≡ ജൂണ്‍ 2016 ലക്കം
ഓർമ്മക്കുറിപ്പ്

ഓർമ്മച്ചില്ലകള്‍

1. ഇന്ദിര

കുട്ടിക്കാലത്തിലേയ്ക്കുള്ള തിരിച്ചു പോക്കായിരുന്നു ആ പാട്ട്. വരികൾ പണ്ടെപ്പോഴോ മറന്നു കഴിഞ്ഞു. ഈണം മാത്രം വിടാതെ മനസ്സിൽ ഇങ്ങനെ പറ്റിച്ചേർന്ന്. ഓർമ്മയുടെ ആദ്യ താളുകളിലൊന്നിൽ സോവിയറ്റ് പുസ്തകങ്ങളോടും തൂവാനത്തോടുമൊപ്പം ആ പാട്ടും. ആ പാട്ട് നിന്നെക്കുറിച്ചായിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കിപ്പുറവും നിന്നെ എന്നിലേയ്ക്ക് എത്തിക്കുന്ന ഒരു കാലസഞ്ചാരിണി പോലെ. സ്ക്കൂൾ ഫോട്ടോ എടുക്കേണ്ട ദിവസം ഞാനൊരു പനിപ്പുതപ്പിൻ കീഴെയായിരുന്നു. അന്നാണ് നീ എന്നെ തിരഞ്ഞു വീട്ടിൽ വന്നത്. കറുത്ത പെട്ടി റേഡിയോയിൽ അന്ന് ആ പാട്ടുണ്ടായിരുന്നു.

ഒരു ഉച്ചനേരത്തെ “ഒളിച്ചേ കണ്ടേ” കളിയിൽ മുള്ള് നിറഞ്ഞ ബോഗൈൻ വില്ല മരത്തിന്റെ ചില്ലകൾക്കിടയിൽ നീ പെട്ട് പോയതാണ് എന്റെ ജീവിതത്തിലെ ആദ്യത്തെ ഭീകരാനുഭവം. വേനലിനെ സുന്ദരമാക്കുന്നെങ്കിലും ആ കടലാസ്സു പൂക്കളെ ഭയപ്പാടോടെയല്ലാതെ പിന്നെകാണാൻ എനിക്ക് ഇന്നും സാധ്യമായിട്ടില്ല.

കളർ പെൻസിലുകളിൽ നിന്ന്, പുസ്തകങ്ങളിൽ നിന്ന് ഞാൻ നിന്നോടൊപ്പം പരിണമിച്ചു. ഷെർലക്കിന്റെ സാഹസികതകൾ, ആധുനിക ക്ലാസ്സിക്കുകൾ അങ്ങനെ നൂറു കണക്കിന് പുസ്തകങ്ങളുടെ സമുദ്രത്തെ കുടിച്ചു വറ്റിക്കാൻ മത്സരിച്ചു. പാഠപുസ്തകങ്ങളെക്കാൾ വളരെയേറെ ഈ മത്സരങ്ങളിൽ നിന്ന് നമ്മൾ പഠിച്ചു.

പരിതസ്ഥിതികളാൽ റിബൽ ആക്കപ്പെടുകയും ഭാഷയും സ്വരവും ശക്തമാവുകയും ചെയ്ത കൌമാരത്തിൽ ഞാൻ പറയുന്നതൊക്കെ നിനക്ക് മാത്രം മനസ്സിലാവുന്നതെങ്ങനെ എന്ന് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ ആദ്യ കവിതയിലെ പറന്നു പോകുന്ന വാത്തക്കുഞ്ഞുങ്ങൾക്കൊപ്പം വെള്ളത്തിന്‌ തൊട്ടു മുകളിലൂടെ പറന്നു പോകാനാണ് നീയും ആഗ്രഹിക്കുന്നതെന്ന് പറഞ്ഞപ്പോൾ മറ്റാരെയും പോലെയല്ലാത്തതിന്റെ ഒറ്റപ്പെടലിൽ നിന്ന് ഞാൻ പുറത്തു കടക്കുകയായിരുന്നു.

