≡ ജൂണ്‍ 2016 ലക്കം
ചരിത്രം

വാക്കുകളില്‍ തട്ടി നിന്ന വെടിയുണ്ട

ഒക്ടോബര്‍ 14, 1912.

മുന്‍ അമേരിക്കന്‍ പ്രസിഡണ്ടും, അപ്പോഴത്തെ പ്രസിഡണ്ട് സ്ഥാനാര്‍ഥിയും ആയ തിയഡോര്‍ റൂസ് വെല്‍റ്റ്, തന്‍റെ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ മില്‍വാക്കിയിലെ ജനങ്ങളോട് സംസാരിക്കുകയാണ്.

"സുഹൃത്തുക്കളെ, അല്‍പ സമയം നിങ്ങള്‍ എനിക്കു വേണ്ടി നിശബ്ദരായി ഇരിക്കാമോ?"

ആളുകള്‍ക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയല്ല. അപ്പോഴേക്കും ദേ എത്തി, ടെഡിയുടെ അടുത്ത വാക്കുകള്‍.

"എനിക്ക് കുറച്ചു മുന്‍പ് വെടിയേറ്റ കാര്യം നിങ്ങള്‍ക്ക് മനസ്സിലായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു...!!!"

ഒരു നിമിഷം സ്റ്റേഡിയം ഒട്ടാകെ നിശബ്ദത തളം കെട്ടി നിന്നു. സ്റ്റേജില്‍ നിന്ന ടെഡി, ഒട്ടും നാണിക്കാതെ തന്‍റെ കോട്ടൂരി, ചോരയൊഴുകുന്ന തന്‍റെ നെഞ്ചിലെ മുറിവ് കാട്ടി ജനങ്ങളോട് പറഞ്ഞു.

"ഒരു ബുള്‍മൂസിനെ കൊല്ലാന്‍ ഒരു വെടിയുണ്ടയൊന്നും പോരായെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായില്ലേ?" (ടെഡിയുടെ പാര്‍ട്ടിക്കാരെ, അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍സില്‍ നിന്ന് പിരിഞ്ഞു പോന്ന ടെഡിയെ പിന്തുണക്കുന്നവരെ വിളിക്കുന്ന പേരാണ് ബുള്‍മൂസ്) വന്‍ കരഘോഷത്തോടെയാണ് ജനങ്ങള്‍ ആ വാക്കുകള്‍ക്ക് മറുപടി കൊടുത്തത്.

സംഭവത്തിന്‍റെ തുടക്കം ഇങ്ങിനെയാണ്‌.

വൈകീട്ട് എട്ടു മണി, ടെഡി തന്‍റെ പ്രസംഗ വേദിയിലേക്ക് ഇറങ്ങിയ സമയം.

ഗില്‍പാട്രിക്ക് ഹോട്ടലില്‍ നിന്നും തന്‍റെ കാറിലേക്ക് കയറിയ ടെഡി, മുകള്‍വശം തുറന്ന ആ കാറില്‍ നിന്ന്, ഇരുവശത്തും തടിച്ചുകൂടി നില്‍ക്കുന്ന ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. കാര്‍ അധിക ദൂരം പിന്നിട്ടില്ല, പെട്ടെന്ന് കാണികള്‍ക്കിടയില്‍ നിന്ന്, അതും ടെഡിയുടെ വെറും അഞ്ചടി അകലെ നിന്ന് ഒരു റിവോള്‍വര്‍ ശബ്ദിച്ചു. കൃത്യം ടെഡിയുടെ വലത്തേ നെഞ്ചില്‍ത്തന്നെ വെടിയും കൊണ്ടു. വെടിയൊച്ച കേട്ടതും ടെഡിയുടെ സ്റ്റെനോഗ്രാഫര്‍ ചാടിയിറങ്ങി, നിമിഷങ്ങള്‍ക്കകം വെടിവച്ചയാളെ അടുത്ത വെടിവെക്കും മുന്പേ തന്നെ പൂട്ടി. അപ്പോഴേക്കും കാണികളും, പാര്‍ട്ടി പ്രവര്‍ത്തകരും കൂടി പ്രതിയെ വളഞ്ഞ് കഴിഞ്ഞിരുന്നു. ചുറ്റും നിന്ന ആരാധകരൊക്കെ വെടിവച്ചയാളെ കടിച്ചുകീറാന്‍ നില്‍ക്കുകയാണ്, കൂടെ സുരക്ഷാപാളിച്ചയില്‍ ആകെ ചമ്മി ടെന്‍ഷനായി നില്‍ക്കുന്ന പാര്‍ട്ടിക്കാരും. പക്ഷെ ടെഡി മാത്രം കൂളായിരുന്നു, കൂടെയുണ്ടായിരുന്ന ഡോക്ടര്‍ അദ്ദേഹത്തെ പരിശോധിക്കുന്നതിനിടെ ടെഡി പറഞ്ഞു.

