" ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞു.

"എന്താ..എന്തു പറ്റി..?"- അവൾ തോളിൽ തട്ടി വിളിക്കുന്നു.

"ഏയ്.. ഒന്നുമില്ല. "

" നമുക്കു പോകാം.?"

"ഉം.."

ഒരിക്കൽക്കൂടി താക്കോൽ തിരിച്ചു നോക്കി. അത്ഭുതം! ഒരു ബുദ്ധിമുട്ടുമില്ലാതെ വാഹനം സ്റ്റാർട്ടായി..! ഇനി ഒരു നിമിഷം പോലും ഇവിടെ നിൽക്കേണ്ടതില്ല. ധൃതിയിൽ രണ്ടോ മൂന്നൊ തവണ കഷ്ടപ്പെട്ട് ശ്രമിച്ചപ്പോഴാണ് വണ്ടി അവിടെ ഒന്നു തിരിക്കാൻ കഴിഞ്ഞത്. ഇനി കുത്തനെ ഇറക്കമാണ് അത്രയൊന്നും വേഗത്തിൽ ഇവിടെനിന്നും ഓടിച്ചു പോകാനും കഴിയില്ല.

ശരിക്കും റിസ്കി ഡ്രൈവിംഗ്. ആരും പരസ്പരം ഒന്നും മിണ്ടുന്നില്ല. കുട്ടികൾ ഒരു ചെറു മയക്കത്തിലേയ്ക്കു കടന്നു എന്നു തോന്നുന്നു. സീറ്റൊരൽപ്പം അഡ്ജസ്റ്റ് ചെയ്ത് അവളും പിന്നോട്ടാഞ്ഞ് ചാരിക്കിടക്കുന്നു. പിന്നിൽ നിന്നാണെന്നു തോന്നുന്നു എന്തോ കടിച്ചു പൊട്ടിക്കുന്ന ശബ്ദം. പിന്നെ ചവച്ചിറക്കുന്നു. ഒന്നു പാളി നോക്കി. ഇല്ല അവർ രണ്ടുപേരും മയക്കത്തിലാണ്. വീണ്ടും ഒരു ഭയം എന്നിലേയ്ക്കു പടർന്നു കയറി. ആരോ ഞങ്ങളെ പിൻതുടരുന്നില്ലേ.?

"ഖർ...ഖർ.... "

അതാ വീണ്ടും ആ ശബ്ദം.! അതിന്റെ കാഠിന്യം കൂടി വരികയാണ്..എന്റെ വിറയലിനൊപ്പം അറിയാതെ കാൽ ആക്സിലറേറ്ററിൽ അമർന്നു. എഞ്ചിന്റെ ഇരമ്പലിനു മുകളിലും ആ ഭയപ്പെടുത്തുന്ന ശബ്ദം മാറ്റൊലിക്കൊള്ളുകയാണ്. പണ്ടെങ്ങോ കണ്ട ഒരു നാടകമോ സിനിമയോ, എന്തോ ഒന്നു മനസ്സിൽ തെളിഞ്ഞു. ഒരു രക്ത രക്ഷസ്സ്.. അതിന്റെ ബീഭത്സരൂപം കാട്ടി ഇതേ ശബ്ദത്തിൽ ആർത്തലയ്ക്കുന്നു..

"ഖർ....ഖർ...."

ഇപ്പോൾ ആ സത്വം എന്റെ പിന്നാലെ പാഞ്ഞടുക്കുന്നു. ഈശ്വരാ.. എന്റെ കുട്ടികൾ..എന്റെ പ്രിയപ്പെട്ടവൾ.. എങ്ങിനെയും അവരെ രക്ഷിച്ചേ മതിയാകൂ. വണ്ടി വീണ്ടും ഇരമ്പി. കല്ലും കുഴിയും നിറഞ്ഞ മൺപാതയിലൂടെയാണ് പോകുന്നതെന്നത് ഞാൻ മറന്നു. എത്രയും വേഗം ഈ ദുരന്തത്തിൽ നിന്നു രക്ഷപ്പെടുകയേ വേണ്ടൂ.

പെട്ടന്നാണതു കണ്ടത്. മുന്നിൽ ഒരു തിരിവ്..! അതിനുമപ്പുറം ഇരുട്ടുപോലെ.. വഴി വ്യക്തമല്ല. ഒരു വിദ്യുത് തരംഗം സിരകളിലൂടെ പാഞ്ഞു കയറി. മനസ്സറിയാതെ ബ്രേക്ക് പെഡലിൽ കാൽ അമർന്നു. ചക്രങ്ങൾ മണ്ണിലമരുന്ന ശബ്ദം, "ഖർ...." ശബ്ദത്തിനു കൂട്ടു ചേർന്ന് വലിയൊരു ഹുങ്കാരമായി. വേഗത ഇനിയും കുറയുന്നില്ല വണ്ടി ചരലിനു മുകളിലൂടെ തെന്നി മാറുകയാണ് തെല്ലൊന്നു കുറഞ്ഞാൽ കൃത്യമായി തിരിച്ച് അപകടം ഒഴിവാക്കാനായേക്കും ഈശ്വരാ..രക്ഷിക്കണേ..

