≡ ജൂണ്‍ 2016 ലക്കം
ഓര്‍മ

കല്യാണദിവസങ്ങളുടെ തലേന്ന്

മള്‍ട്ടിമീഡിയ മൊബൈല്‍ഫോണുകളും 'വീഡിയോ പരാഗണ'ത്തിനുള്ള അനന്തസാധ്യതകളും ഉരുത്തിരിഞ്ഞതില്‍പ്പിന്നെ പൂവാലന്മാര്‍ക്കും വായിനോക്കികള്‍ക്കും ഒക്കെ ഒരു ക്ഷാമമുള്ളതുപോലെ എങ്ങും അനുഭവപ്പെട്ടിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ..? കാരണം മൊബൈലില്‍ നിന്ന് മുഖമുയര്‍ത്തിയിട്ടു വേണ്ടേ പെണ്‍പിള്ളാര്‍ മുമ്പിലൂടെ പോകുന്നത് കാണാന്‍. എന്നിട്ടു വേണ്ടേ വായിനോക്കാനും കമന്റുകള്‍ പാസ്സാക്കാനും. നാട്ടിലുള്ള ചുള്ളന്‍ ചെക്കന്മാരൊക്കെ പൊന്നുപോലെ കൊണ്ട് നടന്നിരുന്ന പെണ്‍പിള്ളാർ ചെരുപ്പിട്ടടിച്ചു ശബ്ദം കേള്‍പ്പിച്ചു നടന്നിട്ടും ഒരുത്തനും തിരിഞ്ഞു നോക്കാനില്ലാത്ത അവസ്ഥ കാലം വരുത്തിവച്ചില്ലേ..! ഇത്തിരി സങ്കടമുണ്ട്. മുമ്പില്‍ ബോംബു വീണു പൊട്ടിയാലും മൊബൈലില്‍ നിന്ന് കണ്ണുപറിക്കാത്ത ജന്തുക്കള്‍..!

പൊടുന്നനെ അവഗണിക്കപ്പെട്ടുപോയതിന്‍റെ വേദനയില്‍ പെണ്‍കുട്ടികള്‍ മനമുരുകി പ്രാകിക്കൊണ്ട് നടന്നു നീങ്ങുന്ന ദയനീയ കാഴ്ച. തുടക്കത്തില്‍ ചുള്ളന്മാര്‍ മൊബൈലില്‍ കെട്ടിയിടപ്പെട്ടതിന്‍റെ ഫലമായി ആദ്യമൊന്നു പതറിപ്പോയ തരുണീമണികളും പിന്നീട് സ്വന്തമായി മൊബൈലുകള്‍ കരസ്ഥമാക്കി പകരത്തിനുപകരമെന്നോണം എന്നെന്നേക്കുമായി ‘തലകള്‍ കുമ്പിട്ടു’.

എന്നാല്‍ പണ്ട്, മ്മടെയൊക്കെ ചെറു പ്രായത്തില്‍ അതായിരുന്നില്ല അവസ്ഥ. വായിനോട്ടവും പഞ്ചാരയടിയും സര്‍വ്വസാധാരണം. അത്യാവശ്യം പഞ്ചാരയടി ഇല്ലാത്തവരെ വിദഗ്ദ്ധചികിത്സയ് ക്കായി മാനസികാരോഗ്യ കേന്ദ്രത്തില്‍ വരെ കൊണ്ടുപോയിരുന്ന കാലം.

പത്തിരുപതു വര്‍ഷം മുമ്പ്, അങ്ങനൊരു കാലത്ത്, ഒരു കൂട്ടുകാരന്‍റെ സഹോദരിയുടെ കല്യാണത്തിനു ക്ഷണിക്കപ്പെട്ട്, തലേദിവസം വൈകുന്നേരം കല്യാണവീട്ടില്‍ എത്തിയപ്പോള്‍ കല്യാണപ്പെണ്ണും കുറെ പെണ്‍കുട്ടികളും ഒഴികെ അവിടാരുമില്ലായിരുന്നു. എല്ലാവരും വീട്ടില്‍ നിന്ന് കുറച്ചകലെയുള്ള ഓഡിറ്റോറിയത്തില്‍ ആണെന്നറിഞ്ഞ് സമയം കളയാതെ അങ്ങോട്ട്‌ വച്ചുപിടിച്ചു. ഫുഡ്‌ ഒക്കെ വീട്ടുകാര്‍ തന്നെയാണ് അക്കാലങ്ങളില്‍ ഉണ്ടാക്കിയിരുന്നത്. അത് കൊണ്ട് തന്നെ എല്ലാവരും ഓഡിറ്റോറിയത്തില്‍ ഒത്തുചേര്‍ന്ന് അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കുന്ന തിരക്കിലായിരുന്നു. പക്ഷേ അവിടെയും ആളുകള്‍ തീരെ കുറവായിരുന്നു. കുറച്ചു പ്രായമായ സ്ത്രീകളും നാലഞ്ച് പുരുഷന്മാരും മാത്രമേ കാര്യങ്ങള്‍ നോക്കിനടത്തുവാന്‍ അവിടെ ഉണ്ടായിരുന്നുള്ളൂ. സഹായിക്കാന്‍ മതിയായ ആളുകള്‍ ഇല്ലാത്ത അവസ്ഥ. പുലരും മുമ്പേ എന്തെല്ലാം ഒരുക്കാന്‍ കിടക്കുന്നു. സുഹൃത്തും അവന്‍റെ മാതാപിതാക്കളും പരിഭ്രമിച്ചു ഓടിനടക്കുന്നത് കണ്ടു.