"അയാളെ ഒന്നും ചെയ്യരുത്, ഇങ്ങ് കൊണ്ടുവാ. എനിക്കൊന്ന് കാണണം."

പാര്‍ട്ടിക്കാര്‍ ഉടനടി കസ്റ്റഡിയില്‍ വച്ചിരുന്ന ജോണ്‍ ഷ്രാങ്ക് എന്ന ആ മനുഷ്യനെ ടെഡിക്ക് മുന്നില്‍ ഹാജരാക്കി.

"എന്തിനാ താനിത് ചെയ്തത്?" അല്പം ഗൗരവത്തോടെ തന്നെ ടെഡി ചോദിച്ചു.

മറുപടിയില്ല.

"എന്തിനാ താനിത് ചെയ്തതെന്ന്......" പിന്നെയും നിശബ്ദത തന്നെ മറുപടി.

"ഓ, ഇനിയിപ്പോ ചോദിച്ചിട്ട് എന്ത് കാര്യം. ഇയാളെ പോലീസില്‍ എല്പ്പിക്കൂ"

സംഭവം കൂളായി അവിടെ അവസാനിപ്പിച്ചിട്ട് ടെഡി പ്രസംഗത്തിനായി ഒരുങ്ങി. പക്ഷെ ഡോക്ടര്‍ ശക്തമായി എതിര്‍ത്തു; നല്ല ബ്ളീഡിംഗ് ഉണ്ട്, ഈ ഒരവസ്ഥയില്‍ ഒട്ടും എനര്‍ജി പാഴാക്കാതെ ആശുപത്രിയിലേക്ക് പോവുകയാണ് വേണ്ടത്. പക്ഷെ ടെഡി അതിന് തയ്യാറായില്ല.

"എന്നെ കാണാന്‍ വന്നവരാണ് ഈ കൂടി നില്‍ക്കുന്നത്, അവരോട് പറയാനുള്ളതൊക്കെ പറഞ്ഞിട്ടേ ഞാന്‍ പോകൂ."

വാശിയോടെ ടെഡി സ്റ്റേജിലെക്ക് കയറി. എന്നിട്ട് കാണികളുടെ മുന്നില്‍വച്ച് തന്‍റെ കോട്ട് തുറന്ന് മുറിവും, കട്ടിയേറിയ ആ കോട്ട് തുരന്ന്‌ അകത്ത് തറച്ച ബുള്ളറ്റും കാണിച്ചു കൊടുത്തു. ഇനി എങ്ങിനെയാണ് അത്ര അടുത്ത് നിന്നുള്ള വെടി കൊണ്ടിട്ടും ടെഡി രക്ഷപ്പെട്ടത് എന്നറിയണ്ടേ?

