≡ മാര്‍ച്ച്‌ 2016 ലക്കം
കഥ

ദംശം

ഗോലാപ്പൂരിലെ സ്ത്രീകളുടെ ജയിലിലാണ് ഞാൻ ഫുൽക്കിയെ കാണുവാനായി ചെന്നത്. പൊതുവെ തീവ്രവാദസ്വഭാവമോ അതിഭീകരമായ കൊലപാതക കൃത്യങ്ങളിലോ ഉൾപ്പെടാത്ത സ്ത്രീ തടവുകാരെ ഇവിടെയാണ്‌ പാർപ്പിക്കുന്നത്. ട്രൈബൽ സൊസൈറ്റിയുടെ കീഴിൽ ജോലി ചെയ്യുന്ന അദ്ധ്യാപകനായതുകൊണ്ട് വളരെ എളുപ്പം തന്നെ വാർഡനെ കാണാൻ എനിക്ക് സാധിച്ചു.

"ഓഹ് ..ഫുൽക്കി! ആ ആദിവാസിപ്പെണ്ണ്. അവൾ പോയല്ലോ. ഇന്നലെയാണ് പരോൾ അനുവദിച്ച് കിട്ടിയത്. അവളുടെ വീട്ടുകാർ വന്ന് കൊണ്ടുപോയി."

വര: അസ്രൂസ് ഇരുമ്പൂഴി

പരോളിന് വേണ്ടി ശ്രമിക്കാമെന്ന് ഫുൽക്കിക്ക് ഉറപ്പു നൽകുവാനും അവളെ ആശ്വസിപ്പിക്കുവാനുമാണ് ഞാൻ ഇന്നിവിടെ എത്തിയത്. ആകെ മൂന്നു തവണയേ എനിക്കവളെ ഇവിടെ വന്ന് കാണുവാൻ സാധിച്ചിട്ടുള്ളൂ. കാരണം എന്റെ ജോലിയിടം രണ്ടു ജില്ലകൾക്ക് അപ്പുറത്തുള്ള മറ്റൊരു ആദിവാസി ഗ്രാമത്തിലേയ്ക്ക് മാറ്റപ്പെട്ടിരുന്നു. എന്നിരുന്നാലും കാടിന്റെ സുരക്ഷിതത്വത്തിൽ നിന്നും ജയിലിലെ സിമന്റ് തറയുടെ ഭീതി നിറയ്ക്കുന്ന തണുപ്പിലേയ്ക്ക് മാറ്റപ്പെട്ട അവൾക്ക് എന്റെ സന്ദർശനങ്ങൾ ഏറെ ആശ്വാസവും സന്തോഷവും നൽകുന്നതായിരുന്നു.

ഫുൽക്കിയുടെ ഗ്രാമം ബ്രഹ്മപുത്ര നദിയുടെ വടക്കേയറ്റത്തെ ഒരു വനത്തിലാണ്. അവിടെ താമസിച്ചുകൊണ്ട് അവിടുത്തെ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു എന്റെ കർത്തവ്യം. കൂടെ ബോധവത്കരണ ക്ലാസുകളും. തികച്ചും സേവനമനസ്ഥിതിയുള്ളവർക്ക് മാത്രമാണ് അത്തരമൊരു ജോലി തിരഞ്ഞെടുക്കുവാനാവുക. പുറം ലോകവുമായി അധികം ബന്ധമില്ലാത്ത ആ സമൂഹത്തിന് ഒരു പാലം ആവശ്യമുണ്ട്. നാടിനെക്കുറിച്ചറിയാനും ഇടപെടുവാനും വർത്തമാനകാലവുമായി അവരെ ബന്ധിപ്പിക്കാനും സ്വയം രൂപപ്പെട്ട ഒരു പാലമായിരുന്നു ഞാൻ. ആദ്യകാലങ്ങളിൽ ദുഷ്കരമായിരുന്നെങ്കിലും കാലക്രമേണ ഞാൻ ജോലി ചെയ്ത പല ഗ്രാമങ്ങളിലും ഒരുപാട് നല്ല മാറ്റങ്ങൾ വരുത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്.

