≡ മാര്‍ച്ച്‌ 2016 ലക്കം

എഡിറ്റോറിയല്‍

ജീവിതത്തിന്‍റെ എല്ലാക്കാലത്തും ആവശ്യവും അനിവാര്യവുമായ മാറ്റങ്ങളിലൂടെ ഇന്ത്യയും കടന്നു പോകുന്നു. ഓരോ ഇടങ്ങളിലും ഓരോ പുതിയ ശബ്ദമുയരുന്നത് നാളെയെ കുറിച്ചുള്ള പ്രത്യാശയുടെ നാമ്പുകളാണ് നമുക്കായി കരുതി വെക്കുന്നത്.

'സ്വാതന്ത്ര്യം' എന്നത് മനുഷ്യനെ മനുഷ്യനായി കാണാനും, മാനുഷിക മൂല്യങ്ങള്‍ക്ക് അനുസൃതമായി മറ്റൊരാളിനെ ജീവിക്കാന്‍ അനുവദിക്കാനും, സ്വന്തം ഇഷ്ടങ്ങള്‍ മറ്റൊരാളുടെ മൂക്കിന്‍തുമ്പില്‍ അവസാനിക്കുന്നു എന്ന് മനസിലാക്കാനും കഴിയുന്നതാണെന്ന് എല്ലാവരും ചിന്തിക്കട്ടെ.

ഫെബ്രുവരി കടന്നു പോയത് മലയാള സാഹിത്യ ലോകത്തിനും സിനിമാലോകത്തിനും വളരെയധികം നഷ്ടങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ്. മഹാകവി ഒ.എന്‍.‍വി. കുറുപ്പ്, സ്കൂള്‍ ഡയറിയിലൂടെ വായനക്കാരെ ചിന്തിപ്പിച്ച അക്ബര്‍ കക്കട്ടില്‍, ഒരൊറ്റ ചിത്രം കൊണ്ടുതന്നെ മലയാള സിനിമാചരിത്രത്തിലിടം പിടിച്ച രാജേഷ്‌ പിള്ള, ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഒരു സ്ഥാനം എന്നും അവകാശപ്പെടാനുള്ള രാജാമണി, പ്രശസ്ത ചായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ — ഇവരെല്ലാം നമ്മളെ വിട്ടു പിരിഞ്ഞത് ഈ ഫെബ്രുവരിയിലാണ്. 2016ന്റെ നഷ്ടങ്ങളില്‍ അവസാനമായി നമ്മുടെയെല്ലാം പ്രിയനടനും നാടന്‍ പാട്ടുകളുടെ തോഴനുമായ‍ കലാഭവന്‍ മണിയും. നമ്മളെ വിട്ടുപിരിഞ്ഞ എല്ലാ പ്രതിഭകള്‍ക്കും മലയാളം ബ്ലോഗ്ഗേഴ്സിന്റെയും ഇ-മഷിയുടെയും ആദരാഞ്ജലികള്‍.

ഫെബ്രുവരി അവസാനിച്ചത് ലിയനാര്‍ഡോ ഡികാപ്രിയോയുടെ ഓസ്കാര്‍ സന്തോഷത്തില്‍! അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ പ്രസക്തമായ ഭാഗം — "Let's not take this planet for granted" — ഓര്‍ത്തു കൊണ്ട്, എല്ലാവര്‍ക്കും മനോഹരമായ ഒരു മാര്‍ച്ച്‌ ആശംസിക്കുന്നു. ഒപ്പം ഈസ്റ്റര്‍ ആശംസകളും.

അന്താരാഷ്ട്ര വനിതാ ദിനങ്ങള്‍ പേരിനു മാത്രം ആകാതെ വനിതകളുടെ ഉന്നമനത്തിനാകട്ടെ എന്നാഗ്രഹിക്കുന്നു. കുംഭം-മീനം ചൂടും ഇലക്ഷന്‍റെ ചൂടും ചേര്‍ന്നൊരു പൊള്ളുന്ന മാര്‍ച്ചാകാം കടന്നു വരുന്നത് - ദാഹിക്കുന്ന കിളികള്‍ക്ക് ഒരു പാത്രം വെള്ളം പുറത്ത് കരുതാന്‍ മറക്കണ്ട.

സ്നേഹപൂര്‍വ്വം,
ഇ-മഷി ടീം.

വര: അസ്രൂസ് ഇരുമ്പൂഴി
↑ top