≡ മാര്‍ച്ച്‌ 2016 ലക്കം
അന്താരാഷ്ട്ര വനിതാദിനം 2016 - #PledgeForParity
ലേഖനം

എപ്പോഴും ചിരിക്കുന്ന പെണ്ണ്

"എപ്പോ നോക്കിയാലും, കണ്ണാടിയുടെ മുന്‍പിലാ, കോളേജിൽ പോകാൻ ഇത്രയൊക്കെ ഒരുങ്ങണോ കുട്ടീ?"

അമ്മയുടെ, കുഞ്ഞമ്മയുടെ, അമ്മൂമ്മയുടെ ഒക്കെ ശകാരങ്ങൾ കേട്ട് മരവിച്ചു പോയ മനസിന്‌, കണ്ണാടിയിൽ അധികസമയം നോക്കി നില്‍ക്കാൻ മടിയാണ്. സ്വന്തം കാര്യം നോക്കുന്നത് എന്തോ ഒരു തെറ്റുപോലെ. പിന്നെ ഇങ്ങനെ കുട്ടിക്കാലത്ത് കേട്ട് വളർന്ന ചെറിയ ചെറിയ കുറ്റങ്ങൾ, നമ്മളറിയാതെ നമ്മളുടെ ഉള്ളിൽ വേരുപിടിക്കുന്നു. സ്‌ത്രീകൾ എപ്പോഴും, അവരുടെ ചിന്തകളുടെ തന്നെ തടവുകാരായി മാറുന്നില്ലേ എന്നൊരു സംശയം. ചുമ്മാ അങ്ങ് ചിന്തിച്ച് കൂട്ടുകയാണ്.

'അയ്യോ അവരെന്തു വിചാരിക്കും?',
'ഇവരെന്നെപ്പറ്റിയല്ലേ പറഞ്ഞത്?',
'കുട്ടികളുടെ ഭാവി എന്താകും',
'ഭർത്താവിന് ഇപ്പോൾ പഴയ പോലെ ഒരു സ്നേഹവുമില്ല!'

അങ്ങനെ, അങ്ങനെ ചിന്തിച്ച്, സ്വന്തമായി ഉണ്ടാക്കിയ ഒരു സങ്കടതുരുത്തില്‍, കുറേയേറെ പരാതികളും, പരിഭവങ്ങളുമായി ഒരു ജീവിതം. പോരാത്തതിനു സ്വന്തം ആരോഗ്യവും, ഭക്ഷണവും, വ്യായാമവും ഒന്നും ശ്രദ്ധിക്കാതെ സ്വയം വരുത്തി വെച്ച കുറെ രോഗങ്ങളും കാണും കൂട്ടിന്. ഇതിലെ പകുതി രോഗങ്ങളും മറ്റുള്ളവരിൽ നിന്നും സഹതാപം കിട്ടാൻ മനസ് കളിക്കുന്ന ഒരു കളിയാണ്‌.

അച്ഛനമ്മമാരുടെ വേർപാട്‌, കുട്ടികൾ കൂട്ടിൽ നിന്നും പറന്നു പോകുന്നു, ഭർത്താവിന് ജോലിത്തിരക്കും മറ്റു തിരക്കുകളും, മറുനാട്ടിലെ ഒറ്റപ്പെട്ട ജീവിതം, പെണ്ണിന്റെ മനസ് വല്ലാതെ ഒറ്റപ്പെടാൻ ഇതൊക്കെ ധാരാളം. നമ്മൾ നമ്മളെ തന്നെ സ്നേഹിക്കാൻ തുടങ്ങാൻ ഇതിലും നല്ലൊരു സമയമില്ല.

വായന, വ്യായാമം, നല്ല ആഹാരം ഇതൊക്കെ നല്ല ചിന്തകളിലേക്ക് നമ്മെ നയിക്കുന്നു. ചിന്തകൾ നന്നാകുമ്പോള്‍ സന്തോഷം തനിയെ വരും. എപ്പോഴും സന്തോഷമായിരിക്കുന്ന, ജീവിതം ആസ്വദിക്കുന്ന അമ്മയെ കാണാൻ മക്കൾക്കും, ഭാര്യയെ കാണാൻ ഭർത്താവിനും, എത്ര ഇഷ്ടമായിരിക്കും. ഇരുപത്തിനാല് മണിക്കൂറിൽ നിന്നും ഒരു മണിക്കൂർ അവനവനെ സ്നേഹിക്കാൻ മാറ്റി വെയ്ക്കുന്ന ഏതൊരാൾക്കും ആ സ്നേഹവും, അതിൽ നിന്നും ഉണ്ടാവുന്ന സന്തോഷവും മറ്റുള്ളവർക്കും പകര്ന്നു കൊടുക്കാൻ പറ്റും. ചീത്ത വാർത്തകൾക്ക് പ്രാധാന്യം കൊടുക്കാതെ, മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്താനും, അത് പങ്കു വെക്കാനും സമയം കളയാതെ, അന്യോന്യം സഹായിച്ചും, പ്രോത്സാഹിപ്പിച്ചുമുള്ള വനിതകളുടെ കൂട്ടായ്മകള്‍ ഏറ്റവും ആവശ്യമുള്ള ഒരു കാലം ആണിത്. സ്വയം സൃഷ്‌ടിച്ച ഒരു തടവറക്കുള്ളിൽ മനസിനെ തളച്ചിടാതെ ഉറക്കെ ഒന്ന് പൊട്ടിച്ചിരിക്കാൻ, കൂട്ടം കൂടി നന്മകൾ ചെയ്യാൻ ഒക്കെ നമ്മൾ മറക്കരുത്.