"മാബ്ജി"

ഫുൽക്കി എന്നെ അങ്ങനെയാണ് വിളിച്ചിരുന്നത്. മാസ്റ്റർജി എന്നൊരു വാക്ക് അവളുടെ ഭാഷയിലില്ലത്രെ. എന്നെ അവരുടെ ഭാഷ പഠിപ്പിച്ചതും അവളാണ്. എനിക്കുള്ള ഭക്ഷണം ഫുൽക്കിയുടെ വീട്ടിൽ നിന്നാണ് കൊണ്ടുവരാറ്.

ഫുൽക്കിയുടെ സമൂഹം ഉത്തരദിക്കിൽ വളരെ ഉൾവലിഞ്ഞ് കഴിയുന്ന കൂട്ടരായിരുന്നു.ഗവന്മെന്റ് സൗജന്യമായി നൽകന്ന അരിയും പരിപ്പും കടലയും ആദ്യം അവർ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. വളരെ പരിശ്രമിച്ചാണ് ഞാൻ അവരെക്കൊണ്ടത് പാചകം ചെയ്യിച്ചത്. ആദ്യഘട്ടത്തിൽ എനിക്ക് ചെയ്യാനുണ്ടായിരുന്നത് മരുന്നുകളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കലാണ്. അങ്ങനെ ആ മഴക്കാലത്ത് മരണനിരക്ക് വളരെ കുറയ്ക്കാൻ എനിക്ക് സാധിച്ചു.

"മാബ്ജി, ഈ പുരുഷന്മാർ എന്താണ് കരുതുന്നത്? അവർ വിചാരിച്ചാൽ എന്തും സാധിക്കുമെന്നൊ? കൊന്നുകളയും എന്ന് പറഞ്ഞുകേൾക്കുമ്പോൾ ഞങ്ങൾ ഭയപ്പെടുമെന്നാണ് അവരുടെ വിചാരം. ഒരിക്കലുമില്ല. ഞങ്ങൾക്ക് ഭർത്താക്കന്മാരോട് സ്നേഹമാണ്. അതുകൊണ്ടാണ് അവർ ഇപ്പോഴും ജീവിക്കുന്നത്."

പതിഞ്ഞ ശബ്ദത്തിൽ ഫുൽക്കി എന്നോടത് പറഞ്ഞപ്പോഴാണ് അവളുടെ കയ്യിലെ വരഞ്ഞ പാടുകൾ ഞാൻ ശ്രദ്ധിച്ചത്. പുഴുങ്ങിയ മീനിൽ ഉപ്പ് പോരാത്തതിന് അവളുടെ ഭർത്താവ് നല്കിയ ശിക്ഷയാത്രേ.

ആ ഗ്രാമത്തിലെ സ്ത്രീകൾ പുരുഷന്മാരേക്കാൾ പുഷ്ടിയുള്ളവരായിരുന്നു. കാറ്റിൽ നിന്നും വിറകും തേനും മുളയരികളും ശേഖരിക്കാൻ അവർക്ക് പുരുഷന്മാരുടെ സഹായം ആവശ്യമില്ലായിരുന്നു. വലിയ മരങ്ങളിൽ കയറുവാനും അമ്പെയ്ത്തിലും അവർക്ക് പുരുഷന്മാരേക്കാൾ വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു. എന്നിട്ടും ഫുൽക്കിയും അവളെപ്പോലുള്ള പെണ്ണുങ്ങളും ദിവസവും ഏതെങ്കിലും തരത്തിലുള്ള വരയലുകളോ മർദ്ദനങ്ങലോ സഹിച്ചുപോന്നു.

"ഫുൽക്കി,നിങ്ങളുടെ ഭർത്താക്കന്മാർ ആദ്യം ഈ വാറ്റ് മദ്യം കഴിക്കുന്ന പതിവ് നിർത്തണം. എന്നാൽ മാത്രമേ ഇതിനൊരു പരിഹാരമുണ്ടാകൂ"

അതൊരിക്കലും നടക്കുന്ന കാര്യമല്ലെന്ന് എനിക്കും ഫുൽക്കിക്കും അവളുടെ കൂട്ടുകാരികൾക്കും വളരെ വേഗം തന്നെ ബോധ്യപ്പെട്ടു.

ഫുൽക്കിയുടെ ഭർത്താവ് ഉറക്കെ പറഞ്ഞു,

"ഈ നശിച്ച പെണ്ണുങ്ങൾ ! നിങ്ങളെ നഗരത്തിൽ കൊണ്ടുപോയി വില്ക്കണം. എന്നാലെ നിങ്ങൾക്ക് ഞങ്ങളുടെ വിലയറിയൂ."

