≡ ജൂണ്‍ 2016 ലക്കം
വര: അസ്രൂസ്
ഓർമ്മക്കുറിപ്പ്

ഓർമ്മപ്പുസ്തകത്തിലെ ജൂൺ

ചിലപ്പോൾ ചിണുങ്ങിക്കരഞ്ഞും മറ്റു ചിലപ്പോൾ ആർത്തലച്ചു പൊട്ടിക്കരഞ്ഞും പെയ്യുന്ന മഴയോടൊപ്പം ജൂൺ മാസവും ഇങ്ങെത്തുകയായി. കാനഡയിലെ കുട്ടികൾക്ക് വേനലവധി തുടങ്ങുന്നതും നാട്ടിലെ കുട്ടികൾക്ക് സ്ക്കൂൾ വർഷം തുടങ്ങുന്നതും ഈ ജൂൺ മാസത്തിൽ തന്നെ....

നാട്ടിലേക്ക് ഫോൺ ചെയ്യുമ്പോൾ കേൾക്കുന്നത് സ്ക്കൂൾ തുറക്കുന്നതിന്റെ വിശേഷങ്ങൾ തന്നെ. കുട്ടികളും മാതാപിതാക്കളും ഒരു പോലെ സന്തോഷത്തെക്കാളേറെ ആശങ്കകളാണ് പങ്കു വെയ്ക്കുന്നത്. അവധിക്കാലത്തു തന്നെ കുറെയേറെ പാഠഭാഗങ്ങൾ പഠിച്ചു വെച്ചിട്ടുണ്ടെങ്കിലും അടുത്ത വർഷവും ഉയർന്ന മാർക്ക് തന്നെ കിട്ടുമോ എന്നൊക്കെയുള്ള അച്ഛനമ്മമാരുടെ ആശങ്കകളുടെ ഭാണ്ഡവും പേറിയാണ് കുഞ്ഞുങ്ങൾ സ്ക്കൂളിലേക്ക് പോകാൻ തയ്യാറാവുന്നത്. കൂട്ടുകാരെ കാണുന്നതിന്റെ സന്തോഷത്തോടൊപ്പം അവരിൽ ആരും തന്നെക്കാൾ കൂടുതൽ മാർക്ക് വാങ്ങുകയോ മുന്നിലാവുകയോ ചെയ്യരുതെന്ന സ്വാർത്ഥ താല്പര്യം കൂടി സ്വകാര്യമായി സൂക്ഷിക്കുന്നു.

വിശേഷങ്ങൾ കേട്ടിരിക്കുമ്പോൾ, ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിറം മങ്ങാത്ത ചിത്രങ്ങൾ..!

മെയ് മാസത്തിന്റെ അവസാനത്തിൽ അമ്മ വീട്ടിൽ നിന്നും മടങ്ങി വരുന്നതോടെയാണ് സ്ക്കൂൾ തുറക്കാറായി എന്ന ചിന്തയിലേക്ക് വരുന്നത്. എല്ലാ തവണയും രാത്രിയിലാണ് വീട്ടിലെത്തുക. അന്നത്തെ ദിവസം ആകെയൊരു മൂഡോഫ് ആയതിനാൽ ഭക്ഷണം പോലും കഴിക്കാതെ നേരത്തെ കിടന്നുറങ്ങും.

പിറ്റേന്ന് രാവിലെ പുതുതായി തയ്ച്ച യൂണിഫോമുകളുമായി ജോണ്‍ ചേട്ടൻ വരും. അവധിക്കാലം തുടങ്ങുമ്പോൾ തന്നെ, യൂണിഫോമുകൾ തയ്ക്കാൻ അമ്മ ജോണ്‍ ചേട്ടനെ ഏല്പ്പിച്ചിട്ടുണ്ടാവും. ഒരു ജോഡി യൂണിഫോം മാത്രം. കാരണം എല്ലാ ദിവസവും യൂണിഫോം വേണ്ടായിരുന്നു അന്നൊക്കെ.... സ്ക്കൂൾ ഇൻസ്പെക്ഷന്, എ.ഇ.ഓ. വരുന്ന ദിവസം, പിന്നെ ഓഗസ്റ്റ് പതിനഞ്ച്, ഒക്ടോബർ രണ്ട് തുടങ്ങിയ വിശേഷ ദിവസങ്ങളിലൊക്കെ മതിയായിരുന്നു യൂണിഫോം. അതു പോലും വാങ്ങാൻ കെല്പ്പില്ലാത്ത കുട്ടികളായിരുന്നു സ്ക്കൂളിലെ ഭൂരിഭാഗവും. പേരു വെളിപ്പെടുത്താത്ത ഒരു നല്ല മനസ്സ് അവർക്കായി യൂണിഫോം, പുസ്തകം, കുട തുടങ്ങിയവ എല്ലാ വർഷവും സൗജന്യമായി നല്കിയിരുന്നു. (ഒരിക്കൽ ആ സൗജന്യത്തിനായി ഞാനും അപേക്ഷ കൊടുത്തതാണ്. ആ കഥ പിന്നൊരിക്കൽ പറയാം).

