≡ ജൂണ്‍ 2016 ലക്കം
കഥ

ചിലന്തികള്‍

വര: അസ്രൂസ്

ചിലന്തികൾ.

ചിലന്തികളെ കുറിച്ചാണ് ഞങ്ങൾ അവസാനമായി സംസാരിച്ചത്. സാധാരണ ചിലന്തികൾ ആയിരുന്നില്ല; മിന്നാമിന്നികളെ പോലെ പ്രകാശിക്കുന്നവ. ഞങ്ങളുടെ തറവാടിന്റെ പരിസരങ്ങളിൽ മാത്രം ജീവിച്ചു പോന്നിരുന്ന ഒരു സങ്കൽ‌പ്പം. അവയെപ്പറ്റി സംസാരിക്കുമ്പോൾ അവളുടെ കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമാണ്. കുട്ടിക്കാലത്ത് മുത്തശ്ശി പറഞ്ഞിരുന്ന കഥകളിൽ അവളെ ഏറ്റവും സ്വാധീനിച്ചിരുന്നത് ഈ ചിലന്തികൾ ആണ്.

"കണ്ണേട്ടാ, മിന്നാമിന്നിച്ചിലന്തികൾക്ക് ഒരു അത്ഭുതസിദ്ധിയുണ്ട്. എന്താണെന്ന് അറിയോ?"

"എന്താ അത്"

"ഈ കല്ല്‌ വെള്ളത്തിൽ പത്തു തവണ തെറ്റിച്ചാൽ പറയാട്ടോ"

കല്ലെത്ര തെറ്റിയാലും അവൾ പറയില്ല. കണ്ണ് ഇറുക്കി അടച്ചു കാണിച്ച് ഓടിമറയും. ഒടുവിൽ ഞാൻ അവളെ കണ്ടു യാത്ര പറഞ്ഞപ്പോഴും അവൾ ചിലന്തികളെക്കുറിച്ച് സംസാരിച്ചു. കണ്ണുകളിൽ തിളക്കം ഉണ്ടായിരുന്നില്ല. കണ്ണുനീരായിരുന്നു.

അവൾ ബിന്ദു, പതിനഞ്ചു വർഷങ്ങൾക്കു ശേഷമുള്ള ഈ തിരിച്ചുപോക്ക് അവൾക്കു വേണ്ടിയാണ്. അവളെ കാണാൻ, അല്ലെങ്കിൽ..അവൾക്കെന്നെ കാണാൻ.

— ✤ ✤ ✤ —

ഉപ്പുരസമുള്ള വെള്ളം തെറിച്ചു വീഴുന്നു. വൃത്തിഹീനമായ ജനൽക്കമ്പികളിൽ മുഖം ചേർത്ത് പിടിച്ച് ഞാൻ പുറത്തേക്കു നോക്കി ആലോചിച്ചുകൊണ്ടേയിരുന്നു. പുറത്തു കുത്തിയൊലിച്ചു പോവുന്ന പുഴ. അരികിലുള്ള ചെറിയ റോഡിലേക്ക് വെള്ളം കയറിയിട്ടുണ്ട്.

മരക്കഷണങ്ങൾ കൊണ്ട് പുഴ നിറഞ്ഞിരിക്കുന്നു. കുറുകെ പോവുന്ന പാലത്തിനു മുകളിൽ ഒരു കാർ കുടുങ്ങിക്കിടക്കുന്നുണ്ട്. അതിലുള്ളവർ രക്ഷപ്പെട്ടിട്ടുണ്ടാവുമോ. ചത്തുചീഞ്ഞ മാംസത്തിന്റെ ഗന്ധം കലർന്ന കാറ്റ് വീശുന്നുണ്ട്. ഞാൻ ഒരു സിഗരട്ട് എടുത്തുകൊളുത്തി. അകത്തു കട്ടിലിലെ കറപുരണ്ട വിരിയിൽ ഭാര്യയും മോളും തളർന്നുറങ്ങുന്നു.

വാതിലിൽ ആരോ തട്ടി. ഡ്രൈവറാണ്. അയാൾ നനഞ്ഞുകുതിർന്ന റയിൻകോട്ടിന്റെ ഇടയിൽ ഭദ്രമായി വെച്ചിരുന്ന പ്ലാസ്റ്റിക്‌ ബാഗെടുത്ത്‌ മേശമേൽ വെച്ചു.

