≡ ജൂണ്‍ 2016 ലക്കം
വര: അസ്രൂസ്
കഥ

ഒരു മഴക്കാലം

പാതി തുറന്ന ജനല്‍ പാളിയിലൂടെ ഞാന്‍ പുറത്തേക്ക് നോക്കി, പുറത്ത് നല്ല മഴയാണ്‌. ജനലില്‍ തട്ടിത്തെറിച്ചു പോകുന്ന മഴ. തുള്ളികള്‍ക്ക് എന്തൊക്കെയോ പറയാനുള്ളത് പോലെ.........

മഴ ഒരു ഓര്‍മയാണ്. കൂട്ടിക്കൊണ്ടു പോയത് ഒരു അവധിക്കാലത്തേക്കാണ്.

അമ്മയുടെ വീട്ടിലെ അവധിക്കാലം 'മാമ്പഴക്കാലം' എന്നു പറയുന്നത് ആകും കൂടുതല്‍ ശരി. കത്തുന്ന സൂര്യനെ പോലും വക വെക്കാതെ പാടത്തും തൊടിയിലും കളിച്ചു നടന്ന കുട്ടിക്കാലം. മഴയില്‍ പൊഴിയുന്ന മാങ്ങ പെറുക്കുവാന്‍ മത്സരിച്ചോടുമ്പോൾ ജലദോഷത്തെപ്പറ്റി ആരും വേവലാതിപ്പെട്ടില്ല.

രാവിലെ അമ്മുവിന്‍റെ വിളി കേട്ടാണ് ഉണര്‍ന്നത്. അവള്‍ക്ക് ഒരു ഉപ്പന്‍ കുഞ്ഞിനെ കിട്ടിയിരിക്കുന്നു. അമ്മുവും ആശയും ഞാനും കൂടി അതിനെ പരിപാലിക്കാന്‍ തുടങ്ങി. വീട്ടില്‍ ജീവികള്‍ക്ക് ഭ്രഷ്ട് ആയതുകൊണ്ട് ഞങ്ങള്‍ പുറത്ത് വീടുണ്ടാക്കി. ഞങ്ങള്‍ കൊടുത്ത മാമ്പഴവും ചക്കപ്പഴവും അത് ആര്‍ത്തിയോടെ വാ തുറന്നു സ്വീകരിച്ചു.

ചീനിക്കമ്പുകള്‍ വെട്ടി മണ്ണില്‍ താഴ്ത്തുമ്പോള്‍ വീട് പണിയുന്ന കുട്ടന്‍ മേസ്ത്രിയേക്കാള്‍ ഗര്‍വുണ്ടായിരുന്നു അമ്മുവിന്. കമ്പുകള്‍ നൂല്‍ക്കമ്പി കൊണ്ട് കെട്ടി ചണത്തില്‍ ബന്ധിച്ച കുഞ്ഞു വാതിലും, കച്ചിയും ഇലകളും കൊണ്ട് തീര്‍ത്ത മേല്‍ക്കൂരയും ആയപ്പോള്‍ പണി കഴിഞ്ഞു. ഉപ്പന്‍ കുഞ്ഞിനെ സ്നേഹത്തോടെ ഞങ്ങള്‍ 'ചിപ്പു' എന്ന് വിളിച്ചു. ഞങ്ങള്‍ ഉണ്ടാക്കിയ വീട്ടിലേക്ക് അതിനെ എടുത്ത് വെയ്ക്കുമ്പോള്‍ എന്തോ വലിയ നന്മ ചെയ്ത പ്രതീതി ആയിരുന്നു ഞങ്ങള്‍ക്ക്. പകല്‍ വിട പറഞ്ഞപ്പോള്‍ ഞങ്ങള്‍ ചിപ്പുവിനെ മറന്നു. പകലത്തെ അധ്വാനത്തിന്‍റെ ക്ഷീണവും പുറത്തെ മഴയുടെ താളവും ആയപ്പോള്‍ പതിവിലും നേരത്തെ ഉറങ്ങി.

പുലര്‍ന്നപ്പോള്‍ ഞങ്ങള്‍ ആ കാഴ്ച കണ്ടു, വീട് മഴയില്‍ ഒലിച്ചു പോയിരിക്കുന്നു. മഴയിലും കാറ്റിലും പെട്ട് ചീനിക്കമ്പ് മറിഞ്ഞ് ദേഹത്ത് വീണപ്പോള്‍ തണുത്തു വിറച്ച് ആ പാവം....

കുഞ്ഞു ശരീരം മൂടി പൂക്കള്‍ വിതറി. തുള്ളികള്‍ എന്‍റെ കവിളുകളെ ഈറനണിയിച്ചു. ആ മഴക്കാലം ഞങ്ങളില്‍ നിന്നും കവര്‍ന്നെടുത്ത കുരുന്നു ജിവന്‍ ഒരു മഴത്തുള്ളി പോലെ ഇന്നും ഓർമ്മകളില്‍ നിറഞ്ഞു നില്ക്കുന്നു.

↑ top