≡ മാര്‍ച്ച്‌ 2016 ലക്കം
കഥ

വയലറ്റ് പൂക്കള്‍ വിരിഞ്ഞ ദിവസം

മുറ്റത്തിന്‍റെ കോണിലേക്ക് ശ്രദ്ധ പോയത് പൊടുന്നനെയാണ്. വള്ളിയായി പടര്‍ന്നു പന്തലിച്ചു നിന്ന ചെടിയില്‍ നടുക്ക് വെള്ള വരകളുള്ള വയലറ്റ് പൂക്കള്‍ ഏറെ നാളുകള്‍ക്ക് ശേഷം വിടര്‍ന്ന ദിവസമായിരുന്നു അന്ന്.

ഞെട്ടലില്‍ നിന്നുണര്‍ന്ന്, ഓര്‍മ്മകളില്‍ പകച്ച് രശ്മി തലങ്ങും വിലങ്ങും നോക്കി. എന്താണിത്.......? മനസ്സിന്‍റെ ആഴത്തിലുള്ള ഉള്ളറകളില്‍ നിന്നും കൂര്‍ത്ത ഭയം നുരഞ്ഞു പൊന്തി വരുകയാണ്... മുന്‍പെന്നോ അവ്യക്തമായി കണ്ടതുപോലെ ആകാശത്തിലെ ഇളം നീലനിറം ഇടകലര്‍ന്ന ചാരമേഘങ്ങള്‍ തരികെ വന്നതില്‍ അവള്‍ അറിയാതെ അസ്വസ്ഥതപ്പെട്ടു. കറുപ്പും വെളുപ്പും ഇടകലര്‍ന്ന് വൃത്തരൂപത്തില്‍ ചേര്‍ന്നിരിക്കുന്ന വീതികുറഞ്ഞ വരകള്‍ മിന്നി തെളിഞ്ഞു ജീവന്‍ വയ്ക്കുന്നത് പോലെ. ഇടയ്ക്കവ വയലറ്റ് പൂക്കളിലെ വെള്ള വരകളുമായി ഇഴചേര്‍ന്ന് രൂപാന്തരം പ്രാപിക്കുന്നുമുണ്ട്.

ചിന്തകളെ മത്തുപിടിപ്പിച്ച് തലയ്ക്കുള്ളില്‍ പെരുപ്പനുഭവപ്പെടുകയാണ്. വരകള്‍ ഒന്നിന് പിറകെ ഒന്നായി മിന്നിമിന്നി താളരഹിതമായി നൃത്തം വയ്ക്കുവാന്‍ തുടങ്ങിയത് ഭയം ഇരട്ടിപ്പിച്ചു.

അവള്‍ തുടരെ കണ്ണുകള്‍ ഇറുക്കിയടച്ചു തുറന്നു. ശരീരത്തില്‍ കുളിര് വിതറി അതിശക്തമായ തണുത്ത കാറ്റ് വീശിയടിച്ചു കടന്നു പോകുമ്പോള്‍ അവള്‍ അടിമുടി വിറകൊണ്ടു. പഴയ ഏതോ ഓര്‍മ്മ നിര്‍ബന്ധപൂര്‍വ്വം പകര്‍ന്നു നല്‍കിക്കൊണ്ട് കറുത്തിരുണ്ട തെങ്ങില്‍ തലപ്പുകള്‍ ശീല്‍ക്കാരത്തോടെ അങ്ങോട്ടുമിങ്ങോട്ടും ഇളകിയാടി.

വയലറ്റ് പൂക്കളിലേയ്ക്ക് മുഖം താഴ്ത്തി അവള്‍ കുറെനേരം നിന്നു. അവയില്‍ തൊടുമ്പോള്‍ കൈവിരലുകള്‍ പൊള്ളുന്നത് പോലെ. എന്നാണിവ മുന്‍പ് വിരിഞ്ഞത്....? എന്തിനാണ് ഈ മണമില്ലാത്ത പൂക്കള്‍ ഇത്ര അസ്വസ്ഥത സമ്മാനിക്കുന്നത്....?