"നല്ല ഹോട്ടൽ ഒന്നുമില്ല സർ. പിന്നെ ഒരു ചെറിയ കടയിൽ കയറി ബ്രഡും പഴവും വാങ്ങി. കാർ രണ്ടു ഫർലോങ്ങ് മാറി ഒതുക്കി ഇട്ടിട്ടുണ്ട്. പാലം നന്നാക്കാതെ ഇനി അപ്പുറം കടക്കാനൊക്കില്ല സർ"

കിതച്ചുകൊണ്ട് അയാൾ ഇത്രയും പറഞ്ഞു നിർത്തി. ഞാൻ പൊതി തുറന്നു രണ്ടു പഴം എടുത്തു അയാൾക്ക്‌ കൊടുത്തു.

"അമ്മാവൻ എവിടെ?"

"പുറത്തിരുപ്പുണ്ടായിരുന്നു സർ, വരാന്തയിൽ." അയാൾ അത് പറഞ്ഞ് നടന്നു.

ഭാര്യയെ തട്ടിയുണർത്തി മോൾക്ക്‌ ഭക്ഷണം കൊടുക്കാൻ പറഞ്ഞിട്ട് ഞാൻ പുറത്തേക്കു നടന്നു.

അമ്മാവനെ വരാന്തയിലെങ്ങും കാണാൻ കഴിഞ്ഞില്ല. റോഡിൽ ആളുകൾ നന്നേ കുറവ്. മലവെള്ളപ്പാച്ചിലിന്റെ ശബ്ദവുമായി കാതുകൾ ഇണങ്ങി കഴിഞ്ഞു. ദൂരെ ആരോടോ സംസാരിച്ചുകൊണ്ട് അമ്മാവൻ നില്ക്കുന്നുണ്ട്. ഞാൻ അമ്മാവന്റെ അടുത്തേക്ക് നടന്നു.

— ✤ ✤ ✤ —

മൂന്നു ദിവസങ്ങൾക്ക് മുമ്പാണ് അമ്മാവൻ ഞങ്ങളെ കാണാൻ പട്ടണത്തിൽ വന്നത്. അമ്മയുടെ മൂത്ത ആങ്ങള. ബിന്ദുവിന്റെ അച്ഛൻ.

കാലം കുറെയായിരിക്കുന്നു ഞാൻ അമ്മാവനെ കണ്ടിട്ട്. കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾക്കിടയിൽ നാട്ടിൽ പോയിട്ടില്ല. പോവണമെന്ന് തോന്നിയിട്ടില്ല. അമ്മ വർഷത്തിൽ ഒരിക്കൽ വന്ന് രണ്ടു ദിവസം ഞങ്ങളുടെ കൂടെ നിന്നിട്ട് പോവും. നാടുമായുള്ള ബന്ധം അമ്മ പറയുന്ന നാല് വിശേഷങ്ങളിൽ ഒതുങ്ങിയിരുന്നു. അമ്മാവനെ ഇങ്ങനെ കണ്ടു നല്ല പരിചയമില്ല എനിക്ക്. ഓർമ്മവെച്ച കാലം മുതൽ, അമ്മാവൻ തറവാട്ടിലെ ഒരു ഇരുണ്ട മുറിയിൽ കമ്പിളി പുതച്ച് മച്ച് നോക്കി കിടക്കുന്നതേ കണ്ടിട്ടുള്ളു. പക്ഷാഘാതം ആയിരുന്നത്രെ.

മരുന്നുകുപ്പികളുടെ രൂക്ഷഗന്ധമുള്ള ആ മുറി എനിക്ക് ഭയമായിരുന്നു. അകാരണമായ ഭയം. ഞാൻ പട്ടണത്തിലേക്ക് വണ്ടികയറി രണ്ടു ദിവസം കഴിഞ്ഞ് അമ്മ വിളിച്ച് കിതപ്പോടെ പറഞ്ഞു.

"ചന്ദ്രനമ്മാവൻ കട്ടിലിൽ എണീറ്റിരുന്നു. വെള്ളം ചോദിച്ചു വാങ്ങി കുടിക്കുകയും ചെയ്തു"

— ✤ ✤ ✤ —

ഞാൻ നടന്ന് അമ്മാവന്റെ അടുത്തെത്തി. എന്നെ കണ്ടപ്പോൾ സന്തോഷത്തോടെ എന്റെ നേരെ കൈവീശി നടന്നു വന്നു.

"കാർ പോവില്ലാത്രേ" അമ്മാവൻ പറഞ്ഞു തുടങ്ങി. "പക്ഷേ ബോട്ട് ഒരെണ്ണം ഇപ്പൊ പുറപ്പെടും. ഞാൻ പറഞ്ഞ് ഏർപ്പാടാക്കിയിട്ടുണ്ട്. നമ്മളെ കൂടാതെ നാല് പേരുണ്ട്. ഒഴുക്ക് വെച്ച് നോക്കിയാൽ നാല് മണിക്ക് മുമ്പ് നമുക്ക് വീട്ടുപടിക്കലെത്താം"

"പക്ഷേ മോളെയും കൊണ്ടെങ്ങനെയാ അമ്മാവാ ഈ ഒഴുക്കിൽ....?"

