≡ മാര്‍ച്ച്‌ 2016 ലക്കം
കുറിപ്പ്

ഇനിയില്ല ആ മണികിലുക്കം

വ്യത്യസ്തമായ ചിരി കൊണ്ടും മിമിക്രി കൊണ്ടും നാടൻ പാട്ടുകൾ കൊണ്ടും മലയാളിയുടെ മനസ്സിലേക്ക് ഓടിക്കയറിയ ഒരു നടൻ. കലാഭവന്റെ മിമിക്സ് പരേഡിലൂടെയാണ് മണി കലാ രംഗത്ത് സജീവമാകുന്നത്. അതിനും എത്രയോ മുൻപേ തന്നെ സിനിമ മണിയുടെ സ്വപ്നമായി കൂടെയുണ്ടായിരുന്നത് കൊണ്ടാകാം 1991 ലിറങ്ങിയ വിജയ്‌ കാന്ത് നായകനായ ക്യാപ്റ്റൻ പ്രഭാകാറിൽ മുഖം കാണിക്കാൻ മണിക്ക് അവസരം ലഭിച്ചത്.

ജീവിത പ്രാരബ്ധങ്ങൾക്കിടയിലും കലാ ജീവിതം നയിക്കാൻ മണിക്ക് സാധിച്ചിരുന്നു. തന്റെ കണ്മുന്നിലെ ജന്തു ജാലങ്ങളെയും മറ്റും അസാധ്യമായി നിരീക്ഷിക്കുകയും അനുകരിച്ചു കാണിക്കുകയും ചെയ്തിരുന്ന മണിക്ക് മിമിക്രി എന്നാൽ ശബ്ദാനുകരണം മാത്രമായിരുന്നില്ല. മിമിക്രിയും നാടൻപാട്ടുമായി കലാഭവനിൽ സജീവമായിരുന്ന അതേ സമയം തന്നെ ചാലക്കുടി കവലയിൽ ഒരു ഓട്ടോ റിക്ഷാ ഡ്രൈവർ ആയും മണി പ്രത്യക്ഷപ്പെടുമായിരുന്നു. ആ കാലത്ത് ജെ സ് വിജയൻ സംവിധാനം ചെയ്ത ദൂരദർശനിലെ പർണ്ണശാല പരമ്പരയിൽ അഭിനയിക്കാൻ പോയതോട് കൂടി മണി അഭിനയ രംഗത്ത് കൂടുതൽ സജീവമാകാൻ തീരുമാനിച്ചു.

1993 ൽ ഇറങ്ങിയ സമുദായമാണ് ആദ്യം മുഖം കാണിച്ച മലയാള സിനിമ. സിബി മലയിലിന്റെ അക്ഷരം സിനിമയിലെ ആട്ടോ റിക്ഷ ഡ്രൈവറുടെ വേഷം ചെറുതെങ്കിലും മണിക്ക് മറ്റുള്ളവരുടെ മുന്നിൽ താനും ഒരു സിനിമാ നടനെന്ന് പറഞ്ഞു ചൂണ്ടി കാണിക്കാൻ പോന്ന കഥാപാത്രമായിരുന്നു. അതിനു ശേഷം ചെയ്ത സല്ലാപത്തിലെ കള്ള് ചെത്തുകാരൻ രാജപ്പന്റെ വേഷം മണിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി മാറി. പിന്നീട് മണിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പ്രേക്ഷകനെ ചിരിപ്പിച്ചും കരയിപ്പിച്ചും ഒരുപാട് കഥാപാത്രങ്ങളിലൂടെ ഭാഷാ ഭേദമന്യേ എല്ലാ പ്രേക്ഷകർക്കും പ്രിയങ്കരനായ ഒരു നടനായി മണി മാറി. തമിഴിലും കന്നഡയിലും തെലുങ്കിലും വരെ മണിക്ക് ഒരു നടനെന്ന പേരിൽ സ്വന്തമായൊരിടം ഉണ്ടായി.

ശങ്കറിനെ പോലുള്ള സംവിധയകൻ മണിയെ അന്ന്യനിലും യെന്തിരനിലും ഒരു വേഷം ചെയ്യാൻ വിളിച്ചതൊക്കെ മണിയുടെ മാറ്റ് കൂട്ടിയ കാര്യങ്ങളായിരുന്നു. വിക്രം, രജനികാന്ത്, ഐശ്വര്യ റായി പോലെയുള്ള വൻ താരങ്ങളുടെ കൂടെയുള്ള മണിയുടെ കോമ്പിനേഷൻ സീനുകൾ മണിയുടെ ആരാധകരെ പുളകം കൊള്ളിക്കുകയുണ്ടായിട്ടുണ്ട്. മലയാളത്തിലെ ഹിറ്റ് സിനിമ ദൃശ്യം തമിഴിലേക്ക് പാപനാശമായി മാറ്റിയപ്പോൾ മലയാളത്തിൽ കലാഭവൻ ഷാജോൺ ചെയ്ത് ഉജ്ജ്വലമാക്കിയ അതേ കഥാപാത്രത്തെ ഒട്ടും മോശമാക്കാതെ കലാഭവൻ മണിയും അവതരിപ്പിച്ചു കാണാം. മണി എന്ന നടനെ സഹനടനായും വില്ലനായും കൊമേഡിയാനുമൊക്കെ പലരും ഉപയോഗിച്ചിട്ടുണ്ടെങ്കിലും മണിയുടെ കഴിവ് കണ്ടറിഞ്ഞ് ഉപയോഗിച്ച ഒരേ ഒരു സംവിധായകൻ വിനയനായിരുന്നു എന്ന് തോന്നുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ സിനിമകളിലൂടെ അത് വരേക്കും ആരും ഉപയോഗിച്ചിട്ടില്ലാതിരുന്ന മണിയിലെ നടന മികവ് വിനയനാണ് പ്രേക്ഷകർക്ക് മുന്നിൽ രാമുവായും കുട്ടനായും അവതരിപ്പിച്ചു കാണിച്ചു തന്നത്.

ചെയ്ത് തീർക്കാൻ ഇനിയും ഒരുപാട് കഥാപാത്രങ്ങൾ ബാക്കി വച്ച് കൊണ്ട് മലയാള സിനിമാ ലോകത്ത് നിന്ന് കലാഭവൻ മണി കൂടി യാത്രയായപ്പോഴും കാലത്തെ പഴിച്ചു കൊണ്ട് പ്രേക്ഷകർ ഇപ്പോഴും മണിയെ നെഞ്ചോട്‌ ചേർത്ത് ഓർക്കുകയാണ്. ആ ചിരിയുടെയും കുറേ നാടൻ പാട്ടുകളുടെയും കുറെ നല്ല കഥാപാത്രങ്ങളുടെയും ഓർമ്മയിൽ മലയാളിയുടെ സ്വന്തം കലാഭവൻ മണിക്ക് പ്രണാമം...

↑ top