≡ ജൂണ്‍ 2016 ലക്കം

എഡിറ്റോറിയല്‍

ജൂണ്‍ — നല്ല ഓര്‍മ്മകളുടെ മഴപ്പെയ്ത്താണ്!

ജൂണ്‍മാസത്തിലെ മൂന്നാം ഞായര്‍ — അസ്തിത്വത്തിന്‍റെ പകുതി സ്നേഹത്തിന്‍റെ അച്ഛന്മാര്‍ക്കായി ഒരു ദിനം, ഓര്‍മ്മകള്‍ നനഞ്ഞു തുടങ്ങിയ സ്കൂള്‍ തുറക്കല്‍ കാലം, ഒപ്പം, വായിച്ചു വളരാന്‍ നമ്മളെയെല്ലാം വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാന്‍ ഒരു വായനാദിനവും.

ജൂണ്‍ പ്രിയതരമായ് കടന്നു പോകുമ്പോള്‍ ഇ-മഷിയും ചില സുപ്രധാന തീരുമാനങ്ങളിലൂടെ കടന്നു പോകുകയായിരുന്നു. ഈ ലക്കം, ഒരല്‍പം വൈകിയാണ് നിങ്ങളിലേയ്ക്ക് എത്തുന്നത്, അതിനു ഒരു കാരണവും ഉണ്ട്.

2016 ജനുവരി മുതലാണ് ഇ-മഷിയുടെ കെട്ടും മട്ടും മാറിയതും, വായനയ്ക്ക് കൂടുതല്‍ സൌകര്യപ്രദമായ രൂപത്തില്‍ ഇ-മഷി നമുക്ക് ലഭ്യമായി തുടങ്ങിയതും. വിശാലമായ വായനലോകത്തിലേയ്ക്ക് നമ്മുടെ സ്വന്തം ഇ-മഷി സ്വന്തമായി ഒരു സ്ഥാനം ഉണ്ടാക്കുന്നത് കാണുക അഭിമാനകരം തന്നെയാണ്. കഴിഞ്ഞ അഞ്ച് മാസങ്ങളിലെ വായനയില്‍ / പങ്കുവെയ്ക്കലില്‍ അത് തന്നെയാണ് കാണുന്നതും. അതിനാല്‍ ഈ മാസം മുതല്‍ ഇ-മഷി അതിരുകളില്ലാത്ത ലോകത്തിലേയ്ക്ക് വാതായനങ്ങള്‍ തുറക്കുകയാണ്.

ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കയ്യുകളും മനസും ഇ-മഷിയുടെ നല്ലത് മാത്രം ആഗ്രഹിക്കുന്നവര്‍, ഇ-മഷിയെ ജീവിതത്തിന്‍റെ ഭാഗം ആക്കിയവര്‍ ആണ്. അതില്‍ ഇത്തവണ മുതല്‍ മൂന്നു പേര്‍ കൂടി ഞങ്ങളോടൊപ്പം കൂടുന്നു, പഴയ ടീമിലെ മൂന്നു പേര്‍ ഒരു ചെറിയ അവധിക്കാലം ആസ്വദിക്കുന്നു. ലീല. എം. ചന്ദ്രന്‍, പ്രവീണ്‍ കാരോത്ത്, മുബാറക്ക്‌ റാവുത്തര്‍ — ഇ-മഷി നിങ്ങള്‍ക്കായി ഒരുക്കുന്നതില്‍ ഇനി ഇവരും കൂടെയുണ്ടാകും.

ഇനി വരുന്ന ലക്കങ്ങളിലും പുതുമകള്‍ നല്‍കാനാകട്ടെ എന്ന ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ,

വായനാദിന-പിതൃദിന ആശംസകളോടെ,

ഇ-മഷി എഡിറ്റോറിയല്‍ ടീം.

↑ top