വര: അസ്രൂസ് ഇരുമ്പൂഴി

വിയര്‍പ്പില്‍ മുങ്ങി, ധൃതിയില്‍ പോകുന്ന കുമാരേട്ടന്‍റെ വാടിത്തളര്‍ന്ന മുഖം അകാരണമായി, എന്നാല്‍ ചിട്ടയോടെ ഓര്‍മ്മയിലേക്കോടി വന്നു. ശ്രീദേവിയേട്ടത്തിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഓടി വരുകയാണ്... സുനിലേട്ടന്‍ എവിടെ...? താന്‍ തിരയുകയാണ്. ആരൊക്കെയോ ചുറ്റും കൂടി നില്‍ക്കുന്നുണ്ട്. കരച്ചിലുകള്‍. അടക്കം പറച്ചിലുകള്‍. തികട്ടി വന്ന അസുഖകരമായ ഓര്‍മകളില്‍ വശംകെട്ടു തലകറങ്ങുകയായിരുന്നു. ഇരുകൈകളും തലയ്ക്കിരുവശവും അമര്‍ത്തിപ്പിടിച്ച് വരാന്തയിലേയ്ക്കോടി അവള്‍ തളര്‍ന്നിരുന്നു.

തലയ്ക്കുള്ളില്‍ അണുവണുവായി പടര്‍ന്നു പകര്‍ന്ന പെരുപ്പ്‌ ശരീരത്തിലേക്ക് തുളച്ചിറങ്ങപ്പെട്ടു. അമ്മയുടെ ചിത്രത്തിലെ പൊട്ടി വീണ തുളസ്സിമാലയുടെ അവ്യക്ത ദൃശ്യമാണ് മനസ്സിനെ പിളര്‍ത്തികൊണ്ട് പിന്നീടോടിയെത്തിയത്.

സംശയം ബലപ്പെട്ട് രശ്മി പിടഞ്ഞെണീറ്റ്‌ പ്രാര്‍ത്ഥനാമുറിയിലേക്ക് പാഞ്ഞു. ഏഴു വര്‍ഷം മുന്‍പിലത്തെ നടുക്കുന്ന ഓര്‍മ്മകളിലൂടെ മനസ്സ് വീണ്ടും അരിച്ചരിച്ചു നടന്നു. തരിച്ചു നില്‍ക്കാനേ അവള്‍ക്കായുള്ളൂ.

ഫോണ്‍ കയ്യിലെടുക്കുമ്പോള്‍ രശ്മി വിയര്‍ത്തു വിറയ്ക്കുകയായിരുന്നു.

"ഹലോ, രശ്മീ................."

പ്രകാശിന്‍റെ വിളിക്ക് മറുപടിയാകുവാന്‍ അവള്‍ പിന്നെയും സമയമെടുത്തു. അവളുടെ കിതപ്പ് ക്രമാതീതമായി പെരുകി അങ്ങേത്തലയ്ക്കല്‍ നടുക്കം തീര്‍ത്തുകൊണ്ടിരുന്നു.

"രശ്മീ.......... എന്താ... കാര്യം..? എന്തെങ്കിലുമൊന്നു പറ......"

അയാളും പോകെപ്പോകെ ഭയാക്രാന്തനായി.

"ഏട്ടാ..... എനിക്ക് മുത്തിനെ കാണണം........"

രശ്മി ഒരു വിധം പറഞ്ഞൊപ്പിച്ചു.

"മുത്തിനെന്തു പറ്റി...? അവള്‍ സ്കൂളില്ലല്ലേ......?’"

അയാള്‍ക്കൊന്നും പിടികിട്ടിയില്ല.

"കാണണം.... എനിക്ക് മുത്തിനെ...കാ...ണ...ണം"

അവള്‍ കുഴഞ്ഞു വീഴുമ്പോള്‍ കൈയ്യില്‍ നിന്നു റിസീവര്‍ തെറിച്ചുവീഴുന്ന ശബ്ദം അയാളെ പിന്നെയും നടുക്കി.

കാറെടുത്ത് ധൃതിയില്‍ പാഞ്ഞെത്തുമ്പോള്‍ രശ്മി അയാളെ കാത്ത് വരാന്തയില്‍ കുമ്പിട്ടിരുന്നു തേങ്ങുകയായിരുന്നു. പ്രകാശിനെ കണ്ട മാത്രയില്‍ അവള്‍ ചാടിയെണീറ്റ്‌ അയാളെ മുറ്റത്തിന്‍റെ കോണിലേക്ക് ഭ്രാന്തമായി വലിച്ചിഴച്ചു.