അന്ന് മന്ഥരയായും രാവണനായും ദ്രൗപദിയായും ഒക്കെയുള്ള നിന്റെ ഭാവമാറ്റത്തെ ഞാൻ വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്. മത്സരബുദ്ധി പോലും നിനക്കൊരലങ്കാരമായിരുന്നു. നീ മുറുക്കെ പിടിച്ചിരുന്ന മൂല്യങ്ങളിൽ ഏറ്റവും മുകളിൽ നിനക്ക് സൌഹൃദവും. വേനലും ഇടവപ്പാതിയും മറ്റെവിടെയും ഇത് പോലെയാവില്ലെന്നും മറ്റൊരിടത്തെയും വാകപ്പൂക്കൾക്ക് ഇത്ര ചുവപ്പുണ്ടാവില്ലെന്നും മറ്റൊരു സ്ക്കൂളിനും ഈ ചെമ്പകപ്പൂ മണം ഉണ്ടാവില്ലെന്നും നിന്നോടൊപ്പം ഞാനും വിശ്വസിച്ചു. മറ്റൊരിടത്തും നിന്നെ എനിക്ക് കാണാൻ സാധിക്കില്ലെന്നും.

2. ദുർഗ്ഗ

ഹോസ്റ്റൽ ജീവിതത്തിലെ മൂന്നാമത്തെ ദിവസമാണ് നിന്നെ ഞാൻ കണ്ടത്. മുകളിലെ എട്ടാം നമ്പർ മുറിയിലെ ഒരു മേശയ്ക്കു പിന്നിൽ മുടിയഴിച്ചിട്ട് ഇരിക്കുന്ന ഒരു യക്ഷിയെപ്പോലെ. കൂട്ടിനു മൂന്നു മെഴുകു തിരികൾ കത്തിച്ചു വെച്ച ഒരു സ്റ്റാണ്ടും. പവർ കട്ട് സമയത്ത് ആ മുറി തുറന്നു ഞാൻ അറിയാതെ ഏതോ യക്ഷിയെ ഉണർത്തി എന്ന് തന്നെയാണ് അന്ന് തോന്നിയത്.

അടുത്തറിയാൻ പിന്നെയും സമയമെടുത്തു. അപാരമായ ഹോം സിക്ക്നെസ്സു കാരണം വിഷാദ രോഗിയായി തീർന്ന എന്നെ ചിറകിനു കീഴിൽ ഒതുക്കി നീ ഉടനെ തന്നെ ഏട്ടത്തിയായി. ഹോസ്റ്റലിലെ കോളേജിലെ റാഗിങ്ങുമായി പൊരുതിത്തളർന്നപ്പോൾ എന്നെക്കാൾ കരുത്തേറിയ പോരാളിയായി എനിക്ക് ശക്തിയേകി. ജീവിതത്തിലന്നോളം എന്നെക്കാൾ ധൈര്യം ഞാൻ മറ്റാർക്കും കണ്ടിരുന്നില്ല.

എന്റെ അതുവരെയുള്ള ജീവിതത്തെ വെറും ബാലിശമാക്കാൻ പോന്ന നിന്റെ ഗതകാല സാഹസങ്ങൾ ഞാൻ അത്യധികം ആശ്ചര്യത്തോടെ കേട്ടിരുന്നു. ശത്രുത പുലർത്തുന്നവരെ പോലും സ്വന്തം ഇഷ്ടത്തിനു നീ എത്ര ഭംഗിയായി എടുത്തുപയോഗിക്കുന്നു എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. കാമ്പസ്സിലെ ഓരോ ഇടനാഴിയിലും ലൈബ്രറിയിലെ ഷെൽഫുകൾക്കിടയിലും വരെ പതുങ്ങി നിന്ന് നിന്നോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നവരെ എത്ര മൃഗീയമായി നീ കൊന്നു കളഞ്ഞിട്ടുണ്ട്.

എന്റെ കൊച്ചു കൊട്ടാരം എന്ന് പറഞ്ഞു നിന്റെ വീട്ടിലേയ്ക്ക് നീ എന്നെ കൊണ്ട് പോയത് എനിക്കോർമ്മയുണ്ട്. അവിടെയുള്ള ഓരോ വസ്തുക്കളിലും നിന്റെ സ്പർശം ഉണ്ടെന്നു എനിക്ക് തോന്നി. ആ കുഞ്ഞു വീട് മനോഹരമായ ഒരു കൊട്ടാരമായി നീ അലങ്കരിച്ചിരിക്കുന്നു. ശരിയെന്നു വിശ്വസിക്കുന്നത് ആരോടും തുറന്നു പറയാൻ ഭയക്കേണ്ടതില്ലെന്ന്, ഭീതിയാണ് ഏറ്റവും വലിയ കുറ്റകൃത്യം എന്ന്, സ്വന്തം മനസ്സാക്ഷിയോട്‌ വേണം ഏറ്റവും അധികം ആത്മാർത്ഥത എന്ന്, അങ്ങനെ പലതും ഞാൻ പഠിച്ചത് നിന്നിൽ നിന്നാണ്. എന്റെ അമ്മ ഒഴികെ മറ്റൊരു സ്ത്രീയും എന്നെ ഇത് പോലെ സ്വാധീനിച്ചിട്ടില്ല എന്ന് ഞാൻ നിന്നോട് പറഞ്ഞതും അത് കൊണ്ടാണ്.