ആദ്യം കട്ടിയേറിയ ആ കോട്ട് തുരന്ന വെടിയുണ്ടക്ക്, പിന്നെ നേരിടേണ്ടി വന്നത് ടെഡിയുടെ സ്റ്റീലിലും, തുകലിലും തീര്‍ത്ത കണ്ണാടിയുടെ കൂടിനെയായിരുന്നു. കണ്ണാടിയുടെ കൂട് തുളച്ചപ്പോഴേക്കും ഏകദേശം സ്പീഡ് കുറഞ്ഞു, പക്ഷെ അപ്പോഴും അതൊരു കില്‍ഷോട്ട് തന്നെയായിരുന്നു. കൂട് കഴിഞ്ഞപ്പോള്‍ അതാ വരുന്നു അടുത്ത പ്രശ്നം, അത് മറ്റൊന്നുമല്ല; തൊണ്ണൂറ് മിനിറ്റ് നീളമുള്ള ടെഡിയുടെ പ്രസംഗം എഴുതി തയ്യാറാക്കിയ പേപ്പറുകളുടെ മടക്കിവച്ച കെട്ടായിരുന്നു . അങ്ങിനെ അതും തുളച്ചുകടന്ന വെടിയുണ്ട, ടെഡിയുടെ ശരീരത്തില്‍ തറച്ചു കയറി നാലാമത്തെ വാരിയെല്ലില്‍ മുട്ടി നിന്നു. ശരിക്കും വെടിയുണ്ട കൊണ്ടപ്പോള്‍ അടുത്ത് നിന്ന് വെടികൊള്ളുമ്പോള്‍ കിട്ടുന്ന ആഘാതമല്ലാതെ മറ്റൊന്നും തന്നെ ടെഡി അറിഞ്ഞില്ല. ഡോക്ടറുടെ പരിശോധനയിലാണ് മുറിവ് കാണുന്നത്.

ശരിക്കും ടെഡിയെ വിഷമിപ്പിച്ചത് വെടി കൊണ്ടതല്ല, തന്‍റെ പ്രസംഗത്തിന്‍റെ പേപ്പര്‍ തുളഞ്ഞതാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം മൂന്ന് തവണ ടെഡി ചുമച്ച് നോക്കി, വായില്‍ നിന്ന് രക്തമൊന്നും വരുന്നില്ല, പിന്നെ ഒന്നും നോക്കിയില്ല. ആര്‍ത്തിരമ്പുന്ന ജനങ്ങളുടെ മുന്നിലേക്ക് തന്‍റെ പ്രസംഗം അങ്ങോട്ട്‌ കാച്ചി. കൃത്യം തൊണ്ണൂറ് മിനിറ്റ് പ്രസംഗിച്ചിട്ടാണ് ടെഡി അന്ന്, ആ സ്റ്റേജ് വിട്ടത്. ഇതിനിടെ തുളവീണ പേപ്പറുകള്‍ എടുത്ത് വീശി തന്‍റെ ജീവന്‍ നിലനിറുത്തിയ വാക്കുകളെ പ്രകീര്‍ത്തിക്കാനും ടെഡി മറന്നില്ല.

പക്ഷെ വിധിയുടെ കുസൃതി എന്ന് തന്നെ പറയാം, ആ ഇലക്ഷനില്‍ ടെഡി പരാജയം രുചിച്ചു. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന വുഡ്രോ വില്‍സണായിരുന്നു അന്ന് ജയിച്ചത്. പക്ഷെ നമ്മുടെ പീസി ജോര്‍ജ്ജിനെപ്പോലെ രണ്ട് പ്രമുഖ മുന്നണികളോടും നെഞ്ച് വിരിച്ചു നിന്ന് മത്സരിച്ച ആ ഇലക്ഷനില്‍ ആദ്യമായാണ്‌ ഒരു മൂന്നാം മുന്നണി വലിയൊരു ശതമാനം വോട്ടുകള്‍ കൈക്കലാക്കി രണ്ടാം സ്ഥാനത്ത് എത്തുന്നത്.

