≡ മാര്‍ച്ച്‌ 2016 ലക്കം
സിനിമ

മൂന്ന് ഫ്രഞ്ച് സിനിമകൾ

എമിലി

2001ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയാണിത്. സാങ്കേതിക വൈദഗ്ധ്യം കൊണ്ട് ഗംഭീരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ചിത്രം. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇത് എമിലിയുടെ കഥയാണ്. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ട ഇരുപത്തിനാലു വയസ്സുള്ള പാരീസുകാരിയായ യുവതിയാണ് എമിലി. ഒരു കഫേയിൽ വെയിറ്ററായി ജോലി ചെയ്യുന്ന എമിലിയുടെ താമസം അവളുടെ അച്ഛന്റെ വാസസ്ഥലത്തു നിന്നും കുറച്ചകലെയാണ്.

രൂപം കൊണ്ടും പെരുമാറ്റം കൊണ്ടും നിഷ്കളങ്കത പുലർത്തുന്നവളും സ്വപ്നലോകത്ത് ജീവിക്കുന്നവളുമാണ് എമിലി. മറ്റുള്ളവരെ സഹായിക്കാനും അവരെ സന്തോഷിപ്പിക്കാനുമുള്ള മനസ്സുണ്ട് അവൾക്ക്. ഒരു നാൾ ഡയാന രാജകുമാരിയുടെ മരണവാർത്ത അറിയുമ്പോഴുണ്ടാകുന്ന ഞെട്ടലിൽ എമിലിയുടെ കയ്യിൽ നിന്നും ഒരു പെർഫ്യൂം ബോട്ടിലിന്റെ അടപ്പ് താഴെ വീഴുകയും അത് കാരണം ബാത്ത് റൂമിലെ ഇളകി നിൽക്കുന്ന ഒരു ടൈൽ അവൾ ശ്രദ്ധിക്കാനിടവരികയും ചെയ്യുന്നു. ആ ടൈൽ ഇളക്കി മാറ്റുമ്പോൾ അവൾക്ക് ഒരു ചെറിയ ലോഹപ്പെട്ടിയാണ് ലഭിക്കുന്നത്. അതിലാകട്ടെ ഒരാണ്‍കുട്ടി തന്റെ കുട്ടിക്കാലത്ത് സൂക്ഷിച്ചു വച്ച തന്റെ കളിപ്പാട്ടങ്ങളായിരിക്കും ഉണ്ടായിരിക്കുക. പിന്നീട് ആ ലോഹപ്പെട്ടിയുടെ ഉടമയെ കണ്ടെത്താനും അത് അയാളെ തിരിച്ചേൽപ്പിക്കാനുമായി എമിലി നടത്തുന്ന ശ്രമമാണ് ചിത്രത്തിന്റെ കഥാഗതി നിർണ്ണയിക്കുന്നത്. ആ ലോഹപ്പെട്ടി അതിന്റെ ഉടമയുടെ കയ്യിൽ എത്തിയാൽ അയാൾക്കുണ്ടാകുന്ന സന്തോഷം മനസ്സിൽ കണ്ടുകൊണ്ടാണ് അവൾ അത്തരത്തിലൊരു ഉദ്യമത്തിന് തയ്യാറാവുന്നത്.

ഫ്രഞ്ച് ബോക്സോഫീസിനെ ഇളക്കിമറിച്ച ചിത്രമായിരുന്നു ഇത്. ആണ്ട്രൂ ടോട്ടോ കേന്ദ്ര കഥാപാത്രമായ എമിലിയായി തകർത്തഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ജീൻ പെറി ജെന്നറ്റ് ആണ്. അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ഈ ചിത്രം ലോകമെമ്പാടുമായി ഒട്ടേറെ പുരസ്കാരങ്ങൾ വാരിക്കൂട്ടി.