"എങ്കിൽ അവരിവിടെ മുറിയിൽ ഇരുന്നോട്ടെ. പാലം നന്നായാൽ കാറിൽ വരാലോ" മുഴുമിപ്പിക്കാൻ എനിക്ക് കഴിയും മുന്നേ അമ്മാവൻ ഇടക്കുകയറി പറഞ്ഞു.

അമ്മാവൻ എല്ലാം ആലോചിച്ച് ഉറപ്പിച്ചപോലെ തോന്നി. പാവം, എങ്ങനെയും വീടെത്തിയാൽ മതി എന്ന തോന്നലാവും. ഞാൻ തിരിച്ചു മുറിയിൽ എത്തി. പോകണം എന്ന് തന്നെ ഭാര്യയും പറഞ്ഞു. ഡ്രൈവറെ വിളിച്ചു കാര്യങ്ങൾ ഏർപ്പാട് ചെയ്തു. ഒരു പ്ലാസ്റ്റിക്‌ കവറിൽ അത്യാവശ്യം വസ്ത്രങ്ങൾ മാത്രമെടുത്തു. പാന്റ്സ് മാറി ഒരു മുണ്ടെടുത്തുടുത്ത് ഞാൻ ഇറങ്ങി. ബോട്ട് പാലത്തിനടുത്ത് പുറപ്പെ ടാൻ റെഡി ആയി കിടക്കുന്നുണ്ട്. അമ്മാവൻ ബോട്ടിൽ ഇരുന്നു എനിക്ക് നേരെ കൈനീട്ടി.

വര: അസ്രൂസ്

പൊങ്ങിയും താണും ഒഴുകി പോവുന്ന മരത്തടികൾക്കിടയിലൂടെ അതിവേഗം ബോട്ട് നീങ്ങികൊണ്ടിരുന്നു. മേൽക്കൂരകളും അതിൽ അഭയം തേടിയിരിക്കുന്ന നായകളെയും മാത്രമേ ചുറ്റും കാണാൻ കഴിഞ്ഞിരുന്നുള്ളൂവെങ്കിലും എനിക്ക് വളരെ പരിചിതമായ ഇടവഴികൾ ആണിതെന്നു തോന്നി.

അമ്മാവൻ ബോട്ടിന് നടുക്കായി ഇരിക്കുകയാണ്. ഇപ്പോൾ അല്പം സമാധാനം കിട്ടിയിട്ടുണ്ടാവും എന്ന് തോന്നി. മൂന്നു ദിവസം മുമ്പ് എന്റെ വീട്ടുപടിക്കൽ ഞാൻ കാണുമ്പോൾ കരയുകയായിരുന്നു പാവം. താങ്ങിപ്പിടിച്ച് അമ്മാവനെ വീട്ടിനുള്ളിൽ കൊണ്ടിരുത്തി. കരച്ചിലിനിടയിൽ അമ്മാവൻ അവ്യക്തമായി ആ പേര് പറയുന്നുണ്ടായിരുന്നു, ബിന്ദു.

— ✤ ✤ ✤ —

ബിന്ദുവിനെക്കുറിച്ച് അവസാനമായി മറ്റൊരാൾ എന്നോട് പറയുന്നത് പതിനഞ്ചു വർഷങ്ങൾക്കു മുമ്പാണ്. അമ്മ വിളിച്ച് അമ്മാവന്റെ കാര്യം പറഞ്ഞ ദിവസം.

"ചന്ദ്രനമ്മാവാൻ കട്ടിലിൽ എണീറ്റിരുന്നു. വെള്ളം ചോദിച്ചു വാങ്ങി കുടിക്കുകയും ചെയ്തു”.

അമ്മ ഒന്ന് നിർത്തി,

"എന്ത് ശാപമാണ് ഇതെന്നറിയില്ല. രാവിലെ ചേച്ചി ചെന്ന് വിളിച്ചിട്ട് ബിന്ദു എണീറ്റില്ല. കണ്ണ് തുറന്നങ്ങനെ കിടക്കുന്നു. അനങ്ങണില്ല. ചന്ദ്രനമ്മവന്റെ അതേ കിടപ്പ്. ഒന്ന് തീരുമ്പോ മറ്റൊന്ന്. ആ കുടുംബത്തിന്റെ ശാപം എന്നാവോ മാറുക?".

അമ്മ പിന്നെയും വേറെന്തൊക്കെയോ കൂടി പറഞ്ഞിരുന്നു. ഒന്നും ശ്രദ്ധിച്ചില്ല. മനസ്സിൽ രണ്ടുദിവസം മുമ്പ് എന്നെ യാത്രയാക്കിയ ബിന്ദുവിന്റെ നിറഞ്ഞ, തിളക്കം നഷ്ടപ്പെട്ട കണ്ണുകൾ.