"ദ് കണ്ടോ...പ്രകാശേട്ടാ.... മണമില്ലാത്ത ആ വൈലറ്റ് പൂക്കള്‍ പിന്നേം വിരിഞ്ഞത്.... നോക്ക്....ദേ നോക്ക്..."

അവള്‍ ചിലമ്പി.

"നോക്ക്..... ആകാശത്തിലേക്ക് നോക്ക്..... ഒരു പ്രത്യേക നീല നിറം....ഓര്‍ക്കുന്നോ അത്..." അവള്‍ വല്ലാതെ തിടുക്കപ്പെട്ടു.

"എനിക്ക്..... മുത്തിനെ കാണണം പ്രകാശേട്ടാ...."

അവള്‍ അയാളുടെ കൈകളില്‍ ബലമായി അമര്‍ത്തിതിരുമ്മി, തിരക്ക് കൂട്ടി.

"നിനക്കെന്തു പറ്റി രശ്മീ... നീ എന്തൊക്കെയാ ഈ പറയുന്നത്....? "

"ഏട്ടാ...... നമ്മുടെ ഉണ്ണിമോന്‍ നമ്മെ വിട്ട് പോയ ദിവസം... അന്നാണ്... ഇതിനുമുന്‍പ് ഈ പൂക്കള്‍ വിരിഞ്ഞത്.... ശ്രീദേവിയേട്ടത്തി അലറിക്കരഞ്ഞു കൊണ്ടോടിവരുന്നത്‌ എന്‍റെ കണ്മുന്നില്‍ ഞാനിപ്പോഴും കാണുന്നു.... മുറിക്കുള്ളിലാകെ അന്നത്തെ അതെ മണം... പ്രാര്‍ഥനാ മുറിയില്‍ അമ്മയുടെ ഫോട്ടോയിലെ തുളസ്സിമാല അന്നത്തെ പോലെ............"

അയാള്‍ പൊടുന്നനെ അവളുടെ വാപൊത്തി. നെഞ്ച് പിടയ്ക്കുകയായിരുന്നു. അയാള്‍ അവളെ തന്നിലേക്ക് ചേര്‍ത്തു പിടിച്ചുവെങ്കിലും സമാധാനിപ്പിക്കാന്‍ മറന്നു. ശ്രദ്ധ മുഴുവന്‍ ഫോണിലായിരുന്നു. എപ്പഴോ വന്നു കിടക്കുന്ന രണ്ടുമൂന്ന് മിസ്ഡ് കോളുകളില്‍....!

"ഹലോ .... അമലസിസ്റ്റര്‍ ആണോ...? സിസ്റ്റര്‍, ഇത് പ്രകാശ് ആണ്. അവിടെ തേര്‍ഡ് ബിയില്‍ പഠിക്കുന്ന അമൃതപ്രകാശിന്റെ പേരന്‍റ്........ സ്കൂളില്‍ നിന്നു വിളിച്ചിരുന്നോ...? കോള്‍ ഞാന്‍ കണ്ടിരുന്നില്ല...ക്ഷമിക്കണം.."

"മിസ്റ്റര്‍ പ്രകാശ് നിങ്ങളെ മൂന്നു വട്ടം സ്കൂളില്‍ നിന്ന് വിളിച്ചിരുന്നു... സോറി റ്റൂ സെ......... നിങ്ങളുടെ കുട്ടിക്ക് ചെറിയൊരു ആക്സിഡന്റ്റ് ഉണ്ടായി.. മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയിരിക്കുകയാണ്. സ്കൂള്‍ ഗ്രൗണ്ടില്‍ വച്ച് പുറകോട്ടെടുത്ത ഒരു കാര്‍ തട്ടിയതാണ്....... ഞാനും എച്ചെമ്മും സ്കൂളിലെ രണ്ടുമൂന്നു ടീച്ചേര്‍സും ഹോസ്പിറ്റലില്‍ ഉണ്ട്. താങ്കള്‍ ഉടനെ എത്തൂ...."

"സിസ്റ്റര്‍... സീരിയസ് ആയി എന്തെങ്കിലും...." പ്രകാശിന്‍റെ തൊണ്ട ഇടറുകയായിരുന്നു.