ഉപയോഗിക്കപ്പെടുകയല്ലാതെ ഉപയോഗിക്കുന്ന പ്രകൃതമുള്ള ഒരു സ്ത്രീ ജീവിതത്തെ ഞാൻ അത് വരെ കണ്ടു മുട്ടിയിട്ടില്ല. ധൈര്യം എന്നും ആത്മവിശ്വാസം എന്നും ഉള്ള വാക്കുകൾക്കു ഞാൻ കണ്ടിരുന്ന അർത്ഥത്തെക്കാൾ വളരെ വ്യാപ്തിയുണ്ട് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു. വ്യവസ്ഥിതിയോട് മല്ലടിച്ച് മടുത്തു നീ അവിടം വിട്ടു പോകുമ്പോഴേയ്ക്കും പിന്നീട് വന്ന കണ്ണുകൾക്ക്‌ മുന്നിൽ നീയായി ഞാൻ പുനർജനിച്ചു കഴിഞ്ഞിരുന്നു.

3. നിള

പഠനത്തിനിടയിലും, ഇടവേളകളിലും, ഊണ് മുറിയിലും ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഒരു തടസ്സമായാണ് നിന്നെ ഞാൻ ആദ്യം കണ്ടത്. ജീവിതത്തിൽ അന്ന് വരെ ഒരാൾ മുൻവിധികളില്ലാതെ വന്നു ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഒരു അനുഭവം എനിക്ക് ഇല്ലാതിരുന്നതു കൊണ്ട് നിന്റെ സമീപനങ്ങൾ ഓരോന്നും സംശയകരമായാണ് ഞാൻ വീക്ഷിച്ചിരുന്നത്‌.

ഒരു ശനിയാഴ്ച വൈകുന്നേരത്തെ സൌഹൃദ കൂട്ടായ്മയ്ക്കിടയിൽ നിന്റെ ഒരു വട്ടു കമന്റു കേട്ട് ഞെട്ടിയപ്പോൾ നീ ഒരു സാധാരണ പെൺകുട്ടിയല്ലെന്നു എനിക്ക് ബോധ്യമായി.ആൾക്കൂട്ടത്തിൽ തനിച്ചാവുന്നതിനെക്കുറിച്ച് നീ ആവലാതിപ്പെട്ട ദിവസം ജീവിതത്തിൽ ആദ്യമായി ഒരു വ്യക്തിയോട് എന്റെ ആജീവനാന്ത സൌഹൃദം എനിക്ക് വാഗ്ദാനം ചെയ്യേണ്ടി വന്നു.

ഒറ്റമകളായി വളരേണ്ടി വന്നതിന്റെ ഏകാന്തത തീർക്കാനാണ് നീ വന്നത്. ഓരോ പടിയിലും എന്റെ ചുവടു പിടിച്ചു ഈ തോന്ന്യവാസിയെ അനുഗമിക്കാൻ- അനുകരിക്കാൻ ശ്രമിക്കുന്ന ആദ്യത്തെ വ്യക്തിയായി നീ മാറി. എന്റെ ശരികൾ നിനക്ക് ശരികളായി, എന്റെ തെറ്റുകൾ നിനക്ക് തെറ്റുകളും. എന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ മറ്റുള്ളവരോട് നീ യുദ്ധം ചെയ്യുന്നത് കണ്ട് എന്റെ അച്ഛന്റെയും അമ്മയുടെയും മകളല്ല നീ എന്ന വാസ്തവം പോലും ഞാൻ മറന്നു പോയി.

സംസാരിച്ചിരുന്നു വെളുപ്പിച്ച രാത്രികളായിരുന്നു നമ്മുടെ ഹോസ്റ്റൽ ദിനങ്ങളിൽ അധികവും. മടുപ്പില്ലാതെ, വിഷയങ്ങൾക്ക്‌ പഞ്ഞമില്ലാതെ ഒരു വ്യക്തിയോട് ഇത്ര അധികം സംസാരിക്കാം എന്നെനിക്കു അന്ന് മനസ്സിലായി. എന്റെ കവിതകളുടെ ഏറ്റവും വലിയ ആസ്വാദകയും വിമർശകയും എന്നും നീയാണ്. ഞാൻ വായിച്ചു ഭ്രാന്തു പിടിക്കാതിരിക്കാൻ നീ ഒളിപ്പിച്ചു വെച്ച പുസ്തകങ്ങളെ ഞാൻ ഇന്നും തിരഞ്ഞു കൊണ്ടിരിക്കുന്നു.