“എന്താടേ, നമുക്ക് ഒരുപാട് ഫ്രണ്ട്സൊക്കെ ഉള്ളതല്ലേ. അവന്മാരെ ഒന്നും നീ വിളിച്ചില്ലേ.? എല്ലാവരുംകൂടി ഒത്തുപിടിച്ചാല്‍ കാര്യങ്ങള്‍ പുഷ്പ്പം പോലെ നടക്കില്ലേ..?”

ഞാന്‍ ആരാഞ്ഞു.

“എല്ലാവനെയും വിളിച്ചതാ... ഒക്കെ ഈ പരിസരത്തൊക്കെ ഉണ്ട് ... മാറിമാറി നില്ക്കുവാ... ആരെയും ഒന്നിനും കിട്ടുന്ന ലക്ഷണമില്ല.”

അവന്‍ പരിതപിച്ചു.

“ഒരല്പം തീറ്റ ഇട്ടു കൊടുത്താല്‍ ഓടിവരാത്ത പൂവന്‍കോഴികള്‍ ഉണ്ടോടാ...? വീട്ടില്‍ ഒരുപാട് മൊഞ്ചത്തിപിള്ളാരൊക്കെ വന്നിട്ടുണ്ടല്ലോ. കൊള്ളാവുന്നത് നോക്കി അഞ്ചാറു പെണ്‍പിള്ളാരെ കാര്യം പറഞ്ഞിട്ട് ഇങ്ങോട്ട് ഇറക്ക്..”

ഈ പ്രസ്ഥാനത്തിന്‍റെ അമരക്കാരില്‍ ഒരാളായ ഞാന്‍ സുഹൃത്തിന് രഹസ്യ ഉപദേശം നല്കി. നമ്മളാരാ മോന്‍!

തലയ്ക്കുള്ളില്‍ കത്തിയ ബള്‍ബും തെളിച്ചുപിടിച്ചുകൊണ്ടു സുഹൃത്ത് വീട്ടിലേക്കു പാഞ്ഞു. ഒപ്പം ഞാനും. ജന്മനാ സൗന്ദര്യാരാധകനായിരുന്ന ഞാനായിരുന്നു സെലക്ടര്‍. സുഹൃത്ത് ഓരോ പെണ്‍കുട്ടിയു ടെയും അടുത്ത് ചെന്ന് ‘വേണോ വേണ്ടയോ’ എന്നമട്ടില്‍ എന്നെ നോക്കും. എനിക്ക് ബോധിച്ചാല്‍ ഞാന്‍ ഓക്കേ എന്ന് കണ്ണുകാണിക്കും. അങ്ങനെ അവസാനം കിളിപോലുള്ള അഞ്ചാറു പെണ്‍പിള്ളേര്‍ പൂവന്‍കോഴികള്‍ക്കു തീറ്റയായി തിരഞ്ഞെടുക്കപ്പെട്ടു. അവരെ മാറ്റി നിര്‍ത്തി ദൗത്യം പറഞ്ഞു മനസ്സിലാക്കി. അവർ ഒരോട്ടോയില്‍ ഞങ്ങള്‍ക്കൊപ്പം സംഭവസ്ഥലത്തേക്ക് പാഞ്ഞിറങ്ങാന്‍ പിന്നെ താമസമുണ്ടായില്ല. മാത്രമല്ല, ഈ തിരക്കഥ ഹിറ്റാകാന്‍ അധികനേരം വേണ്ടിയും വന്നില്ല.