ഒരു ചെറിയ മൌനത്തിനു ശേഷം അയാള്‍ കേട്ടു "ഐസിയൂവില്‍ ആണ്.... ഡോക്ടര്‍ ഒന്നും പറഞ്ഞില്ല....."

ആ കോള്‍ അവസാനിപ്പിക്കുമ്പോള്‍ ആകാംഷയുടെയും ഭയത്തിന്‍റെയും നൂല്‍പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്നു രശ്മി.

"എന്താ ഏട്ടാ.... എന്താ ഉണ്ടായത്....? "

"രശ്മീ... മുത്തിനൊരു ആക്സിഡന്റ്റ്... നീ വേഗം റെഡി ആക്... നമുക്ക് ഹോസ്പിറ്റല്‍ വരെ പോകാം..."

"കണ്ടോ... കണ്ടോ പ്രകാശേട്ടാ.... ഞാന്‍ പറഞ്ഞില്ലേ.... ഉണ്ണിമോനെ പോലെ മുത്തും നമ്മളെ വിട്ടു പോകും... ഞാന്‍ പറഞ്ഞില്ലേ..."

"നീ അരുതാത്തതൊന്നും പറയാതെ... ഇറങ്ങാന്‍ നോക്ക്...."

അയാള്‍ അവളെ സാന്ത്വനിപ്പിക്കാന്‍ വേണ്ടി മാത്രം കാര്യങ്ങള്‍ നിസാരവല്‍ക്കരിക്കാന്‍ ശ്രമിച്ചു.

"നല്ല കഥയായി...ഇനി ഞാന്‍ എങ്ങോട്ടും ഇല്ല... വന്നിട്ടെന്തിനാ..? പ്രകാശേട്ടന്‍ പോയാ മതി..."

മതിവിഭ്രമം പിടിപെട്ടതുപോലെ രശ്മി അകത്തേക്ക് പായുമ്പോള്‍ അയാള്‍ തെല്ലിട പിടഞ്ഞു നിന്നു. "എന്‍റെ പൊന്നെ നീ എന്നെ എങ്ങനെ തളര്‍ത്തല്ലേ.... ഒന്ന് വേഗം റെഡി ആക്...."

"ഞാനെങ്ങോട്ടും ഇല്ല പ്രകശേട്ടാ..... മുത്തിനെ കൊണ്ട് വരുമ്പോളേക്കും എന്തെല്ലാം ഒരുക്കങ്ങള്‍ വേണ്ടാതാ.... ഉണ്ണി ഓര്‍ക്കാപ്പുറത്ത് പോയപ്പോ കിടന്നോടിയ പോലെ ഓടാന്‍ എനിക്ക് വയ്യ.... ഞാന്‍ ഒക്കെ ഒരുക്കി വയ്ക്കാം... പ്രകാശേട്ടന്‍ പോയിട്ട് വരൂ.."

അവള്‍ ഇടയ്ക്ക് അയാളെ നോക്കി ഒരുവേള ചിരിക്കുകയും, ഒപ്പം സഹിക്കാനാവാതെ വിതുമ്പുകയും ചെയ്തു.

അയാളും അവള്‍ക്കരുകില്‍ ഇരുന്നു വിതുമ്പുകയായിരുന്നു.

കണ്ണീര്‍ തുടച്ചെറിഞ്ഞു തിടുക്കത്തില്‍ അയാള്‍ പോയിക്കഴിഞ്ഞപ്പോള്‍ ചുവന്ന കണ്ണുകളും വിറയ്ക്കുന്ന ചുണ്ടുകളുമായി അവള്‍ പ്രാര്‍ഥനാ മുറിയിലേക്ക് പാഞ്ഞു. എന്ത് ചോദിക്കണം എന്ത് പറയണം എന്നറിയാതെ അവള്‍ പൂജാമുറിയിലെ ദൈവങ്ങള്‍ക്ക് നടുവില്‍ മുട്ടുകുത്തി, പിന്നീടെപ്പോഴോ വിവശയായി കുമ്പിട്ടു. കാത്തിരിപ്പ് തുടരുകയായിരുന്നു.....