"ഇനി ഇങ്ങോട്ട് വരില്ലേ?" അവൾ കരച്ചിലടക്കാൻ പാട് പെട്ട് ചോദിച്ചു.

"ഇല്ല"

"കണ്ണേട്ടന്റെ, അച്ഛനോടുള്ള ദേഷ്യം തീർന്നാലും..?"

"എനിക്കറിയില്ല ബിന്ദു"

"കണ്ണേട്ടാ" അവൾ വിഷയം മാറ്റാനെന്നോണം പറഞ്ഞു.

"മിന്നാമിന്നി ചിലന്തികളുടെ അത്ഭുതസിദ്ധി എന്താന്നു പറയട്ടെ?"

"മം"

"തിരിച്ചു വന്നെന്നെ കൊണ്ടുപോവും എന്ന് വാക്കുതന്നാൽ പറയാം" അവൾ ഒരു ചെറുചിരിയോടെ പറഞ്ഞു.

"മം"

അവൾ അവളുടെ കൈ എന്റെ നേർക്ക് നീട്ടി. ബസ്‌ നീട്ടി ഹോറൺ അടിക്കുന്നുണ്ട്.

"എനിക്ക് പോവാനായി ബിന്ദു"

അവളുടെ നീട്ടിയ കൈ അവഗണിച്ച് ഞാൻ തിരിഞ്ഞു നടന്നു.

പതിനഞ്ചു വർഷങ്ങൾക്കു ശേഷം അവളെപ്പറ്റി ഓർക്കേണ്ടി വന്നത് ഈ സാധുമനുഷ്യൻ എന്റെ കൈയിൽ വീണു കരഞ്ഞപ്പോഴാണ്. ആ ഇരുണ്ട മുറിയിൽ കമ്പിളി പുതച്ചു മച്ചുനോക്കി കിടക്കുന്ന ബിന്ദുവിനെ മനസ്സിൽ കൊണ്ടുവരാതെ ഇരിക്കാൻ ഞാൻ ശ്രമപ്പെടുന്നുണ്ടായിരുന്നു. ഒരുപക്ഷേ അച്ഛന്റെ കാലം കഴിഞ്ഞും നാട്ടിലേക്ക് പോവാതിരുന്നത് അവളെ മറക്കാനുള്ള എന്റെ സ്വാർത്ഥ താല്പര്യമാവാം.

"അവളുടെ കണ്ണിൽ ഒരു പ്രത്യേക തിളക്കം വരുന്നത് നിന്നെപ്പറ്റി ഞങ്ങൾ ആരെങ്കിലും സംസാരിക്കുമ്പോഴാ" അമ്മാവൻ പറഞ്ഞു.

"അവൾക്കു വേണ്ടി, ഞങ്ങൾക്ക് വേണ്ടി, നീ ഒരു പ്രാവശ്യം അത്രടം വരണം. അവൾക്കു നിന്നെ ഒന്ന് കാണണം. അവൾക്കു വേണ്ടി എനിക്കിനി ഇതേ ചെയ്യാനാകു. നിനക്കും".

എന്തുകൊണ്ടോ അത് നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല. ദയ കാട്ടുന്നതായി തോന്നിയതുമില്ല. പോവണം, അതെന്റെ കടമയാണ്.

— ✤ ✤ ✤ —

ദൂരെ വീടിന്റെ പിൻവശത്തെ കടവ് കാണാം. ബോട്ട് അങ്ങോട്ട്‌ അടുപ്പിക്കാൻ അമ്മാവൻ ഊന്നൽക്കാരോട് പറഞ്ഞു. പടിക്കൽത്തന്നെ അനിയൻകുട്ടി നില്ക്കുന്നുണ്ടായിരുന്നു. അമ്മാവൻ വിളിച്ചു പറഞ്ഞിട്ടുണ്ടാവണം. അനിയൻകുട്ടി അമ്മാവന്റെ രണ്ടാമത്തെ മകനാണ്. എന്റെ മുഖത്ത് നോക്കി ഒന്ന് മന്ദഹസിച്ചു കൊണ്ട് ബോട്ട് അടുപ്പിക്കാൻ അവൻ സഹായിച്ചു.

ഇറങ്ങി വീട്ടിലേക്കു നടക്കുന്ന വഴി ആരും പരസ്പരം സംസാരിച്ചില്ല. തറവാട്ടിലാണ് അമ്മാവന്റെ താമസം. ഞാൻ ജനിക്കുന്നതിനു മുമ്പ് തന്നെ അച്ഛൻ വേറെ വീട് പണിതു മാറിയിരുന്നു. അമ്മ മുറ്റത്ത്‌ നിന്ന് നോക്കുന്നത് ഞാൻ ദൂരെ നിന്നേ കണ്ടു.