കൊന്നയും വാകയും പൂക്കുന്ന നമ്മുടെ കാമ്പസ്സിൽ നിന്ന് പോരുന്നതിനു തലേന്ന് നിന്റെ കസേരയിൽ ഇരുന്നു ഈ ലോകത്തെ നീ കാണുന്നത് പോലെ നോക്കി കാണാൻ ഞാൻ ഒരുപാട് ശ്രമിച്ചു നോക്കി. എത്ര ശ്രമിച്ചാലും കൈയിൽ നിന്ന് വഴുതി പോകുന്ന സൌഹൃദങ്ങളെക്കുറിച്ച് ഒരുപാട് വേദനിക്കുകയും ചെയ്തു.

4. ദുർഗ്ഗ

നമ്മുടെ കാമ്പസ്സിൽ നീ അദ്ധ്യാപികയായത് ആരോ പറഞ്ഞു അറിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷിച്ചു. പിന്നീട് നീ അവിടെ നിന്ന് പോയതും അറിഞ്ഞു. ഓരോ തവണയും അടുത്തെത്തുമ്പോൾ നീ എന്നിൽ നിന്ന് ഒഴിഞ്ഞു മാറി. എന്റെ വിവാഹത്തിന് ക്ഷണിക്കാൻ ഞാൻ നിന്നെ അവസാനം കണ്ടപ്പോൾ നമ്മൾ വിവാഹത്തിനു എതിരാണ് എന്നാണു ഞാൻ കരുതിയിരുന്നത് എന്ന് നീ പറഞ്ഞു. എന്റെ ജീവിതം നിന്റേതിൽ നിന്ന് വ്യത്യസ്തമായി പോയതിൽ പ്രതിഷേധിച്ച് നിന്റെ വിശ്വസങ്ങൾക്കുള്ളിൽ നില്ക്കാത്ത മറ്റാരെയും പോലെ എന്നെയും നിന്റെ മനസ്സിനുള്ളിൽ നീ കൊന്നു കുഴിച്ചുമൂടി. എന്റെ കാരണങ്ങൾ നിന്നെ ബോധിപ്പിക്കാൻ മരിച്ചവരുടെ ദ്വീപിൽ ഇരുന്നു എനിക്കും കഴിയാതെ പോയി.

5. നിള

കുടുംബ ജീവിതം നിനക്കൊരു തടവറയായി മാറിയപ്പോൾ നിന്നേക്കാൾ ഏറെ വേദനിച്ചത് ഞാനാണ്. ഇങ്ങനെയൊരു ഭാവിയല്ല കുഞ്ഞേ നിനക്ക് ഞാൻ കണ്ടിരുന്നത്‌ എന്ന് പറഞ്ഞതും ഹൃദയം പിളരുന്ന വേദനയിൽ തന്നെയാണ്. പക്ഷെ അഗ്നിയിലും തളരാത്ത, മാറാത്ത നിന്റെ വിശ്വാസപ്രമാണങ്ങളുടെ കരുത്തിൽ സ്ത്രീശാക്തീകരണം എന്ന് അലമുറയിട്ടു ആളുകൾ ആഘോഷിക്കുന്ന പദത്തിന്റെ മൂർത്തീകരണം കാണുകയാണ് ഇന്ന് ഞാൻ.

6. ഇന്ദിര

നീ പോകുമ്പോൾ എന്റെ റിപ്പ് വാൻ വിങ്കിൾ നിന്റെ കൈയിലായിരുന്നു. നീയില്ലാത്ത വീട്ടിൽപ്പോയി അത് എടുത്തു സ്ക്കൂൾ ലൈബ്രറിയിൽ തിരികെ എത്തിക്കേണ്ടി വന്നതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ കർത്തവ്യം. വർഷങ്ങൾക്കിപ്പുറം ഞാൻ വീണ്ടും ആ പാട്ട് കേട്ടു, വരികൾ ഇപ്പോഴും വ്യക്തമല്ലാത്ത നിന്റെ പാട്ട്. റിപ്പ് വാൻ വിങ്കിളിനെ പോലെ ഇരുപതു കൊല്ലം സ്വയം മറന്നു ഉറങ്ങിയ ശേഷം നീ ഉണർന്നു തിരിച്ചു വരുമെന്ന് ആ പാട്ടും ഞാനും ഇന്നും വിശ്വസിക്കുന്നു.

↑ top