≡ ജൂണ്‍ 2016 ലക്കം
വര: അസ്രൂസ്
കവിത

ജൂണിൽ പെയ്യുന്നത്‌

ജൂൺമഴ - പള്ളിക്കൂടത്തിൽ ചേർക്കാൻ പോകുന്ന കുട്ടിയാണ്..
കാറ്റമ്മക്കൊപ്പം ചിണുങ്ങിപ്പിണങ്ങി,
ഞാൻ വരില്ലെന്ന് പായാരം ചൊല്ലി
നമ്മുടെ തൊടികളിലൂടെ നടന്നു പോയ
ഒരു മഴയെക്കുറിച്ച് ഓർമ്മ വരുന്നില്ലേ?

ഒരു കുടക്കീഴിൽ ചേർന്ന് നിന്ന്
പാതി നനഞ്ഞ സൗഹൃദങ്ങൾ,
മഷിത്തണ്ട് കൊണ്ട് തേച്ചുതെളിഞ്ഞ
സ്ലേറ്റ് പോലെ ബാല്യം,

ഇറാലി വെള്ളത്തിൽ മുങ്ങിപ്പോയ
ഒരു കടലാസ്സുവഞ്ചിയുടെ കപ്പിത്താനാകുന്നത്,
തണുപ്പിൽ കുതിർന്ന പനിച്ചൂടിൽ കമ്പിളിപ്പുതപ്പെന്ന
രാജ്യത്തെ രാജാവാകുന്നത്,
വരാന്തയിലിരുന്ന് മഴതീർത്ത തിരശീലയിലൂടെ
പ്രകൃതിയുടെ നഗ്നതയിലേക്കലിയുന്നത്‌,
തോട്ടുവെള്ളത്തിൽ പാഞ്ഞുപോകുന്ന
പരലിനെയും പള്ളത്തിയെയും മുണ്ടത്തിയെയും
പിടിച്ചു പിടിച്ചില്ല എന്ന് സ്വയം പഴിക്കുന്നത്,

ഒരു മഴ പോലെ കുളിരുന്ന ഓർമ്മയിൽ നിന്ന്
സ്വന്തമെന്നു പറയാൻ എനിക്കുമുണ്ട്...!

വേനൽ മാത്രം പൂക്കുന്ന
മരുവിടങ്ങളിൽ നിന്ന്
മഴ നനഞ്ഞു നടന്നുപോയ
ആ കുട്ടിയിലേക്ക്‌ എത്ര ദൂരം.....???
സ്മൃതികൾ/സ്വപ്‌നങ്ങൾ കൊണ്ട് മാത്രം

നടന്നു തീർക്കാവുന്ന ചില ദൂരങ്ങൾ....!!

↑ top