≡ ജൂണ്‍ 2016 ലക്കം
പാചകം

ചട്ടിപ്പത്തിരി

ചേരുവകൾ:

ചിക്കൻ ഫില്ലിങ്ങ്

 • സവാള - 3 എണ്ണം(നീളത്തിൽ അരിഞ്ഞത്)
 • ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്- 1ടേബിൾ സ്പൂൺ
 • പച്ചമുളക് - 1
 • ബോൺലെസ്സ് ചിക്കൻ - 250 ഗ്രാം (അല്പം കുരുമുളകും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വേവിച്ചതിനു ശേഷം കഷ്ണങ്ങളാക്കിയത്)
 • മഞ്ഞൾ പൊടി- 1 ടീ സ്പൂൺ
 • കുരുമുളക് പൊടി- 1 ടീ സ്പൂൺ
 • ഗരം മസാല- 1 ടീ സ്പൂൺ
 • എണ്ണ- 1ടേബിൾ സ്പൂൺ
 • ഉപ്പ് - പാകത്തിന്

മുട്ട ഫില്ലിങ്ങ്:

 • സവാള - 2 എണ്ണം(നീളത്തിൽ അരിഞ്ഞത്)
 • ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്- 1ടേബിൾ സ്പൂൺ
 • പച്ചമുളക് - 1
 • മുട്ട - 2 എണ്ണം
 • മഞ്ഞൾ പൊടി- 1/2 ടീ സ്പൂൺ
 • കുരുമുളക് പൊടി- 1 ടീ സ്പൂൺ
 • ഗരം മസാല- 1 ടീ സ്പൂൺ
 • എണ്ണ- 1ടേബിൾ സ്പൂൺ
 • ഉപ്പ് - പാകത്തിന്

മൈദ ചപ്പാത്തി:

 • മൈദ മാവ്- 1 കപ്പ്
 • ചൂട് വെള്ളം
 • ഉപ്പ്

മറ്റ് ചേരുവകൾ:

 • പാൽ- 1 കപ്പ്
 • കുരുമുളക് പൊടി- 1 ടീ സ്പൂൺ
 • ഉപ്പ്- പാകത്തിന്
 • നെയ്യ് - ആവശ്യത്തിന്
 • മുട്ട- 2 എണ്ണം

ഉണ്ടാക്കുന്ന വിധം:

ചിക്കൻ ഫില്ലിങ്ങ്: ഒരു പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർക്കുക. ശേഷം ഇതിലേക്ക് മസാലപ്പൊടികളും നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന ചിക്കനും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിട്ട് അടച്ച് വെച്ച് വേവിച്ച ശേഷം വാങ്ങി വെയ്ക്കുക.

മുട്ട ഫില്ലിങ്ങ്: അല്പം കുരുമുളകും ഉപ്പും ചേർത്ത് മുട്ട നന്നായി അടിച്ചെടുക്കുക. ഒരു പാനിൽ എണ്ണ ഒഴിക്കുക. എണ്ണ ചൂടാകുമ്പോൾ അതിലേക്ക് അടിച്ച് വെച്ചിരിക്കുന്ന മുട്ടക്കൂട്ട് ഒഴിച്ച് ചിക്കി എടുത്തശേഷം വാങ്ങി വെയ്ക്കുക. പാനിൽ എണ്ണ ഒഴിച്ച് സവാള വഴറ്റുക. അതിലേക്ക് ഇഞ്ചി,വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേർക്കുക. ഇതിലേക്ക് മസാലപ്പൊടികളും നേരത്തേ ചിക്കി വെച്ചിരിക്കുന്ന മുട്ടയും ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനിട്ട് അടച്ച് വെച്ച് വേവിച്ച ശേഷം വാങ്ങി വെയ്ക്കുക.

ചപ്പാത്തി: മൈദ മാവ് ഉപ്പ് ചേർത്ത ചൂട് വെള്ളം ഉപയോഗിച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ചെടുത്ത് പരത്തി ചുട്ടെടുക്കുക.(ചട്ടിപ്പത്തിരി ഉണ്ടാക്കുന്ന പാത്രത്തിന്റെ അതേ വലിപ്പം ആയിരിക്കണം ചപ്പാത്തിക്കും. ചപ്പാത്തി ഉണ്ടാക്കുമ്പോൾ അധികം മൊരിഞ്ഞ് പോകാതെയും ശ്രദ്ധിക്കുക)

ഒരു പാത്രത്തിൽ കുരുമുളകും ഉപ്പും ചേർത്ത് മുട്ട അടിച്ച് വെയ്ക്കുക. മറ്റൊരു പാത്രത്തിൽ പാലും എടുത്ത് വെയ്ക്കുക. ഒരു പാനിൽ നെയ്യ് തടവി അടുപ്പിൽ ഏറ്റവും കുറഞ്ഞ തീയിൽ വെയ്ക്കുക. ഒരു ചപ്പാത്തിയെടുത്ത് ആദ്യം പാലിലും ശേഷം മുട്ട അടിച്ച് വെച്ചിരിക്കുന്നതിലും മുക്കി പാനിലേക്ക് വെയ്ക്കുക.അതിനു മുകളിലായി കുറച്ച് ചിക്കൻ ഫില്ലിങ്ങ് നിരത്തുക. അതിനു മുകളിലായി അടുത്ത ചപ്പാത്തി നേരത്തേ ചെയ്തത് പോലെ പാലിലും മുട്ടയിലും മുക്കി പാനിലേക്ക് വെയ്ക്കുക.അതിനു മുകളിലായി കുറച്ച് മുട്ട ഫില്ലിങ്ങ് നിരത്തുക. ഇതേ പോലെ ബാക്കി ചപ്പാത്തികളും ഫില്ലിങ്ങും വെയ്ക്കുക. ശേഷം ഒരു ചപ്പാത്തിയെടുത്ത് മുട്ടയിലും പാലിലും മുക്കി പാനിലേക്ക് വെയ്ക്കുക. ബാക്കി വന്ന പാലും മുട്ടയും ചപ്പാത്തിയുടെ മുകളിലും വശങ്ങളിലുമായി ഒഴിക്കുക. 10 മിനിട്ട് അടച്ചിട്ട് വേവിക്കുക. ശേഷം ഒരു പാനിലേക്ക് തിരിച്ചിട്ട് 5 മിനിട്ട് കൂടി വേവിച്ചാൽ ചട്ടിപ്പത്തിരി റെഡി.

↑ top