"ഞാൻ വീട്ടിലൊന്നു കേറി അമ്മയെ കണ്ടിട്ട് അങ്ങോട്ട്‌ വരാം. നിങ്ങൾ നടന്നോളു".

അവരോടു യാത്ര പറഞ്ഞ് ഞാൻ മുറ്റത്തേക്ക് കയറി.

"നീ വരുംന്ന് ഞാൻ വിചാരിച്ചില്ലാട്ടോ" എന്റെ കൈയിൽ നിന്ന് പൊതി വാങ്ങി അമ്മ പറഞ്ഞു. "അങ്ങോട്ടേക്ക് ഫോൺ വിളിച്ചിരുന്നു. കുറെനേരം അടിച്ചു നിന്നു. വഴിക്കെവിടെന്നേലും വിളിക്കാരുന്നില്ലേ നിനക്ക്?"

ഞാൻ ഒരു തോർത്ത്‌ വാങ്ങി മുകളിലെ എന്റെ മുറിയിലേക്ക് കയറി. ആകെ മാറിയിരിക്കുന്നു. ഇപ്പോൾ അലക്കിയ തുണികൾ അടുക്കിവെച്ചിരിക്കുകയാണ് മുറിയിലാകെ. എന്റെ കുറച്ചു പഴയ പുസ്തകങ്ങളും പെട്ടികളും അലമാരയുടെ മുകളിലേക്ക് മാറ്റിയിട്ടുണ്ട്. കുളിച്ചു വന്ന് ഫോണെടുത്ത് ലോഡ്ജിലേക്ക് വിളിച്ചു. മഴ അവിടെ നിർത്താതെ പെയ്യുകയാണത്രെ. പാലം ഇന്ന് ശരിയാവുന്ന ലക്ഷണം ഇല്ലെന്നു ഡ്രൈവർ വന്നു പറഞ്ഞെന്നും ഇരുട്ടും മുമ്പ് ഞാൻ തിരിച്ചെത്തണമെന്നും പറഞ്ഞ് അവൾ ഫോൺ വെച്ചു.

വസ്ത്രം മാറി മുറിയിലെ ജനാല തുറന്നു. അവിടെ നിന്ന് നോക്കിയാൽ തറവാട് കാണാം. ഇരുണ്ട ആ മുറിയും.

അവളെ കാണണം. വേഗം തിരിച്ചു പോകണം.

ഒരു ഇടി ശബ്ദം. കറന്റ് പോയിരിക്കുന്നു.

"ഇനി കുറച്ചു കഴിഞ്ഞു നോക്കിയാ മതി. നിനക്ക് വിളക്ക് വേണോ?"

അമ്മ താഴെ നിന്ന് വിളിച്ചു ചോദിക്കുന്നുണ്ട്. സന്ധ്യ ആവാൻ മണിക്കൂറുകൾ ബാക്കിയുണ്ടെങ്കിലും മുറിക്കുള്ളിൽ നല്ല ഇരുട്ട്. പണ്ടും അതങ്ങനെയാണ്. ജനാല തുറന്നാലും ഒരു തരി വെളിച്ചം മുറിക്കുള്ളിലേക്ക് വരാറില്ല.

ഞാൻ മുറി വിട്ടു ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു തരി വെട്ടം ഞാൻ കാണുന്നത്. എവിടെ നിന്നെന്നറിയാത്ത ഒരു നുറുങ്ങുവെളിച്ചം.

എന്റെ പഴയ പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്ന ഒരു മൂലയിൽ നിന്നാണ്. ഞാൻ അടുത്ത് ചെന്ന് നോക്കി ഒരു ചിലന്തി, കാലുകൾ മുകളിലാക്കി അത് മലർന്നു കിടക്കുകയാണ്. ചെറുരോമങ്ങൾ കൊണ്ട് പൊതിഞ്ഞ അതിന്റെ വയറ്റിൽ നിന്നാണ് ഈ പ്രകാശം. മിന്നാമിന്നി ചിലന്തി. ബിന്ദു പറയാറുള്ള, മുത്തശ്ശിയുടെ പഴംകഥ എന്ന് ഞാൻ വിശ്വസിച്ചിരുന്ന ആ പ്രാണി. ജീവൻ അറ്റ് പോയിരിക്കുന്നു.

അധികനേരം ആയിട്ടുണ്ടാവില്ല. മിന്നാമിന്നികളുടെ ജീവൻ നിലച്ചാലും പത്തു സെക്കണ്ടോളം അതിന്റെ വെളിച്ചം ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്.