തലച്ചോറിനുള്ളില്‍ ആംബുലന്‍സിന്റെ ബീക്കന്‍ ലൈറ്റ് മിന്നിത്തെളിഞ്ഞു തുടങ്ങിയത് പെട്ടെന്നാണ്. ചെവി തുളയ്കുന്ന ശീല്‍ക്കാരത്തോടെ സയറണ്‍ മുഴക്കി ആംബുലന്‍സ് മുറ്റത്തേക്ക്‌ ആടിയുലഞ്ഞെത്തി. അകമ്പടിയായി എത്തിയ വാഹനങ്ങളില്‍ ഒന്നില്‍ നിന്നു സുനിലേട്ടന്‍ ഇറങ്ങി വരുന്നതു കണ്ടു. സുനിലേട്ടന്‍റെ ഒക്കത്തിരിക്കുന്ന കൈക്കുഞ്ഞ് ആരുടെതാണ്...? ഓഹ്... സുനിലേട്ടന്‍ കല്യാണം കഴിച്ചുവോ...? വെളുത്ത സാരി ചുറ്റി ഒപ്പം കരഞ്ഞു കൊണ്ട് വരുന്നതാവും ഭാര്യ.... കല്യാണമേ വേണ്ട എന്ന് പറഞ്ഞു നടന്നിരുന്ന ആളാ....!

ശ്രീദേവിയേട്ടത്തി ആളുകളെ തള്ളിമാറ്റി വരുകയാണ്. ആ കണ്ണുകള്‍ തേടുന്നത് തന്നെയാണെന്ന് മനസ്സിലാക്കി താന്‍ കൈകള്‍ ഉയര്‍ത്തുകയാണ്...

"മോളെ... നമ്മുടെ ഉണ്ണിമോന്‍... പോയി......"

ശ്രീദേവിയേട്ടത്തി തന്നെ അമര്‍ത്തിപ്പിടിച്ചുകൊണ്ട് നിയന്ത്രണം വിട്ടു.

"ഏട്ടത്തീ... ഉണ്ണിമോന്‍ പോയിട്ട് വര്‍ഷം ഏഴായി.... ഒക്കെ മറന്നോ...? ഇന്ന് മുത്തിനെയാ കൊണ്ടുപോയത്......"

ശ്രീദേവിയേട്ടത്തി പൊട്ടിക്കരഞ്ഞ തന്നെ കൈകളില്‍ കോരി എടുത്തു ഹാളിലേക്ക് നടന്നു.

വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് പുഞ്ചിരിച്ചു കൊണ്ട് ചാച്ചനും ഒപ്പം അമ്മച്ചിയും അടുത്തേക്ക് വരുന്നത് കണ്ടു. തനിക്കും സുനിലേട്ടനും എന്നും സ്നേഹവും സംരക്ഷണവുമായിരുന്നു ചാച്ചന്‍. പക്ഷെ ചാച്ചന്‍ എന്തിനാണിങ്ങനെ ചിരിക്കുന്നത്...? സ്വര്‍ഗ്ഗത്തില്‍ നിന്നു വരുന്നവരൊക്കെ എല്ലാം തമാശയായെ കാണൂ എന്ന് കേട്ടിട്ടുണ്ട്. അതാവും മുത്ത്‌ മരിച്ചതറിഞ്ഞിട്ടും ചാച്ചന്‍ ചിരിക്കുന്നത്...! എന്നാലും ചാച്ചനുണ്ടായിരുന്നെങ്കില്‍ ഒരു വലിയ ആശ്വാസമായേനെ എന്നോര്‍ത്തപ്പോള്‍ തേങ്ങലടക്കാന്‍ കഴിയാതെ അവള്‍ പിന്നെയും വിതുമ്പാന്‍ തുടങ്ങി.

ചാച്ചനെ ഓര്‍മ്മകളില്‍ നിന്നും പിന്തള്ളികൊണ്ട് ഒരു കൂട്ടമാളുകള്‍ മുത്തിനെയും കൊണ്ട് ഹാളിലേക്കെത്തി... എന്തിനാണ് ആളുകള്‍ ഇങ്ങനെ ബഹളം വയ്ക്കുന്നത്... കൂട്ടമായെത്തിയവര്‍ വെളുത്ത പൊതിക്കെട്ടു സൂക്ഷമതയോടെ പായില്‍ കിടത്തുന്ന തിരക്കിലായിരുന്നു. സഹതാപത്തോടെ തന്നെ നോക്കി ആരൊക്കെയോ കടന്നു പോകുന്നത് കണ്ടു. കരഞ്ഞു തളര്‍ന്ന പ്രകാശേട്ടനെ താങ്ങി കൊണ്ട് വരുകയാണ് കുമാരേട്ടനും അയ്മൂട്ടി മാഷും. മാഷിനെ കണ്ടിട്ട് എത്ര കാലമായി... അന്നുമിന്നും തനിക്കു പ്രിയപ്പെട്ട അയ്മൂട്ടി മാഷ്.. ചാച്ചനു പകരം ഒരാശ്വാസമായി മാഷെങ്കിലും വന്നല്ലോ.