IMDb റേറ്റിംഗ് :

ദി ഇൻടച്ചബിൾസ്

കൈകാലുകൾ തളർന്ന മദ്ധ്യവയസ്കനായ ഒരു കോടീശ്വരന്റെയും അയാളെ പരിചരിക്കാനെത്തുന്ന യുവാവിന്റെയും കഥ പറഞ്ഞ ചിത്രമാണ് ദി ഇൻടച്ചബിൾസ്. ബ്യൂട്ടിഫുൾ എന്ന മലയാള സിനിമയുടെ പിറവി എവിടെ നിന്നാണെന്ന് ഈ ചിത്രം കാണുന്ന ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. 2011ൽ ആണ് ഈ സിനിമ പ്രദർശനത്തിനെത്തിയത്. കോടീശ്വരനായ ഫിലിപ്പ് ആയി ഫ്രാൻസിസ് ക്ലസറ്റും, ഡ്രിസ് എന്ന യുവാവായി ഒമർ സൈയും വേഷമിട്ടിരിക്കുന്നു. അമിതവേഗതയിൽ കാറോടിക്കുകയും തന്ത്രപൂർവ്വം പോലീസിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്ന ഇരുവരുടെയും രംഗത്തോട് കൂടിയാണ് ചിത്രത്തിന്റെ ആരംഭം. ചിത്രം പിന്നീട് ഫ്ലാഷ്ബാക്കിലേക്ക്‌ നീങ്ങുന്നു.

ഫിലിപ്പിനെ പരിചരിക്കാനായി പുതിയ ഒരാളെ തിരഞ്ഞെടുക്കുകയാണ്.ഡ്രിസ്സിനാണ് നറുക്ക് വീഴുന്നത്. ജോലിക്കെത്തിയ ദിവസം മാത്രമാണ് അതൊരു സ്ഥിരം ജോലി അല്ലെന്നും കൃത്യനിർവ്വഹണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ജോലിസ്ഥിരത എന്നും അവൻ മനസ്സിലാക്കുക. പൊട്ടിത്തെറിച്ച സ്വഭാവമാണ് ഡ്രിസ്സിന്റേത്. അതുകൊണ്ട് തന്നെ തുടക്കത്തിൽ ആർക്കും അയാളെ ഇഷ്ടമാവുന്നില്ല. എന്നാൽ പിന്നീട് ഡ്രിസ്സും ഫിലിപ്പും തമ്മിൽ വല്ലാത്തൊരു ആത്മബന്ധം വളരുകയും ഫിലിപ്പിന്റെ ജീവിതം തന്നെ മാറിമറിയുകയും ചെയ്യുന്നു. ഫിലിപ്പിന്റെ പെൻ ഫ്രണ്ടായ എലനോറിലേക്ക് അയാളെ അടുപ്പിക്കുന്നത് ഡ്രിസ്സാണ്. രോഗശയ്യയിൽ യാതൊരു വിധ സന്തോഷവുമില്ലാതെ കിടന്നിരുന്ന ഫിലിപ്പിന്റെ ജീവിതത്തിന് ഡ്രിസ്സ് പുതിയൊരു ഉണർവ്വുണ്ടാക്കുന്നു. എന്നാൽ ഇരുവരും വീണ്ടും അകലുന്നതോടെ ഫിലിപ്പിന്റെ ജീവിതത്തെ അത് സാരമായി ബാധിക്കുകയാണ്. ഫിലിപ്പിന്റെ ജീവിതത്തിലേക്ക് വീണ്ടും ഡ്രിസ്സ് തിരിച്ചെത്തുമോ?