സമയം പോവുന്നു. ബിന്ദുവിനെ കണ്ടു എത്രയും വേഗം തിരിക്കണം. ബോട്ട് എത്ര നേരം ഇവിടെ ഉണ്ടാവും എന്ന് ചോദിക്കാനും മറന്നു.

"നീ ഹോട്ടലിൽ വിളിച്ചന്വേഷിച്ചിരുന്നോ?" അമ്മ സാരിത്തലപ്പിൽ പൊതിഞ്ഞ ചൂട് ചായഗ്ലാസ് കൈയിൽത്തരുമ്പോൾ ചോദിച്ചു.

"മം" ഒരു കവിൾ കുടിച്ചു ഞാൻ ചോദിച്ചു. "അമ്മ കണ്ടിട്ടുണ്ടോ ഇവിടെ മിന്നാമിന്നി ചിലന്തിയെ?"

"ഓ, അത് ചുമ്മാ അമ്മയുടെ ഓരോ കഥയല്ലേ. ഓർമ്മയുണ്ടോ നിനക്കിപ്പോഴും. വർഷം ഇരുപതു കഴിയുന്നു അമ്മ പോയിട്ട്."

"മുകളിൽ..." അമ്മാവൻ വരുന്നത് കണ്ടു ഞാൻ പറയാൻ വന്നത് ഇടയ്ക്കു നിർത്തി.

"ഇറങ്ങുന്നില്ലേ അങ്ങോട്ട്‌ ?" അമ്മാവൻ ആകാംക്ഷയോടെ തിരക്കി.

"ഇറങ്ങാൻ തുടങ്ങുകയായിരുന്നു അമ്മാവാ".

ഞങ്ങൾ ഒരുമിച്ചിറങ്ങി തറവാട്ടിലേക്ക് നടന്നു. തറവാട് മുറ്റം ആകെ വൃത്തികേടായി കിടക്കുന്നു. കാട് കയറി ആൾതാമസമില്ലാത്ത വീട് പോലെ. അമ്മായി പുറത്തിറങ്ങി വന്നു. തളർന്ന മുഖം. ആരുടെ മുഖത്തും അധികനേരം നോക്കാൻ എനിക്ക് ശക്തിയുണ്ടായിരുന്നില്ല.

അമ്മാവൻ പ്രതീക്ഷയോടെ അമ്മായിയുടെ മുഖത്തേക്ക് നോക്കി. എന്നോട് എന്തെങ്കിലും സംസാരിക്കുമെന്ന് കരുതിയാവണം. അമ്മായി മുഖം തിരിച്ച് അകത്തേക്ക് നടന്നുകളഞ്ഞു. താങ്ങാൻ കഴിയുന്നുണ്ടാവില്ല. പതിനഞ്ചു വർഷം ഒരു നിസ്സാരകാലയളവ് അല്ല.

ഞാൻ ആ ഇരുട്ടുമുറിയിലേക്ക് കയറി - അതേ ഭയം. കട്ടിലിൽ കിടക്കുന്ന ഒരു രൂപം - ബിന്ദു.

ഞാൻ അടുത്തേക്ക് ചെന്നു. മുഖം വല്ലാതെ മാറിയിരിക്കുന്നു. കുഴിഞ്ഞു താണ കണ്ണുകൾ അടച്ചിരിക്കുന്നു. കൈകൾ മെല്ലിച്ചു ഞരമ്പുകൾ തള്ളിച്ച് നിർജീവമായി കിടക്കുന്നു. ശരീരമാകെ നീലനിറം.

അമ്മാവൻ കൂടെത്തന്നെ ഉണ്ട്. "നീ ഒന്ന് തൊട്ടുവിളിക്ക്. അവൾ ഉണരും".

ഞാൻ അവളുടെ നെറ്റിയിലേക്ക് എന്റെ കൈനീട്ടി. തൊടുന്നതിനു മുമ്പ് അതറിഞ്ഞതു പോലെ അവൾ കണ്ണുകൾ തുറന്നു എന്നെ നോക്കി.

"മോളെ, ഒടുവിൽ അവൻ വന്നു. അച്ഛൻ അവനെ കൊണ്ടുവന്നു. എന്റെ മോൾക്ക്‌ വേണ്ടി".

അമ്മാവൻ വീണ്ടും കരഞ്ഞു. അവൾ കണ്ണുകൾ മാറ്റാതെ എന്നെത്തന്നെ നോക്കിക്കിടന്നു. വാക്കുകൾ എന്റെ തൊണ്ടയിൽ കുരുങ്ങി. ഓർമ്മയിൽ അവളുടെ ശബ്ദം.