പറക്കമുറ്റിയ മക്കളെ പറക്കാൻ അനുവദിച്ച്, ജീവിത പ്രാരബ്ധങ്ങള്‍ മുരടനാക്കിയ പ്രിയതമനെ ഒന്ന് അത്ഭുതപ്പെടുത്തി, ഇപ്പോഴും ചിരിക്കുന്ന വീടിന്റെ വിളക്ക്. ആഹാ! എത്ര മനോഹരമായ സ്വപ്നം അല്ലേ? പക്ഷേ, ഇതൊരു നടക്കാത്ത സ്വപ്നം അല്ലാ - ഈ വനിതാദിനത്തില്‍ നമുക്ക്, വീടിന്‍റെ വിളക്കുകള്‍ക്ക്, ഒരു പ്രതിജ്ഞ എടുത്താലോ? വിളക്കുകള്‍ എന്നും നിറഞ്ഞു കത്താനുള്ളവയാണ്, കരിന്തിരി കത്തി കെടാനുള്ളതല്ല! ആ വിളക്കുകള്‍ക്ക് കത്താന്‍ ആവശ്യമായ ചിരിയുടേയും, ആരോഗ്യത്തിന്റെയും, സമാധാനത്തിന്റേയും എണ്ണയും തിരിയും നല്‍കേണ്ടത് കൂടെയുള്ള പുരുഷ പ്രജകള്‍ ആണെങ്കിലും, ഈ വിളക്കുകള്‍ നിറഞ്ഞു കത്തി സന്തോഷമെന്ന ഊര്‍ജ്ജം പകരുമെന്ന് തെളിയിക്കേണ്ടത് നമ്മള്‍ തന്നെയാണ്.. പരാതികളും പരിഭവങ്ങളും മാറ്റി വെച്ച് നമുക്കൊക്കെ പണ്ടത്തെ ആ അടിച്ചുപൊളി കൌമാരക്കാരി ആയാലോ.ഉള്ളത് കൊണ്ട് സന്തോഷമായി എപ്പോഴും സന്തോഷവതിയായി, കുറച്ചു നല്ല ശീലങ്ങൾ, വ്യായാമം, ആരോഗ്യം സൂക്ഷിക്കുന്ന ആഹാരങ്ങൾ, വായന അങ്ങനെയങ്ങനെ ഒരു സ്വപ്നജീവിതം ഒന്ന് ശ്രമിച്ചാലോ? നമ്മുടെയൊക്കെ ദിവസത്തിലെ 24 മണിക്കൂറില്‍ ഒരു മണിക്കൂര്‍ സ്വന്തം കാര്യത്തിന് വേണ്ടി - ആ ഒരു മണിക്കൂര്‍ പുസ്തകവായനയ്ക്ക് ആകാം, പാട്ട് കേള്‍ക്കാന്‍ ആകാം, വ്യായാമം ചെയ്യാന്‍ ആകാം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആകാം അല്ലെങ്കില്‍ ചുമ്മാ കുറച്ചു കിനാവ് കാണാനാകാം - എന്തിനു വേണ്ടിയും ആയിക്കോട്ടെ! അങ്ങനെ ഒരു മണിക്കൂര്‍ നിങ്ങള്‍ക്കായി -നിങ്ങള്‍ക്കായി മാത്രം- നീക്കിവെക്കും എന്നൊരു പ്രതിജ്ഞ ഈ വനിതാദിനത്തില്‍ എടുത്താലോ? മാറ്റം പലപ്പോഴും അതിശയിപ്പിച്ചേക്കും.

ഇതൊരു യാഥാർത്ഥ്യം ആക്കാനുള്ള ഒരു യാത്രയിൽ ആണെന്റെ മനസ്‌ ഇപ്പോൾ, കൂടെ കൂടുന്നോ?


ലേഖിക കാലിഫോര്‍ണിയയില്‍ 'ഗുരുകുലം' എന്ന വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ്.

↑ top