അമ്പതു അടിച്ചവരും അടിക്കാത്തവരും മുറുക്കിത്തുപ്പിയവരും തുപ്പാത്തവരും എന്നുവേണ്ട പലതരം ചുള്ളന്മാര്‍ ഓഡിറ്റോറിയത്തിലേക്ക് 'നൈസായി' ഒഴുകിത്തുടങ്ങി. ഹോ കണ്ടാല്‍ എന്തൊരു മര്യാദക്കാരാ. ഞങ്ങളിങ്ങോട്ടു വരാന്‍ തുടങ്ങുകയായിരുന്നു എന്ന ഭാവമായിരുന്നു എല്ലാവര്‍ക്കും. ഓട്ടക്കണ്ണിന്‍റെ അസുഖമുള്ള ചുള്ളന്മാര്‍ക്കെല്ലാം ചെറിയ ചെറിയ 'കടാക്ഷങ്ങള്‍' പകരം നല്കി പെണ്‍കുട്ടികള്‍ പറവകളെപ്പോലെ 'വര്‍ക്ക്‌ ഏരിയയില്‍' ചുറ്റിനടന്നു. വിവരം കാട്ടുതീ പോലെ നാട്ടിലറിഞ്ഞു. ‘ചുള്ളികള്‍’ എത്തിയിരിക്കുന്നു... "വരിനെടാ മക്കളെ.." കേട്ടവര്‍ കേട്ടവര്‍ കാതോടുകാതോരം വിവരം കൈമാറി. അല്‍പസമയത്തിനുള്ളില്‍ അന്‍പതോളം 'നിസ്വാര്‍ത്ഥപ്രവര്‍ത്തക'രാണ് ' പഞ്ചാരക്കള'ത്തിനു ചുറ്റും വായിലൂറും മധുരവുമായി തടിച്ചു കൂടിയത്.

“ന്റമ്മേ...! “

പിന്നെ ഒരങ്കമായിരുന്നു. ‘എടുക്കെടാ.... വെക്കടാ... ആണ്ടെടാ... ദോണ്ടെഡാ...എന്നാടാ... ചുമ്മാ ഇരിക്കെടാ....അളിയാ... തൊലിയാ...വാടാ.... പോടാ ...അത് ചെയ്യെടാ... ഇത് ചെയ്യെടാ....’ എന്താ ഉത്സാഹം. ! എന്തെങ്കിലും ഒരു പണിക്കു കൂടാന്‍ സലിംകുമാറിനെപോലെ പ റ്റിയ ഒരു പ്ലെയിസ് തപ്പി നടന്ന് ഞാനും പലരെയും പോലെ നിരാശനായി. പിന്നെ അത്ര മോശമല്ലാത്ത ‘ജെനറല്‍ മേല്‍നോട്ടം’ കൊണ്ട് തൃപ്തിയടഞ്ഞു.

കൈയ്യൂക്കുള്ളവരിലൂടെ കാര്യങ്ങള്‍ പൊടിപൊടിക്കുകയായിരുന്നു. പച്ചക്കറികള്‍ അരിയുന്നു.., ഇലകള്‍ തുടയ്ക്കുന്നു.., പായസം ഇളക്കുന്നു.., അടുപ്പുകളില്‍ വിറകു വച്ചുകൊടുക്കുന്നു.., തേങ്ങ ചിരവുന്നു എന്നുവേണ്ട, ബളഹത്തോട് ബളഹം. പക്ഷേ എല്ലാവരുടെയും കണ്ണുകള്‍ കോഴിക്കൂട്ടില്‍ ആയിരുന്നു എന്ന് വേറെ കാര്യം. കല്യാണമണ്ഡപം അലങ്കരിക്കുന്നതിന്‍റെ കാര്യങ്ങള്‍ സ്റ്റേജില്‍ പുരോഗമിക്കുന്നത് കണ്ട് ഞാന്‍ എന്നെ അതിനിടയില്‍ തിരുകാന്‍ ഒരു ശ്രമം നടത്താതിരുന്നില്ല. കലാകാരന്മാരുടെ മുടിഞ്ഞ തിരക്ക് കാരണം 'മികച്ച ആലങ്കാരികനായ' ഞാന്‍ പതിവ് പോലെ അവിടെയും പുറമ്പോക്കായി. ഗതികിട്ടാതെ പിന്നേം ചുറ്റി നടന്നു.