"കണ്ണേട്ടാ..ഒരു ഉമ്മ തന്നാൽ പറയാം, മിന്നാമിന്നി ചിലന്തികളുടെ അത്ഭുതസിദ്ധി".

അവളുടെ മുറിയിൽ നിന്ന് ഞാൻ പുറത്തേക്കു നടന്നു.

"എന്താ മോനെ, പെട്ടെന്ന് പോന്നെ? കുറച്ചുനേരം കൂടെ അവളുടെകൂടെ ഇരുന്നൂടെ". അപേക്ഷിക്കുന്നത് പോലെയാണ് അമ്മാവൻ പറഞ്ഞത്.

സാധിക്കുന്നില്ല. അവളുടെ മുഖം ഒരു വേദനയായി മനസ്സിൽ അവശേഷിക്കാൻ പോവുന്നു, ജീവിതകാലം മുഴുവൻ.

"പോവാൻ തിരക്കുണ്ട് അമ്മാവാ.ഇരുട്ടും മുമ്പ് ലോഡ്ജിൽ എത്തണം" മറുപടിക്ക് നില്ക്കാതെ ഞാൻ ഇറങ്ങി നടന്നു.

അമ്മ പുറത്തു തന്നെ എന്നെ നോക്കി നില്ക്കുന്നുണ്ട്. ഫോൺ വന്നിട്ടുണ്ടാവണം. ഞാൻ ഫോണെടുത്ത് ലോഡ്ജിലേക്ക് വിളിച്ചു. ഹോൾഡ്‌ ചെയ്യാൻ പറഞ്ഞിട്ട് അയാൾ റൂമിലേക്ക് പോയി.

"ഇനി ഇപ്പൊ ഇറങ്ങിയാൽ എപ്പോഴാ ഇങ്ങെത്തുക?" അവളുടെ ശബ്ദം പതറിയിരുന്നു.

"ഞാനിറങ്ങുകയാണ്, ഇപ്പൊത്തന്നെ".

ഞാൻ വേഗം മുകളിലെ മുറിയിലേക്ക് ചെന്നു. പ്ലാസ്റ്റിക്‌ കവറിലേക്ക് ഷർട്ടും മുണ്ടും ചുരുട്ടിക്കയറ്റി. വീണ്ടും മുറിയിൽ അതേ വെളിച്ചം.അല്പം കൂടിയിരിക്കുന്നത് പോലെ. ചിലന്തി മലർന്നു കിടക്കുന്നു. സമീപത്ത് മറ്റൊരു ചിലന്തി, ജീവനുള്ളത്. എന്നെ നോക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാൻ അല്പം കൂടി അടുത്തേക്ക് ചെന്നു. ആ ചിലന്തിയുടെ പുറത്തു ഒരു ചുവന്ന പൊട്ട്. ഞാൻ നോക്കി നില്ക്കെ അത് ഒരു കാൽ പൊക്കി നിര്‍ജീവമായ പഴയ ചിലന്തിയെ തൊട്ടു. ഒരു നിമിഷം! മരിച്ചിരുന്ന ചിലന്തിയുടെ കാലുകൾ അനങ്ങി. അത് കമിഴ്ന്നു വീണു. ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അത് അവിടെ വട്ടം കറങ്ങി അടുത്ത ചിലന്തിയോടു ചേർന്ന് നിന്നു. ആ സ്പർശനത്തിൽ എന്താണ് സംഭവിച്ചത്?

"മോനെ". അമ്മാവൻ ആണ്. തൊട്ടുപിന്നിൽ നില്ക്കുന്നു.

"നീ പോവുന്നതിനു മുമ്പ് അവളെ ഒന്നുകൂടി കാണണം. അവളോട്‌ സ്നേഹത്തോടെ ഒരു നല്ല വാക്ക് പറയണം".

"ഞാൻ വരാം അമ്മാവാ."

ബാഗുമെടുത്ത്‌ അമ്മയോട് യാത്ര പറഞ്ഞ് ഞാൻ തറവാട്ടിലേക്ക് നടന്നു. ഇരുണ്ട ആ മുറിയിലേക്ക് വീണ്ടും കയറി.

അല്‍പ്പനേരം അവളുടെ കണ്ണുകളിലേക്കു നോക്കി നിന്നു. അമ്മാവൻ പുറത്തേക്കിറങ്ങി. ഞാൻ അവളുടെ അരികിലേക്ക് ചേർന്നുനിന്നു.

"മിന്നാമിന്നി ചിലന്തികളുടെ അത്ഭുതസിദ്ധി ഞാൻ കണ്ടു". ഞാൻ പറഞ്ഞു.