സൗഹൃദത്തിന്റെ കഥ മാത്രമല്ല ചിത്രം പറഞ്ഞത്. അതിലൂടെ രാജ്യത്ത് ഇപ്പോഴും നിലനിൽക്കുന്ന വർണ്ണവിവേചനത്തിന്റെയും സാമൂഹിക അസമത്വങ്ങളുടെയും യഥാർത്ഥ ചിത്രം കൂടിയാണ് സിനിമ ഉയർത്തിക്കാട്ടിയത്. ബോക്സോഫീസ് കളക്ഷൻ റെക്കോർഡുകളെ പിടിച്ചു കുലുക്കിയ ചിത്രം ലോകമെമ്പാടുമുള്ള നിരവധി ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ഒട്ടേറെ പുരസ്കാരങ്ങൾ എറ്റു വാങ്ങുകയും ചെയ്തു.

IMDb റേറ്റിംഗ് :

ബ്രെത്ത്ലെസ്സ്

'ഗൊദാർദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം'. ഈ ചിത്രത്തിന് നൽകാൻ കഴിയുന്ന എറ്റവും നല്ല വിശേഷണമാണിത്‌. ഫ്രാൻസിൽ നവതരംഗ സിനിമകള്‍ക്ക് ആരംഭം കുറിച്ച ചിത്രങ്ങളിലൊന്നായിരുന്നു ബ്രെത്ത്ലെസ്സ് . 1959-ൽ നിർമ്മാണമാരംഭിച്ച ചിത്രം 1960 ൽ ആണ് പുറത്തിറങ്ങിയത്. സംവിധായകനായ ഗൊദാർദിന് അപ്പോൾ കേവലം 28 വയസ്സ് മാത്രമായിരുന്നു പ്രായം. ചുരുങ്ങിയ ചിലവിലായിരുന്നു ചിത്രത്തിന്റെ നിർമ്മാണം.

ഈ സിനിമ പ്രശസ്തിയാർജ്ജിച്ചത് കഥയുടെ സവിശേഷത കൊണ്ട് മാത്രമാണെന്ന് പറയാനാവില്ല. ഒരു അധോലോകനായകനാവാൻ ആഗ്രഹിക്കുന്ന മൈക്കിളിന്റെയും(ജീൻ പോൾ ബെൽമോണ്ടോ) അവന്റെ കാമുകിയായ പെട്രീഷ്യയുടേയും (ജീൻ സെബർഗ്) കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു വേള പണമൊന്നും കയ്യിലില്ലാത്ത സാഹചര്യം വരുമ്പോൾ അധോലോക സംഘത്തിൽ നിന്നും പണം കണ്ടെത്താനുള്ള ശ്രമം മൈക്കിൾ നടത്തുന്നുണ്ടെങ്കിലും അവയെല്ലാം വിഫലമാവുന്നുണ്ട്. ഒടുവിൽ കാമുകിയായ പെട്രീഷ്യ തന്നെ മൈക്കിളിന്റെ മരണത്തിന് കാരണക്കാരിയായി മാറുന്നു. പിന്നീടാണ് കഥ പ്രവചനാതീതമായി മാറുന്നത്.

ഈ ചിത്രത്തിലെ ജമ്പ് കട്ട് ഷോട്ടുകൾ പ്രേക്ഷകനെ ഭ്രമാത്മകമായ മാനസികാവസ്ഥയിലേക്ക് തള്ളിവിടുന്നവയാണ്. ഈ ചിത്രം ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ സംവിധാനത്തിന് സില്‍വര്‍ ബെയര്‍ പുരസ്കാരം നേടുകയുണ്ടായി. കൂടാതെ വേറെയും നിരവധി അന്തര്‍ ദേശീയ പുരസ്ക്കാരങ്ങള്‍ ഏറ്റു വാങ്ങി. ഫ്രഞ്ച് നവതരംഗ സിനിമയുടെ ശില്പിയായാണ് ചിത്രത്തിന്റെ സംവിധായകനായ ഗൊദാർദ് അറിയപ്പെടുന്നത്. നിരൂപകരേയും ചലച്ചിത്ര പ്രവര്‍ത്തകരേയും ഒരുപോലെ അമ്പരപ്പിച്ച ചിത്രമാണിത്.

IMDb റേറ്റിംഗ്

↑ top