നഗരത്തിൽ സ്ത്രീകളെ വിൽക്കുന്ന ഏർപ്പാടിനെപ്പറ്റി അയാൾക്ക് ആരാണ് പറഞ്ഞുകൊടുത്തതെന്ന് ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു. കാട് കയറുന്നത് ഞാൻ മാത്രമല്ലെന്നും ഇപ്പോൾ ഫോറസ്റ്റ് ഗാർഡുകൾ മുതൽ കഞ്ചാവ് കൃഷിക്കാർ വരെ ഈ കാട് കയറിയിറങ്ങുന്നുണ്ട് എന്ന അറിവ് എന്നെ കൂടുതൽ ചിന്തിപ്പിച്ചു. കാര്യങ്ങളുടെ പോക്ക് അത്ര നല്ല രീതിയിലല്ലെന്ന് എനിക്ക് തോന്നി.

ഇവർക്ക് നാടിനെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചും പറഞ്ഞുകൊടുത്തതിൽ എനിക്കപ്പോൾ ഖേദം തോന്നി. അത് കൊണ്ടാണല്ലോ ഇവർ പേടിയും മടിയും മാറ്റി പുതിയ കെട്ടുകാഴ്ചകളും വിശേഷങ്ങളുമായി കാട് കയറി വരുന്നവർക്ക് ചെവി കൊടുക്കുന്നത്.

വനത്തിന്റെ മുഖച്ഛായ പോലും മാറിയിരിക്കുന്നു - പണ്ട് കാടിന് വന്യത ഒരു മുഖം മൂടി മാത്രമായിരുന്നു. കാട് കൂടുതൽ താണ്ടുംതോറും അനിർവചനീയമായ ഒരാഹ്ലാദം നമ്മളിൽ വന്നുചേരും. കാടും മൃഗങ്ങളും ഒരിക്കലും എന്നിൽ ഭയം നിറച്ചിട്ടില്ല.

പക്ഷെ, ഇന്ന് കാട്ടിലൂടെ നടക്കുമ്പോൾ അദൃശ്യരായ എതിരാളികൾ എന്റെ കാലടികൾക്കടിയിൽ നിന്നും എപ്പോൾ വേണമെങ്കിലും പുറത്തുവന്ന് ഒരു തരത്തിലുള്ള ചെറുത്തുനിൽപ്പും അനുവദിക്കാതെ എന്നെ ഇല്ലാതാക്കിയേക്കാം.

മൈനുകൾ.

അവയാണ് ഇന്നെന്നെ ഏറെ ഭയപ്പെടുത്തുന്നത്.

എനിക്കിനിയും ജീവിക്കണമെന്നും ചെയ്തു തീർക്കുവാനായി ഒരുപാട് കാര്യങ്ങൾ ശേഷിക്കുന്നുവെന്നും അവ എന്നെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും.

ചില മുൻഷികളുടെ പോലെ സർക്കാർ ഖജനാവിൽ നിന്നും വരുന്ന പണം കൃത്യമായി എണ്ണി വാങ്ങി മാസത്തിലൊരിക്കൽ അരിയോ പരിപ്പോ കൊണ്ടുപോയി കൊടുത്ത് അതിനുപയോഗിച്ച ഫണ്ട് തിരിമറിയുടെ പങ്ക് പറ്റുന്ന സ്വഭാവക്കാരനല്ലാത്തത് കൊണ്ട് ആ ഗ്രാമം നന്നാക്കിയേ അടങ്ങൂ എന്ന് ഞാൻ ഉറപ്പിച്ചു. ആരൊക്കെയോ ആ നിഷ്കളങ്കരുടെ മനസ്സിൽ വിഷം കുത്തി വയ്ക്കുന്നുണ്ട്. മുൻപ് ജോലി ചെയ്തിരുന്ന ചില ഗ്രാമങ്ങളിലെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ ഞാൻ ഓർത്തു.

കാണാതാവുന്ന ആദിവാസി പെൺകുട്ടികൾ! ലഹരി കടത്തുവാനും മൃഗവേട്ടയ്ക്കും കൂട്ട് പോകുന്ന പുരുഷന്മാർ!

