≡ ജൂണ്‍ 2016 ലക്കം
കവിത

മറന്നു പോയൊരാൾ

ഓർക്കുകയാണ്,
എന്നോ മറന്നു പോയ ഒരു സുഹൃത്തിനെ.
മെല്ലിച്ച മുഖവും
ചാരക്കണ്ണും
ചിരിയും
എല്ലാം ഓർത്തെടുക്കുകയാണ്.

ചുണ്ടിലെ പാട്ട്,
മുഷ്ടി ചുരുട്ടിയ മുദ്രാവാക്യം,
പാലിക്കപ്പെടാതെ പോയ വാക്ക്
എന്നിങ്ങനെ ഓരോന്നും കയറി വരികയാണ്,
(ഒരാവശ്യവുമില്ലാതെ).

ഇപ്പോൾ എവിടെ
ആവുമെന്നും
എന്നെയും
ഓർക്കുന്നുണ്ടാവുമോ
എന്നുമോർത്തപ്പോൾ
ഒരു സങ്കടം വന്നു
മുറുക്കെ കെട്ടിപ്പിടിക്കുന്നു.
വിട്ടു പോവല്ലേ
എന്നു കരയുന്നു.

പെട്ടെന്ന്
എവിടെയോ മറന്നു വച്ച
എന്നെത്തന്നെ ഓർമ്മ വരുന്നു .

↑ top