≡ ജൂണ്‍ 2016 ലക്കം
കവിത

അവൾ!

രാത്രിയുടെ ലാളനകൾക്കായ്‌
കാമഭോഗികൾ അഴിച്ചു വെച്ച
ചാരിത്ര്യ ഉടുപ്പുകൾ
വീണ്ടുമണിഞ്ഞ്
വെളിച്ചത്തിലൂടെ നീതി തേടി നടന്നു...
ജനാധിപത്യച്ചില്ലകളിലിരുന്ന്
പകൽമാന്യരാം രാത്രിമൂങ്ങകൾ
അടവുനയങ്ങളാൽ
കുറ്റവാളികളെ വിശുദ്ധരാക്കി...

ചാനൽപ്പരുന്തുകൾ
ജീവനുള്ള ശരീരത്തെ
അക്ഷരങ്ങളാൽ
വീണ്ടും വീണ്ടും കീറിമുറിച്ച്‌
ആഘോഷിച്ചു...
സാങ്കേതിക യന്ത്രങ്ങളിലെ
സ്മാർട്ട്‌ ബട്ടണുകളിലെ ഞെക്ക്‌ കൊണ്ട്‌
ശരീരം വീണ്ടും വീണ്ടും പീഡിപ്പിക്കപ്പെട്ടു..

കോടതിമുറിയിലെ
ത്രാസ്സിൽ തൂക്കിയ പണക്കെട്ടുകളുടെ
ഭാരം കൂടിയതിനാൽ
നീതിദേവത
കണ്ണടച്ചു തന്നെ നിന്നു..

വര: അസ്രൂസ്

ഒടുവിൽ,
ബോധമണ്ഡലങ്ങളിൽ
അനീതിയുടെ
വിധിയാണിയേറ്റ്‌
ഒരു മുറിയുടെ മൂലയിൽ,
കണ്ണു തുറിച്ച്‌,
മുടിയുലഞ്ഞ്‌,
പൊട്ടിക്കരഞ്ഞും പൊട്ടിച്ചിരിച്ചും
പൊട്ടിയൊലിക്കുന്ന
വ്രണപ്പാടുകളോട്‌
ചേർന്ന് കിടക്കും ചങ്ങലക്കണ്ണി വലിച്ച്‌
നഗ്നയായി ഇഴയുമ്പോഴും
പുതിയ ചങ്ങലകൾക്കുള്ള
അവകാശികളെത്തേടി
അലയുകയായിരുന്നു
യഥാർത്ഥ ഭ്രാന്തന്മാർ !

↑ top