ജോണ്‍ ഷ്രാങ്ക് അന്ന് ടെഡിയെ വെടിവച്ച കാരണമായിരുന്നു ഏറ്റവും രസകരം. ടെഡിക്ക് മുന്‍പ് പ്രസിഡന്‍റ് ആയിരുന്ന മക്ക്-കിന്‍ലി സ്വപ്നത്തില്‍ വന്നിട്ട് ജോണിനോട് പറഞ്ഞത്രേ ടെഡിയാണ് അദ്ദേഹത്തിന്‍റെ മരണത്തിന് ഉത്തരവാദി എന്ന്, കൊല്ലപ്പെട്ട മക്ക്-കിന്‍ലിക്ക് നീതി കൊടുക്കാനാണത്രേ ജോണ്‍, ടെഡിയെ കൊല്ലാന്‍ ശ്രമിച്ചത്. പക്ഷെ കോടതിയില്‍ ജോണ്‍ പറഞ്ഞ കാരണം വേറെയാണ്. രണ്ട് തവണ പ്രസിഡന്‍റ് ആയ ടെഡി മൂന്നാമതും ആ സ്ഥാനത്തേക്ക് കയറി ഒരു ഏകാധിപത്യ ഭരണത്തിന് വഴി തെളിക്കാതിരിക്കാനാണ് ടെഡിയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ജോണ്‍, കോടതിയില്‍ മൊഴി കൊടുത്തു. തനിക്ക് മൂന്നാമതും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് അറുത്തുമുറിച്ച് പറഞ്ഞത് കൊണ്ടാണ് ടെഡിയെ, സ്വന്തം പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സ് തള്ളിപ്പറഞ്ഞത് എന്നത് കൂടി ഇതിനൊപ്പം വായിക്കണം. എന്തായാലും വിചാരണയ്ക്കിടെ മാനസിക വിഭ്രാന്തിയുടെ ലക്ഷണങ്ങള്‍ കാണിച്ച ജോണിനെ, കോടതി, മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. ശിഷ്ടകാലം അവിടെയായിരുന്നു അയാള്‍ കഴിഞ്ഞത്.

ഇനി ടെഡിയുടെ നെഞ്ചിലെ ഉണ്ടയുടെ കഥ.

എക്സ്റേ കണ്ടതിന് ശേഷം വാരിയെല്ലില്‍ മുട്ടിനിന്ന ആ ഉണ്ട പുറത്തെടുക്കുന്നതിലും നല്ലത്, അതവിടെ വച്ച് തന്നെ മുറിവ് അടയ്ക്കുന്നതാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങിനെ അന്‍പത്തി നാലാമത്തെ വയസ്സ് മുതല്‍ ആ ഉണ്ട, ടെഡിയുടെ ശരീരത്തിന്‍റെ ഒരു ഭാഗമായി മാറി. വെടി കൊണ്ടത് കൊണ്ട് ടെഡിയുടെ പോപ്പുലാരിറ്റി നല്ലവണ്ണം വര്‍ദ്ധിച്ചെങ്കിലും, മറ്റു സംസ്ഥാനങ്ങളിലെ ബാലറ്റില്‍ അത് കാണാഞ്ഞത് കൊണ്ട് പ്രത്യേകിച്ച് ഗുണമുണ്ടായി എന്ന് പറയാനാകില്ല. പക്ഷെ മില്‍വാക്കിയും, അടുത്തുള്ള സംസ്ഥാനങ്ങളും ടെഡിയുടെ പോക്കറ്റിലായി എന്ന് പ്രത്യേകം പറയണ്ടല്ലോ. മറ്റൊരു ഗുണം എന്താണെന്ന് ചോദിച്ചാല്‍ ടെഡിക്ക് ചെറുതായി മാത്രമുണ്ടായിരുന്ന വാതത്തിന്‍റെ ശല്യം പിന്നീടുള്ള വര്‍ഷം മുതല്‍ കലശലായി വരാന്‍ തുടങ്ങി, അത് മരണം വരെ ടെഡിക്ക് സ്വൈര്യവും കൊടുത്തിട്ടില്ല.

എല്ലാം ഒരു വെടിയുടെ പരിണിത ഫലങ്ങള്‍.

↑ top