ചില ആരോഗ്യപ്രശ്നങ്ങൾ മൂലം എനിക്ക് ഒരു നീണ്ട അവധി എടുക്കേണ്ടി വന്നു. നാട്ടിൽ പോയി വന്നിട്ട് വ്യക്തമായ ഒരു പദ്ധതിയോട് കൂടി ചില കൂട്ടുകാരെയും കൂട്ടി പ്രവർത്തിക്കണമെന്ന് ഞാൻ തീരുമാനിച്ചുറച്ചു.

മടങ്ങി വന്ന എന്നെ കാത്തിരുന്നത് ഏറെ വിഷമിപ്പിക്കുന്ന ഒരു വാർത്തയാണ്.

ഫുൽക്കി ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചുവത്രേ.

"മാബ്ജി, ഈ ഭർത്താക്കന്മാർ എന്തൊരു വിഡ്ഡികളാണ്, പകലും രാത്രിയും ഞങ്ങളോട് വഴക്കിടുന്നു. ഞങ്ങൾ വെറും പുഴുക്കളാണെന്ന് അവർ പറയുന്നു. അതിനാൽ തന്നെ ചവിട്ടി കൊല്ലുവാൻ എളുപ്പമാണെന്നും അവകാശപ്പെടുന്നു. എന്നിട്ടോ ഞങ്ങളെ ഒരു മൂലയ്ക്ക് തള്ളിയശേഷം ഒരു സങ്കോചവും കൂടാതെ അവർ ഞങ്ങൾ പാകം ചെയ്ത കിഴങ്ങുകളും അരിയും ഭക്ഷിക്കുന്നു."

ജയിലിലെ സന്ദർശക മുറിയുടെ ജനലഴിയിൽ ബലമായി പിടിച്ചുകൊണ്ടാണ് അവൾ അത് പറഞ്ഞത്.

"ഞങ്ങൾക്ക് അവരെ നിസ്സാരമായി ഇല്ലാതാക്കാം എന്ന് എനിക്ക് ഗ്രാമത്തിലെ മൊത്തം പുരുഷന്മാരോടും പറയണം എന്ന് തോന്നി. ഒരല്പം പോലും ചോരയൊഴുക്കാതെ, ബലം പിടുത്തം നടത്താതെ, ഒച്ചയുണ്ടാക്കാതെ ഞങ്ങൾ സ്ത്രീകൾക്കത് ചെയ്യുവാൻ സാധിക്കും. അതിനാണ് ഞാൻ അയാളുടെ ഭക്ഷണത്തിൽ വിഷം ചേർത്തത്. കാട്ടിൽ ഔഷധ സസ്യങ്ങൾ മാത്രമല്ല നല്ല വിഷയിനങ്ങൾ കൂടി വളരുന്നുണ്ട്, മാബ്ജി. ഭക്ഷണം കഴിച്ച അയാളുടെ മുഖത്ത് നോക്കി ഞാൻ വിളിച്ചു, ഉച്ചത്തിൽ വിളിച്ചു.

"പുഴു.. പുഴു.. പുഴു.."

ഫുൽക്കിയുടെ അയൽവാസികൾ ശബ്ദം കേട്ട് വരികയും അവളുടെ ഭർത്താവിനെ താങ്ങിയെടുത്ത് ഗ്രാമത്തിലെ വൈദ്യന്റെ അടുക്കൽ കൊണ്ടുപോകുകയും ചെയ്തത്രേ. അയാൾ ഫുൽക്കിയുടെ ഭർത്താവിനെ ഒറ്റമൂലി പ്രയോഗത്തിലൂടെ ഏറെ ശ്രമപ്പെട്ട്‌ രക്ഷിച്ചെടുത്തു.

എന്റെ അവധിക്കാലത്ത്‌ അവിടെ ചാർജിലുണ്ടായിരുന്ന വെൽഫെയർ മാസ്റ്ററാണ് ഫുൽക്കിയെ പൊലീസിലേൽപ്പിച്ചത്. അത് ഒരു കണക്കിന് നന്നായി. കാരണം ഗുരുതരമായ കുറ്റങ്ങൾ ചെയ്ത വ്യക്തിയെ "കാടിറക്കി" വിടുക എന്നൊരു പതിവ് ഇക്കൂട്ടരുടെ ഇടയിലുണ്ട്. കാടിറങ്ങി നാട്ടിലെത്തുന്ന ഫുൽക്കിയെ കാത്തിരിക്കുന്ന ദംഷ്ട്രകളെക്കാൾ സുരക്ഷിതം ജയിൽ തന്നെയാണ്.