"മാഷേ..... അടക്കു കഴിയാതെ പോകല്ലേ....... ന്‍റെ അടുത്ത് കാണണം..... ചാച്ചന്‍കൂടി ഇല്ലാത്തതല്ലേ..."

താന്‍ മാഷിന് നേരെ കൈകള്‍ ചലിപ്പിക്കുമ്പോള്‍ ഉവ്വെന്ന അര്‍ത്ഥത്തില്‍ മാഷ് തലയാട്ടി ചിരിച്ചു. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച മാഷും ചിരിക്കുകയാണോ..?.

"രശ്മീമ്മേ......"
മുത്തിന്‍റെ വിളിയാണ്.....അവള്‍ ചെറുപ്പം തൊട്ടെ അങ്ങനെയാണ് വിളിക്കുന്നത്. എന്തിനാണാവോ അവള്‍ വിളിക്കുന്നത്‌...? ഇനിയിപ്പോ എന്താണവള്‍ക്ക് പറയാനുള്ളത്...?

"രേശ്മീമ്മേ... കണ്ണു തുറക്കൂ...."

രശ്മിക്ക്‌ ദേഷ്യം വരുകയായിരുന്നു. പിന്നേം മുത്താണ്... അവള്‍ വിടുന്ന മട്ടില്ല. ഒന്ന് മയങ്ങാന്‍ സമ്മതിക്കില്ല.

മയക്കം വിട്ടുണരുമ്പോള്‍ ഹാളിലുള്ള സോഫയില്‍ തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന പ്രകാശിന്‍റെ കൈകളുടെ ഇളം ചൂടിന്‍റെ സുഖം മെല്ലെ അറിഞ്ഞു തുടങ്ങി.

അയല്‍പ്പക്കത്തെ കുറെയധികം പേര്‍ ചുറ്റിലും കൂടി നില്‍ക്കുകയാണ്. ആശ്വാസത്തിന്‍റെ തിരയിളക്കങ്ങള്‍ എല്ലാമുഖങ്ങളിലും തെളിഞ്ഞു നിന്നു.

"രശ്മീ... ദേ നിന്റെ മുത്ത്‌........ അവള്‍ക്കൊന്നുമില്ല..."

വടക്കേപുറത്തെ ജമീലാക്കയാണ്.

അക്കായുടെ കൈകളില്‍ മുന്‍പല്ലുകള്‍ ഇല്ലാത്ത മോണകാട്ടി ചിരിക്കുന്ന മുത്ത്...! അക്കാ ഒരു കൈകൊണ്ടു അവളുടെ നെറ്റിയിലെ മുറിവിന്മേലുള്ള ബാന്റേജിനു മുകളിലൂടെ സ്നേഹത്തോടെ തടവുന്നുന്നത് കണ്ടു.

അക്കായും പ്രകാശേട്ടനും ചിരിക്കുകയാണ്. പിന്നെയും ആരൊക്കെയോ ചിരിക്കുന്നുണ്ട്. വെള്ള വസ്ത്രം ധരിച്ച ചാച്ചനും അമ്മച്ചിയും അയ്മൂട്ടി മാഷും ചിരിച്ചുകൊണ്ട് പോയ്മറയുന്നത് അവ്യക്തമായി കണ്ടു.

ചിരികളുടെ അലയൊലികള്‍ ഒന്ന് ചേര്‍ന്ന് തനിക്കു ചുറ്റും വിലയം കൊള്ളുമ്പോള്‍ സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും മദ്ധ്യേ വികാരാധീനയായി രശ്മി കണ്ണീര്‍ തൂവി.

↑ top