വണ്ടി വളവിലേക്കെത്തുകയാണ്. കൈകാലുകൾ കുഴയുന്നു. നിയന്ത്രിക്കാനാവാത്തവിധം ഞങ്ങൾ അപകടത്തിലേക്കു നീങ്ങിക്കഴിഞ്ഞു.വളവിനു താഴെ ഇരുട്ടുപോലെ തോന്നിയിരുന്ന അഗാധമായ കൊക്കയിലേയ്ക്കു കൂപ്പുകുത്തുന്നതിനു മുൻപ് സർവ്വ ശക്തിയും സംഭരിച്ച് വലതുവശത്തേയ്ക്ക് സ്റ്റിയറിഗ് തിരിച്ചു പിടിച്ചു. മരക്കൂട്ടവും വള്ളിപ്പടർപ്പുകളും ഇടതൂർന്നു നിൽക്കുന്ന വലതുഭാഗത്തെ വലിയ ഇടുക്കിലേയ്ക്ക് വണ്ടി കുതിച്ചു ചാടുന്നത് ഞെട്ടലോടെ ഞാനറിഞ്ഞു.! വാനോളം ഉയർന്നു വിരിഞ്ഞു നിന്ന വലിയ ഒരു കാട്ടു മരത്തിന്റെ ചുവട്ടിൽ സാഷ്ടാംഗ പ്രണാമം പോലെ ഞങ്ങൾ കൂപ്പു കുത്തി..!

" അമ്മേ....!"

വിൻഡ്ഗ്ലാസ് ഉടഞ്ഞു വീണ ശബ്ദം ഞങ്ങളുടെ അലർച്ചക്കകമ്പടിയായി. ഞാൻ കണ്ണുകൾ ഇറുകെ അടച്ച് സ്റ്റിയറിഗ് വീലിൽ കമിഴ്ന്നു കിടക്കുകയാണ്. ഭയമുണ്ട്, ഇനി എന്താണു കാണേണ്ടിവരിക? എന്റെ മക്കൾ. എന്റെ പെണ്ണ്.. അവർക്കെന്താണു സംഭവിച്ചത്? ഇറുക്കിയടച്ച കണ്ണുകൾ മെല്ലെ തുറന്നുനോക്കി ഇരുട്ട്..! വീഴ്ച്ചയിൽ തലയ്ക്കേറ്റ ആഘാതത്തിൽ ഒരു പക്ഷേ കാഴ്ച്ച നഷ്ടമായിരിക്കുമോ. വളരെ ആയാസപ്പെട്ട് മുഖം തടവിനോക്കി, നനഞ്ഞിരിക്കുന്നു. ചോര..!

"യ്യോ…!!"

ഇല്ല, ശബ്ദവും വെളിയിൽ വരുന്നില്ല. തലയിലേയ്ക്കു തകർന്നമർന്ന വാഹനത്തിന്റെ ഏതോ ഭാഗം കഷ്ടപ്പെട്ട് വലിച്ചുനീക്കി ഒരു വിധം ഞാനെഴുന്നേറ്റിരുന്നു. "ഖർ..ഖർ.." ഇപ്പോൾ ആ ഭീകര സത്വം വീണ്ടും അടുത്തെത്തി.. ഈശ്വരാ..എന്റെ കുട്ടികൾ..അവരുടെ അമ്മ..അവർക്കെന്തു പറ്റി? ഒരു കരച്ചിലോ ഞരക്കമോ പോലും കേൾക്കുന്നില്ല. കണ്ണുകളിൽ പടർന്ന ഇരുട്ടിനുമപ്പുറം ഒന്നും എനിക്കു വ്യക്തമല്ല. ഒരിക്കലുമനുഭവപ്പെടാത്തവണ്ണം ഭയന്ന് ഞാൻ അലറി വിളിച്ചു..

"അമ്മേ..."

ആ വിളി ദൂരെ മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിച്ച നിമിഷം മുരൾച്ചയുടെ ഉച്ചസ്ഥായിയിലായിരുന്ന ആ ഭയപ്പെടുത്തുന്ന ശബ്ദം പെട്ടന്നു നിലച്ചു. ഒപ്പം ഒരു പരുപരുത്ത ചോദ്യം അശരീരിപോലെ എന്റെ കാതുകളിൽ പതിച്ചു.

"എന്താ..എന്തു പറ്റി..?"