ചിലരാണെങ്കില്‍ കടുംകാപ്പി തയ്യാറാക്കുന്ന തിരക്കിലായിരുന്നു. വേറെ ചിലര്‍ വിതരണം ചെയ്യുന്ന തിരക്കിലും. കുടുംബം അറിഞ്ഞനുവദിച്ചു കൊടുത്ത പഞ്ചാരയടി മാമാങ്കം കൊഴുപ്പിക്കുന്നതിനിട യില്‍ പെണ്‍കുട്ടികള്‍ പഞ്ചാരക്കാപ്പി കുടിച്ചു കുടിച്ചു വശം കെടുന്നതും കണ്ടു. സുഹൃത്ത് ആഹ്ലാദവാനായിരുന്നു. അവന്‍റെ നന്ദി കലര്‍ന്ന നോട്ടം എനിക്ക് മുടങ്ങാതെ കിട്ടികൊണ്ടിരുന്നു. ഇടയ്ക്ക് അവന്‍ പ്രസരിപ്പോടെ ഓടിയെത്തി എന്‍റെ ചെവിയില്‍ ചുണ്ടുകള്‍ ചേര്‍ത്തു.

“ദോണ്ടെ... ആ മേശവിരികള്‍ തുടച്ചു വെയ്ക്കുന്നവന്‍ നമ്മടെ വക്കീല്‍ഗുമസ്തന്റെ മോനാ. അവനെ ഞാന്‍ വിളിക്കാന്‍ മറന്നു പോയിരുന്നു. സമയത്ത് അളിയനും എത്തിച്ചേര്‍ന്നു...!! കൂടാതെ വിളിക്കാത്ത രണ്ടുമൂന്നുപേര്‍ കൂടിയുണ്ട്”

ഞങ്ങള്‍ ഇരുവരും അതീവരഹസ്യമായി പൊട്ടിച്ചിരിച്ചു.

ജോലികള്‍ തീരും വരെ പെണ്‍കുട്ടികള്‍ മുന്‍ തീരുമാനിച്ച പ്രകാരം 'ഓളം' വിതറി ഓടി നടന്നു. ഉദ്ദേശിച്ചതുപോലെ അവസരം കിട്ടാത്തവര്‍ തുടച്ച ഇലകള്‍ വീണ്ടും തുടച്ച് ഓര്‍ക്കാപ്പുറത്തുണ്ടായ ചാകരയില്‍ പങ്കുചേര്‍ന്ന് നിര്‍വൃതികൊണ്ടു. കുറെ ഇലകള്‍ രണ്ടാമത്തെ ആക്രമണത്തില്‍ പൊട്ടിപ്പോയി എന്നുള്ളത് വിസ്മരിക്കുന്നില്ല. കാരണം വാഴയിലകള്‍ക്കും ഇല്ലേ ഒരു പരിധി ഒക്കെ. ഒരാളു പോലും പായസം ഇളക്കാന്‍ ഇല്ലാതിരുന്ന അവസ്ഥയില്‍ നിന്ന് പത്തുപതിനഞ്ചു പേര്‍ ഊഴം കാത്തുനിന്ന് പായസം ഇളക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും അവിടം സാക്ഷ്യം വഹിച്ചു. ജയശ്രീ എന്ന സുന്ദരിക്കോതയുടെ ഇടയ്ക്കിടെയുള്ള സാന്നിധ്യമായിരുന്നു ഈ ‘ഇളക്കുപ്രതിഭാസ’ത്തിനു കാരണം. ‘ചേട്ടാ... ഇളക്കാന്‍ കൂടണോ...?’ എന്ന അവളുടെ ചോദ്യം കേള്‍ക്കാന്‍ വേണ്ടി മാത്രം തടിച്ചുകൂടിയവരായിരുന്നു അവരില്‍ പലരും. എല്‍നിനോ പോലെ വേറെ ഏതോ ഒരു പ്രതിഭാസം.

പെണ്‍കുട്ടികളുടെ പൊട്ടിച്ചിരികള്‍ ഇടതടവില്ലാതെ ഓഡിറ്റോറിയത്തില്‍ വിതറപ്പെട്ടു കൊണ്ടിരുന്നു. വാഴയിലയുടെ അനുഭവം ചിരട്ടകള്‍ക്കും ഉണ്ടായി. ചിരവിത്തീര്‍ന്ന ചിരട്ടകള്‍ പിന്നേം പിന്നേം ചിരവി അതിന്‍റെ പരിപ്പെടുത്ത് ആശ്വസിച്ച ചില പരട്ടകളെയും ഇതിനിടയില്‍ കണ്ടുമുട്ടാന്‍ കഴിഞ്ഞു എന്നത് മുജ്ജന്മ സുകൃതമായിരിക്കാം.