പക്ഷെ, എനിക്കിപ്പോഴും അങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല. ഫുൽക്കിയുടെ വീട്ടുകാർ ഇത്രയും ദൂരം സഞ്ചരിച്ച് പരോൾ വാങ്ങി അവളെയും കൊണ്ട് പോയെന്നോ? ഒരുപക്ഷെ അവിടുത്തെ പുതിയ മാസ്റ്റർ വളരെ ദയാലുവും കർമനിരതനുമായിരിക്കുമോ? ഇനിയങ്ങനെ സംഭവിച്ചാൽത്തന്നെ ഫുൽക്കിയെ അവരുടെ ഗ്രാമത്തിൽ പ്രവേശിപ്പിക്കുമോ ?

എനിക്കാകെ പരിഭ്രമമായി. ജയിൽപ്പടിയിലുള്ള കടയിൽ നിന്നും പോക്കൊരിയും ഇല ചായയും കഴിച്ച് ഞാൻ ഫുൽക്കിയുടെ ഗ്രാമത്തിലേയ്ക്ക് യാത്ര തിരിച്ചു.

ഗ്രാമത്തിലെ പുതിയ മാസ്റ്റരെ തിരക്കിയപ്പോൾ അയാൾ കഴിഞ്ഞ ഒരു മാസമായി അങ്ങോട്ട്‌ വരാറില്ലെന്ന് അറിയാൻ കഴിഞ്ഞു. ഗ്രാമത്തിലെ ആർക്കും ഫുൽക്കിയെ കുറിച്ച് ഒരറിവുമില്ലായിരുന്നു. ആ ഗ്രാമത്തെ സംബന്ധിച്ചിടത്തോളം ഫുൽക്കി കൊടിയ കുറ്റവാളിയാണ്. അവളെക്കുറിച്ച് സംസാരിക്കുന്നത് തന്നെ പാപമാണ്.

ഫുൽക്കിയുടെ വീടിനു മുന്നിലൂടെ അവളുടെ ഭർത്താവ് ഉറയ്ക്കാത്ത കാലടികളോടെ നടന്ന് പോകുന്നത് കണ്ടു. ആ ഗ്രാമം അയാളോടൊപ്പം നാശത്തിലേയ്ക്ക് നടന്നു നീങ്ങുകയാണെന്ന് ഒരുവേള എനിക്ക് തോന്നി.

ഫുൽക്കി എവിടെപ്പോയി? എന്റെ മനസ്സ് പിടഞ്ഞു. തൊണ്ട വരണ്ടു. ഞാൻ കണ്ടതും കേട്ടതുമായ ഏതെങ്കിലും അപകടങ്ങളിൽ ആ പെൺകുട്ടി അകപ്പെട്ടുവോ? എന്റെ കണ്ണുകളിൽ ഇരുട്ട് കയറിയ പോലെ തോന്നി.

അന്നേരം ഫുൽക്കി കാടിന്റെ ഏതോ അതിർത്തികൾ താണ്ടി എങ്ങോട്ടോ നടന്നു നീങ്ങുന്നുണ്ടെന്നും വിപ്ലവഗാനങ്ങളും വീര്യമേറിയ പ്രസംഗങ്ങളുമായി ഒരു സംഘം ആളുകൾ അവളെ പുതിയൊരു പ്രസ്ഥാനത്തിലെ കണ്ണിയായി കൂടെ ചേർത്തുവെന്നും അവർ അവളെ നീതി നിയമങ്ങളുടെ പുത്തൻ മാനങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയെന്നും ഞാൻ അറിഞ്ഞിരുന്നില്ല.

വര: അസ്രൂസ് ഇരുമ്പൂഴി

അങ്ങകലെ എവിടെയോ ഒരു വെടിയൊച്ച മുഴങ്ങി. അത് ഫുൽക്കി പുതുതായി ഉപയോഗിക്കാൻ പഠിച്ച തോക്കിൽ നിന്നാകുമോ?

↑ top