≡ മാര്‍ച്ച്‌ 2016 ലക്കം
Painting by Feike van der Boom
കവിത

അവകാശികൾ

പറഞ്ഞു വെച്ചിരുന്നു ഞാന്‍
ഒരു പഴയ ശവപ്പെട്ടി
വില കുറഞ്ഞത്‌,
എനിക്ക് ശ്വാസം വിടുവാന്‍ വേണ്ടി
കാറ്റ് കടക്കുന്നത്‌!

മാറ്റി വെച്ചിരുന്നു ഞാന്‍
ആറടി മണ്ണ്,
ആര്‍ക്കും അവകാശം നല്‍കാത്ത മണ്ണ്
തീറെഴുതി വാങ്ങിയവര്‍ അവകാശം
ചോദിച്ചു വരാത്ത മണ്ണ്,
കുഴി കുത്തണോ കത്തിക്കണോ
എന്ന അവകാശം മാത്രം നിങ്ങള്‍ക്ക്!

പക്ഷേ..,

കോടാലിക്കൈ വെക്കും മുന്‍പാ
മൂവാണ്ടന്‍ മാവിനോടു ഒന്ന് ചോദിക്കുക,
എന്നെ നീറു കടിപ്പിച്ച മാവാണത്.

ഗണപതിയുടെ പിന്നിലുണ്ടത്,
കുങ്കുമത്തില്‍ മുക്കിയൊരു താലി.
അതെന്റെ ഒപ്പം കളഞ്ഞേക്കണം,
അവളുടെ അവസാന ഓര്‍മയാണത്,
എന്നോടൊപ്പം കരിഞ്ഞു തീരേണ്ടത്.

എന്റെ ഫോട്ടോ സൂക്ഷിക്കേണ്ടതില്ല,
ഫോട്ടോയില്‍ മാലയും ഇടരുത്,
വാര്‍ധക്യം ബാധിച്ച എന്റെ മുഖം
എനിക്ക് തന്നെ അരോചകമാണ്.

ബാക്കി വെച്ചതൊക്കെ നിങ്ങള്‍ക്കാണ്,
കണക്കുകളില്‍ തല്ലു കൂടാണ്ടിരിക്കുക,
ഒന്ന് മാത്രം മറക്കരുത്,
ആറടി മണ്ണ് -
അല്ലെങ്കില്‍ ഒരു ശവപ്പെട്ടി
സ്വന്തമായി ബാക്കി വെക്കുക.

↑ top