രാത്രി രണ്ടുമണിയോടെ മിക്കവാറും എല്ലാപണികളും തീര്‍ത്തു നിസ്വാര്‍ത്ഥപ്രവര്‍ത്തകര്‍ കല്യാണവീടിനു മാതൃകയാകുകയും ‘ഇനിയെന്ത്’ എന്നമട്ടില്‍ അക്ഷമരാകുകയും ചെയ്തു. പണി ചെയ്തു ഞങ്ങള്‍ക്ക് കൊതി തീര്‍ന്നില്ല... ഞങ്ങള്‍ക്ക് ചെയ്യാന്‍ പണിയെവിടെ..? എന്ന് ഓരോ മനസ്സും നിശബ്ദമായി യാചിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. ജോലികള്‍ തീരേണ്ട താമസം പഴയ ഓട്ടോ വീണ്ടുമെത്തി, എന്നോട് പോലും ഒരു വാക്ക് ചോദിക്കാതെ പെണ്‍പിള്ളാരെയും കൊണ്ട് തിരിച്ചു വീട്ടിലേക്കു പറപറന്നു. അങ്കത്തട്ടില്‍ മൂകത തളംകെട്ടാന്‍ പിന്നെ താമസമുണ്ടായിരുന്നില്ല. സന്നദ്ധപ്രവര്‍ത്തകര്‍ 'കലിപ്പില്‍' ആറാടിനിന്ന് പല്ലുഞെരിച്ച് സുഹൃത്തിനെ ഏറെനേരം ചീത്ത വിളിക്കുന്നതിനും ആ പുലര്‍കാലം സാക്ഷിയായി.

“വീട്ടില്‍ പോകാന്‍ നോക്കടാ പിള്ളാരെ..”

ഞാന്‍ എന്‍റെ വിഷമം മറച്ചു പിടിച്ചു മറ്റുള്ളവരെ കളിയാക്കി രസിച്ചു. ഓട്ടോ വന്നില്ലായിരുന്നെങ്കില്‍ എന്നെയും അവിടുന്ന് പറഞ്ഞു വിടാന്‍ സുഹൃത്ത് ഇത്തിരി വിഷമിച്ചേനെ എന്നുള്ളത് വേറെ കാര്യം...ന്നാലും..... ആ രമ്യയെയും പ്രിയയേയും എങ്കിലും രാവിലെ വരെ അവിടെ നിര്‍ത്താര്‍ന്നു ന്‍റെ സൂര്‍ത്തേ, കശ്മലന്‍ തന്നെ കശ്മലന്‍. അല്പ്പം ഗദ്ഗദം കൂടി ഇത്തരുണത്തില്‍ നിങ്ങളോട് ചോദിക്കാതെ ഇവിടെ ഇടുകയാണ്.... അല്ല പിന്നെ!

ഇങ്ങനെ എത്രയോ വീടുകളില്‍ അന്നൊക്കെ ചുളുവില്‍ കാര്യങ്ങള്‍ ചെയ്തു പോന്നിരിക്കുന്നു. ഇന്നിപ്പോ കാലം മാറി. കല്യാണങ്ങള്‍ക്ക് സ്വന്തമായി ഫുഡ്‌ ഉണ്ടാക്കുന്നവര്‍ ഉണ്ടോ എന്ന് പോലും സംശയമാണ്. എല്ലാം കേറ്ററിംഗുകാരും ഇവന്‍റ് മാനേജ്മെന്റുകാരും കൊണ്ടുപോയില്ലേ... എങ്കിലും പഴയകാലത്ത് കല്യാണങ്ങളുടെ തലേദിവസം പകര്‍ന്നു കിട്ടിയിരുന്ന ആ ഉത്സവ പ്രതീതി ഇന്ന് ഒരിടത്തും കാണാനില്ല എന്ന് തന്നെ പറയാം. ചിലകാര്യങ്ങള്‍ അങ്ങനെയാണ് കൈമോശം വന്നാല്‍ പിന്നെ ഒരിക്കലും തിരികെ വരില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. തലമുറകള്‍ മാറുന്നതിനൊപ്പം ആര്‍ക്കും തടയാന്‍ പറ്റാത്ത മാറ്റങ്ങളും എങ്ങും വന്നു ചേര്‍ന്നുകൊണ്ടിരിക്കുന്നു. പണ്ടൊക്കെ നിരുപദ്രവകരമായി വായിനോക്കിയിരുന്നവരില്‍ നിന്നും ചുമ്മാ വന്നു ബലാല്‍സംഗം ചെയ്യുന്നവരിലേക്ക്‌ വളര്‍ന്നിരിക്കുന്നോ നമ്മുടെ പുതിയ തലമുറ എന്നൊരു സംശയവും ഇല്ലാതില്ല എന്നുകൂടി മയത്തില്‍ ചേര്‍ക്കട്ടെ...... !

↑ top