മൂന്നോ നലോ തവണ അത് പ്രതിധ്വനിയായി ഞാൻ കേട്ടു.. ഒരു ഞെട്ടലിൽ അറിയാതെ എന്റെ നാവു ചലിച്ചു.

"എന്റെ.. മക്കൾ... എന്റെ....."

മുഴുവൻ തീരും മുൻപ് മറ്റൊരത്ഭുതം കൂടി സംഭവിച്ചു. കൂരിരുട്ടിലാണ്ടു പോയിരുന്ന എന്റെ കണ്ണുകൾക്കു കാഴ്ച്ച തിരിച്ചുകിട്ടി..! മുന്നിൽ നിന്ന കറുത്ത രൂപം കണ്ട് വീണ്ടും ഞാനലറി..

"അയ്യോ അമ്മേ...!"

ഇത്തവണ മലയിടുക്കുകളിൽ തട്ടി പ്രതിധ്വനിയുണ്ടായില്ല. പകരം ആ പരുക്കൻ ശബ്ദം വീണ്ടും.

"എന്താടർക്ക.. മൻഷനെ ഒർങ്ങാനും സമ്മയ്ക്കൂല്ലെ..?"

കവിളിലൂടൊലിച്ചിറങ്ങിയ വിയർപ്പ് തുടച്ച് കണ്ണുകൾ മുഴുവൻ തുറന്ന് ഞാൻ ചുറ്റും നോക്കി. കറുത്ത കരിമ്പടം പുതച്ച് മുന്നിൽ രാജുവേട്ടൻ..! എന്തോ പിറുപിറുത്തുകൊണ്ട് ആ രൂപം അടുത്ത കട്ടിലിലേയ്ക്ക് വീണ്ടും കിടന്നു. ശീതീകരണിയുടെ കുളിർകാറ്റിലും ഞാൻ നന്നായി വിയർത്തിരുന്നു. കട്ടിലിനോടു ചേർത്തു വച്ചിരുന്ന കുപ്പിയിലെ വെള്ളം ആർത്തി തീരുവോളം കുടിച്ചു. നടന്നതൊക്കെ ഓർത്തെടുക്കാൻ ശ്രമിച്ച് കട്ടിലിൽ തന്നെയിരിക്കുമ്പോൾ തലവഴി മൂടിയ പുതപ്പ് മാറ്റി അദ്ദേഹം ശാസന പോലെ പറഞ്ഞു

"കെടന്നൊർങ്ങാൻ നോക്കടെർക്കാ..നേരം വെൾക്കാറായി.."

ഭിത്തിയിലെ ഘടികാരത്തിലേയ്ക്ക് അറിയാതെ കണ്ണു പതിച്ചു. മൂന്നര..! യാഥാർത്ഥ്യത്തിലേയ്ക്ക് മനസ്സിനെ തിരികെക്കൊണ്ടുവരാൻ പെട്ടന്ന് എനിക്കു കഴിഞ്ഞില്ലെങ്കിലും കൂടുതൽ ചിന്തിച്ചു സമയം പോക്കാതെ വീണ്ടും ഉറങ്ങാനൊരുങ്ങുമ്പോൾ ഒരറിയിപ്പുകൂടി.

"ആ ലൈറ്റങ്ങട്ട് കെട്ത്ത്യേരെ.."

കണ്ണുകളെ വീണ്ടും ഇരുട്ടിലേയ്ക്ക് തള്ളിവിടുമ്പോൾ ഉള്ളിൽ നേരിയ ഭയം തോന്നിയിരുന്നു. മനസ്സ് അറിയാതെ അൽപ്പം മുൻപ് നടന്ന സംഭവങ്ങളിലേയ്ക്ക് ഊളിയിടാൻ തുടങ്ങുമ്പോഴാണ് വീണ്ടും ആ ശബ്ദം കേട്ടത്.

"ഖർ.....ഖർ...ഖർ....."

മെല്ലെ ആരംഭിച്ച്, വൈകാതെ ഉച്ചസ്ഥായിയിലേക്കെത്തുന്ന ആ ഭീകര ശബ്ദം.!

ഇത്തവണ അതിന്റെ ഉത്ഭവം മനസ്സിലാക്കാൻ ഒരു ഇടവഴിയും താണ്ടേണ്ടിവന്നില്ല എനിയ്ക്ക്. തലവഴി പുതപ്പുമൂടി, സുഖനിദ്രയിലേയ്ക്ക് മെല്ലെ ഊളിയിടുന്ന സഹമുറിയൻ രക്ഷസ്സിന്റെ ശബ്ദാക്രമണം ചെറുക്കാൻ വഴികളാലോചിക്കുകയായിരുന്നു അപ്പോൾ ഞാൻ..!

↑ top