വൈകുന്നേരം ആകുമ്പോൾ മുടി വെട്ടുകാരൻ വരും, എല്ലാവരുടെയും മുടിയൊക്കെ വെട്ടിക്കളഞ്ഞു നിരപ്പാക്കും. അവധിക്ക് നീട്ടി വളർത്തിയ മുടിയൊക്കെ ക്രോപ്പ് ചെയ്ത് ചെറുതാക്കിക്കളയും. പിന്നെ, അമ്മ പിടിച്ചിരുത്തി കൈ കാലുകളിലെ നഖങ്ങളൊക്കെ വെട്ടി വൃത്തിയാക്കും. ഇതൊക്കെയായിരുന്നു സ്ക്കൂളിൽ പോകുന്നതിനു മുമ്പുള്ള തയ്യാറെടുപ്പുകൾ.

ഒന്നാം ക്ലാസില്‍ മാത്രമേ അമ്മ കൂടെ വന്നിട്ടുള്ളൂ. പിന്നെയുള്ള വർഷങ്ങളിലൊക്കെ മുതിർന്ന ക്ലാസിലെ കുട്ടിയായിരുന്നു ഞാന്‍. അടുത്തുള്ള ചേച്ചിമാരും ചേട്ടന്മാരും ഒക്കെ കൂട്ടുണ്ടായിരുന്നു. അവരുടെ കൂടെ വിടാൻ അമ്മയ്ക്കും മടിയോ പേടിയോ ഇല്ലായിരുന്നു. ആറാം ക്ലാസ് വരെ അങ്ങിനെയായിരുന്നു . ഏഴാം ക്ലാസ് ആയപ്പോൾ കൂട്ടത്തിലെ സീനിയർ ആകാൻ ചാൻസ് കിട്ടി. അപ്പോഴേക്കും ചേച്ചിമാരും ചേട്ടന്മാരും ഒക്കെ ഹൈസ്ക്കൂളിലേക്ക് മാറിക്കഴിഞ്ഞിരുന്നു.

വര: അസ്രൂസ്

സ്കൂൾ തുറക്കുന്ന ദിവസം രാവിലെ കുളിച്ചൊരുങ്ങി, നല്ല ഉടുപ്പൊക്കെ ഇട്ടാവും പോകുന്നത്. ചിലപ്പോഴൊക്കെ മഴയും ഉത്സാഹത്തോടെ രാവിലെ തന്നെ സ്ക്കൂളിൽ പോകാൻ കൂട്ടായി എത്തും. അപ്പോൾ സന്തോഷം ഒന്നു വേറെത്തന്നെയാണ്. സ്ക്കൂളിലേക്ക് ഒന്നര കിലോമീറ്റർ നടപ്പുണ്ട്. പോകുന്ന വഴിയിൽ നിന്നും പല കൂട്ടുകാരും ഒപ്പം കൂടും. അവധിക്കാല രസങ്ങൾ പങ്കു വെച്ചും മറ്റും ബെല്ലടിക്കുമ്പോഴേക്കും സ്ക്കൂളിൽ എത്തിച്ചേരും.

അവിടെയും പഠിക്കേണ്ട വിഷയങ്ങളുടെ ഭാരമോ പരീക്ഷയുടെ ഭയമോ ഇല്ലായിരുന്നു. അടുത്ത ക്ലാസ്സിലും കൂട്ടുകാരൊക്കെ ഒപ്പമുണ്ടാകുമോ എന്ന ആകാംക്ഷ മാത്രമായിരുന്നു....

ഓർമ്മപ്പുസ്തകത്തിന്റെ താളുകളിൽ നിന്നും പരിഭവങ്ങളുടെ ചിലമ്പലുകൾ കേൾക്കുന്നുവെങ്കിലും തല്ക്കാലത്തേക്ക് ഞാനിത് അടച്ചു വെയ്ക്കട്ടെ ....

↑ top