അവൾ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടേയിരുന്നു. ഞാൻ എന്റെ കൈനീട്ടി അവളുടെ നെറ്റിയിൽ തൊട്ടു. അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു. അങ്ങോട്ട്‌ നോക്കാൻ ശക്തിയില്ലാതെ അർത്ഥശൂന്യമായി ഒന്ന് മൂളി ഞാൻ പുറത്തേക്കു നടന്നു. യാത്ര പറയാൻ പുറത്തു ആരെയും കണ്ടില്ല. ഞാൻ കടവിലേക്ക് നടന്നു.

"ചേട്ടാ" പിന്നിൽ നിന്ന് അനിയൻകുട്ടിയാണ്. "ഫോൺ വന്നിരിക്കുന്നു. അത്യാവശ്യമായി വീട്ടിൽ കയറിയിട്ട് പോവാൻ അമ്മായി പറഞ്ഞു".

ഞാൻ വേഗം തിരിച്ചു വീട്ടിലേക്ക് നടന്നു. മനസ്സിൽ വല്ലാത്തൊരു അസ്വസ്ഥത.

റൂമിലേക്ക്‌ ഓടിക്കയറി മാറ്റി വെച്ചിരുന്ന റിസീവർ എടുത്തു. "ഹലോ".

"എവിടെയാണ്? ഒന്നു വേഗം വാ. മോൾ ഭയങ്കര കരച്ചിൽ ആണ്. ഇവിടെ കറന്റും ഇല്ല" അവർ കരച്ചിലിന്റെ വക്കിലെത്തിയിരുന്നു. മോൾ കരയുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു.

"ഞാൻ....ഞാൻ വരുവാണ്. പേടിക്കേണ്ട. ഉടനെ എത്താം. നമുക്ക് ഉടനെ തിരിച്ചു പോവാം".

എന്തോ കുറെ ശബ്ദങ്ങൾ - അമ്മ പുറത്തു നിന്ന് ഓടി വരുന്നത് കണ്ടു. അവർ കിതയ്ക്കുന്നുണ്ടായിരുന്നു.

"ചന്ദ്രനമ്മാവൻ ഇപ്പൊ ബിന്ദുന്റെ മുറിയിൽ ചെന്നപ്പോ അവൾ കട്ടിലിൽ എണീറ്റിരിക്കുന്നു. നിന്റെ പേര് ഉറക്കെ വിളിച്ചൂന്ന്"

മനസ് പ്രവർത്തിക്കുന്നില്ല. എന്താണ് കേൾക്കുന്നത്. സത്യമാണോ അതോ...

എനിക്ക് പോവണം. ഭാര്യയും മോളും അവിടെ ഒറ്റയ്ക്ക്.

അമ്മ ഉടൻ തന്നെ തറവാട്ടിലേക്ക് ഓടി.

മുറിയുടെ മൂലയിൽ ആ വെളിച്ചം ഇപ്പോഴുമുണ്ട്. ഞാൻ നോക്കി. ചുവന്ന പൊട്ടുള്ള ചിലന്തി ഇപ്പോൾ ജീവനറ്റ പോലെ കിടക്കുന്നു. ജീവൻ തിരിച്ചു കിട്ടിയ ചിലന്തി സമീപത്തു തന്നെ നില്ക്കുന്നു. രണ്ടും പ്രകാശിക്കുന്നുണ്ട്. അതെന്നെത്തന്നെ നോക്കുന്നത് പോലെ.

എനിക്ക് ഇവിടെ നിന്ന് പോകണം. കാലുകൾ അനങ്ങുന്നില്ല. മുറിയിൽ ഇരുട്ടു നിറയുന്നപോലെ. കാലുകൾ കുഴയുന്നു. ദേഹം ആകെ ഒരു മരവിപ്പ്. നിലത്തു കൈകുത്തി ഞാൻ കിടന്നു. കിടക്കാൻ ആവില്ല. എനിക്ക് പോകണം. എഴുന്നേല്ക്കാൻ ശ്രമിച്ചിട്ട് കഴിയുന്നില്ല. കൈകളും കാലുകളും ഇല്ലാത്തത് പോലെ. ശബ്ദം പുറത്തേക്കു വരുന്നില്ല.

ഇപ്പോൾ മലർന്നു കിടക്കുകയാണ് ഞാൻ - അരണ്ട വെളിച്ചത്തിൽ മച്ച് കാണാം. പതിയെ എല്ലാ ശബ്ദങ്ങളും നിലച്ചു. കാതുകളിൽ ഒരു ഇരമ്പൽ. പിന്നെ അവളുടെ ശബ്ദം.

"കണ്ണേട്ടാ ഞാൻ പറഞ്ഞു തരട്ടെ. മിന്നാമിന്നി ചിലന്തികളുടെ അത്ഭുതസിദ്ധി?".

വര: അസ്രൂസ്
↑ top